"ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ രാജകീയമായി വിരാജിച്ചിരുന്ന അംബാസഡര്‍ പതിയെ കളമൊഴിയുന്നു. ഉല്‍പ്പാദന കുറവ്, അച്ചടക്കമില്ലായ്‌മ, ഫണ്ടുകളുടെ അഭാവം, ഡിമാന്റ് കുറവ് തുടങ്ങി അനേകം കാരണങ്ങളില്‍ അമിത ഭാരം പേറുന്ന അംബാസഡര്‍ ഒടുവില്‍ നിര്‍മ്മാണം നിര്‍ത്തി വെയ്‌ക്കുന്നു. പശ്‌ചിമബംഗാളിലെ ഉട്ടര്‍പാറാ ഫാക്‌ടറിയില്‍ നിന്നുള്ള നിര്‍മ്മാണം ബിര്‍ളാ ഗ്രൂപ്പ് അവസാനിപ്പിക്കുന്നു."
രാവിലെ ഈ വാര്‍ത്ത കാണുമ്പോള്‍ അടുത്തുണ്ടായിരുന്ന എന്റെ ഭര്‍ത്താവ് ഒരു നിധി കളഞ്ഞു പോയത് പോലെ ശബ്ദമുയര്‍ത്തി: "ഛെ! ഒരെണ്ണം മേടിച്ചിടായിരുന്നു". കേട്ട് അല്‍പം പുഞ്ചിരിച്ച്, ഞാന്‍ ചോദിച്ചു, ഒരു കാര്‍ മേടിക്കാന്‍ ഇപ്പോള്‍ ആലോചിക്കുമെങ്കില്‍ ആ ഘട്ടം വരുമ്പോള്‍ അംബാസഡര്‍ കണക്കിലെടുക്കുമോ എന്ന്. ഉറപ്പുള്ള ഒരു ഉത്തരം ഉണ്ടായില്ല. എന്നാലും ഒരു നഷ്ടബോധം അദ്ദേഹത്തിന്‍റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. ഒരു കാലഘട്ടത്തെ ധ്വനിപ്പിക്കുന്ന ഒന്ന്.
ഒരു അംബാസഡര്‍ വീട്ടില്‍ ഇല്ലാതിരുന്നവര്‍ക്കു പോലും അംബാസഡര്‍ ഒരു ഗൃഹാതുരത്വം ആണ് എന്നതാണ് അംബാസഡറിന്റെ വിജയം. ഒരു കാലത്ത് രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും പത്രാസു കാര്‍ ആയി വിലസിയ ഒരു വണ്ടി. മുഖ്യമന്ത്രിമാരുടെ സ്ഥിരം വാഹനമായിരുന്ന ഒന്ന്. പഴയ ചലച്ചിത്രങ്ങളില്‍ ഏറ്റവും താരപ്രഭയുള്ള ഫ്രേമുകളിലെ അനിവാര്യതയായിരുന്നു ആ ഘടകം. പേരറിയാത്ത ഏതോ ഒരു ചിത്രത്തില്‍ വെളുത്ത ഷര്‍ട്ടിട്ട പ്രേംനസീര്‍ ഓടിക്കുന്ന വെളുത്ത അംബാസഡര്‍ ഇന്നും പ്രൌഡിയുടെ പ്രതീകമായി എന്റെ മനസ്സിലുണ്ട്. ആ പ്രൌഡവാഹനം പിന്നീട് ടാക്സികളായി മാറുകയും, പിന്നെ ടാക്സിയുടെ ഗണത്തിലും മൂല്യചുതി വന്ന്‍ അംബാസഡര്‍ ഏറ്റവും റേറ്റ് കുറഞ്ഞ ടാക്സിയായി ഇന്ന് മാറുകയും ചെയ്തു.
ഈ വാര്‍ത്ത പങ്കുവച്ച്, ഇന്ന് അച്ഛനോട് അംബാസഡറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അച്ഛന്‍ ആദ്യം പറഞ്ഞത് ഇതാണ്: "നീ ജനിക്കുമ്പോള്‍ മുതല്‍ ഉണ്ടായിരുന്നു നമുക്ക് അംബാസഡര്‍. വെസ്റ്റ് ബംഗാളില്‍ നിന്ന് ഒരു സുഹൃത്ത് വഴി...കൃത്യമായി ഓര്‍മയില്ല, പക്ഷെ 90,000 രൂപയില്‍ കുറവായ ഒരു വിലയ്ക്ക് അത് വാങ്ങുമ്പോള്‍ അതിന്‍റെ നമ്പര്‍ WMD 8748 എന്നായിരുന്നു. പിന്നീട് അത് മാറി KBE 2111 എന്ന് ആയി. പിന്നെ 89-ഇല്‍ അത് കൊടുത്തു." ഒരിക്കലും ഞാന്‍ ചോദിച്ചിട്ടെ ഉണ്ടായിരുന്നില്ല ആ അംബാസഡറിനെ കുറിച്ച് എന്ന് ഞാന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്. അച്ഛന്‍റെ ശബ്ദത്തില്‍ ഒരു വല്ലാത്ത അഭിമാനം ഉണ്ടായിരുന്നു അപ്പോള്‍. ആല്‍ബമില്‍ സൂക്ഷിച്ച ഒന്ന് രണ്ടു ഫോട്ടോകള്‍ മനസ്സില്‍ ഓര്‍മ വന്നു. ഒന്ന്, ഞാന്‍ ആ അംബാസഡറിന്റെ മുന്നില്‍ നില്‍ക്കുന്നതും, മറ്റൊന്ന്‍ ഞാനും അച്ഛനും അമ്മയും ചേട്ടനും കൂടി കാറിനു മുന്നില്‍ നില്‍ക്കുന്നതും. അതില്‍ ആദ്യത്തേതാണ് എനിക്കിഷ്ടം എങ്കിലും മുന്‍പ് എന്റെ സുഹൃത്തായ പ്രിയ പറഞ്ഞിട്ടുണ്ട് രണ്ടാമത്തെ ഫോട്ടോയില്‍ ഒരു പൂര്‍ണ്ണതയുണ്ടെന്ന്. സത്യത്തില്‍ അച്ഛന്‍റെ ആദ്യ അഭിമാനമായ ആ കാര്‍ വരുമ്പോഴാണ് ഞങ്ങളുടെ കുടുംബചിത്രം പൂര്‍ണ്ണമാകുന്നത് എന്നത് ഞാനും അംഗീകരിക്കുന്നു. ഇന്ന് അതോര്‍ക്കുമ്പോള്‍, ആ ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു അഭിമാനം തോന്നുന്നു. ഗജിനിയില്‍ അസിന്‍ പറയുന്ന ഒരു രീതിയിലാണ് ഞാന്‍ അംബാസഡറിന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നിന്നുകൂടാ, അതെന്‍റെ അച്ഛന്റെ ആദ്യ സ്വത്തല്ലേ എന്നതായിരിക്കും എന്‍റെ മറുപടി.
അംബാസഡറില്‍ തന്നെയാണ് എന്‍റെ ചേട്ടന്‍ ഡ്രൈവിംഗ് പഠിച്ചത്. വണ്ടി ഓടിച്ച് ഓടിച്ച് വണ്ടികളോട് ഇഷ്ടം മൂത്ത് ചേട്ടന്‍ ഓട്ടോമൊബൈല്‍ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് ചേട്ടന്‍റെ ഈ വണ്ടിപ്രാന്തു മൂലം ഓരോ കാലഘട്ടത്തിലായി പല കാറുകളും അവിടെ കയറി ഇറങ്ങിപ്പോയി. എസ്റ്റീം, എസ്റ്റേറ്റ്, ലാന്‍സര്‍, ടൊയോട്ട ക്രെസീഡാ പിന്നെ ഏതോ ഒരു വലിയ ബൈക്ക്- ഇതെല്ലാം അങ്ങനെ അവ്യക്തമായ ഓര്‍മയേയുള്ളൂ. മനസ്സില്‍ സ്പര്‍ശിച്ചതും അനശ്വര ചിത്രങ്ങളായി മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നതും അച്ഛന്‍റെ ഈ പറഞ്ഞ അംബാസഡറും, പിന്നെ അച്ഛന്‍റെ ബിഎസ്‌എ എസ്‌എല്‍ആര്‍ സൈക്കിളുമാണ്. പിന്നീട് വന്ന പ്രൌഡികള്‍ക്ക് മനസ്സില്‍ ആയുസ്സ് കുറവായിരുന്നു. അന്ന് ഇപ്പറഞ്ഞതിന്റെ ഒന്നും വിലയോ പ്രാധാന്യമോ അറിഞ്ഞിട്ടല്ല, കുഞ്ഞുകാലത്തിന്റെ എന്തൊക്കെയോ സുഖങ്ങള്‍ അച്ഛന്‍റെ ആ രണ്ടു വാഹനങ്ങളില്‍ ആയിരുന്നു എന്ന് സത്യത്തില്‍ ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്.
നാളേറെ കഴിഞ്ഞ്, ചെന്നൈയില്‍ താമസിക്കുമ്പോള്‍, കറുപ്പും മഞ്ഞയും ചേര്‍ന്ന അംബാസഡര്‍ എനിക്ക് എന്നും കൌതുകമായിരുന്നു. എയര്‍പോര്‍ട്ടിന് മുന്നിലെ ഫ്ലൈഓവറില്‍ കൂടി സഞ്ചരിക്കുമ്പോള്‍ വരിവരി ആയി സ്കൂളില്‍ പോകുന്ന യൂണിഫോം ഇട്ട കുട്ടികളെ പോലെ അംബാസഡര്‍ കാറുകള്‍ നീങ്ങുന്നത് കാണാറുണ്ട്. ഒരിക്കല്‍ മനപ്പൂര്‍വ്വം റെയില്‍വെ സ്റേഷനില്‍ നിന്ന് അത്തരം ഒരു അംബാസഡറില്‍ ഞാന്‍ ചെന്നൈയിലെ വീട്ടിലേയ്ക്ക് പോയിട്ടുണ്ട്. ഒരിക്കലേ അങ്ങനെ പോയിട്ടുള്ളൂ.
അങ്ങനെ അംബാസഡര്‍ നാമാവശേഷമാകാന്‍ അല്പനാളുകള്‍ കൂടി. നിര്‍മ്മാണം നിര്‍ത്തിയെങ്കിലും ഇപ്പോഴുള്ള അംബാസഡറുകള്‍ കുറച്ചുനാള്‍ കൂടി ഓടും. അതിന്‍റെ മുതലാളിമാര്‍ക്ക് മടുക്കും വരെ, അതൊരു ഭാരം ആകും വരെ നിരത്തുകളില്‍ കാണാം. എണ്ണത്തില്‍ കുറഞ്ഞു കുറഞ്ഞ്, കുറച്ച് നാള്‍ കഴിഞ്ഞാല്‍ ചില ഇടങ്ങളില്‍ "ഇന്ന ആളുടെ അടുത്തുണ്ട് അംബാസഡര്‍" എന്ന മട്ടില്‍ ഒരു കൊച്ചു നാമാവശേഷ വി ഐ പി പദവി സ്വന്തമാക്കി, പിന്നെ ഒരെണ്ണം പോലും റോഡില്‍ കാണാനില്ലാതെയാവും. അപ്പോള്‍ ചിലരുടെ വീടുകളില്‍ "പണ്ടത്തെ അംബാസഡര്‍" എന്ന ലേബലില്‍, ഒരു വിന്‍റെജ് കാര്‍ പദവിയില്‍ കാര്‍ ഷെഡുകളില്‍ ചിലത് മയങ്ങും. പഴയ തറവാട്ടുമഹിമ അയവിറക്കുന്ന നല്ല പൌരുഷമുള്ള ഒരു തമ്പുരാനെ പോലെ!
എന്‍റെ ജീവിതത്തില്‍ ഒരു വലിയ ഭാഗമായിരുന്ന, എന്‍റെ അച്ഛന്‍റെ ആദ്യ അഭിമാനമായിരുന്ന അംബാസഡറിനു വിട. എന്‍റെ കയ്യിലുള്ള ഈ രണ്ടു ചിത്രങ്ങളില്‍ അനശ്വരമായി എന്നും നിറഞ്ഞു നില്‍ക്കുക! ഹൃദയപൂര്‍വ്വം, നന്ദി.