അതിഭ്രാന്തമായി പ്രണയിക്കുവാന്‍ എനിക്കൊരാള്‍ വേണം. അയാളെ ഓര്‍ക്കുമ്പോഴൊക്കെ മറ്റൊരാളീ ഭൂമിയില്‍ വേണ്ടെ- ന്നെനിയ്ക്കു തോന്നണം. അത്രമേല്‍ സ്വതന്ത്രമാകണം. അയാള്‍ എന്നെ ഭ്രാന്തമായി പ്രണയിപ്പിക്കണം. ഒരു സൈന്യാധിപനെ പോലെ എന്‍റെ കൊച്ചു ചിന്തകളെ ജയിച്ച് എന്നില്‍ അയാളുടെ സാമ്രാജ്യം തീര്‍ക്കണം. അവിടെ, രാജപീഠത്തിലിരിക്കണം. എന്‍റെയോരോ നിമിഷത്തിലും വിലാസം അയാളാകണം. എനിക്കു ഭ്രാന്തമായി പ്രണയിക്കണം. എന്നെ കരയിപ്പിക്കാതിരിക്കരുത്. ക്ഷിപ്രവികാരങ്ങളും അപക്വതകളും എനിക്കുണ്ടാവണം. എനിക്കൊരു പൂര്‍ണ്ണമനുഷ്യനാകണം. എനിക്കു കരയാന്‍ സാധിക്കണം. ദേഷ്യത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ കയറി, പിന്നെ താഴേയ്ക്ക് പതിക്കണം. തുള്ളിച്ചാടി ചിരിക്കണം. പെരുമഴയും നനഞ്ഞു നൃത്തം ചെയ്യണം. ഏതുയരത്തിലും താഴ്ചയിലും എന്നെ നയിക്കുവാന്‍ അയാള്‍ ഉണ്ടാവണം. അത്രമേല്‍ ഞാന്‍ സ്വത്രന്ത്രയാകണം. എനിക്കു നാണക്കേടില്ലാതെ കരയണം. ശേഷം അയാളുടെ താരാട്ട് കേട്ട്, അയാളുടെ ഗന്ധമേറ്റ്, അയാളുടെ കരങ്ങള്‍ക്കുള്ളില്‍ കരഞ്ഞു തളര്‍ന്നുറങ്ങണം. രാവിലെ ആദ്യത്തെ കണ്‍ചിമ്മലില്‍ അയാളുടെ ചുംബനമേല്‍ക്കണം. അയാള്‍ എനിക്കു ബാല്യം തരണം. കുസൃതികള്‍ക്കൊരു ഭൂമി തരണം. എന്‍റെ തീവ്രവികാരങ്ങളൊക്കെയും സുരക്ഷിതമായി ഇറക്കിവയ്ക്കാന്‍ ചുളുങ്ങാത്ത പുരികവുമായി അയാള്‍ ഉണ്ടാവണം. എന്നെ കളിയാക്കി കൊഞ്ചിക്കണം. അയാള്‍... - അതെന്‍റെ കവിതയായിരുന്നു. പണ്ടെങ്ങോ കുറിച്ച എന്‍റെ ഭ്രാന്തമായ ആശകള്‍. വെറും ആഗ്രഹങ്ങള്‍ മാത്രമായ്, അതൊരു താളില്‍ അക്ഷരങ്ങളായി തിങ്ങിക്കൂടി ശ്വാസം മുട്ടിയിരുന്നു. ആ താളില്‍ നിഴല്‍ വീഴിച്ച്, അക്ഷരങ്ങളെ ഉള്‍ക്കൊള്ളിച്ച രൂപമായ് നീ വരും വരെ.