Jyothy Sreedhar

അഗാധം

നിന്നെ പ്രണയിക്കുന്നതിന്‍ മുന്‍പ്‌, എനിക്ക് സ്വപ്നങ്ങളില്ലായിരുന്നു. നിരാശപ്പെടുമെന്നോര്‍ത്ത് അവയെ ഞാന്‍ ഭയപ്പെട്ടിരുന്നു. എത്തിച്ചേരുവാന്‍ ഒരു നിശ്ചിതഭൂമിയുണ്ടായിരുന്നില്ല. ചരിത്രം എഴുതപ്പെടുമെന്നുകൂടി ഓര്‍ക്കുക സാധ്യമായിരുന്നില്ല. ജനിച്ച പോലെ ജീവിച്ചു. മരിക്കുവാനൊരുങ്ങി, ജീവിതം ഓരോ താളായി ഞാന്‍ കീറുകയുണ്ടായി. ശേഷമാണ്, ഞാന്‍ സ്വപ്നങ്ങളെ പരിചയപ്പെട്ടത്. നിന്നിലൂടെയാണ് ജനനമരണങ്ങള്‍ക്കിടയില്‍ നൂല്‍പ്പാലത്തിനു വശങ്ങളില്‍ ഋതുക്കള്‍ ഉണ്ടെന്നറിഞ്ഞത്. ദൂരെയുള്ള കടല്‍ശബ്ദത്തിലേക്ക്‌ എന്നെ നയിച്ചത് നീയാണ്. മരുഭൂമിയിലെ മണല്‍ക്കാറ്റിനെ നീ മനോഹരകവിതയാക്കിയപ്പോള്‍, എല്ലാം കൊഴിയുന്ന കാലത്ത്‌ ശൂന്യതയുടെ കാവ്യമുണ്ടെന്നു നീ ചിത്രമായെഴുതിയപ്പോള്‍, എന്‍റെ ചുണ്ടുകളുടെ വടിവും, നെറ്റിയിലെ വികാര ചുളിവും ഒരു കാവ്യമായ്‌ നീ കുറിച്ചപ്പോള്‍ ഞാന്‍ അമ്പരന്നത് ഭൂതകാലത്തെയും മുജ്ജന്മങ്ങളെയും നഷ്ടബോധത്തോടെ ഓര്‍ത്തായിരുന്നു. നിന്നെ പ്രണയിച്ചുതുടങ്ങിയതിന്‍ ശേഷം, നിന്‍റെ ചൂണ്ടുവിരല്‍ത്തുമ്പിലെ, നീയെനിക്കായ്‌ തുറന്നു വച്ച ലോകം ഞാന്‍ കണ്ടിരിക്കുന്നു, ജയിച്ചിരിക്കുന്നു. ലോകത്തിനൊത്ത നടുവില്‍, ഇരുവശത്തേക്കും കൈ മലര്‍ത്തി ആഴത്തില്‍ ശ്വസിക്കുമ്പോള്‍ ആ ശ്വാസങ്ങള്‍ നിറയെ ഇന്ന് നീ മാത്രമാണ്. നിന്‍റെ കരവലയങ്ങള്‍ക്കുള്ളില്‍ ഓരോ രാത്രിയും ഞാന്‍ തളര്‍ന്നുറങ്ങുമ്പോഴും ഞാന്‍ ജയിക്കുന്നതിനെ, ഹൃദയങ്ങള്‍ കീഴടക്കുന്നതിനെ, ഞാന്‍ ജീവിക്കുന്നതിനെ തെല്ലഹങ്കാരത്തോടെയോര്‍ത്ത്‌, നീ ശ്വസിക്കുന്നത് ഞാനറിയാറുണ്ട്. ആ ശ്വാസങ്ങള്‍ക്ക് ഒരീണമുണ്ട്, എനിക്ക് പരിചിതമായ, ഞാന്‍ കേള്‍ക്കാത്ത താരാട്ടിന്‍റെത്. പാഴാക്കിയ ഭൂതകാലം പോലും മൂല്യമാര്‍ജ്ജിക്കുന്നത് അത് നിന്നിലേക്കുള്ള വഴിയായിരുന്നു എന്ന്‍ തെളിയുമ്പോഴാണ്. അഗാധമായ പ്രണയമാണ് എനിക്ക് നിന്നോട്. അതിനര്‍ത്ഥം, അതിന് മുജ്ജന്മങ്ങളിലേക്കുള്ളയാഴവും, ഇന്നീ സൌരയൂഥത്തിന്‍റെ വ്യാസവും, വരും ജന്മങ്ങളിലേക്കെത്തുന്ന നീളവും ഉണ്ടെന്നതാണ്.