Jyothy Sreedhar

ആവര്‍ത്തനം

എന്റെ കവിതകളില്‍ ഹുങ്കാരരവങ്ങള്‍ കേള്‍ക്കുന്നു- ആവര്‍ത്തനങ്ങളുടെ. ഇടിമുഴക്കം, അഗ്നിപര്‍വതത്തിന്റെ തകര്‍ച്ച, സുനാമി പോലെ ആഞ്ഞടിക്കുന്ന തിരമാലകളുടെ ഗര്‍ജ്ജനം, കണ്ണിനെ മഞ്ഞളിപ്പിച്ചു വരുന്ന ഇടിമിന്നല്‍, ഗര്‍ഭത്തില്‍ കൊലപ്പെടുന്ന ശിശു, കത്തി കൊണ്ട് അറക്കപ്പെട്ട പൊക്കിള്‍ക്കൊടി. തുരുമ്പിച്ച വെട്ടുകത്തിയാണ് പുതുമയുടെ കൊലയാളി. പഴമയുടെ, ആവര്‍ത്തനങ്ങളുടെ ഹുങ്കാരം. ഒരു കണ്ണീര്‍ത്തുള്ളിയില്‍ നിന്നൊഴുകി ഞാനെത്തുന്ന ഭൂമിയുടെ മാറില്‍ അന്നും ഇന്നും ഒഴുകുന്നത് ഒരേ ചോര. പറഞ്ഞു തീരാത്ത പോലെ നീളുന്നു ചുവന്ന ജീവസ്സ്. എന്റെ കവിതയുടെയത്ര നീളത്തില്‍. ലക്ഷ്മണന്‍റെ അമ്പില്‍ പിറന്ന രേഖയ്ക്കുള്ളില്‍ എന്ന പോലെ ഉള്‍വലിയുന്നു എന്റെ ഭൂമി. ഭൂമി പിളര്‍ന്നു പോകുന്ന സീതയാകാന്‍ കൊതിക്കുന്നു മനസ്സ്. കൊഴിഞ്ഞ ഇലകളുടെ ഉരസലില്‍ എനിക്കുള്ള താരാട്ട് ഞാന്‍ കേള്‍ക്കുന്നു. ശിശിരത്തിലേക്ക് വേനല്‍ എത്തിനോക്കുന്നു. ഇടയില്‍ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്ന പാതകള്‍. തെന്നി വീഴുന്നു എന്റെ ചുവടുകള്‍. എന്റെതായതെല്ലാം. എഴുന്നേറ്റു നിന്ന് വേച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അദൃശ്യമായ കാറ്റ്. അതെന്നെ തളര്‍ത്തുന്നു. ഞാന്‍ കുഴഞ്ഞു വീഴുന്നു. സഞ്ചരിക്കേണ്ടിയിരിക്കുന്നു ഈ നീണ്ടപാത. ഇങ്ങനെ. എന്റെ കവിതയെ പോലെ അത് നീളുന്നു. എന്റെ കവിതയുടെയത്ര നീളത്തില്‍.