Jyothy Sreedhar

അമ്മാമ്മയുടെ മരണദിവസം- ഒരു പഴയ ഡയറിത്താള്‍

ഇന്നലെ രാത്രി പത്തു മണിയോടെ അമ്മാമ്മ മരിച്ചു. അമ്മാമ്മ എന്നത് എന്റെ അച്ഛന്റെ അമ്മയെ സമപ്രായക്കാരായ ബന്ധുക്കള്‍ വിളിക്കുന്നത്‌ കേട്ട് വിളിച്ചു തുടങ്ങിയതാണ്. കുറെ നാള്‍ കുറെ അധികം വേദനിക്കുന്നത് കണ്ടപ്പോള്‍ ഒരാശ്വാസമരണത്തിനായി ഞാനും പ്രാര്‍ഥിച്ചിട്ടുണ്ടെങ്കിലും നിനച്ചിരിക്കാതെ വന്ന ആ മരണം എന്നെ അത്ഭുതപ്പെടുത്തി. ഇന്ന് വെളുപ്പിനാണ് ചേട്ടന്റെയും ചേച്ചിയുടേയും കൂടെ ഞാന്‍ അങ്ങോട്ട്‌ പോയത്. അമ്മാമ്മ ആരെയും കാണാതെ നിര്‍ജ്ജീവമായി കിടക്കുന്നത് കണ്ടപ്പോള്‍ എനിക്കല്പം വിഷമം തോന്നി. ഒരാചാരത്തിന്റെ ഭാഗമായി അമ്മാമ്മയുടെ കാല്‍ തൊട്ടു നമസ്കരിച്ചപ്പോള്‍ എന്റെ തെറ്റുകള്‍ക്ക്, എന്റെ വെറുപ്പിന്, അമ്മാമ്മ കേള്‍ക്കാതെ എന്റെ വീട്ടില്‍ അമ്മാമ്മയെ കുറിച്ച് ഞാന്‍ പറഞ്ഞ തെറ്റിന് ഞാന്‍ മാപ്പ് പറഞ്ഞു. പായയില്‍ എല്ലാവരുടെയും കൂട്ടത്തില്‍ ഞാന്‍ ഇരുന്നു. അമ്മാമ്മയെ കുറെ നേരം വെറുതെ നോക്കിയിരുന്നു...അമ്മാമ്മയുടെ അത്ര നിര്‍വികാരതയോടെ. ഇടയ്ക്ക്, "എന്റെ കല്യാണമാണ് അമ്മാമ്മേ" എന്ന് മനസ്സില്‍ ഉറക്കെ നീട്ടിപ്പറഞ്ഞു. അമ്മാമ്മയുടെ ചെവിയല്‍പ്പം പതുക്കെയാണ്. അമ്മാമ്മയാകട്ടെ നല്ല ഉറക്കത്തില്‍. കൂടെ ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍, മുന്‍പത്തേക്കാള്‍ ദൂരം... ജന്മങ്ങളുടെ, ലോകങ്ങളുടെ, പ്രപഞ്ചങ്ങളുടെ... പക്ഷെ, കേട്ടിട്ടുണ്ടാവും. മനസ്സ് കൊണ്ട് ആ കാല്‍ തൊട്ട് അനുഗ്രഹത്തിനായി വന്ദിച്ചു. ആരും അറിഞ്ഞില്ല, ഞാന്‍ വിവാഹത്തിന് അനുഗ്രഹം മേടിക്കുകയാണെന്ന്. വെറുതെ ചോദിക്കാന്‍ തോന്നി, അമ്മമ്മ ഇപ്പോള്‍ എവിടെയാണെന്ന്... നിഗൂഡമായ ആ ലോകം എവിടെയാണെന്ന്. മനുഷ്യനെക്കാള്‍ മനുഷ്യന് അറിവ് ലഭിക്കുക മരണത്തില്‍ ആണല്ലോ. ജനലിന്റെ കമ്പികളിലൂടെ മങ്ങിയിരുന്ന ആകാശത്തേക്ക് നോക്കി. അവിടെയെങ്ങും ഒരു മേഘരൂപമായി പോലും കണ്ടില്ല അമ്മാമ്മയെ. ഞാന്‍ പറഞ്ഞതും ചിന്തിച്ചതും ഒക്കെ കേട്ട് പ്രപഞ്ചശക്തികള്‍ക്കിടയില്‍ ഒന്നായി അമ്മാമ്മ ചിരിക്കുന്നുണ്ടാവും. മനസ്സ് പതുക്കെ എന്നില്‍ നിന്നും എന്റെ നോട്ടത്തിനപ്പുറത്തേക്ക് അകലുകയായിരുന്നു. ഇടയ്ക്ക് പുറകിലിരുന്ന് ആരോ പറഞ്ഞ ഏതോ മാലയുടെ പവന്‍ കണക്കും, സാരി വാങ്ങിയതിന്റെ വിശേഷവും എന്റെ കാതിലല്ല, ഹൃദയത്തിലാണ് തറച്ചത്. സിനിമകളുടെയും സീരിയലുകളുടെയും ഇടയില്‍ കേള്‍ക്കാറുള്ള കൊമെടി രംഗം പോലെ തോന്നി. അത് ഭാരമുള്ള മനസ്സില്‍ കത്തിക്കയറാന്‍ തുടങ്ങിയതോടെ അവിടെ നിന്നും ഞാന്‍ മാറി. അല്പം ദൂരെ നിന്ന് അമ്മാമ്മയെ നോക്കിയപ്പോള്‍ എന്റെ പൂജയും പ്രിയയും സരിതയും ഒക്കെ മാറിമാറി തെളിഞ്ഞു. അമ്മാമ്മയെ ജീവിതത്തില്‍ ഞാന്‍ സ്നേഹിച്ചിട്ടേ ഇല്ല. അങ്ങനെ പറഞ്ഞാല്‍ പോര, വെറുപ്പായിരുന്നു എനിക്ക് അമ്മമ്മയോട്. അമ്മമ്മയ്ക്ക് തിരിച്ചും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവസാന കാലത്തെപ്പോഴോ എന്നെ അമ്മമ്മ "ജ്യോതീ" എന്ന് വിളിച്ചപ്പോഴാണ് അമ്മമ്മയ്ക്ക് എന്റെ പേര് അറിയാമെന്ന് ഞാന്‍ അത്ഭുതത്തോടെ അറിഞ്ഞത്. പുറകെ നടന്ന് എന്റെ "പരിഷ്കാര" ശീലങ്ങളെ കുറിച്ച് പറഞ്ഞു അമ്മമ്മ കുത്തുന്നത് കേള്‍ക്കുന്തോറും വെറുപ്പും ദേഷ്യവും കൂടിയിട്ടെ ഉള്ളു എനിക്ക്... പക്ഷെ, അവര്‍ എനിക്ക് എല്ലാമായിരുന്നു. അവസാനമായി അമ്മാമ്മയെ കണ്ടതുപോലെ അവരെ ഒന്ന് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഉള്ളില്‍ ചിരിക്കുന്ന അവരുടെ മുഖം എന്നെ ശക്തമായി തടഞ്ഞു. ജന്മങ്ങള്‍ കണ്ടന്നു പോയ അവര്‍ ചവച്ചു തുപ്പിയ അവരുടെ ദേഹങ്ങളെ കാണുവാന്‍ മൈലുകള്‍ താണ്ടി പോകേണ്ടെന്നു ഞാന്‍ തീരുമാനിച്ചു. പ്രിയ എന്റെ ജീവിതത്തിലെ ആദ്യ ഘട്ടത്തില്‍ എന്നെ നോക്കി പുഞ്ചിരി തൂകിയ മുഖങ്ങളില്‍ ഒന്നാണ്. പൂജയും സരിതയും പിന്നീട്. ആ പുഞ്ചിരികള്‍ അമ്മാമ്മയെ നോക്കിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീരില്‍ തെളിഞ്ഞു തുടങ്ങിയതോടെ ഞാന്‍ അവിടെ നിന്ന് വീണ്ടും മാറി. അപ്പുറത്ത് പോയി തനിച്ചിരുന്നു. കുറെ കരഞ്ഞു. എല്ലാവരും അതിശയത്തോടെ എന്നെ നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അമ്മ ഇടയ്ക്കിടെ വന്നു എന്നെ വിളിച്ചെങ്കിലും എനിക്ക് പോകാന്‍ തോന്നിയില്ല. അതൊരു പ്രഹസനമെന്ന് പലരും വിശേഷിപ്പിക്കുന്നുണ്ടായി മനസ്സില്‍. ഒന്ന് കരയണമെങ്കില്‍ പോലും മറ്റുള്ളവരെ പേടിക്കണം എന്ന് ഞാന്‍ മനസ്സിലാക്കി. സ്വതവേ പരദൂഷണദാഹികള്‍ ആയ ബന്ധുക്കള്‍ നോട്ടങ്ങള്‍ കൊണ്ട് എന്നെ ചോദ്യം ചെയ്തു, പരിഹസിച്ചു, എന്റെ നിറഞ്ഞ കണ്ണുകളെ പുച്ചിച്ചു. ഞാന്‍ ഈ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന സ്ത്രീ ആയ ശ്രീജയെ കണ്ട് ഞാന്‍ അസ്വസ്ഥമായി. ബന്ധുക്കളില്‍ ഏറ്റവും അടുത്ത സുഹൃത്തായ കണ്ണനെ തിരഞ്ഞു, കണ്ടില്ല. ഒറ്റയ്ക്കായിരുന്നു. അമ്മാമ്മ കിടക്കുന്നത് ദൂരെയാണെങ്കിലും അത് വ്യക്തമായി കണ്ണില്‍ തെളിഞ്ഞു. ചുറ്റും വെളിച്ചമേകി കുറെ ചിരാതുകള്‍. ജീവിച്ചിരുന്നപ്പോള്‍ എന്റെ അമ്മയുടെ ജീവിതത്തിലെ വെളിച്ചം പോലും കെടുത്തിയ സ്ത്രീയ്ക്ക് മരണാനന്തര ദീപബഹുമതി. വെളിച്ചത്തിന്റെ മഹത്വം ദൂരെയിരുന്നു അമ്മമ്മ തിരിച്ചരിയുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. ദീപങ്ങളെ ബന്ധിച്ചു തൂവിയ അരിപ്പൊടി. സ്വയം ഊട്ടിയിട്ടു മാത്രം മറ്റൊരാളെ ഊട്ടുന്ന അമ്മാമ്മ അതിനു നടുവില്‍ രാജ്ഞിയെ പോലെ കിടക്കുന്നു. ഉണര്‍ന്ന കണ്ണുകളോടെ അമ്മാമ്മയുടെ ഉറക്കത്തിനു കൂട്ടിരിക്കുന്ന എത്രയോ ആളുകള്‍. ഭാഗ്യം ചെയ്ത ജന്മം! അമ്മാമ്മയുടെ ആഗ്രഹങ്ങളൊക്കെ നടന്നു. മരണ സമയത്ത് എല്ലാവരും അടുത്തുണ്ടായിരുന്നു. അമ്മമ്മയുടെ സംസാരത്തില്‍ എപ്പോഴും കടന്നുവന്നിരുന്നു എന്ന് പറയപ്പെട്ട മാവ് തന്നെ അമ്മമ്മയ്ക്ക് ചിതയൊരുക്കി. ആ ചിതയില്‍ നിന്ന് കണ്മുന്നില്‍ ഉയര്‍ന്ന പുക ഞാന്‍ കാണാത്ത നാല് ചിതകളെ കുറിച്ച് എന്നെ ഓര്‍മിപ്പിച്ചു. അന്ന്, അവരുടെ ചടങ്ങുകളുടെ സമയത്ത് ഞാന്‍ എത്രയോ അസ്വസ്ഥമായിരുന്നു... ജനം തുറന്നു ഇതുപോലെ തന്നെ കുറെയേറെ നേരം വെറുതെ ആകാശവും നോക്കി ഇരുന്നിരുന്നു, പാതിബോധത്തോടെ. അകലെ, ഒരുപാടകലെ, ആ ചിതയില്‍ നിന്നുയരുന്ന പുക എന്നിലേക്ക് വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ കൊതിച്ചുപോയി. അതെന്നെ തഴുകുവാന്‍ ഒരു വടക്കന്‍ കാറ്റ് പോലെ വന്നിരുന്നെങ്കില്‍ അവരുടെ അവസാന സ്പര്‍ശം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞേനെ. ഇരുണ്ട ആ പുകമറയ്ക്ക് പിന്നില്‍ അവരുണ്ടെന്ന് എനിക്ക് ആശ്വസിക്കാന്‍ കഴിഞ്ഞേനെ. പല സംസ്കാരങ്ങളും പല ബന്ധങ്ങളും താണ്ടി ആഞ്ഞുവലിച്ച അവരുടെ അവസാന ശ്വാസത്തിന്റെ ശബ്ദം എന്റെ ഉള്ളിലെ ദിഗന്തങ്ങളില്‍ നിത്യമായി മുഴങ്ങിയേനെ. ഒന്നും സംഭവിച്ചില്ല, അല്ലെങ്കില്‍, ഞാന്‍ ഒന്നും അറിഞ്ഞില്ല. അതുമല്ലെങ്കില്‍ ജീവിതത്തെയും മരണത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന ഏതോ ഒരു ശക്തി എന്നെ അതിനനുവദിച്ചില്ല. ഇതുകൊണ്ടൊക്കെ, അമ്മമ്മയുടെ ചടങ്ങുകള്‍ എനിക്ക് തീരാനഷ്ടങ്ങളുടെ ഇന്നലെകളെയും ഓര്‍മകളുടെ ഇന്നിനെയും ബന്ധിപ്പിക്കുന്ന ഒന്നാണ്. മനുഷ്യന്‍ എത്ര അബലനെന്ന് പറയാതെ അറിയിക്കുകയാണ് വന്നു പോകുന്ന ഓരോ മരണവും... ദിവസേന വരിവരിയായി ചരമതാളില്‍ നിറയുന്ന ഓരോ ഫോട്ടോയും മുതല്‍, ഒന്നെത്തിനോക്കിയാല്‍ "അപ്പുറത്തെ മരിച്ചുപോയ" ആള്‍ വരെ... പിന്നെ സ്വന്തം കുടുംബത്തില്‍ കണ്മുന്നില്‍ മരിക്കുന്നത് മുതല്‍, കൂടുതല്‍ ഹൃദയബന്ധമുണ്ടായിട്ടും കാണാതെ മരിക്കുന്ന "സ്വന്തം" ആളുകള്‍ വരെ... മരണം ഒരുവന്റെ വിലാസങ്ങള്‍ നഷ്ടമാക്കുന്ന ഒന്നാണ്...അതോ, ശെരിയായ വിലാസങ്ങള്‍ കൊടുക്കുന്നത്. ഈ മരിച്ചുപോയവരെല്ലാം ഒന്നുചേരുന്ന ഒരു സ്ഥലമുണ്ടാവില്ലേ? എല്ലാവരും വട്ടം ചുറ്റിയിരുന്ന് 'സൊറ പറയുന്ന' ചായക്കട പോലെ ഒരു സ്ഥലം? വെറുതെ സങ്കല്‍പ്പിക്കാന്‍ തോന്നി അങ്ങനൊന്ന്. പറഞ്ഞു തീരാത്ത ജീവിതകഥകളും, മരണകഥകളും, മരണാനന്തര കഥകളും ഒക്കെ ഒത്തു ചേര്‍ന്ന സമയം അറിയാത്ത സായാഹ്നങ്ങള്‍... അവിടെ എത്ര പുതിയ സൌഹൃദങ്ങള്‍ രൂപപ്പെടാം... ശത്രുത മറന്ന് പലരും "ആത്മസുഹൃത്തുക്കള്‍" ആയേക്കും... അപ്പോഴും അവരുടെ വിരഹം ഈ ഭൂമിയ്ക്ക് താങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ എന്റെ ഉറ്റവര്‍ എനിക്കായി ഒരു ഇരിപ്പിടം പിടിച്ചിട്ടുണ്ടാവും കഥകള്‍ കേള്‍ക്കുവാന്‍. അതില്‍ ഞാന്‍ ചെല്ലുമ്പോള്‍ അത്ര നാള്‍ കേട്ട കഥകള്‍ വാ തോരാതെ വിശേഷങ്ങളായി പറയുമായിരിക്കും. സങ്കല്‍പ്പിക്കാന്‍ എത്ര രംഗങ്ങള്‍. ഒരു തമാശ പോലെ എന്റെ ഭാവന ഇതെല്ലം നെയ്തെടുക്കുമ്പോള്‍ ഞാന്‍ എന്നോട് ചോദിക്കും, ഇനി എങ്ങാനും ഇതൊക്കെ സത്യമായിരിക്കുമോ എന്ന്! ആ ചോദ്യവും പിന്നീട് ഒരു തമാശയായി തോന്നും. അദൃശ്യമായ, ദുരൂഹമായ ആ ലോകത്തിലേക്ക്‌ ഒരു അതിഥി കൂടി... ഞാന്‍ സ്നേഹിചിട്ടില്ലാത്ത എന്റെ അമ്മാമ്മ. എനിക്ക് കാണാവുന്നത് ഒന്ന് മാത്രം...അമ്മമ്മയുടെ മയക്കം. ഒരുപാട് രഹസ്യങ്ങള്‍ അടക്കി വച്ച ആ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. ആ ജീവിതം മരവിച്ചിരിക്കുന്നു. പുകയുടെ അന്ധകാരത്തിലൂടെ എത്തേണ്ടിടത്ത് അമ്മമ്മ എത്തിക്കഴിഞ്ഞു.