Jyothy Sreedhar

അയാള്‍ സെലിബ്രിടി

അയാള്‍ സെലിബ്രിടി. സ്വാതന്ത്ര്യം  നിഷിദ്ധമായ ഷോകേസ് ജീവി. കണ്‍തുറക്കും മുതല്‍ കണ്ണടയ്ക്കും വരെ ‘പൊതുകല്പനകള്‍’ പാലിക്കേണ്ടയാള്‍‍.   സ്വയം മറക്കുക. സ്വന്തം വികാരങ്ങളെ ഒഴിവാക്കുക. ആരാധകര്‍ക്ക്  വേണ്ടി ചിരിക്കുക. കൈ കൊടുക്കുക. കൈ വീശുക. ഒപ്പിടുക. ഫോട്ടോയ്ക്ക് തോളില്‍ കയ്യിട്ടു നിന്ന് കൊടുക്കുക. സദസ്സില്‍ സ്വന്തം പേരില്‍ കേള്‍ക്കുന്ന വിടുവായത്തങ്ങള്‍ക്ക് പോലും കൈകൊട്ടി ചിരിക്കുക. ഇല്ലെങ്കില്‍ ‘ജാഡക്കാരന്‍’ ആവുക.   വീട്ടില്‍ പറയുന്നത് പോലും അളന്നു മുറിച്ചു വീഴ്ത്തുക. ‘കുടുംബവിശേഷങ്ങള്‍’ പുറകെ വരും. അടുക്കളയും കുളിമുറിയും കക്കൂസും ‘എന്‍റെ വീട്’ പംക്തിയില്‍ വരും.   “അയാളുടെ ഒരു യോഗം!” നമ്മുടെ കാഴ്ചയ്ക്കും അയാളുടെ ജീവിതത്തിനും നടുവില്‍ ആ വരിയുടെ അര്‍ത്ഥവ്യത്യാസങ്ങള്‍.   ബെന്‍സ്‌ കാറുകളില്‍ പായുമ്പോള്‍ അടുത്ത് പോകുന്ന സൈക്കിള്‍കാരനോട് അയാള്‍ക്ക്‌ അസൂയ.   റോഡില്‍ ഒളിക്കണ്ണുകള്‍ ബാധിക്കാതെ, ശ്രദ്ധിക്കപ്പെടാതെ നടക്കുന്നവരോട് അസൂയ.   ചായക്കടയില്‍ സൊറ പറഞ്ഞിരിക്കുന്നവരോട് അസൂയ.   ബീച്ചിലും പാര്‍ക്കിലും ഓടി രസിക്കുന്നവരോട് അസൂയ.   ഒരു സാധാരണ ജീവിതത്തെ കേള്‍ക്കുമ്പോള്‍ അവരോടും അസൂയ.   സെലിബ്രിടി ഛായയില്ലാത്ത ബന്ധങ്ങളോട് തീവ്രമായ ആഗ്രഹം.   വീടിന്റെ അടച്ചിട്ട ഗേറ്റില്‍ നിന്ന് കാറില്‍ പുറത്തു വന്ന് കഥാപാത്രങ്ങള്‍ തോറും ഓടിയോടി കിതച്ച് ഒരു ഹോട്ടല് ‍മുറിയില്‍ ഒരു ജനല്‍കര്‍ട്ടന്‍ മാറ്റുമ്പോള്‍ അല്പം വെളിച്ചം കാണാം. അല്പം ശുദ്ധവായു ശ്വസിക്കാം. ഒറ്റയായി ഒരല്‍പം നില്‍ക്കാം. തനിക്ക് വേണ്ടി മാത്രം ചില നിമിഷങ്ങള്‍. അതില്‍ ഓര്‍ക്കാം, ഓര്‍ത്തു നെടുവീര്‍പ്പിടാം - ജീവിതം തനിക്ക് സ്വന്തമല്ലെന്ന്.   തന്നെ ശരീരവും മനസ്സുമടക്കം ഇഞ്ചിഞ്ചായ് വിറ്റ് കുമിച്ചുകൂട്ടുന്ന പണം നോക്കി അയാള്‍ ചോദിക്കുന്നു, "എനിക്ക് സ്വാതന്ത്ര്യം തരുമോ?"   അപ്പോള്‍, നമ്മുടെ ചോദ്യം ഇങ്ങനെയാക്കാം- ആര്‍ക്കാണ് ആ ‘യോഗം’?