തനിയെയിരുന്നപ്പോള്‍, ഒരു കുഞ്ഞുകാറ്റില്‍ പറന്ന എന്‍റെ മുടിയിഴകളിലൂടെ നിന്‍റെ ശ്വാസവും അതിലൊരു ചുംബനവു- മെന്നെ സ്പര്‍ശിച്ചതായ് ഞാന്‍ അറിഞ്ഞതും; കണ്ണടച്ചപ്പോള്‍, കുസൃതിച്ചിരിയുമായ് എന്നെ പ്രണയിക്കുന്ന കണ്ണുകള്‍ നീ വിടര്‍ത്തിയതായ് ഞാന്‍ കണ്ടതും; നിന്‍റെ ചിത്രം നോക്കി പരിഭവങ്ങളൊക്കെയും പറഞ്ഞു ഞാന്‍ തീര്‍ത്തതും; നിന്നോടുള്ള പ്രണയത്തെ പ്രണയിച്ചു കൊതിതീരുന്നി- ല്ലെന്നോര്‍ത്തു പുഞ്ചിരിച്ചതും; ചില നിശ്വാസങ്ങള്‍ക്കൊപ്പം നിന്‍റെ നാമം ലയിപ്പിച്ചു നീയുള്ള ദൂരത്തെയ്ക്കയച്ചതും; നീയറിയുന്നതിലേറെ പ്രണയിച്ചു നിമിഷങ്ങള്‍ നീക്കുന്നതും നിന്‍റെ സാന്നിദ്ധ്യത്തിനായ് കാത്ത് ഉമ്മറപ്പടിയില്‍ ഞാനിരിക്കുന്നതും; നിന്‍റെ അസ്സാന്നിധ്യത്തിനുള്ള എന്‍റെ സമര്‍പ്പണം.