Jyothy Sreedhar

അവസാന പ്രണയകവിത

ഇത്‌ നിനക്കായ്‌ ഞാനെഴുതുന്ന
അവസാനപ്രണയകവിതയെന്ന്
കരുതുക.

മഷിക്കുപ്പിയിലെ അവസാനതുള്ളിയും
ഇറ്റുവീഴ്ത്തി,
തൂലികത്തുമ്പിൽ നന്ദിതയെപ്പോൽ
എന്റെ പ്രണയാഗ്നിയത്രയും നിറച്ച്‌
ഞാനെഴുതുന്ന അവസാനകവിത.

അങ്ങനെയെങ്കിൽ,
നിന്റെ പരിലാളനമേറ്റ്‌
നീ മരിയ്ക്കുവോളം
നിന്റെ ശ്വാസത്തിന്റെ പങ്കുപറ്റി
ഇത്‌ ജീവിച്ചേക്കുമെന്നൊരു തോന്നൽ.

അങ്ങനെയെങ്കിൽ,
പകരംവയ്ക്കാനാവില്ലെന്ന്
ചുറ്റുമുള്ളതിനോടൊക്കെ പറഞ്ഞ്‌
നിന്റെ നെഞ്ചോടടക്കി
എന്റെ പ്രണയത്തെ, കവിതയെ,
നീ കാത്തുവച്ചേക്കും.

അപ്പോഴൊക്കെ,
വാക്കുകളുടെ തുഞ്ചത്ത്‌ കുരുക്കിട്ട്‌,
വിടവുകളിൽ ഊഞ്ഞാലിറക്കി
പല വേഗത്തിൽ ഞാൻ ആടിയേക്കും.

ആ കവിതയ്ക്കും നിനക്കുമിടയിലെ
ചെറുദൂരത്തിലെങ്ങോ
ഒരു പുഞ്ചിരി തൂകി
എന്നും ജീവിക്കുവാനാണ്‌
അതിഭ്രാന്തമായ്‌ ഞാൻ കൊതിച്ചത്‌.

ഇടയിലെ വിരാമങ്ങളിൽ കണ്ണുടക്കി,
നിന്റെ കണ്ണുനിറഞ്ഞൊഴുകുമ്പോൾ,
ഓർമ്മകളിൽ നിന്നൊരു തൂവാലയാൽ
നിന്റെ കണ്ണുകളൊപ്പുവാനും,
ഇരുകൈകൾക്കിടയിൽ നിന്റെ മുഖമൊതുക്കി,
നിറഞ്ഞ കണ്ണുകളിൽ
നിന്നെ ആവാഹിക്കുവാനുമാണ്‌
ഞാൻ കൊതിച്ചത്‌.

അസഹനീയമായ നഷ്ടബോധത്താൽ
ഒടുവിൽ, വായുവിനെ നീ
എന്റെ പേരു വിളിച്ച്‌
ഇറുക്കിയണയ്ക്കുമ്പോൾ
അതിനുള്ളിലേയ്ക്ക്‌ ഇഴഞ്ഞുകയറുന്ന
പഴകിയൊരു പരിചിതതാപമാകുവാനാണ്‌
ഞാൻ കൊതിച്ചത്‌.

ഓർമ്മകളിലാകുമെങ്കിൽ,
ആരുമില്ലാത്ത നിന്റെ സ്വകാര്യങ്ങളിൽ
ആരോടും മത്സരിക്കാനില്ലാതെ,
എനിയ്ക്ക്‌ പാർക്കാൻ കഴിഞ്ഞേക്കും.
നമുക്കിടയിലാരുമില്ലെന്ന്
നിന്റെ, എന്നോടുള്ള നിശബ്ദതകൾ
‌കളിയായി പറയുമ്പോൾ
എനിയ്ക്ക്‌ അഹങ്കരിക്കാൻ കഴിഞ്ഞേക്കും.

അതിനാൽ,
ഈ പ്രണയകവിതയ്ക്കുമേൽ
ഒരിക്കലെന്നെ തഴുകിയ കൈത്തലം വച്ച്‌
എന്നെ ഏറ്റുവാങ്ങുക.
മറ്റൊന്നിനും നൽകാതെ
നിന്നെ, എന്നെ,
നമുക്കിടയിലെ ശൂന്യതയെ
കാത്തുസൂക്ഷിക്കുക.

ചുറ്റുമുള്ളതിനെ കാണാൻ
കണ്ണടകൾ വേണ്ട കാലത്ത്‌
ഏറ്റവും വ്യക്തതയുള്ള കാഴ്ചയായ്,‌
അരികു പോലുമടരാത്ത ചിത്രമായ്,‌
ചെവിക്കല്ലിലെന്നും മുഴങ്ങുന്ന ശബ്ദമായ്‌
എന്നെ മുറുകെ പുണരുക.

ശേഷം,
നിന്റെ അവസാനശ്വാസത്തിൽ
നുരഞ്ഞുപതയുന്ന ഓർമ്മയാക്കി
എന്നെ, നമ്മുടെ പ്രണയത്തെ,
നീ ജയിപ്പിക്കുക.

ഇത്‌ നിനക്കായ്‌ ഞാനെഴുതുന്ന
അവസാനപ്രണയകവിതയെന്ന്
കരുതുക.
അതിൽ,
ഒരണുവൊഴിയാതെ എന്നെയത്രയും,
ഞാൻ സമർപ്പിച്ചുവെന്ന്
നീയറിയുക.

ഓർമ്മകളുടെ തിരക്കുള്ള കവിതകൾ
എനിയ്ക്ക്‌ പ്രിയമാണ്‌‌.
ഏറ്റവും തിരക്കുള്ളയൊന്ന്
നിനക്കിരിക്കട്ടെ.