Jyothy Sreedhar

അഗ്നി

അഗ്നിയുണ്ട്, എന്നില്‍ ആളിപ്പടരുന്നയഗ്നി.

ശമിക്കില്ലെന്നുറപ്പിച്ച് നിന്നെ മുഖമാക്കി എന്നിലാളുന്ന പ്രണയാഗ്നി.

ചിലപ്പോള്‍ എനിക്ക് പൊള്ളുന്നു, ചിലപ്പോള്‍ മരവിപ്പ്. തണുത്തുറഞ്ഞ മരവിപ്പിനൊടുവില്‍ വീണ്ടും പൊള്ളല്‍.

ഭ്രാന്തമായ താപമാറ്റം നീയെന്നില്‍ ജനിപ്പിക്കുന്നു.

നീയല്ലാത്തതൊക്കെയും, അതിനെ ചെറുക്കാനാകാതെ ദഹിച്ചൊടുങ്ങുന്നു.

കാഴ്ചകള്‍, ശബ്ദങ്ങള്‍ കാലങ്ങള്‍, ഇന്ന്‍, അഗ്നിയില്‍ ചാരമാകുന്നു. നീയില്ലാത്ത ഇന്നലെകള്‍ പടുവൃദ്ധരായ് മരവിച്ച് മരിയ്ക്കുന്നു.

ഒന്നും നിന്നെ താണ്ടാന്‍ കെല്‍പുള്ളതല്ല, ഞാനടക്കം.

ഈ ലോകത്തെ ഭ്രാന്തമായ് ഞാന്‍ അവഗണിയ്ക്കുന്നു.

രാത്രികള്‍ പാതിവഴിയില്‍ ഉറക്കം വെടിയുന്നു. അവ എന്നെ ഉണര്‍ത്തുന്നു. രാത്രിയുടെ കരിമ്പടത്തില്‍ നിന്‍റെ പുഞ്ചിരികള്‍ നെയ്യുന്നു. അത് നോക്കി ഞാന്‍ നിദ്രയെ മറക്കുന്നു.

ഉണര്‍വ്വില്‍, ചിന്തകള്‍ കൊണ്ട് പായുന്നു. കവിതകള്‍ കുറിയ്ക്കുന്നു. നിന്നെയോര്‍ക്കുന്നു. പ്രണയമാളുന്നു.

മനസ്സില്‍ ഭ്രാന്തമായ അസ്വസ്ഥത. സുഖമുള്ള, കൊടുംതാപം.

ഈ മറവിയെ, ഭ്രാന്തിനെ, അസ്വസ്ഥതയെ, അഗ്നിയെ ഞാന്‍ സ്നേഹിക്കുന്നു. അതെന്‍റെ ആത്മാവോളം വേരൂന്നി നില്‍ക്കുന്നു.

അഗ്നിയുടെ മുഖത്തില്‍ നിന്‍റെ പൌരുഷം ഒരു ചക്രവര്‍ത്തിയെപ്പോലെ പൊട്ടിച്ചിരിക്കുന്നു. ഞാന്‍ ഭ്രാന്തമായ് ലയിച്ച് അതിന്‍റെ നാളമാകുന്നു- നിന്‍റെ നിശ്വാസത്തില്‍ നിന്നുജനിച്ച്, നിന്നോടൊന്നായ് ജീവിച്ച്, നിന്നോടൊപ്പം മരിയ്ക്കുന്ന നാളം!