Jyothy Sreedhar

അളവുകോല്‍

സമൂഹം വികാരങ്ങള്‍ക്ക് അളവുകള്‍ കുറിച്ചിട്ടുണ്ട്. നിയമങ്ങള്‍ അറിയാത്ത വിഡ്ഢിയായ ഹൃദയം അതറിയാതെ മിടിക്കുന്നു, വികാരങ്ങള്‍ക്ക് രക്തം കൊടുക്കുന്നു. മനുഷ്യന്‍റെ വികാരമൂര്‍ച്ചകളേതും കണ്ണീരിനെ ഒഴുക്കുമ്പോള്‍, എന്‍റെ വികാരങ്ങളുടെ ആത്മപങ്കാളി എന്നും നീയാകുന്നു. നീ അതിന്‍റെ അളവുകളോ, അളവുകോലോ ആകുമ്പോള്‍, നിന്‍റെ സാന്നിധ്യത്തില്‍ എന്‍റെ വികാരങ്ങള്‍ അതിന്‍റെ മൂര്‍ച്ഛയെ തൊട്ടറിയുന്നു. നിന്നിലാണ് എന്‍റെ കൊച്ചുസന്തോഷങ്ങള്‍ പൂത്തുവിടര്‍ന്ന് വലിയ ഉദ്യാനങ്ങള്‍ തീര്‍ക്കുന്നത്. നിന്‍റെ അസ്സാന്നിധ്യത്തിലാണ് എന്‍റെ സന്തോഷങ്ങള്‍ പറയാനാകാതെ കരിഞ്ഞുണങ്ങിയ ഇലരേഖകളാകുന്നത്. എന്‍റെ ദുഃഖങ്ങള്‍ക്ക് നിന്‍റെ കേള്‍വിയുണ്ടെങ്കില്‍ അത് സന്തോഷങ്ങളാകുന്നത് ഞാന്‍ അറിയാറുണ്ട്. നിന്നിലൂടെയാണ് എന്‍റെ വികാരങ്ങള്‍ മാറിമറിയുന്നത്, പുനര്‍ജ്ജനിക്കുന്നത്. ഓരോ വികാരവും എന്നില്‍ നിന്നും നിന്നിലെയ്ക്കുള്ള ചെറുദൂരത്തിലെവിടെയോ സ്വന്തം രതിമൂര്‍ച്ഛയനുഭവിക്കുന്നതായി ഞാന്‍ അറിയാറുണ്ട്. സമൂഹത്തിന്‍റെ കണക്കുകള്‍ പഠിച്ച് അളവുകള്‍ തെറ്റിയ എന്‍റെ ഗതിമദ്ധ്യേയാണ് എന്‍റെ അളവുകോലായി നീ വരുന്നത്. എന്‍റെ വികാരമൂര്‍ച്ചയിലാണ് ശേഷം നീ അളവുകള്‍ വച്ചത്, നിയമങ്ങള്‍ അറുത്തുമാറ്റിയത്, സമൂഹത്തെ മറന്നത്. അതില്‍പ്പിന്നെയാണ് നിയമങ്ങളില്ലാതെ മനുഷ്യനായി ഞാന്‍ ജീവിച്ചത്. അളവുകളില്ലാത്ത കണ്ണീരുതിര്‍ത്തത്. നിന്നെ തൊട്ടാണ് ഞാന്‍ എന്‍റെ 'സാമൂഹിക'മല്ലാത്ത ഹൃദയത്തെ അറിഞ്ഞത്, അതിന്‍റെ സൌന്ദര്യത്തെ ഉള്‍ക്കൊണ്ടത്.