ഏതു ട്രെയിനിന്റെയും ജീവന്‍ അതിലെ സ്ഥിരം സീസണ്‍ ടിക്കറ്റുകാരാണ് എന്നെനിയ്ക്ക് തോന്നാറുണ്ട്. വല്ലപ്പോഴും ആ ട്രെയിനുകളില്‍ കയറി എന്തോ അയിത്തം പോലെ അവിടെയും ഇവിടെയും തൊടാതെ ഇരിക്കുന്ന, ബുക്ക് ചെയ്ത സീറ്റുകളുടെ അതിരിലേക്ക് മറ്റാരും ഇരച്ചു കയറുന്നില്ല എന്ന് എപ്പോഴുമെപ്പോഴും പരിശോധിച്ച് ഉറപ്പാക്കുന്നവര്‍ക്കിടയിലേയ്ക്ക് ഒരു കൂട്ടം സീസണ്‍കാര്‍ ഓടിക്കയറി വരുമ്പോഴേ അവരുടെ മുഖം ചുളിയും. “എവിടുന്നു വരുന്നെടാ കെട്ടും പൊട്ടിച്ച്!” എന്നൊരു ‘മ്ലേച്ഛ’ഭാവവും പ്രകടം. സീസണ്‍കാരെ ഒരു പ്രത്യേക വിഭാഗമായി കണ്ട് ആദ്യമായി ഒരിഷ്ടവും കൌതുകവും തോന്നിയത് ‘പാസഞ്ചര്‍’ എന്ന മലയാള സിനിമയിലൂടെയാണ്. ഇന്ന് ഞാനും ഒരു സീസണ്‍കാരിയാണ്. ഓരോ ദിവസവും വൈവിധ്യമാര്‍ന്ന എത്രയോ അനുഭവങ്ങള്‍. വെറും അഞ്ചു മാസങ്ങള്‍ കൊണ്ട് സ്നേഹത്തോടെ കീശയിലായത് ഒരു സഹയാത്രികന്‍, ഒരു ടിടി, ഒരു സിടിഐ. ട്രെയിന്‍ യാത്രകളെ പണ്ടേ ഇഷ്ടമായിരുന്ന, ചെന്നൈ മെയിലില്‍ ഇനി കയറാന്‍ കോച്ചും, അതില്‍ യാത്ര ചെയ്യാന്‍ ഒരു റൂട്ടും ബാക്കിയില്ലാത്ത ഞാന്‍ ഒരു ആഴ്ചയുടെ തുടക്കവും ഒടുക്കവും ട്രെയിനുകളിലാണ് ചിലവഴിക്കാറുള്ളത്. എത്ര തിരക്കുണ്ടെങ്കിലും ട്രെയിന്‍ യാത്രകള്‍ ഒരു ഹരമാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഒന്ന്, കുഞ്ഞുനാള്‍ മുതല്‍ റെയില്‍വെ ട്രാക്കിനടുത്തുള്ള എന്‍റെ വീട്ടില്‍ താമസിച്ച് ട്രെയിനുകളോടുണ്ടായ പരിചയവും അടുപ്പവും. പിന്നെ വീടിനു മുന്നിലൂടെ അമ്മയ്ക്കും അച്ഛനും കൈ വീശി കാണിച്ചു പോകാമെന്നുള്ള എന്‍റെ ഒരു കൊച്ച് അഹങ്കാരം. ഇപ്പോഴും ആലുവയടുക്കുമ്പോഴുള്ള എന്‍റെ വീടിനു മുന്നില്‍ അമ്മ ട്രെയിനും നോക്കി നില്‍ക്കുന്നതും, കാണുമ്പോള്‍ ഉള്ളിലേയ്ക്ക് ചായ വയ്ക്കാന്‍ പോകുന്നതും, സ്റ്റേഷനില്‍ ഇറങ്ങി ഞാന്‍ വീടെത്തുമ്പോഴേയ്ക്ക് ആ ചായ റെഡി ആകുന്നതുമൊക്കെ എനിക്ക് വ്യക്തിപരമായി ആസ്വദിക്കാന്‍ പറ്റുന്ന കൊച്ചു സന്തോഷങ്ങളാണ്.
തുടക്കത്തില്‍, സഹയാത്രികന്‍ എന്ന് പറഞ്ഞുവല്ലോ. പേര് രതീഷ്. ഏറണാകുളത്തു നിന്ന് കയറി തിരുവല്ലയിലേക്ക് എന്നും ജോലിയ്ക്ക് പോകുന്ന ഒരു സീസണ്‍കാരന്‍. ആദ്യം കാണുന്നത് ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ച് ഒരു ടിടി സ്ലീപ്പര്‍ കോച്ചില്‍ നിന്ന്‍ പുറത്താക്കാന്‍ ശ്രമിച്ചപ്പോഴാണ്. (അതേ ടിടിയാണ് മുകളില്‍ ഞാന്‍ പറഞ്ഞ “ഒരു ടിടി”.) രതീഷിനെ നിരീക്ഷിക്കുക ഒരു രസമാണ്. എറണാകുളത്തു നിന്ന് കയറിയാല്‍ തിരഞ്ഞെടുത്ത കോച്ചുകളില്‍ ഒരു ഇന്‍സ്പെക്ഷനാണ്. എവിടെയൊക്കെ സീറ്റുണ്ട്, എവിടെയൊക്കെ തിരക്കുണ്ട് എന്ന ഒരു ഡാറ്റ കളക്ഷന്‍. സ്വന്തം ബാഗ് എവിടെയെങ്കിലും ഒക്കെ ട്രെയിന്‍ യാത്രക്കാരെ പൂര്‍ണ്ണവിശ്വാസത്തിലെടുത്ത് വച്ച്, പിന്നെ കോച്ചുകളിലൂടെ നടന്നു നീങ്ങുന്നത് മറ്റു സീസണ്‍കാര്‍ നില്‍ക്കുന്നുണ്ടോ എന്ന് നോക്കാനും, എല്ലാവരും വന്നിട്ടില്ലേ എന്നറിയാനും, നില്‍ക്കുന്നവരെ ഇരുത്താനുമാണ്. കയ്യില്‍ ഒരു മൊബൈല്‍ ഫോണുണ്ടാകും. അതില്‍ ആരെയൊക്കെയോ വിളിച്ചുകൊണ്ടിരിക്കും. വിളിക്കുന്നത് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് കയറാനുള്ളവരെയാണ്. ട്രെയിന്‍ ഏറണാകുളത്തു നിന്ന് വിട്ടാലുള്ള ഒരു സിഗ്നലാണ് അത്. ഇപ്പോള്‍ ഞാനും ആ സീരീസിന്‍റെ ഒരു ഭാഗമായി. തിങ്കളാഴ്ച രാവിലെ അങ്കമാലിയില്‍ നിന്നോ ആലുവയില്‍ നിന്നോ കയറിയാല്‍ ഞാനും രതീഷിനെ വിളിക്കും, ചിലപ്പോള്‍ ഒരുപാട് പേര്‍ക്കുള്ള ഒരു വിവരകൈമാറ്റത്തിന്. പറ്റുമെങ്കില്‍ ഒരാള്‍ക്കുള്ള സീറ്റും ഞാന്‍ പിടിക്കും. ആരും പറഞ്ഞിട്ടല്ല. അല്ലെങ്കിലും സീസണ്‍കാര്‍ തമ്മില്‍ ഒന്നും ആവശ്യപ്പെടാറില്ല, അറിഞ്ഞ് ചെയ്തു കൊടുക്കാറെ ഉള്ളൂ. രതീഷിന്റെ സംസാരത്തിലാണ് ട്രെയിനിലെ സീസണ്‍കാരുടെ കഥകള്‍ ഞാന്‍ കേള്‍ക്കാറുള്ളത്. ഒരിക്കല്‍ ഓണക്കാലത്ത് അവര്‍ ആ ട്രെയിനില്‍ ഒരു കോച്ചിന്റെ ഒരു വാതില്‍ അടച്ച് ഒരു പൂക്കളം അങ്ങിട്ടു. അത് കേട്ടപ്പോള്‍ ഒരു രസം. രതീഷ് അതിന്‍റെ ഫോട്ടോ കാണിച്ചു തന്നു. ‘വീട്ടിലും ഓഫീസിലും മാത്രം മതിയോ, എന്നും നമ്മളെ ഒക്കെ ഉള്‍ക്കൊണ്ട് പായുന്ന തീവണ്ടികളിലും വേണ്ടേ ഒരു പൂക്കളം’ എന്നൊരു പ്രഖ്യാപനം ഉണ്ടതില്‍. ട്രെയിനുകള്‍ സീസണ്‍കാര്‍ക്ക് ഒരു സ്വഗൃഹഭാഗം പോലെ തന്നെയാണ്. അവരുടെ സംസാരങ്ങളില്‍ അന്നന്നത്തെ ഓഫീസ് വിശേഷം, കിട്ടാതെ പോയ ട്രെയിനുകള്‍, വൈകിയോടുന്ന തീവണ്ടികള്‍ ഒക്കെയുണ്ട്. അവരുടെ ഇടയില്‍ ആണും പെണ്ണും എന്ന വേര്‍തിരിവില്ല. വ്യക്തികളാണ്.
നല്ല ഒന്നാംതരം സീസണ്‍കാര്‍. എല്ലാവരും ഒരൊറ്റ കെട്ടായതുകൊണ്ട് ഞങ്ങളെ കീഴ്പ്പെടുത്തുക ഒരല്പം ബുദ്ധിമുട്ടാണ്. രാവിലെ തിരുവനന്തപുരം മെയിലില്‍ കയറുമ്പോള്‍ ജെനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആളുകള്‍ വീണുപോകും പോലെ ഉള്ള തിരക്കാണ്. ഡിറിസര്‍വ് ചെയ്ത കോച്ചുകള്‍ അത് ചെന്നൈ മെയില്‍ ആയിരിക്കുന്ന റൂട്ടിലാണ്. തിരികെ എല്ലാം റിസര്‍വ്ഡ് സ്ലീപ്പര്‍ കോച്ചുകള്‍ തന്നെ. പക്ഷെ ഞങ്ങള്‍ സീസണ്‍കാരാണല്ലോ! ട്രെയിന്‍ തിരിഞ്ഞത് ഞങ്ങള്‍ അറിഞ്ഞിട്ടേ ഇല്ല എന്ന മട്ടില്‍ എസ് 9 മുതല്‍ എസ് 12 വരെയുള്ള കോച്ചുകളില്‍ ഏതെങ്കിലുമൊന്നില്‍ കയറും. രതീഷിന്റെ നടപ്പില്‍ ടിടി ഇപ്പോള്‍ ഏതു കോച്ചില്‍, ഏതു കൊച്ചിലെയ്ക്കുള്ള യാത്രയില്‍ എന്നുള്ള വിവരം എല്ലാവരും അറിഞ്ഞിരിക്കും. കൂടെ, ഏതു ടിടി എന്നുള്ളതും അറിയും. ഞങ്ങള്‍ക്ക് ടിടികള്‍ പല വിധത്തിലാണ്. അലറുന്ന ടിടി, ഓടിച്ച് വാതിലിലേക്ക് വിടുന്ന ടിടി, ഓടിച്ച് അപ്പുറത്തെ കോച്ചിലേയ്ക്ക് കയറ്റുന്ന ടിടി, ഒന്നും പറയാത്ത ടിടി, ചാര്‍ജ് ചെയ്യുന്ന ടിടി, പിന്നെ “ഞങ്ങളുടെ സ്വന്തം ടിടി”. ഇതിലേതു വിഭാഗമായാലും കൊള്ളാം, സീസണ്‍കാര്‍ എന്നും ഒന്നിച്ചാണ്. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ ഒരു വല്ലാത്ത ധൈര്യമാണ്. ടിടി എങ്കില്‍ ടിടി, സ്ക്വാഡ് എങ്കില്‍ സ്ക്വാഡ് എന്ന്‍ രണ്ടും കല്പിച്ചൊരു നില്‍പ്പ്.
ഒരിക്കല്‍ കോട്ടയത്ത് നിന്ന്‍ കേരള എക്സ്പ്രസ്സില്‍ കയറിയിരുന്നു, ജെനറല്‍ കമ്പാര്‍ട്ട്മെന്റില്‍. നല്ല തിരക്കുണ്ടായിരുന്നു. ചുറ്റും നില്‍ക്കുന്നവരുടെ കണ്ണൊക്കെ തിളങ്ങി. ട്രെയിന്‍ ഒന്ന് ചാഞ്ചാടുമ്പോള്‍ പലരും ഏതാണ്ട് എന്നെ തൊട്ടുരുമ്മി, കെട്ടിപ്പിടിച്ചു. പ്രതികരിക്കാന്‍ കഴിയാത്ത തിരക്കും ഒരേ രീതിയിലുള്ള ‘ദുരാഗ്രഹം’ ഉള്ള മനുഷ്യരുടെ കൂട്ടവുമായിരുന്നു. പിന്നീടൊരിക്കല്‍ ഐലന്ഡ് എക്സ്പ്രസ്സിന്റെ, ഒരു ഡിറിസര്‍വ്ഡ് കോച്ചിന്റെ വാതിലില്‍ ചുറ്റും മൂന്നു പയ്യന്മാരോടൊപ്പം നിന്ന്‍ ഏറണാകുളത്ത് നിന്ന് ആലുവ വരെ യാത്ര ചെയ്തു. അവര്‍ എനിക്ക് തന്ന സുരക്ഷിതബോധം എത്രയോ വലുതായിരുന്നു! തമ്മില്‍ ഞെരുങ്ങിയിട്ടും എന്നെ ബുദ്ധിമുട്ടിക്കരുതെന്ന ഉദ്ദേശ്യം അവരുടെ ചേഷ്ടകളില്‍ പ്രകടമായിരുന്നു. ആലുവയില്‍ ഇറങ്ങിയപ്പോള്‍ അവരെ നോക്കി മനസ്സ് കൊണ്ട് പറഞ്ഞു, “All Indians are my brothers and sisters” എന്ന് എന്നെ തോന്നിപ്പിച്ച മൂന്നു പേരാണ് നിങ്ങളെന്ന്. വ്യത്യാസം വലുതാണ്. സീസണ്‍ കോച്ചുകളില്‍ പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്ന വേര്‍തിരിവില്ല എന്നതും, ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു എന്നതും ഒരു സൌഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. വീടും, ജോലിയും, സൌഹൃദവും ഒക്കെ ദിനഭാഗങ്ങളാകുമ്പോള്‍ ഒരു ദുശ്ചിന്ത വരാന്‍ ഉള്ള ഇടം തന്നെ അവരുടെ ഉള്ളില്‍ ഇല്ല. അതിനാല്‍ അവരോടൊപ്പം യാത്ര ചെയ്യുക എന്നത് എന്റെ കുടുംബാംഗങ്ങളുടെ കൂടെ യാത്ര ചെയ്യും പോലെ തന്നെയാണ്. അത്രയും ശ്രദ്ധ, അത്രയും സുരക്ഷിതത്വം. ഞങ്ങളുടെ തമ്മിലുള്ള കളിയാക്കലുകളിലൂടെ, പൊട്ടിച്ചിരികളിലൂടെ, സ്നേഹത്തിലൂടെ, പരസ്പരശ്രദ്ധയിലൂടെ, ഐക്യത്തിലൂടെ, സുരക്ഷിതത്വത്തിലൂടെ ഓരോ ട്രെയിനിനും കഥകളുണ്ടാകുന്നു. ജീവനും ആത്മാവുമുണ്ടാകുന്നു. ഞങ്ങളുടെ സംസാരങ്ങളിലൂടെ ജീവസ്സുറ്റ കഥാപാത്രങ്ങളായി ഓരോ ട്രെയിനും മാറുന്നു. അതിന്‍റെ അവിഭാജ്യഘടകമായി ഞങ്ങളും, ഞങ്ങളുടെ അവിഭാജ്യഘടകമായി ട്രെയിനുകളും പരിണമിക്കുന്നു. പിന്നെയും ചൂളമടിച്ച് പായുന്നു, ഓരോ ട്രെയിനും, അതിനുള്ളിലെ ഓരോ സൌഹൃദവും...