Jyothy Sreedhar

Vallyamma calling...

മോളേ.......വല്യമ്മയാ. അമ്മ പൊയ്ക്കഴിഞ്ഞ് വിളിക്കാന്നു വച്ചതന്നെ വല്യമ്മയ്ക്ക് മോളോട് ഒരൂട്ടം പറയാനിണ്ടായിട്ടാ. എന്റെ വിദ്യമോള് പറഞ്ഞു മോള് ഇന്റെര്‍നെറ്റിലൊക്കെ വല്യ ആളാന്ന്. എന്തോ ഫേസ്ബുക്കോ ട്വിറ്ററോ അങ്ങനെ ഒക്കെ എന്തോ... അനുരാധ മേനോന്‍ന്ന് നെന്റെ പേര് വായിക്കുമ്പോ തന്നെ ഒരു സ്റൈലാന്നാ അവള്‍ടെ വയ്പ്പ്. അസൂയോണ്ടാ. വിദ്യ എ. എം. ന് എന്താ കൊഴപ്പം. അവള്‍ടെ ഓരോ തോന്നല്... മോള്‍ടെ ഫോട്ടോ കണ്ട് എല്ലാരും വല്യ അഭിപ്രായൊക്കെ പറയാറൊണ്ടെന്ന് അവള് എപ്പ്ഴും പറയും. അവള് ഫോട്ടോ ഇട്ടാല് ആരും നോക്കില്ലാത്രേ. നീ പറയണൊക്കെ കേള്‍ക്കാന്‍ ആളോള് ചുറ്റിലും കൂടുംന്നൊക്കെ അവള് പറയണു. വെറുതെ..... അവള്‍ക്കു കുശുമ്പാ. നല്ല പെണ്കുട്ട്യോളെ കണ്ടാല് ആളോള് നോക്കും. അത് പതിവാ. പക്ഷെ മോളെ, പെണ്‍കുട്ട്യോള് ഇന്‍റര്‍നെറ്റില് ഫോട്ടോ ഇടണത്... അതത്ത്ര നല്ലല്ലാട്ടോ. ഇന്‍റര്‍നെറ്റില് എവ്ടെലും ഫോട്ടോ ഇട്ടാല് പെണ്ണിന്റെ ഫോട്ടോയില് ചെലര് എന്തോ വെട്ടി ഒട്ടിക്ക്യെ, അങ്ങനെ എന്തോ പരിപാടിയിണ്ടേ... പിന്നെ, അതങ്ങട് പരസ്യാവും. എന്തിനാ വെറുതെ... ഇന്‍റര്‍നെറ്റില് കേറിയാല് പണ്ടുള്ളോരു പറയണ പോലെ മോളെ കൊക്കാച്ചി പിടിക്കും. അത്രന്നെ. അതോണ്ട് ഇന്റര്‍നെറ്റ്‌ പോയിട്ട് കമ്പ്യൂട്ടര്‍ പോലും മോള് കയ്യോണ്ടു തൊടണ്ടാട്ടോ. എന്റെ വിദ്യമോളോട് ഇതൊക്കെ പറഞ്ഞിട്ടെന്താ! അവള് ശ്രദ്ധിക്കില്ല്യ. എപ്പ്ഴും കമ്പ്യുട്ടെറിനു മുന്നില് അങ്ങനെ ചടഞ്ഞ് ഇരിക്കണ കാണാം. ഞാന്‍ ശ്രദ്ധിക്കാറില്ല്യ. ഞാന്‍ എന്തേലും പറഞ്ഞാല് അവള്‍ക്കൊട്ടു പിടിക്ക്യേമില്ല. അതോണ്ടാ മോളോട് പറയാന്ന് വച്ചത്. സ്വയം സൂക്ഷിക്ക. എന്തിനാ ഇപ്പൊ അത്ര അത്യാവശ്യായിട്ടു നല്ല ഫോട്ടോളൊക്കെ ഇടണേ... അതും നല്ല സൗന്ദര്യോള്ളതോന്നും ഇടണ്ടാന്നെ. ആളോള് ശ്രദ്ധിക്കും. പിന്നെ അന്വേഷണായീ, ആലോചനായീ, അമേരിക്കേന്നൊക്കെ ആണെന്നും പറഞ്ഞു ഏതേലും നല്ല ചെക്കന്മാര് അന്വേഷിച്ചാലും നമ്മള് അങ്ങട് എടുത്തു ചാടരുത്. പറ്റിക്കും അവര്. നാട് വേറെയല്ലേ... നമ്ക്ക് അതൊന്നും വേണ്ട കുട്ടീ... ഇവിടെ അടുത്തൊള്ള എത്ര ചെക്കന്മാരുണ്ട് നമുക്ക്. അവര് മതീന്ന്...  അല്ല... ഞാന്‍ പറയണത് മോള്‍ക്ക്‌ മനസ്സിലാവുംന്ന് വല്യമ്മയ്ക്ക് അറിയാം. നീ നല്ല കുട്ട്യാ. മോള് പൊറത്തൊക്കെ എറങ്ങാറുണ്ടോ? ശ്രദ്ധിക്കണംട്ടോ. പെണ്കുട്ട്യോള്‍ടെ ഫോട്ടോ എടുക്കാന്‍ ചെലര് ഫോണില് ക്യാമറോണ്ട് അങ്ങനെ കറങ്ങി നടപ്പുണ്ടാവും. വല്ല ബസ്‌സ്ടോപിലോ റെയില്‍വേ സ്റ്റേഷനിലോ മോള്‍ടെ ഫോട്ടോ ആരെലും എടുത്താല് ശിവ ശിവ... ജീവിതം പോയില്ലേ! പുറത്ത് പോണ്ട മോളേ. അതാ നല്ലത്. നമുക്ക് ജീവിതാ വലുത്. പേരുദോഷം കേപ്പിക്കണ്ട. എന്റെ മോളാണെല് എപ്പ്ഴും കൂട്ടര്ടെ കൂടെ കറക്കാ. ആണ്കുട്ട്യോളോക്കെ വല്യ കൂട്ടാ. രാത്രി ഒരു സമയത്ത് കേറി വരുമ്പോ മേശപ്പുറത്ത് വെളമ്പി വച്ച ചോറ് കളയാനാവും ആദ്യം പറയാ! അവള്‍ടെ ഓരോ ശീലങ്ങളേ... വല്യ വാശിക്കാരിയാ. ആ പിന്നെ മോളെ, മോള് പുറത്തു പോയില്ലാന്നു വെച്ച് പ്രശ്നങ്ങള് അവസാനിച്ചൂ...ന്ന് കരുതണ്ട. വീട്ടിലേക്ക്‌ പുറത്തൂന്ന് ആരും വര്വേം വേണ്ട. കോളിംഗ് ബെല്‍ കേട്ടാല് ജനലിന്റെ ഓട്ടേലൂടെ ഒന്ന് നോക്ക്വ. എന്നിട്ട് പുറത്തെ ആരെലും ആണെല് വാതില് തൊറക്കണ്ട. അല്ല, പറയാന്‍ പറ്റില്ലേ, വാതില് തൊറക്കുമ്പോ തന്നെ ആരെലും കേറിപ്പിടിച്ചാലോ! ഇനി, അറിയവുന്നോര് ആണേ തന്നെ, ഈ മാല പോലെയോ പേന പോലെയോ ഒക്കെ ക്യാമറ ഇറങ്ങണ്ണ്ടേ... വിശ്വസിക്കാന്‍ പറ്റില്ല്യ. ആരുടെലും കല്യാണങ്ങള് വന്നാലും അത് വേണ്ടാന്ന് വച്ചാ മതി. സാവിത്രി ചിറ്റമ്മേടെ മോള്‍ടെ കല്യാണത്തിനും വരണ്ട. നിര്‍ബന്ധാണേല്, വല്യമ്മ തന്നെ അവരോടു എന്തേലും കളവു പറഞ്ഞേക്കാം. ചെക്കന്റേം പെണ്ണിന്റേം കൂടെ നിക്കണ ഫോട്ടോ ആ ഫോട്ടോഗ്രാഫെര്മാര് എന്തേലും ചെയ്താലോ... മോളെ കണ്ടാ പിന്നെ അവിടെയോള്ള ചെക്കന്മാര് വിട്വോ... എന്റെ വിദ്യമോള് എപ്പ്ഴും പറയും നെന്റെ കൂടെ നടന്നാല് ആരും അവളെ നോക്കില്ല്യാന്ന്‍... ഭംഗിയിണ്ടേ, അതാ. അവള് അസൂയപ്പെട്ടിട്ട് എന്താ കാര്യം! കുശുമ്പി! അവള് വെലകൂടിയ പട്ടുപാവാടേം ധാവണീം മേടിച്ചു തരാന്‍ പറഞ്ഞു വല്ല്യ ബഹളായിരുന്നു. അവസാനം നല്ല അസ്സല്‍ പട്ടു തന്നെ എടുത്തു കൊടുത്തപ്പ്ഴാ അവള്‍ക്കു സമാധാനായേ. അതിനു ചേരണ എന്തൊക്കെയോ വാങ്ങി കൂട്ടീട്ടൂണ്ട്. ശരിക്കും ഒരു പൊട്ടിയാ അവള്. പക്ഷെ, നെന്നോട് പറയാല്ലോ, നമ്മള് സൂക്ഷിക്കണ്ടത് നമ്മളന്നെ സൂക്ഷിക്കണം. എന്റെ വിദ്യമോള്‍ടെ കാര്യം ബഹുരസാ. അവള്‍ കല്യാണങ്ങള്‍ക്കൊക്കെ പോയി വരുമ്പോ മൊബൈലില് കൊറെ ഫോട്ടോള് ഒക്കെ കാട്ടിത്തരും. അങ്ങനേം ഇങ്ങനേം ഒക്കെ നിന്ന്... അവള്‍ടെ ഓരോ കുസൃതികളെ.... പിന്നേ, സാവിത്രി ചിട്ടമ്മേടെ മോള്‍ടെ കല്യാണത്തിന് എന്റെ വിദ്യമോള്‍ക്ക്‌ ഇഷ്ടോള്ള ഒരാളെ കാട്ടിതരാന്ന്‍ അവള് പറഞ്ഞിട്ടൊണ്ട്. അമേരിക്കയില് എന്തോ വല്യ എഞ്ചിനീയരാത്രേ! അവള്‍ടെ ഒരു കാര്യേ! വല്യ ഭാഗ്യായ്‌പ്പോയി. അയാളെ മോള്‍ക്ക്‌ കാണാന്‍ പറ്റില്ലാന്നു വച്ച് വെഷമിക്കണ്ടാട്ടോ... അവര്ടെ കല്യാണത്തിന് എന്തായാലും കാണില്ലേ! ഞാന്‍ ലീലചിറ്റേം വിളിച്ചു പറഞ്ഞു ദേവികെ കൊണ്ടോരണ്ടാന്ന്... അതല്ലേ നല്ലത്... നിങ്ങളെ ഒക്കെ കണ്ടാല് ഓരോരുത്തര് വന്നു പരിചയപ്പെടലായി, ഫോട്ടോ എടുക്കലായി... എന്തിനാ അതൊക്കെ... ഈ ക്യാമറോണ്ട് വല്യ ശല്ല്യാ ഇക്കാലത്ത്‌... ഞങ്ങള് പൊറത്ത് ഹോട്ടലിലോക്കെ പോവ്മ്പോ വിദ്യമോള് പറയാറുണ്ട്‌ ചെല സ്ഥലത്ത് ബാത്രൂമിലോക്കെ ക്യാമറ ഒളിപ്പിച്ച് വയ്ക്കാറുണ്ടെന്ന്... മോളെന്തായാലും വീട്ടില് വാതിലും ജനലും ഒന്നും തൊറക്കണ്ട. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല്യെ! എല്ലാം കുറ്റിയിട്ടിട്ട് കര്‍ട്ടനും ഇട്ടെക്ക്. അല്ല, എന്നാലും പ്രശ്നം തീരില്ല... ഒരു മനസ്സമാധാനം വരണേല്‍ അന്ന് മോള്‍ടെ പിറന്നാളിന് ഞാന്‍ മേടിച്ചു തന്ന ആ നീളത്തിലുള്ള കറുത്ത കുപ്പായല്ല്യെ, പര്‍ദ്ദ... അതങ്ങ് ഇട്ടെക്ക്. അപ്പൊ പിന്നെ ആര്‍ക്കും കാണാന്‍ പറ്റില്ല്യാല്ലോ. മോളേ കാണാന്‍ നല്ല ചന്തോണ്ടേ. അതോണ്ട് കൂടുതല് സൂക്ഷിക്കണം. പിന്നെ, മോളെ... വേറൊരു കാര്യുണ്ട്‌... പത്രങ്ങളിലൊക്കെ വായിക്കണില്ലേ, മോളെ അച്ഛന്‍ പീഡിപ്പിക്കണു, ചേട്ടന്‍ ഒടപ്പെറന്നോളെ പീഡിപ്പിക്കണു, അങ്ങനെ ഓരോന്ന്... കേക്കുമ്പോ പെടിയാവ്വാ! മോള്‍ക്ക്‌ മനസ്സില് ഒന്നും ഉണ്ടാവില്ല്യ. പക്ഷെ ന്നാലും ഞാന്‍ പറയേണ്ടത് ഞാന്‍ തന്നെ പറയണല്ലോ. അതോണ്ടാ. അച്ഛനായാലും ഏട്ടനായാലും ഒരകലം മോളാ വയ്ക്കണ്ടേ. എപ്പഴാ അവര്ടെ മനസ്സ് മാറാ എന്നൊക്കെ നമ്മക്ക്‌ പറയാന്‍ പറ്റില്ല്യ. ഒരു കണ്ണ് വേണം ചുറ്റും. പെണ്കുട്ട്യല്ലേ... അല്ലേലും മോള്‍ടെ ഏട്ടന്റെ നോട്ടമോന്നും ശരിയല്ലാന്ന് എന്റെ മോള് ഇടക്ക് പറയും. ഒരു കണ്ണ് വച്ചോളൂ മോളെ. അമ്മയ്ക്ക് ഇതൊക്കെ പറഞ്ഞു തരാന്‍ മടിയിണ്ടാവും. മടി മാത്രല്ല, നെന്റെ അമ്മ ലോകം അധികം കണ്ടിട്ടില്ല്യെ... അതോണ്ട് ഇതൊക്കെ പറഞ്ഞാ പിടിക്കില്ല്യ. വല്യമ്മ വിളിച്ച കാര്യം മോള് അങ്ങട് പറയണ്ടാട്ടോ. തെറ്റിദ്ധരിക്കും. മോള് നന്നായി വരണത് കാണാനാ വല്യമ്മയ്ക്ക് ഇഷ്ടം. അതോണ്ടാ വല്ല്യമ്മന്നെ പറയണേ... പറഞ്ഞല്ലേ പറ്റൂ എനിക്ക്... പെണ്കുട്ട്യോളുള്ള എല്ലാര്ടെം ഉള്ളില് തീയാ. അല്ല, കാലം ഇതാണെ... അപ്പൊ മോള് വല്യമ്മ പറഞ്ഞതൊക്കെ ആലോചിക്ക്. വല്യമ്മ നാളെ ഈ സമയത്ത് വിളിക്കാം. എന്നാല് ശരി മോളേ... നന്നായിരിക്ക്.