Jyothy Sreedhar

അസാധാരണം

പ്രത്യേകതകളില്ലാത്ത ഒരു സാധാരണദിനത്തിലാണ് നീ കടന്നു വന്നത്. ഇടിമിന്നലോ, മുഴക്കമോ ഇല്ലാതെ, മഴയില്ലാതെ, രാത്രിയുടെ രഹസ്യങ്ങളില്ലാതെ, പ്രണയം വിടര്‍ത്തുന്ന ഇളംകാറ്റില്ലാതെ, നീ വന്നു. അന്ന് കിളികള്‍ പാടിയില്ല, നിലാവ് അസാധാരണമായിരുന്നില്ല. പ്രത്യേകതകളില്ലാതെയെല്ലാം പതിവുപോലെ സംഭവിച്ചു. പക്ഷെ, നീ വന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നീ നിന്നപ്പോള്‍, ഈ ഭൂമിയില്‍ മറ്റാരുമില്ലെന്ന് എനിക്ക് തോന്നി. നിന്‍റെ ശബ്ദം കേട്ടപ്പോള്‍, മറ്റേതു ശബ്ദവും എനിക്കപരിചിതമായ്‌ മാറി. പിന്നെ, നിന്‍റെ കണ്ണിലുദിച്ച നിലാവും, നിന്‍റെ നിശ്വാസത്തിന്റെ ഇളംകാറ്റും, നിന്‍റെ ആദ്യനോട്ടത്തിന്‍റെ മിന്നലും, ഈ ഭൂമിയില്‍ എന്നെ അസാധാരണയാക്കി. നമുക്കിടയില്‍ മാത്രം മഴക്കാലമുണ്ടായി. എല്ലാം പൊഴിയുന്ന ശരത്കാലത്തില്‍ വെള്ളയെ പുതച്ച് നമ്മള്‍ പ്രണയിച്ചു. എന്നെപ്പോലെ, ഈ ഭൂമിയില്‍ മറ്റൊരാളില്ലെ- ന്നെനിക്കു തോന്നിയത് നിന്‍റെ വരവോടെയാണ്. നമുക്കിടയിലേ പ്രണയമുള്ളൂ എന്നു ഞാന്‍ സങ്കല്‍പ്പിച്ചു. പിന്നീടുള്ള എന്റെ ദിനങ്ങള്‍ ഉദിച്ചതും പിന്നെയുറങ്ങിയതും നിനക്കായെഴുതപ്പെട്ട എന്റെ കവിതകളിലാണ്.