Jyothy Sreedhar

ഇത്തിരിച്ചൂട്

തണുത്തു മരവിച്ചിരിക്കുമ്പോള്‍ കായാന്‍ തോന്നുന്ന ഇത്തിരിച്ചൂടിലാണ് കവിതകള്‍ ജനിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സ്വന്തം കൈകളാണ് പലപ്പോഴും മുറുകെ പുണര്‍ന്ന് അദൃശ്യമായ കരിമ്പടമാകുന്നത്. തമ്മില്‍ ഉരസുന്ന കൈപ്പത്തിയിലാണ് കൃത്യമായ താപനില- ഭൂമിയിലെ ഏറ്റവും സുഖമുള്ള ചൂട്. ഭൂപടത്തിലെ ഒരു വെറും കരടില്‍ ഇന്ന് ഞാന്‍ ചവിട്ടുമ്പോള്‍, അതിനും എത്രയോ താഴെ ചുട്ടുപഴുത്ത സ്വര്‍ണഖനിയാണ് എന്റെ കാഴ്ച. മുകളിലെ ആകാശത്തെക്കാള്‍ അതു കാണാനാണ് എനിക്കിഷ്ടം. എന്റെ ഉള്ളംകയ്യിലെ അണുക്കളില്‍ പോലും പോയകാലത്തിന്റെ ചൂടിനു ജീവനുണ്ട്, രക്തയോട്ടവും! മറുവശത്ത്... സ്വന്തം കൈചൂടിലെ സുഖമറിയാത്തവര്‍ തണുപ്പകറ്റാന്‍ തീപ്പെട്ടിക്കൊള്ളികളും അതില്‍ നിന്ന് പന്തങ്ങളും കത്തിക്കും. കരിമ്പടങ്ങള്‍ മുകളില്‍ പുതയ്ക്കും. അതിനുള്ളിലെ അന്ധകാരത്തില്‍ നിന്ന് ആ കൊടുംചൂടില്‍ വിയര്‍ത്തൊലിയ്ക്കും. തീപ്പെട്ടിക്കൊള്ളികള്‍ ചുറ്റുമെറിയും. ചിലത് എന്റെയടുത്തെത്തും. ഞാന്‍ കൊടുക്കുന്ന 'അവഗണനകള്‍ക്ക്' തിരികെ വരുന്ന കൊള്ളികളൊന്നാകെ കയ്യില്‍ ഞെരിച്ചമര്‍ത്താറുണ്ട് ഞാന്‍, പൊള്ളല്‍ തെല്ലുമേല്‍ക്കാതെ. ചുവപ്പും ഇളവും കടുവും കാണിച്ചു കത്തുന്ന നാളങ്ങള്‍ പറയാറുണ്ട്‌ അവരുടെ ചിന്തകള്‍ . നീയൊരിക്കല്‍ അവഗണിക്കപ്പെടുമെന്ന്‍ ഒരു ചുവപ്പുനാളത്തില്‍ വായിക്കുമ്പോള്‍, കഥ പുറകിലെക്കാണോ എന്നാണ് ചിന്തിച്ചത്. പിന്നിട്ട വര്‍ഷങ്ങള്‍ അപ്പോള്‍ ചിരിച്ചതേ ഉള്ളു, നരകം പോലെ വിതറപ്പെട്ട കനലുകളില്‍ കൌമാരയൌവനങ്ങള്‍, കാലഘട്ടങ്ങള്‍, അരങ്ങേറ്റം കുറിച്ചതോര്‍ത്ത്...