ആ ശൂന്യതയെ നീ എനിക്ക് തരുമോ?
നിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ നിന്‍റെ ഭൂതകാലമെന്ന ആ കൊച്ചുകുടിലില്‍ നീ മാത്രമുള്ള ശൂന്യത?
അവിടെ, നിന്‍റെ നൊമ്പരവും പൊട്ടിച്ചിരിയും കുസൃതിയും പേറി, നിന്‍റെ പഴയ കളിപ്പാവകളെ മുറുകെപ്പുണര്‍ന്ന് ഞാനിരുന്നുകൊള്ളാം, മരണം വരെ.
ആ ശൂന്യതയെ നീ എനിക്ക് തരുമോ?
ചിലപ്പോഴൊക്കെ, തിരക്കുകളില്‍ നിന്നു വന്ന്, ഒന്നെത്തിനോക്കിയാല്‍ മതി. നിന്‍റെ ഓര്‍മ്മകളെ കാത്ത്, ഒരു റാന്തല്‍ തെളിച്ച് വഴിക്കണ്ണുമായി ഞാന്‍ കാത്തിരിക്കാം.
അവിടെയാകുമ്പോള്‍. ഒരിത്തിരി നേരം, ഇന്നിനെയും നാളെയെയും മറന്ന്, ലോകത്തെ മറന്ന്, നീയായി നീയിരിക്കുമല്ലോ.
നിര്‍ത്തുകള്‍ ഇല്ലാതെ നീ വാചാലനാകുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ തന്നെ നോക്കി എനിക്ക് ഇരിക്കാമല്ലോ.
നിന്‍റെ കൊച്ചു നോവുകള്‍ കേട്ട്, കളിചിരികള്‍ കേട്ട്, നിന്നെ കണ്ട്, കേട്ട്, കൂടെയായി, എനിക്ക് വസിക്കാമല്ലോ.
വികാരപര്‍വ്വങ്ങളിലെ നിന്‍റെ ശുദ്ധമായ അശ്രുക്കള്‍ നിന്‍റെ കണ്ണുകളില്‍ നിന്നൊഴുകുമ്പോള്‍ അതിനെ എന്‍റെ വിരലുകള്‍കൊണ്ട് എനിക്ക് തുടയ്ക്കാമല്ലോ.
ഈ ലോകത്തു നിന്ന് എനിക്കെന്നെ വെട്ടിക്കുറയ്ക്കണം. നീയല്ലാത്തതെല്ലാം എനിക്ക് വെറുപ്പാണ്, ഭയമാണ്. അത്രമേല്‍ നീ സത്യവും, അവര്‍ നുണകളുമാണ്.
നിന്നോടാണ് എന്‍റെ പ്രണയം, എന്‍റെ വിശ്വാസം. നിന്‍റെ നെഞ്ചാണ് എനിക്കു സാന്ത്വനം. നീ മാത്രമാണ്, എനിക്ക് പരിചിതമായ ലോകം.
ആ ശൂന്യതയെ നീ എനിക്ക് തരുമോ? നിന്നിലെ ആരുമില്ലാത്ത, നീ മാത്രമുള്ള ആ ശൂന്യത? മറ്റുള്ളതെല്ലാം മറന്ന്, പകുത്തുമാറ്റി, നീ അവിടെ ഒളിക്കുമ്പോള്‍, ഞാനും ഉണ്ടായിരുന്നുകൊള്ളട്ടെ? ഒരല്‍പം, അതെല്ലാം പങ്കുവയ്ക്കാന്‍?
അവിടെ, അവിടെ മാത്രം, നിനക്കും എനിക്കും അവകാശികളില്ലാതെ നമുക്ക് നാമായിരിക്കാം.
ആ ശൂന്യതയെ നീ എനിക്ക് തരുമോ? മറ്റാര്‍ക്കും എന്നെ അറിയാത്ത, നീ മാത്രം വായുവില്‍ പോലുമുള്ള, നിന്നെ നിറഞ്ഞു പ്രണയിക്കുവാന്‍ എനിക്ക് കഴിയുന്നൊരു ശൂന്യത...?