ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തില്‍ അമൃതാനന്ദമയിമഠത്തെയാണ് ഹോളി ഹെല്‍ എന്ന് വിളിക്കുന്നതെങ്കില്‍, ആ പുസ്തകത്തിനെക്കുറിച്ചുണ്ടായ വഴിത്തിരിവുകള്‍ കണ്ടപ്പോള്‍ ഹോളി ഹെല്‍ സത്യത്തില്‍ കേരളം ആണെന്ന് തോന്നിപ്പോയി. വിശ്വാസത്തില്‍ നിന്ന് അന്ധവിശ്വാസത്തിലെയ്ക്ക് ഇന്നത്തെ മനുഷ്യരെ കൊണ്ടുപോകാന്‍ കുറച്ചു ബുദ്ധിയുണ്ടെങ്കില്‍ എളുപ്പമാണ്. കാരണം, ഇന്നത്തെ മനുഷ്യര്‍ ഏറെയും ദുഖിതരാണ്, ലോകത്തെ അന്ധകാരമായി കാണുന്നവരാണ്, സന്തോഷം അനുഭവിക്കുമ്പോള്‍ പോലും അടുത്തതായി വരാന്‍ പോകുന്ന ദുഖത്തെ ഓര്‍ത്ത് ഭയക്കുന്നവരാണ്, കൊച്ചു പ്രശ്നങ്ങള്‍ പോലും മനസ്സില്‍ സങ്കല്‍പ്പിച്ചു വലുതാക്കി ക്യാന്‍സര്‍ പോലെ വളര്‍ത്തുന്നവരാണ്. അങ്ങനെ ഉള്ളവര്‍ക്ക് ഒരു ആശ്രയം എന്നത് വളരെ അത്യാവശ്യം ആണ്. അത് ചിലപ്പോള്‍ സ്വന്തം കുടുംബത്തില്‍ ചിലര്‍ക്ക് കിട്ടും, ചിലര്‍ക്ക് നല്ല സൌഹൃദങ്ങളില്‍, ചിലര്‍ക്ക് പ്രണയത്തില്‍, ചിലര്‍ക്ക് മദ്യപാനസദസ്സുകളില്‍, ചിലര്‍ക്ക് ആരാധനാലയങ്ങളില്‍, ചിലര്‍ക്ക് സന്തോഷം വര്‍ധിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന യന്ത്രങ്ങളില്‍, ചിലര്‍ക്ക് ഇപ്പറഞ്ഞ ആള്‍ദൈവങ്ങളില്‍. ദൈവം എന്ന സങ്കല്പം മുന്നില്‍ ആളുകളായി വരുകയും അവര്‍ നിരാശരായവരെ തൊടുകയും ഉമ്മ തരുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ആ വ്യക്തികള്‍ക്ക് കിട്ടുന്ന ഊര്‍ജ്ജം, അല്ലെങ്കില്‍ സ്നേഹം ആണ് അവരെ ആ 'ദൈവ'ങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ആയുര്‍വേദചികിത്സാകേന്ദ്രങ്ങളുടെയും ആശ്രമങ്ങളുടെയും അടിസ്ഥാനതത്വം ഒന്നാണ്. കുത്തഴിഞ്ഞ ജീവിതചര്യകളെ ഒന്ന് ചിട്ടയാക്കി നിര്‍ത്തിയാല്‍ മനുഷ്യശരീരശാസ്ത്രമനുസരിച്ച് പകുതി അസുഖങ്ങളും വിഷമങ്ങളും പമ്പ കടക്കും. അതിരാവിലെ ഉണര്‍ന്ന്‍, കുളിയും, ചെറിയ ഒരു ദൈവ വിചാരവും, അല്പം യോഗയും, മിതമായ കൃത്യസമയത്തുള്ള നല്ല സസ്യാഹാരവും, കൃത്യസമയത്തുള്ള ഉറക്കവും, പ്രകൃതിപുതച്ച അന്തരീക്ഷവും, കിളികളുടെ ശബ്ദവും ശബ്ദമലിനീകരണമില്ലായ്മയും എല്ലാം ചേരുമ്പോള്‍ ഒരു മനുഷ്യനെ ആത്മീയവും ഭൌതികവുമായി ഉണര്‍ത്താന്‍ സാധിക്കും. അവിടെ ശാന്തത എന്നത് ശരിയ്ക്കും അനുഭവിക്കാന്‍ കഴിയും. സ്വയം സന്തോഷിക്കാന്‍ അറിയാത്ത നിരാശരായ ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ അത്തരം കേന്ദ്രങ്ങളും ആശ്രമങ്ങളും വളര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്തരം ചില കാര്യങ്ങള്‍ കൃത്യമായി മാര്‍ക്കെറ്റ് ചെയ്യാന്‍ അറിയാവുന്നവര്‍ ഇവിടെ ആത്മീയ ആചാര്യന്മാരും, ആയുര്‍വേദ ആചാര്യന്മാരും ആകുന്നു. നിരാശര്‍ അവിടെ ഭക്തരാകുന്നു. എണ്ണം വര്‍ദ്ധിയ്ക്കുന്നു; യശസ്സും. അവിടെ പുറകില്‍ എന്ത് നടക്കുന്നു എന്നത് ഒരു വിഷയമല്ല; മറിച്ച് അവിടെ നിന്ന് ഭക്തന്മാര്‍ക്ക് ഉണ്ടാവുന്ന വ്യക്തിപരമായ അനുഭവങ്ങളാണ് മാര്‍ക്കെറ്റ് ചെയ്യപ്പെടുന്നത്. അതിനിടയില്‍ ഇത്തരം ഗെയില്‍ ട്രെഡ്‌വെല്ലുമാരും വിശുദ്ധനരക പുസ്തകങ്ങളും ഭക്തന്മാരെ ഭ്രാന്തന്മാരാക്കും എന്നതില്‍ സംശയമില്ല. ഭക്തരല്ലാത്ത വിഭാഗങ്ങള്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്നത് അന്വേഷിക്കും. ചര്‍ച്ചകളും അഭിമുഖങ്ങളും വാര്‍ത്തകളും ഉണ്ടാവും. തീവ്രമായി യോജിക്കുകയും തീവ്രമായി വിയോജിക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ ബഹളങ്ങളും ഉണ്ടാകും. ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വളരെ പ്രചാരം നേടിയ സമയത്ത് അത് അവിടെയും ചര്‍ച്ചയാകും എന്നതില്‍ സംശയമില്ല. പക്ഷെ, അങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ മഠത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയൊക്കെ നടപടി എടുക്കുകയും, മഠത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കി അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ 1947നു ശേഷം ബ്രിട്ടീഷുകാര്‍ ആത്മീയാചാര്യന്മാര്‍ക്ക് ഇന്ത്യയുടെ ഭരണം വിട്ടുകൊടുത്താണ് ഇറങ്ങിയതെന്ന് തോന്നുന്നു. ഇത്രയും വര്‍ഷങ്ങള്‍ അവര്‍ വളരുന്നതിനെതിരെയോ, അവര്‍ക്ക് ഭക്തര്‍ ഉണ്ടാകുന്നതിനെതിരെയോ, ആ ഭക്തര്‍ തങ്ങളുടെ ഭക്തി അവരുടെതായ രീതിയില്‍ ശീലിക്കുന്നതിനെതിരെയോ പൊതുജനങ്ങള്‍ പ്രതികരിച്ചിട്ടില്ല. അതൊരു മഠത്തെക്കാളുപരി ചിലരുടെ മതം ആയി വളര്‍ന്നു. അപ്പോഴും അതിലൊന്നും വിശ്വാസമോ ഇഷ്ടമോ തോന്നാത്ത ജനങ്ങള്‍ അതിലൊന്നും ഇടപെടാതെ അവരുടെ ജീവിതങ്ങള്‍ ജീവിച്ചിട്ടേ ഉള്ളൂ. ഇത്തരമൊരു കാര്യം വരുമ്പോള്‍, അതിന്‍റെ സത്യം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. അങ്ങനെ ഇരിക്കെ, ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഒക്കെ കേസ് ചുമത്തിയും ആ പുസ്തകം തന്നെ വിലക്കിയും വിരട്ടാനുള്ള അവകാശം സത്യത്തില്‍ ഒരു ജനാധിപത്യരാജ്യത്തെ പോലീസിനോ നിയമത്തിനോ ഉണ്ടോ? ഇനി, കണക്കുകള്‍പ്രകാരം ഉള്ള ഒന്ന് പറയട്ടെ. മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കണക്കുകള്‍ എടുത്താല്‍, പട്ടികയില്‍ ചേര്‍ക്കപ്പെട്ട ലോകത്തെ 170 രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യ വെറും 140- ആം സ്ഥാനത്താണ്. തന്നെയുമല്ല 2002 നു ശേഷം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനു ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ വിളിച്ചു പറയുന്നു. 'റിപ്പോര്‍ട്ടെര്‍സ് വിത്തൌട്ട് ബോര്‍ഡെര്‍സ്' എന്ന ഫ്രഞ്ച് സ്ഥാപനമാണ് എല്ലാ വര്‍ഷവും ഈ കണക്കുകള്‍ എടുക്കുന്നത്. അവരുടെ 2013 ലെ കണക്കാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഉള്ള സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്നതാണ് അത്. അല്ലെങ്കിലും കേരളത്തില്‍ ഉന്നതര്‍ക്കെതിരെ സംസാരിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമമുണ്ട്. അത് പലവട്ടം നമ്മള്‍ സിനിമാപ്രശ്നങ്ങളില്‍ കണ്ടിട്ടുള്ളതാണ്. ലോകസിനിമകളില്‍ ചരിത്രനേതാക്കന്മാര്‍ വരെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, അവരുടെ ശരിയായ പേരില്‍ തന്നെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചിലത് അഭിനന്ദനങ്ങള്‍ക്കപ്പുറം ഓസ്കാര്‍വേദിയില്‍ വരെ മിന്നിത്തിളങ്ങിയിട്ടുണ്ട്. പക്ഷെ കേരളത്തില്‍ വരുമ്പോള്‍, അങ്ങനെ ഒരു ചിത്രം എടുക്കണം എങ്കില്‍ അതിലെ വിമര്‍ശനങ്ങള്‍ എടുത്തു കളയണം, ആരെ കുറിച്ചെടുക്കുന്നോ അവരുടെ പേരുകളിലെ ചില അക്ഷരങ്ങള്‍ വെട്ടി മറ്റു അക്ഷരങ്ങള്‍ കയറ്റണം. നടന്മാര്‍ അവരെ ചേഷ്ടകളില്‍ അനുകരിച്ചാലും പേരുകളില്‍ അല്‍പം മാറ്റത്തോടെ വരും. എന്നിട്ടും അത്തരം സിനിമകളുടെ പേരില്‍ കോലാഹലം ഉണ്ടാകും, അല്ലെങ്കില്‍ അതുണ്ടാക്കും. അത്തരം സിനിമകള്‍ ഇറങ്ങിയാല്‍ തന്നെ ഭാഗ്യം എന്ന് കരുതിയാല്‍ മതി! കേരളത്തിന്‍റെ ഈ ഒരു സംസ്കാരം എപ്പോഴും പരിഹാസം മാത്രം അര്‍ഹിയ്ക്കുന്നതാണ്. വിമര്‍ശനത്തെ ഭയക്കുന്ന രാഷ്ട്രീയക്കാര്‍, മതപണ്ഡിതന്മാര്‍, ആള്‍ദൈവങ്ങള്‍, ആശ്രമങ്ങള്‍... വിമര്‍ശനത്തോടുള്ള ആ ഭയം അവരുടെ ഉള്ളില്‍ കൂടുമ്പോള്‍ ആഭ്യന്തരത്തെയും കോടതിയെയും അനാവശ്യമായി ഉപയോഗിച്ച് അവര്‍ നാട്ടുകാരെ വിരട്ടും. നാട്ടുകാര്‍ പിരിഞ്ഞു പോകാന്‍ വേണ്ടി ആകാശത്തേയ്ക്ക് വെടി വയ്ക്കുന്ന പോലെ ഒരു ഏര്‍പ്പാട്. മറ്റുള്ളവര്‍ അവരെ കുറിച്ച് എന്തൊക്കെയോ അറിയുന്നതിനെ അവര്‍ ഭയക്കുന്നു എന്നതാണ് അത്തരം പോലീസ്-കോടതി മുറകളില്‍ നിഴലിച്ചു കാണാറ്. ഞാന്‍ കണ്ടിടത്തോളം, ഫെയ്സ്ബുക്കില്‍ അമൃതാനന്ദമയിയ്ക്കെതിരെയല്ല ആളുകള്‍ സംസാരിച്ചിട്ടുള്ളത്, അവര്‍ക്കെതിരെ ഇത്ര ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണങ്ങള്‍ ഉണ്ടാവാത്തതിനെയും പുസ്തകം വിലക്കിയതിനെയും അവര്‍ക്കെതിരെ എഴുതിയവര്‍ക്കെതിരെ കേസുകള്‍ ഉണ്ടായതിനെയുമാണ് ജനങ്ങള്‍ നിരാശയോടെ കാണുന്നതും പ്രതികരിയ്ക്കുന്നതും. പക്ഷെ, ഇത് കേരളം ആണ്. ഇവിടെ സ്വാധീനം ഉള്ള ആളുകളെ കുറിച്ച് വാഴ്ത്തിയല്ലാതെ ഒരക്ഷരം എതിരെ മിണ്ടാനോ വിമര്‍ശിക്കാനോ പാടില്ല. ഇത് കേരളം ആണ്. ഇവിടെ എത്ര ഒച്ച വച്ചാലും അത്തരം ആളുകള്‍ക്കെതിരെ ഒരന്വേഷണവും ഉണ്ടാവാന്‍ പോകുന്നില്ല. ഉണ്ടായാല്‍ തന്നെ അത് തെളിവുകളോ കണ്ടെത്തലുകളോ മുക്കി, ഉയര്‍ന്ന നിലവാരത്തിലുള്ള കണ്ണില്‍ പൊടി പ്രയോഗിച്ച് അവരെ വീണ്ടും പ്രകീര്‍ത്തിക്കാനേ അത്തരം അന്വേഷണങ്ങള്‍ ഉപകരിക്കൂ. ഇത് കേരളം ആണ്. കട്ടവനെ തപ്പില്ല, നോക്കില്ല, കിട്ടില്ല. കണ്ടവനെ തട്ടുകയും ചെയ്യും. പ്രത്യേകിച്ച് ‘നിഷ്പക്ഷ’ മന്ത്രിമാര്‍, ‘നിഷ്പക്ഷ’ പോലീസ്, ‘നിഷ്പക്ഷ’ കോടതി. ഇത് കേരളം ആണ്. പോലീസ് ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. വേണ്ടി എന്ന് പറയുമ്പോള്‍ ജനങ്ങളെ അറസ്റ്റ് ചെയ്യാനും, ജനങ്ങളെ പിടുങ്ങാനും, വിരട്ടാനും, ജനങ്ങളുടെ വായുമൂടിക്കെട്ടാനും മാത്രമുള്ളത്. ഇത് കേരളം ആണ്. ഇവിടെ ആത്മീയചന്തകളില്‍ നല്ല മുന്തിയ തരം ഗുണ്ടകളുണ്ട്. സിനിമകളില്‍ ചില വേഷങ്ങളില്‍ അസിസ്റ്റന്റ് ഡയറക്റ്റര്‍മാരെ അഭിനയിപ്പിക്കും പോലെ, അത്തരം ഗുണ്ടകളെ ചിലപ്പോള്‍ ആത്മീയ ‘സിനിമക’ളില്‍ നല്ല വേഷങ്ങള്‍ കൊടുത്ത് സ്ഥിരമായി അഭിനയിപ്പിച്ചു എന്ന് വരും. സ്വാമി വിവേകാനന്ദന്‍റെ വേഷം വരെ അവര്‍ ചെയ്തു എന്നിരിക്കും. ആരാ ചോദിക്കാന്‍! അതുകൊണ്ട്, എല്ലാ ആത്മീയ-രാഷ്ട്രീയ ആചാര്യന്മാരുടെയും നാമത്തില്‍ ഞാന്‍ ആകാശത്തേയ്ക്ക് വെടി വയ്ക്കുന്നു. എല്ലാരും പിരിഞ്ഞു പോവുക.