കയ്യില്‍ അടുക്കിയിട്ട അലസമായ കോശങ്ങളില്‍ മറുകയ്യിന്റെ വിരലോടിച്ച് നോക്കുമ്പോള്‍, എന്റെ സ്പര്‍ശം അതിനന്യമായെന്ന് ഒരു തോന്നല്‍... എന്നോട് പിണങ്ങും പോലെ എന്‍റെ വിരലിനെ പിന്തള്ളി കൈ ചുരുട്ടിയിട്ട് എന്നോടത് അകല്‍ച്ച ഭാവിക്കുന്നു. ഈ കൈ എന്റെതല്ലാതാകുമ്പോള്‍ അത് നിന്റെതാകുന്നു. നിന്‍റെ സ്പര്‍ശത്തിന്റെ ഗന്ധത്തെ അതുണര്‍ത്തുന്നു. ഞാന്‍ മറന്ന എന്‍റെ പുഞ്ചിരിയുടെ സുഗന്ധം... ഇന്നലെ, ആ കോശങ്ങള്‍ വരണ്ടുകീറിയ ഭൂമി മാത്രമായിരുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു. ഇന്ന് അതില്‍ ഒരു ജീവന്‍റെ തിരയിളക്കം. ആ ഭൂമിയെ നനച്ച് ഒരു കടല്‍ ഒഴുകുന്നു. ആ കടലില്‍ ബന്ധത്തിന്റെ ആര്‍ദ്രത. ഭാവിയുടെ ഇനിയെന്തെന്നറിയാത്ത അന്ധത. തിരമാലകള്‍ ഉത്ഭവിപ്പിക്കാന്‍ കഴിവുറ്റ ആശങ്കകളുടെ വേലിയേറ്റം... 'ഭയക്കുന്നില്ലയോ നീ' എന്ന് മനസ്സു ചോദിക്കുന്നു. അതിനറിയാത്തതോ ഞാന്‍ അറിയുന്നത്! ഒരു കൂട്ടത്തിനുള്ളില്‍ പെട്ട് അറിയപ്പെടാതെ പോകേണ്ട വഞ്ചികള്‍ ആരോ പറഞ്ഞ് കണ്ടുമുട്ടിയതും, തിരയെ വെല്ലുവിളിച്ച് കൈകോര്‍ത്തു തുഴഞ്ഞതും, അസ്തമിക്കുന്ന സൂര്യന് സ്വന്തം നിഴല്‍ മാത്രം നല്‍കി തിരിഞ്ഞു നോക്കാതെ തീരമണയാന്‍ തീരുമാനിച്ചതും, എന്ത് കൊണ്ടായിരുന്നു... ഇനി എന്താകുവാന്‍ ആയിരുന്നു... ഒരേ കടലില്‍ ഇരുശ്വാസങ്ങള്‍ പുണര്‍ന്ന്‍ വിടവാങ്ങുന്ന കപ്പലുകളെ നോക്കി നെടുവീര്‍പ്പിടാനോ... തീരമണയുന്ന ശംഖുകളില്‍ സ്വന്തം പേരില്ലെന്നറിഞ്ഞ് ആരോടെന്നില്ലാതെ പിണങ്ങി അതിനെ കടലിലെറിയുവാനോ... ഈ കടല്‍ എങ്ങോട്ടാണൊഴുകുന്നതെന്ന് കേട്ടറിവില്ല. എന്നിട്ടും, അതിന്റെ തിരകളില്‍ പെട്ട് ഒരു പൊങ്ങുതടി പോലെ കണ്ണടച്ചൊഴുകാന്‍ ഒരു മോഹം... വെറുതെ... അല്ല, എന്തിനോ... ഒഴുകുക തന്നെ... ഈ കടലോളം...