മഴയില്ലാതെ വരണ്ട ഓട മനുഷ്യന്‍ കുളിച്ച വെള്ളത്തില്‍ കുതിരുമ്പോള്‍ അതില്‍ അഴുക്ക്. പിന്നെ സന്തൂര്‍ സോപ്പിന്റെ മണം. അതില്‍ ഒരു തെരുവുനായ മുങ്ങി നിവരുന്നു. ഏതോ പുരാണ ജീവിയെ പോലെ പൊങ്ങുന്നു. പാതി കറുപ്പ്. പാതി ഗോതമ്പ് നിറം. കറുത്ത ഭാഗത്ത് ഇനി പ്രായം തോന്നില്ലത്രേ. കാത്തിരിക്കാം. കൊഴിഞ്ഞ മുടിയുടെ കെട്ട് കയ്യില്‍ ചുറ്റി മുറുക്കുമ്പോള്‍ എന്‍റെ ഭാവിയിലേക്ക് ഒരു വിഗിനുള്ള ആശയം. കഷണ്ടിയുടെ വാര്‍ദ്ധക്യത്തില്, യൗവനത്തിന്റെ കൃത്രിമമായ കാര്‍കൂന്തലിനുള്ളില്‍ ഇന്നത്തെ പ്രായമുള്ള ഒരു കവിത അന്നും പൊട്ടിമുളച്ചാലോ. കാത്തിരിക്കാം. ബ്ലോഗിനുള്ളില്‍ കടുകുമണികള്‍. ഒന്ന് പൊട്ടിത്തെറിച്ച് പിന്നെ ശാന്തമായ് കറികളുടെ മേല്‍ത്തട്ടില്‍ കരുത്തുരുണ്ട് കിടക്കുന്നു. പ്രത്യേക സ്വാദ് ഉണ്ടാവില്ലായിരിക്കും. പക്ഷെ കടിക്കാന്‍ ഒരു സുഖം. കറിയുടെ തിരയിളക്കത്തില്‍ പെട്ട് കൃത്യമായ് ഉരുണ്ട് അത് പാകമാകട്ടെ. ശാന്തതയിലും സ്വയം പൊട്ടിത്തെറിച്ച് എണ്ണമില്ലാത്ത കുട്ടികള്‍ ഉണ്ടാകട്ടെ. കാത്തിരിക്കാം. എലി വളരുന്നു. എനിക്ക് കവിതകളെ എത്തിക്കുവാന്‍ ഗണപതി കടം തന്ന വാഹനം. വാക്കുകളുടെ ഒരു പങ്ക് അത് സ്വയം ചവച്ച് ദഹിപ്പിക്കും. എനിക്ക് വിധിച്ചിട്ടുള്ള ബാക്കി എന്റെ വിശപ്പിനെ ശമിപ്പിക്കും. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആകട്ടെ. ഇടയിലുള്ള കഥകള്‍ നമുക്കെഴുതാം. കാത്തിരിക്കാം. ഇവിടെ വെള്ളമില്ല. അവിടെ കറണ്ടില്ല. തമിഴ്നാട്ടില്‍ കൂട്ടക്കരച്ചില്‍. വെള്ളമുള്ളിടത്ത് കുട്ടികള്‍ നീന്തിക്കളിക്കുന്നു. കറണ്ടുള്ളിടത്ത് ഒഴിഞ്ഞ മുറിയില്‍ എസി പ്രവര്‍ത്തിക്കുന്നു. മതിലുകള്‍ക്ക് പൊക്കം കൂടുതലാണ്. ജനലുകള്‍ കുറവ്. അയല്‍പക്കം അപരിചിതം. അദൃശ്യം. പക്ഷെ കരച്ചില്‍ സുവ്യക്തം. അതിന്റെ ഭാഷ രസകരം. കരച്ചിലിന്റെ ശ്രുതി കെട്ടിപ്പടുക്കുന്നത് പരസ്പര ബന്ധമില്ലാത്ത ഫ്ലാറ്റുകള്‍. കൈത്താളത്തിലാകട്ടെ കൊതുകുകള്‍ക്ക് ആത്മഹത്യ. തലപ്പത്തെ തീരുമാനങ്ങള്‍ എന്താകും! കാത്തിരിക്കാം! കാത്തിരിപ്പ്… പുതിയ തോന്നിവാസനകള്‍ക്കായി എന്റെ കാത്തിരിപ്പ്.