ഇനിയും എത്രയകലെയാണെന്റെ ഭൂമി? എത്ര പ്രകാശവര്‍ഷങ്ങള്‍, ഇനിയുമെത്ര നിശകള്‍? എന്‍ സ്വപ്നത്തെ കൊഴിക്കുന്നയെത്ര ശിശിരം? എന്‍ പ്രതീക്ഷയില്‍ പെയ്തയെത്ര മഴക്കാലം? ഇന്നകലത്തെ ചന്ദ്രനെ സാക്ഷി നിര്‍ത്തി കൈകള്‍ വിരിച്ചു ഞാന്‍ ഹൃദയം തുറന്നാല്‍ എന്റെ നാട്ടിലേക്കൊഴുകും ഒരാകാശഗംഗ... ഹൃദയകവാടം കൊട്ടിത്തുറന്നങ്ങത്ര ദൂരെ... ഇന്നലെ കണ്ട പാടവും പൂക്കളും പുല്ലും പശുക്കളും ചൂളംവിളിക്കുന്ന തീവണ്ടിയോടുന്ന പാതയും ഇന്നില്‍ നിന്നൊഴുകിയിന്നലെയിലേയ്ക്കെത്തുന്ന- യെന്നാകാശഗംഗയില്‍ തന്‍ഭൂമിയാകും. ഒരു വദനമൊരു നക്ഷത്രമായ് തീര്‍- ന്നന്നെത്ര മറക്കാന്‍ ശ്രമിച്ചോരാ കണ്ണീരും ആ താരകത്തിന്‍ തിളക്കമായ് കണ്‍ചിമ്മി- യെന്‍ പ്രപഞ്ചത്തിന്നിരുനിറക്കാഴ്ചയാകും... നക്ഷത്രങ്ങള്‍ തെളിയിച്ച ശൂന്യതയിലൊരു മുഖം- എന്നമ്മ, തന്‍ കൈപ്പിടിയിലെന്റെ ഭൂമി... അണുവായ് ഞാന്‍ ഉടലെടുക്കുമ്പോ- ളെന്‍ ഭൂമി കൈക്കൊണ്ടതമ്മയാണ്... ഞാന്‍ പിരിയുമ്പോള്‍, ഇരുകയ്യാലതമ്മയെടുക്കുമ്പോള്‍, വേര്‍പെട്ട ഭ്രൂണമായാ ഭൂമിയും തേങ്ങി. ഇന്നുമാ കൈക്കുടന്നയിലെന്റെ ലോകം ഏറ്റുവാങ്ങപ്പെടാതെയെന്‍ കാഴ്ചകള്‍ ഉള്‍ക്കൊണ്ടു. കണ്മുന്നില്‍ തിരിയുന്നയെന്റേതാം ഗോളം, അതേറ്റു കൈക്കൊള്ളുമെന്‍റെയമ്മ... കണ്ണടച്ചാല്‍ ഞാന്‍ കാണുന്നതെന്‍ സ്വന്തങ്ങള്‍... കണ്‍തുറന്നാല്‍ സ്വന്തമല്ലാത്തതൊക്കെ... പിന്നെ, കാഴ്ചയുടെ തിരിച്ചറിവ്- എന്‍റെ മിഴിയില്‍ നിന്നളന്നാല്‍ എന്നമ്മ കാക്കുന്നയെന്‍ ഭൂമിയിലേക്ക് സ്വപ്നങ്ങളുടെ അയല്പക്കം... കല്‍പ്പിതമാം അനന്തത.