അന്നു പെയ്ത മഴ
പുറത്ത് പെയ്യുന്നു.
മഴനൂലുകൾക്കപ്പുറം
ഒരു വെളുത്ത പാടയിൽ
ഒരു ചിത്രകാരൻ കോറിയ പോലെ
നിന്റെ അന്നത്തെ കള്ളച്ചിരി
വേദനയോടെ ഞാൻ കാണുന്നു.
അരികിൽ നിന്റെ കയ്യിൽ
തൊടാതെ തൊട്ട്
ഞാൻ നിൽക്കുന്നു.
അന്നത്തെ കാറ്റു തന്നെ,
അതേ സുഗന്ധം തന്നെ.
മഴ മാറുമ്പോൾ കാണാതാകുന്ന
മായക്കാഴ്ച തന്നെ
എനിക്കു നഷ്ടപ്പെട്ട
നിന്റെ സാന്നിധ്യം.
പിന്നെ, നീയോർക്കുന്നോ,
അന്ന് നീ എനിയ്ക്ക് നീട്ടിയ
ഒരു കടലാസുതാൾ?
ഒരുപാടെഴുതാനുള്ളതുകൊണ്ടോ,
ഒന്നും എഴുതാനില്ലാത്തതുകൊണ്ടോ
ഒരക്ഷരം പോലും എഴുതാതെ
ഒരു ചുംബനം മാത്രം പതിച്ച്
നീയെനിയ്ക്ക് തന്ന
ആ കടലാസുതാൾ?
നിനക്കായെഴുതിയ,
എനിയ്ക്കു പ്രിയമായ
രണ്ടു കവിതകളുടെ ഇടയിലത്
ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
എന്തിനെന്നോ…?
ആ പുസ്തകത്തിനു മുകളിൽ
തല ചെരിച്ചൊന്നു കിടന്നാൽ,
ഒന്നമർത്തി ചെവിയോർത്താൽ,
എനിക്ക് കേൾക്കാം,
അവ തമ്മിലുരസി
പങ്കുവയ്ക്കുന്ന
ഒരായിരം വർത്തമാനങ്ങൾ…
നമ്മളെക്കുറിച്ചുള്ള അവയുടെ സ്വപ്നങ്ങൾ,
ഇന്നുമുണ്ടെന്ന് അവർ കരുതുന്ന
നമ്മുടെ പ്രണയത്തിന്റെ തീവ്രത.
പുസ്തകം തുറക്കാറില്ല.
അത്രത്തോളം അവ ചേർന്നിരുന്നുകൊള്ളട്ടെ.
പുസ്തകത്തിനു മുകളിൽ ചാഞ്ഞുകിടക്കുമ്പോൾ,
കണ്ണു നിറഞ്ഞൊഴുകിയാലും,
നീ ഒരിക്കൽ ഓമനിച്ച എന്റെ കവിളിൽ വച്ച്
ഞാൻ കണ്ണുനീർ തുടച്ചു മാറ്റും.
അവരറിയരുതല്ലോ!
‘നമ്മൾ’ മരിച്ച്,
ഞാനും നീയുമായപ്പോൾ
നമ്മുടെ ആത്മാവായിറങ്ങിയ
ആ പ്രണയകവിതകൾ,
ആ കടലാസുതാൾ,
നമ്മുടെ മരണത്തെക്കുറിച്ച്
തെല്ലും വേദനിക്കാതെ
നമ്മുടെ കഥ പറഞ്ഞുകൊള്ളട്ടെ,
ഒരിക്കലും അവസാനിക്കാതെ…