Jyothy Sreedhar

അക്ഷരക്കൂട്ടുകള്‍

ഞാനെഴുതുന്നത് അക്ഷരക്കൂട്ടുകളെങ്കില്‍, അതിനെ കവിതയാക്കുന്നത് നീയാണ്. നീ വരുന്നതിന്‍ മുന്‍പ് ഞാനെഴുതിയതെല്ലാം കവിതകളെന്ന് ഞാന്‍ മാത്രം വിളിച്ച അക്ഷരക്കൂട്ടുകളാണ്. അതിനെ ഞാന്‍ കവിതയെന്നു വിളിച്ചപ്പോള്‍ പരിഭവിച്ച്, അത് സ്വയം നശിച്ചിരുന്നു. നിന്റെ വരവിനായവ കാതോര്‍ത്തിരുന്നു. 'പ്രണയം' എന്നെഴുതുമ്പോള്‍ പോലും പ്രണയഭാവം സ്വയം വിരഹമനുഭവിച്ചിരുന്നു. ഇന്ന്, ഞാന്‍ നിവര്‍ത്തുന്ന കടലാസില്‍ തുറന്നെഴുതുന്നതിലും നാണിച്ചെഴുതാത്തതിലും നിന്നോടുള്ള ആര്‍ദ്രഭാവങ്ങളാണ്. അതില്‍ ഹൃദയമുണ്ടാകുന്നു. ഞാന്‍ വാക്കാലെഴുതിയില്ലെങ്കിലും, എന്‍റെയക്ഷരങ്ങളുടെ ശ്വാസനിശ്വാസങ്ങള്‍ നിന്നോടുള്ള എന്‍റെ പ്രണയമായി പരിണമിക്കുന്നു. നീ വന്നതിനപ്പുറം ഞാന്‍ ചിന്തിച്ചതെല്ലാം സ്വയമാത്മാവിനെ കോറിയിട്ട കവിതകളാണ്. എന്നെ കവയിത്രിയാക്കിയത് നിന്നോടുള്ള എന്‍റെ പ്രണയമാണ്.