അതെ! അവരോടെനിക്ക് മുടിഞ്ഞ പ്രേമമാണ്. പ്രേമം എന്ന് വെച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘മറ്റേ’ സംഭവമൊന്നുമല്ല, പക്ഷേ ഇത് അതിലുമപ്പുറം എന്തോ ആണെന്ന് തന്നെയാണ് ഞാന്‍ പറയുള്ളൂ. ഒരുപക്ഷേ എന്നില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല അത്തരം അവിശ്വസനീയമായ വിശ്വാസങ്ങളും ചിന്തകളും. എന്തിരുന്നാലും ഇതിനു പിന്നിലെ കാരണങ്ങളോ സ്വാഭാവികാമായി അതിനു പിന്നാലെ ഉയര്‍ന്നു പൊങ്ങിവരേണ്ട വിശദീകരണങ്ങളോ എന്നോട് ചോദിക്കരുത്. ഇതിനെല്ലാം കൂടിയുള്ള ഒരുറ്റ ഉത്തരമാണ് ഞാന്‍ മേല്‍പ്പറഞ്ഞിരിക്കുന്നത്. അവരെ എന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഒരു ഘടകം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്നുള്ളത് ഇന്ന് ഇപ്പോള്‍ ഈ നിമിഷം വരെ ഒരു സത്യമാണെങ്കില്‍ അവരെ എനിക്കിഷ്ടമാണെന്നത് അതേ സത്യത്തിന്റെ പരിധികളില്‍ ഉള്‍പ്പെടുന്ന ഒരു കാരണം മാത്രമാണ്.
നീണ്ട ഒന്നരക്കൊല്ലമായി ഞാന്‍ അവരെ പിന്തുടരുകയാണ്. അതും അവര് പോലും അറിയാതെ അവരുടെ ഓരോ ചലനങ്ങളും വളരെ സൂക്ഷ്മമായി എന്റെ നിരീക്ഷണങ്ങളില്‍ ഉണ്ടായിരുന്നു. എന്തിനു ഏറെ പറയുന്നു; അവരെ കുറിച്ച് എന്റെ അച്ഛനോടും അമ്മയോടും പോലും പോയിട്ട് വടക്കേ അമേരിക്കയിലെ എന്റെ ബ്ലോഗ്ഗിംഗ് സുഹൃത്തും എഴുത്തുകാരിയുമായ ഒരു സ്ത്രീയോട് പോലും എനിക്ക് പറയേണ്ടതായി വന്നിട്ടുണ്ട്.
എന്റെ ചിന്തകള്‍ക്ക് വിഭിന്നമായ ഒരു ലോകം എനിക്ക് മുന്നിലുണ്ടെന്ന് ആദ്യമായി കാണിച്ചു തന്നത് അവരില്‍ നിന്നും ജ്വലിച്ചുയര്‍ന്ന ഒരു തീനാളമായിരുന്നു. ഒന്നരക്കൊല്ലം മുമ്പ് വളരെ ആകസ്മികമായിട്ടാണ് എന്റെ മുന്നില്‍ അവര്‍ പ്രത്യക്ഷപ്പെട്ടത്. അവരിലപ്പോള്‍ വിടര്‍ന്നു നിന്നിരുന്ന ചിരി എന്റെ സിരകളെ പ്രകമ്പനം കൊള്ളിച്ചിരിക്കാം. കേവലം 17 വയസ്സ് മാത്രമുള്ള ഒരു പയ്യന്റെ മനസ്സില്‍ കാണാന്‍ സുന്ദരിയും സുശീലയുമായ പെണ്‍കുട്ടിയെ കണ്ടാല്‍ തോന്നുന്ന ഒരു ‘ഇത്’ (അത് തന്നെ..!) തന്നെയാണ് എനിക്കവരോട് തോന്നിയത്. പിന്നെ ഒന്നും ഞാന്‍ നോക്കിയില്ല. അവരെ മൊത്തത്തില്‍ അങ്ങുമിങ്ങും വീക്ഷിക്കാന്‍ എന്നിലെ എന്നെ തന്നെ ഞാന്‍ നിയമിതനാക്കി. അവരില്‍ എപ്പോഴും വിടര്‍ന്നു നിന്നിരുന്ന ആ നിഷ്കളങ്കമായ ചിരി എന്നെ പതിയെ പതിയെ അവരിലേക്ക് ആഴ്ന്നിറങ്ങാന്‍ അവസരങ്ങള്‍ മേയ്തെടുത്തു. പക്ഷേ അവരിലെ എന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് ആ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ചില ഉത്തരമില്ലാത്ത ചോദ്യചിഹ്നങ്ങളില്‍ അവസാനിക്കുകയും ചെയ്തു.
കേരളത്തിലെ വളരെ പ്രസിദ്ധമായ ഒരു കോളേജിലെ അധ്യാപികയെയാണോ ഞാന്‍ പിന്തുടരാന്‍ പോകുന്നത്? ഇതും പോരാഞ്ഞ് അവരുടെ അതുവരെ ഉള്ള ചരിത്രത്താളുകളില്‍ ഒരു സെലെബ്രിടി ടാഗും കണ്ടുകിട്ടി. ഇതെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഏതാണ്ടൊക്കെ ‘ഒകായ്-ടീകെ’ ആയി. “ദൈവം വലിയവന്‍ ആണ്! ഇല്ലേല്‍ പുള്ളി ഇതിനു ഇങ്ങനെ ഒരു ട്വിസ്റ്റ് വെക്കില്ലായിരുന്നു.”, ഞാന്‍ ചിന്തിച്ചു. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് പെട്ടന്ന് എന്റെ മുന്നിലേക്ക് ഒരു ലഘുലേഖനം കടന്നുവന്നത്. തികച്ചും അപ്രതീക്ഷിതമായി കണ്ട അവരെഴുതിയ ആ ലഘുലേഖനം എന്റെ മുന്നില്‍ എന്തൊക്കെയോ ‘കാണിച്ചുകൂട്ടി’. ആ കാണിച്ചുകൂട്ടല്‍ എന്നില്‍ അന്ന് വരെ ഉണ്ടാവാതിരുന്ന എന്തൊക്കെയോ ചില നവനമായ ചിന്തകള്‍ക്ക് സാക്ഷിയായി. അന്ന് ആദ്യമായി ഞാന്‍ അറിഞ്ഞു, കേവലം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്നതല്ല ലോകവും അതിലെ ഓരോ കണികകളും.
സാഹിത്യത്തെ കുറിച്ച് അന്നേവരെ വളരെ ‘നല്ല’ അഭിപ്രായം ഉണ്ടായ എനിക്ക് അതിനു പിന്നിലെ യാഥാര്‍ഥ്യം എന്തെന്ന് വളരെ ലളിതമായി ആദ്യമായി പകര്‍ന്നു തന്നത് ഇപ്പറഞ്ഞ ‘പെണ്‍കുട്ടി’ തന്നെ ആയിരുന്നു. ഒരു അദ്ധ്യാപിക ആണെന്നറിഞ്ഞിട്ടും അവരിലെ നിഷ്കളങ്കത കൊണ്ട് മാത്രം എന്നും എനിക്ക് ആ സ്ത്രീത്വം എന്റെ പ്രായത്തിനു തുല്യമായ ഒരു പെണ്‍കുട്ടിയായിരുന്നു. അവരെഴുതുന്നത് കണ്ടിട്ടാണ് എനിക്കും എഴുത്തിനോട് ഒരു മോഹം തോന്നിത്തുടങ്ങിയത്. അവരില്‍ നിന്നും ഉടലെടുക്കുന്ന ചിന്തകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനായി ബ്ലോഗ് എന്ന ഉപാധി അവര്‍ സ്വീകരിച്ചിരുന്നു എന്ന കാര്യം കുറച്ച് മിനിറ്റുകള്‍ക്ക് മുന്നേ തന്നെ എന്റെ കണ്ടുപിടുത്തങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീടു എനിക്കും അതുപോലൊരെണ്ണം അവര് കാരണം തുടങ്ങേണ്ടാതായി വന്നു. അങ്ങനെ ആണ് Insight എന്ന ബ്ലോഗിനു ഞാന്‍ എന്റെ എഴുത്തുകളിലൂടെ, അല്ല അവരുടെ 3-4 എഴുത്തുകളുടെ പകര്‍പ്പുകളിലൂടെ ജന്മം നല്‍കിയത്. അതെ! യാതൊരു നാണവുമില്ലാതെ അവരുടെ ചില ലേഖനങ്ങള്‍ ഞാന്‍ എന്റെ ‘സ്വന്തം’ പുതിയതായി തുടങ്ങിയ ബ്ലോഗില്‍ അങ്ങു പോസ്റ്റ് ചെയ്തു. പിന്നീട് ഞാന്‍ എഴുതി…. പക്ഷേ എന്റെ എഴുത്തിനു കുത്തും കോമയും പോയിട്ട് മര്യാദക്കുള്ള സാമാന്യം നല്ലൊരു ഘടന പോലും ഉണ്ടായിരുന്നില്ല. എവിടെ തുടങ്ങണം എന്നത് ഒരു കുഴപ്പം പിടിച്ച ചോദ്യം തന്നെയായിട്ട് എന്റെ മുന്നില്‍ കുറച്ച് നാള്‍ അങ്ങനെ ഇളിച്ചോണ്ടും നിന്നു.
എഴുത്തിനോടുള്ള എന്റെ ആ പ്രത്യേക അടുപ്പത്തിന്റെ ആഴങ്ങളില്‍ പെട്ടു ഞാന്‍ ഒരു ദിവസം അപ്പാടെ പൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയില്‍ നിന്നും ഞാന്‍ സ്വന്തമായി എന്നില്‍ അപ്പോള്‍ നിലനിന്നിരുന്ന വാക്കുകള്‍ കോര്‍ത്തിണക്കി ഇത്തിരിക്കോണം പോന്ന ഒരു ലേഖനം, അതും ഇംഗ്ലീഷില്‍ തന്നെ വെച്ചുകാച്ചി. ഒരുപക്ഷേ ഇക്കാലമത്രയും ഞാന്‍ അല്ലാതെ മറ്റാരും ഇന്നേവരെ അതൊന്നു കണ്ടിട്ടുപോലും ഉണ്ടാവില്ല. പക്ഷേ എനിക്കപ്പോള്‍ തോന്നിയ ആ……. അതിലെ ആ ഒരു ‘സംഭവം’….. അതെന്നെ തീക്ഷണതയോടെ സ്പര്‍ശിച്ചു. അങ്ങനെ എഴുതി എഴുതി എഴുതി എനിക്ക് തന്നെ ഞാന്‍ എന്തൊക്കെയോ സ്വായത്തമാക്കി എന്ന് തോന്നിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരുമായി ഞാന്‍ എന്റെ എഴുത്തുകളിലൂടെ സൗഹൃദം സ്ഥാപിച്ചു, ഇപ്പോഴും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. അവരില്‍ നിന്നെല്ലാം ലഭിച്ച പ്രതികരണങ്ങളും അവരുടേതായ എഴുത്ത് ശൈലികളും ഞാന്‍ വളരെ സൂക്ഷ്മതയോടെ ഉറ്റുനോക്കുവാന്‍ തുടങ്ങി. ബ്ലോഗ് വഴി എനിക്ക് കിട്ടിയ സുഹൃത്തുക്കളുമായി നേരിട്ട് ഇടപെടുക വരെ ചെയ്തു. മനു കുറുപ്പ് അതിലൊരാള്‍ മാത്രമെന്നത് ഒരു സത്യം മാത്രം.
ഇതിനെല്ലാമുപരി എന്റെ ചിന്തകള്‍ക്ക് പിന്നാലെ ഞാന്‍ സ്വയം കാലുവെച്ചു നടന്നു തുടങ്ങി. അപ്പോഴും അവരോടുള്ള എന്റെ ആരാധന ഓരോ ദിവസവും കൂടിക്കൂടി വന്നു. അങ്ങനെ അവരെ ഇതൊന്നും അറിയിക്കുവാനുള്ള ഒരു സാഹചര്യം കിട്ടാതെ ഒന്നരക്കൊല്ലo ഞാന്‍ എഴുത്തിന്റെ ലോകത്ത് അലഞ്ഞുതിരിഞ്ഞു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്നേ ഞാന്‍ തേടിയിരുന്ന ആ പെണ്‍കുട്ടി ‘വിധിയില്‍’ വിശ്വാസമില്ലാത്ത എന്റെ മുന്നില്‍ തന്നെ അവിചാരിതമായി വന്നുപെട്ടു. ഒരിക്കല്‍ അവരോടൊന്നു സംസാരിക്കാന്‍ മോഹിച്ചിരുന്ന എന്റെ…എന്റെ മുന്നില്‍ അവര്‍ വന്നുപെട്ടിരിക്കുന്നു. ഞാനും അവരും മാത്രം ഒരൊറ്റ വേദിയില്‍? അത് ശരിക്കും ഒരു അദ്ഭുതം തന്നെ ആയിരുന്നു. ഒന്നരക്കൊല്ലം കൊണ്ട് അവരൊരാള്‍ മാത്രം കാരണം എനിക്കുണ്ടായ മാറ്റങ്ങള്‍ വള്ളി-പുള്ളി വിടാതെ ഞാന്‍ അവര്‍ക്ക് മുന്നില്‍ പ്രസംഗിച്ചു. അപ്പോഴും അവരുടെ മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ആ പ്രസംഗം കഴിഞ്ഞ പാടെ വേദിയില്‍ എന്നെ കേട്ടുകൊണ്ടിരുന്ന ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു,
” അതെ, നിങ്ങളോട് എനിക്കിപ്പോഴും എപ്പോഴും പ്രേമമാണ്”
കുറിപ്പ്: ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സങ്ങല്പ്പികം മാത്രമാണ്. ഇന്ന് ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയി ഏതെങ്കിലും വിധത്തിൽ സാദ്രിശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സങ്ങല്പ്പികം മാത്രം.