കടലുകള്‍ കടന്നൊരു ദ്വീപില്‍
നീയും ഞാനും മാത്രമായി
സ്വര്‍ഗ്ഗവും ഭൂമിയും
പങ്കുവയ്ക്കുന്നതിനെക്കുറിച്ചു
നീയന്നു പറഞ്ഞു.
ആദാമും ഹവ്വയും
ഭൂമിയുടെ ഗര്‍ഭത്തില്‍
അന്നുണ്ടായിരുന്നില്ലെങ്കില്‍,
നാം ആദ്യമനുഷ്യരായ് ഉടലെടുക്കു-
മായിരുന്നെന്നു വൃഥാ നീ സങ്കല്‍പ്പിച്ചു.
ആദ്യപുരുഷനില്‍, ആദ്യസ്ത്രീയില്‍,
പ്രണയം വേണ്ടിയിരുന്നെന്നു
നീ പരിഭവിച്ചു.
ആരും തൊടാത്ത പ്രകൃതിയെ
ഒന്നിച്ചാദ്യമായി സ്പര്‍ശിക്കണം;
അരുവിയിലെ ജലത്തില്‍ നി-
ന്നാദ്യ ദാഹം തീര്‍ക്കണം;
ആദ്യ പൂര്‍ണ്ണചന്ദ്രനെ കണ്ട്,
അതത്ഭുതമാക്കി,
എന്നെ നോക്കി കണ്‍ചിമ്മണം;
വിരലുകള്‍ കോര്‍ത്തു മണ്ണില്‍ കിടന്ന്,
മാനത്തെ, താരങ്ങളെ കാണണം;
നിന്‍റെ സ്വപ്‌നങ്ങള്‍ കൊണ്ട്
മേഘങ്ങളുണ്ടായി, മഴയായിറങ്ങണം,
നമ്മെ നനയ്ക്കണം;
മരണമെന്തെന്നറിയാതെ,
ഭയമില്ലാതെ പുഞ്ചിരിക്കണം;
കാണുന്ന കാഴ്ചകള്‍ക്ക്
പേരിടണം, ഓമനപ്പേരുകള്‍;
ഭൂമിയിലെ വസന്തമൊന്നായ്
എന്‍റെ മിഴികളില്‍ കാണണം-
നിന്‍റെ വിചിത്രമോഹങ്ങള്‍.
എങ്കിലും,
എത്രമേല്‍ പ്രണയബദ്ധരെന്നും
അതെത്രമേല്‍ ഭ്രാന്തമെന്നും
നാമെന്നും പറയാതെവിട്ടു.
ആ വാക്കുകളാ ദ്വീപിലെ
മേഘങ്ങളിലൂറി, എന്നും
മഴയായി പെയ്ത്
നമ്മുടെ കള്ളച്ചിരികളായി
ഇന്നും പരിണമിക്കുന്നു.