Jyothy Sreedhar

അശോകം

ഞാന്‍ തിരക്കിലെന്ന് മറ്റുള്ളവര്‍ കരുതുമ്പോഴാണ് ഒരു ചിന്തയുടെ നൂലിലൂടെയൂര്‍ന്ന്‍ എന്റെയുള്ളില്‍ നീയെന്ന ലോകം നീ പണിതുയര്‍ത്താറ്. ലോകഭാഷണങ്ങള്‍ക്കു മദ്ധ്യേ നീയെനിക്കു നല്‍കുന്ന അശോകവനം പോലെയൊന്നുണ്ട്. അതാണ്‌ എന്‍റെ ലോകം. അവിടെ ഞാന്‍ ശോകം വര്‍ഷിക്കില്ല. അതിലെ ചിത്രശലഭങ്ങളും, മാന്‍പേടകളും വരെ എന്റെ കവിതകളെഴുതാറുണ്ട്. അതിലെ രാവണാസുരനില്‍ പോലും പ്രണയഭാവം പ്രകടമാകാറുണ്ട്. എന്നെ തിരികെ ജയിക്കുവാന്‍ ശ്രീരാമനെപ്പോലെ ജീവിതമെത്തുമ്പോഴാണ് അശോകം വിട്ടാല്‍ ശോകമെന്നയറിവ് എന്നെ വേദനിപ്പിക്കാന്‍ തുടങ്ങുക. അഗ്നിശുദ്ധി വരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ കഥ നീ മാത്രമാണ്- നിന്നില്‍ തുടങ്ങി, നിന്നില്‍ അവസാനിക്കുന്നത്. നീയെന്നെ കവരുന്ന നിമി മുതല്‍ ഉച്ചവെയിലിനെ ഞാനോര്‍ക്കുംവരെ. ബാക്കിയാവുന്നത് മൃതം.