Jyothy Sreedhar

അകലെ

അകലെയാണ് എന്ടെ മനസ്സ്. ചിന്തകള്‍ക്ക് അകലെ... ഭൂതകാലത്തിനും പിന്നില്‍ ഭാവിയുടെ അറ്റം കൂട്ടിമുട്ടുന്നയിടത്ത്. ഒരു കണ്ണിന്റെ പൂര്‍ണചിത്രത്തിന്റെ ഏറ്റവുമുള്ളില്‍. ഈ കണ്ണിന്റെയുള്ളിലെ അകക്കണ്ണിന്റെ മൂലയില്‍. പതിയിരിക്കുന്നവിടെ- നിര്‍ജ്ജീവം എന്ന വ്യാജേന. പരുഷമായ് അതെന്നിലെ ശ്വാസങ്ങള്‍ ചോര്‍ത്തുന്നു. എന്നെ മുറുകെ അണയ്ക്കുന്നു- സ്നേഹം എന്ന വ്യാജേന. അമറുന്നു, ഘോരമായ്, എന്ടെ കാതുകളെ തുളച്ച്‌. രഹസ്യങ്ങള്‍ പിടയ്ക്കുന്നു- കവിതകള്‍ എന്ന വ്യാജേന. കടലുകള്‍ ആടിയുലഞ്ഞ് ആകാശത്തില്‍ പിടിമുറുക്കുന്നു- എന്ടെ സ്വപ്നങ്ങളില്‍. എന്ടെ ദൈവങ്ങളില്‍. എങ്കിലും ഞാന്‍ കാത്തിരിക്കാം. രക്ഷപ്പെട്ട ഒരു മേഘത്തിനായ്. അതില്‍ പുകമഞ്ഞു പോലെ പടര്‍ന്ന എന്ടെ ഹൃദയത്തിനായ്. അതിനുള്ളില്‍ ഞാന്‍ ഒതുങ്ങാം. ഈ ആകാശം മുഴുവന്‍ പറന്നു തീരാന്‍. എന്ടെ മനസ്സിനെയും തേടി... ഒരു യാത്ര...