കാണുമ്പോഴൊക്കെ, കഴിയുമ്പോഴൊക്കെ, എന്‍റെ വലംകൈയ്യിനെ നിന്‍റെ ഇടംകൈയ്ക്കുള്ളി- ലാക്കുന്നതിനെ ഞാനിഷ്ടപ്പെടാറുണ്ട്. ഒരു പതിവെന്ന മട്ടില്‍, എന്‍റെ കൈകള്‍ പിടിച്ചാണ് നീ വര്‍ത്തമാനങ്ങള്‍ പറയാറുള്ളതും, കാഴ്ചകള്‍ കാണാറുള്ളതും, ഇടയ്ക്ക് കൈകള്‍ മുറുക്കി എന്നെ സ്നേഹിക്കാറുള്ളതും. ഒരിക്കല്‍ നീ പറഞ്ഞിരുന്നു- അതിലാണ് നമ്മുടെ കൈരേഖകള്‍, നമ്മുടെ പ്രപഞ്ചരാശികള്‍, നമ്മുടെ ജാതകങ്ങള്‍, നമ്മുടെ കര്‍മ്മങ്ങള്‍ ഒന്നായി ചേരുന്നതെന്ന്. ഇടയ്ക്ക്, തമ്മില്‍ ചേര്‍ത്ത കൈകളെയെടുത്ത് അതില്‍ ചുംബിച്ചപ്പോള്‍ നീ പറഞ്ഞു, "നമ്മെ ഒരുമിപ്പിച്ചതെന്തോ, അതിന്; എന്ന്. തമ്മിലങ്ങനെ ചേര്‍ന്ന കൈകളെ ഇടംകണ്ണിട്ടു നോക്കുമ്പോള്‍, എന്‍റെ പൂര്‍ണ്ണത തന്നെ അതില്‍ ലയിക്കുംപോലെ എനിയ്ക്ക് തോന്നാറുണ്ട്. വിടവുകള്‍ വിടാതെ, തമ്മില്‍ ചേര്‍ന്ന കൈകള്‍ക്ക് പൂര്‍ണ്ണതയുള്ള സൗന്ദര്യമുണ്ട്. ഋതുക്കള്‍ പിന്നിട്ടതിന്‍ ശേഷവും തമ്മില്‍ ചേര്‍ന്നു ചേര്‍ന്നലിഞ്ഞ്, ചുളുങ്ങിയ തൊലികള്‍ക്കപ്പുറം മരിയ്ക്കാത്ത പ്രണയമുണ്ടാകുമെന്നുള്ള ദൃഡമായ ഉറപ്പിനെ അതുള്‍ക്കൊള്ളുന്ന പോലെ...