Jyothy Sreedhar

അര്‍ദ്ധം

ആവതില്ല നിനക്കെന്നെ പിന്തുടര്‍ന്ന് എന്ടെ കറുത്ത കണ്ണടയിലെ അക്ഷരം തിരുത്തുവാന്‍. കൃഷ്ണമണിയിലെ തിരമാലകളില്‍ ഉരുണ്ട് ‌ ഇപ്പോള്‍ ഭൂമിയുടെ രൂപവും ലോകത്തിന്റെ നിറവും എന്ടെ വിശ്രമത്തിന്റെ ഭാരവും അതിന് കൈവന്നിരിക്കുന്നു. ഓര്ത്തുവോ നീ, നീയന്ന് പറഞ്ഞതില്‍ ഞാന്‍ എന്ടെ പുതുമ തേടുമെന്ന്! കടല്‍ കടന്നാല്‍ എതിരായ തീരത്ത് മരീചികയെന്നു നീ പറയുമ്പോള്‍ ഞാന്‍ പായല്‍ വിരിപ്പുകളിലേക്ക് എത്തിനോക്കുന്നു. അവിടെ ഭാവമില്ലാത്ത ഒരുത്തരം എന്നെ തുറിച്ചു നോക്കുന്നു. ഞാന്‍ ഇറുക്കി കണ്ണടക്കുമ്പോള്‍‍ കണ്ണടയില്‍ കാലന്‍ കുടയ്ക്ക് കീഴെ ഒളിച്ച ഹൃദയം വ്യക്തം. അവിടെ, ഒരു ഗോളാര്‍ദ്ധം സ്വയം ചുറ്റി യാത്രാന്ത്യം കുറിക്കുന്നു. പിന്നെ പൊട്ടിച്ചിരിക്കുന്നു. എന്ടെ കവിത പൂര്‍ത്തിയാകുമ്പോള്‍ വായിക്കുവാന്‍ ഞാന്‍ വാക്കുകള്‍ തന്നിരിക്കുന്നു. വിഭജിക്കുവാന്‍  നിനക്ക് ഒരു അക്ഷരം മാത്രം. നിനക്ക് മനസ്സിലാകുവാനോ, എനിക്ക് പറയുവാനോ മറ്റൊന്നുമില്ല. ഉറക്കപ്പിച്ചിന്റെ മൂര്‍ധന്യത്തില്‍ തലത്താങ്ങായ തലയിണ ഞാന് കെട്ടിപ്പിടിച്ചതല്ലാതെ...