“ഇനിയൊന്നുമില്ലല്ലോ” എന്ന്
പിരിയുമ്പോൾ പറഞ്ഞ്,
നീ ഇന്നും പോയി.
പിന്നെ,
പതിവായ
ഒരു കള്ളനോട്ടം.
നിന്റെ മനസ്സിന്റെ
ദൂതനോ ചാരനോ ആയ
നിന്റെ കള്ളച്ചിരിയുണ്ടായി.
ഇനിയുമേറെ പറയാനുണ്ടെന്ന്
പതിവു പോലെ
അവയെന്നോട് പറഞ്ഞു.
അപ്പോൾ,
ഇതുമായി പുലബന്ധമില്ലാത്ത
മറ്റെന്തോ നീ പറയുന്നുണ്ടായി.
നിനക്ക് എന്നോടുള്ള പ്രണയം
ഇന്നും നീ പറഞ്ഞില്ല.
നല്ലത്.
അങ്ങനെയാകുമ്പോൾ,
നാളെ സൂര്യോദയത്തിനായി
കാത്തിരിക്കാൻ,
കാത്തിരിപ്പിനിടയിലെവിടെയോ
നിദ്രയിലേയ്ക്ക് വഴുതുമ്പോൾ
കൂടെയുണ്ടെന്ന് തോന്നിക്കുവാൻ,
സ്വപ്നങ്ങൾ കാണിക്കുവാൻ,
പിന്നെ എന്നെ ഉണർത്തുവാൻ,
എന്റെയരികെ നീയുണ്ടാകും.
പതിവു പോലെ,
ഇന്നും.
നാളെകൾ എന്നും
നിന്റെ പ്രണയകുമ്പസാരദിനങ്ങൾ പോലെ.
സംഭവിക്കുമെന്ന് തോന്നുന്നവ,
സംഭവിക്കാത്തവ,
സംഭവിക്കാതെയും അനുഭൂതി നൽകുന്നവ.