Jyothy Sreedhar

അനാമികം

യഥാര്‍ത്ഥം എന്ന് വിശ്വസിക്കാന്‍ ആവാത്ത, ഒരു പാട പോലെ എന്തോ ഒന്ന്‌ കാറ്റില്‍ ആടിയാടി വീഴുന്നു. സ്വപ്നമല്ല… തുറന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ സുതാര്യമായ ഒരു സ്ക്രീനില്‍ എന്ന പോലെ അതങ്ങനെ ആടി വീഴുന്നത് എനിക്ക് കാണാം. ഒരു പുഴുവിന്റെ ആകൃതി ആയിരിക്കും അതിന്. അമീബയോ ബാക്ടീരിയയോ എന്നൊക്കെ ഞാന്‍ അതിനെ പല സമയങ്ങളിലായി വിളിച്ചിട്ടുണ്ട്. പിറ്റേന്ന് വരാനുള്ള ജലദോഷവും പേറി വരുന്ന ഒരു രോഗാണു എന്ന് ചിലപ്പോള്‍ ഞാന്‍ അതിനെ തെറ്റിധരിച്ചിട്ടുണ്ട്. പക്ഷെ അത് മറ്റെന്തോ ആണ്… നിറം വെള്ള എന്ന് തീര്‍ത്ത് പറയാന്‍ വയ്യ. അതിന് ഒരു നിറമില്ലായ്മയും ഉണ്ട്. മഞ്ഞുമൂടിയ ഒരു സ്ക്രീനില്‍ എന്ന പോലെ ഞാന്‍ കാണുന്ന നേര്‍ത്ത വെളുപ്പ്‌ നിറമുള്ള ആ പാട എന്റെ മാത്രം തോന്നലാണോ! അങ്ങനെ ഒന്നുണ്ടോ! അതോ ഇല്ലേ! കൂടുതല്‍ അന്വേഷിക്കാന്‍ ഒന്നും പോയില്ല. അതിന്റെ ശാസ്ത്രീയ നാമമോ നാമമില്ലായ്മയോ വിശകലനം ചെയ്യുവാന്‍ എനിക്കിഷ്ടമില്ല. അതില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ ഒട്ട് സമ്മതിക്കുകയും ഇല്ല. അതുണ്ട്. എനിക്ക് മുന്നില്‍… എനിക്ക് ചുറ്റും… ചിലപ്പോള്‍ ഞാന്‍ മാത്രം കാണുന്ന ഒന്നായി… അല്ലെങ്കില്‍ എനിക്ക് മാത്രം കാണുവാന്‍ വേണ്ടി വായുവില്‍ ആടി ജീവിക്കുന്ന അനാമികമായ ഒരു വസ്തുവായി… കുട്ടി ആയിരിക്കുമ്പോള്‍ എന്റെ കണ്ണിന്റെ ഒരു മാരക രോഗമെന്ന് ഞാന്‍ അതിനെ തെറ്റിദ്ധരിച്ചിരുന്നു. അമ്മയുടെ ഭാഷയില്‍ ഇന്നും അത് കണ്ണിന്റെ ഞെരമ്പ് രോഗമത്രേ! അങ്ങനെ എങ്കില്‍ ഞാന്‍ ആ രോഗം ആസ്വദിക്കുന്നു. ആ രോഗത്തിന് സങ്കല്‍പവുമായി ബന്ധമുണ്ടെന്നു ഞാന്‍ കരുതുന്നു. സൂക്ഷമവും അതിസൂക്ഷ്മവും അതിനേക്കാള്‍ സൂക്ഷ്മവും ആയ ഈ ഭൂമിയിലെ അണുക്കളെ കണ്ടുപിടിക്കുവാനും കണ്ണ് തുറന്നു കാണുവാനുമുള്ള ഒരു തരം വ്യഗ്രത. അതിനെ വീണ്ടും ഖണ്ഡിച്ചും അതില്‍ നിന്ന് എന്റെ ജീവിതത്തിലേക്ക് വാക്കുകള്‍ കൊണ്ട് ഒരു പാലമിട്ടും ഞാന്‍ നെയ്തെടുക്കുന്ന ഉപമകള്‍… അതില്‍ അര്‍ത്ഥതലങ്ങളുണ്ട്… ജീവിതത്തെ പഠിക്കുവാന്‍ വേണ്ടി ജീവിക്കുവാന്‍ കൊതിപ്പിക്കുന്ന ചിന്തകള്‍… ആ ചിന്തകള്‍ ആകാം അനാമികമായ ഈ പാടയുടെ സൃഷ്ടാക്കള്‍. വര്‍ഷങ്ങള്‍ താണ്ടി ഋതുക്കളിലൂടെ അത് ജനിയ്ക്കുകയും വിരിയുകയും കായ്ക്കുകയും കൊഴിയുകയും മഞ്ഞിലെ പാടയായി മാറുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു. പണ്ടത്തെ പേടി മാറിയപ്പോള്‍ വര്‍ഷങ്ങള്‍ക്കും സങ്കല്പ്പവിഹാരങ്ങള്‍ക്കും ഇപ്പുറം അതെന്റെ ജീവിതം പോലെ തോന്നുന്നു എനിക്ക്. എനിക്ക് മാത്രം കാണുവാനും അനുഭവിക്കുവാനും കഴിയുന്ന എന്റെ ജീവിതം. എന്തെന്ന് തിരിച്ചറിയുവാന്‍ ആവാത്ത, രൂപമോ ഭാവമോ വ്യക്തം ആവാത്ത, എനിക്ക് അദൃശ്യമായ ഒരു കാറ്റില്‍ ആടി ആടി ഒടുവില്‍ എവിടെയോ അപ്രത്യക്ഷം ആകുന്ന ഒരു ദുരൂഹത. ഏത് ഇന്ദ്രിയം വച്ചാണ് ഞാന്‍ അതിനെ കാണുന്നതെന്നും അതിന്റെ പാതയിലൂടെ യാത്ര ചെയ്യുന്നതെന്നും എനിക്കറിയില്ല. ഈ ഭൂമിയില്‍ ഒന്നും അല്ല എങ്കിലും അങ്ങനെ ഒന്നുണ്ട്. തന്‍റേതായ ഭാരം പേറുന്ന മറ്റുള്ളവര്‍ക്ക് മിഥ്യയായ എന്റെ മാത്രം യാഥാര്‍ത്ഥ്യം. എന്താണത്? എന്റെ ഭാവനാസൃഷ്ടിയോ? അതോ സ്വര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ മഞ്ഞുകാലത്തില്‍ നിന്ന് കൊഴിഞ്ഞു വീണ ഒരു മഞ്ഞുകണമോ? കവിത്വത്തിന്റെ ആത്മാവോ? എന്റെ കാഴ്ചയുടെ മഞ്ഞുമൂടിയ ജനല്പാളിയില്‍ എന്റെ വിരല്‍പ്പാടുകള്‍ അമര്‍ത്തി  ഒന്ന് തുടച്ചാല്‍ ജാലകത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമുള്ള ഒരു ലോകമാകാം... അതില്‍ അതിന്റെ ആത്മാവ് പോലും ഉണ്ടാവില്ല... എന്റെയും...