Jyothy Sreedhar

TO THE CRITICS

“I use facebook for a 'better' reason. ആദ്യം പുതിയ പടങ്ങള്‍ക്കുള്ള ‘തെറികള്‍’ നിലയ്ക്കട്ടെ. ചേരി ഭാഷ പോയി ഫേസ്ബുക്ക്‌ ഒന്ന് ശുദ്ധമാകട്ടെ. എന്നിട്ട് കാണാം. അത് വരെ തല്‍ക്കാലം വിട. I will be totally absent in Facebook for sometime- may b 2-3 days... Let me get out of this heavy mind due to such abusive words... See you all after that! Take care my world... :)” ഇന്നലെ- 27 ഒക്ടോബര്‍, 2011 ലെ- എന്റെ ഫേസ് ബുക്ക്‌ സ്റ്റാറ്റസ് ആയിരുന്നു ഇത്. ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഫേസ്ബുക്കില്‍ നിന്ന് മനസ്സ് മടുത്ത് വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അതിനു കാരണം ആരും എന്നെ ഉദ്ദേശിച്ചു പറഞ്ഞ മോശം വാക്കുകളല്ല. ദീപാവലിയ്ക്കിറങ്ങിയ മൂന്നു പ്രധാന സിനിമകളായ രാ.വണ്‍, വേലായുധം, ഏഴാം അറിവ് എന്നിവയെ കുറിച്ച് ഫേസ് ബുക്കില്‍ നിറഞ്ഞു തിങ്ങിയ സ്റ്റാറ്റസുകളാണ് എന്നെ വളരെ മോശമായ്‌ മുറിവേല്‍പ്പിച്ചത്, പ്രത്യേകിച്ച് ഏഴാം അറിവിനെ കുറിച്ചുള്ളത്. പലരുടെയും വാക്കുകള്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായ്‌ കേട്ട ഒരു നിയന്ത്രണവുമില്ലാത്ത ‘തെറികള്‍’ ആയിരുന്നു. അതെല്ലാം വായിക്കുമ്പോള്‍ ഒരു നിമിഷം എനിക്ക് തോന്നിപ്പോയി, അവര്‍ മുരുഗദാസിന്റെ ഗുരുക്കന്മാരായിരുന്നു എന്നും, ‘പയ്യന്‍’ പറഞ്ഞു കൊടുത്ത പോലെ സിനിമ ചെയ്തില്ലെന്നും... അത്ര പുച്ഛം ഞാന്‍ കണ്ടു അവരുടെ വാക്കുകളില്‍. ഒന്നോ രണ്ടോ അല്ല, എന്റെ ഹോം പേജ് നിറയെ. ഇന്റര്‍നെറ്റില്‍ പലരും പൊതു അഭിപ്രായത്തിന്റെ സ്വാധീനത്തില്‍, അതിന്റെ ഒരു ഓളത്തില്‍ പോകുന്നവരാണ്. പൊതു അഭിപ്രായത്തോട് തനിക്കുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുവാന്‍ നട്ടെല്ലില്ലാത്തവര്‍. ചില റിയാലിറ്റി ഷോകളെ പോലെ ഒരു ജഡ്ജ് പറയുന്നത് ‘അങ്ങനെ തന്നെ ആണ് എനിക്കും തോന്നിയത്’ എന്ന് പറഞ്ഞു കൈ കഴുകി രക്ഷപ്പെടുന്ന മറ്റു ചില ജഡ്ജ്മാര്‍. അതാണ്‌ നമുക്ക് മുന്നില്‍ തുറക്കുന്ന വിമര്‍ശനങ്ങളുടെ ഇന്റെര്‍നെറ്റ്. പക്ഷെ, ഞാന്‍ വായിച്ചതൊന്നും വിമര്‍ശനം ആയിരുന്നില്ല ഒരിക്കലും. മാന്യത കൈവിട്ട സംസാരങ്ങളില്‍ ‘ഞാനാണ് കേമന്‍’ എന്ന് കാട്ടാനുള്ള വ്യഗ്രത ആയിരുന്നു. പിന്നെ സിനിമാ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു തരം വിദ്യയും. ഒരു സിനിമ നല്ലതോ ചീത്തയോ എന്നത് ഒരാള്‍ തീരുമാനിക്കുന്ന കാര്യമല്ല എന്ന് എല്ലാവരും പലപ്പോഴും മറന്നു പോകുന്നു. പൊതുജനം എന്നത് ‘ഞാന്‍’ ആണ് എന്ന്, പറയാതെ പറയുന്ന കുറെ വമ്പന്‍ വിമര്‍ശകരും എഴുത്തുകാരുമുണ്ട് നമുക്ക് ചുറ്റും. അവര്‍ക്കിഷ്ടമുള്ള ആളുകളുടെ ചിത്രങ്ങള്‍ക്ക് പഞ്ച നക്ഷത്രവും, ഇഷ്ടമല്ലാത്തവരുടെ നല്ല ചിത്രങ്ങള്‍ക്ക് പോലും നാല് നക്ഷത്ര തെറികളും കൊടുത്ത് ഓരോ സിനിമയെയും ഭൂമിയുടെ മുകളില്‍ ചവിട്ടി നിന്ന് ഒരു ആഗോളതാരതമ്യം ചെയ്യുന്നവര്‍. ആ സിനിമയെ സ്വര്‍ഗത്തിലേക്കോ നരകത്തിലെക്കോ അയക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കുന്നവര്‍. ഓരോ സിനിമയും അത് കാണേണ്ട വിധത്തില്‍ കാണണമെന്ന ബാലപാഠം മാത്രം പഠിച്ചിട്ടില്ല അവര്‍ എന്ന് എനിക്ക് തോന്നാറുണ്ട്. ഈ ഇടെ സാള്‍ട്ട് ആന്‍ പെപ്പേര്‍ എന്ന ചിത്രം ഹിറ്റ്‌ ആവുന്നത് കണ്ട് ഗംഭീര അഭിപ്രായങ്ങള്‍ എല്ലാവരും എഴുതിയപ്പോള്‍ ചിലരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചു. പക്ഷെ അവരില്‍ മിക്കവരും മറ്റൊരു കാര്യം അംഗീകരിച്ചിരുന്നു- അതൊരു ചെറിയ ചിത്രമാണെന്നും, അത് കാണാന്‍ ഒരു ജോളി മൂഡ്‌ വേണം എന്നും. അത്തരമൊരു രീതിയില്‍ അത് കാണാത്തവര്‍ ആ സിനിമ ആസ്വദിക്കുന്നതില്‍ പരാജയപ്പെട്ടു, ഞാന്‍ അടക്കം. സിനിമയുടെതല്ലാത്ത ഇക്കാരണങ്ങള്‍ കൊണ്ട് അത് എനിക്കിഷ്ടപ്പെട്ടില്ലെന്നേ ഞാന്‍ എഴുതിയുള്ളൂ, ആ സിനിമ അതുകൊണ്ടൊരിക്കലും മോശം ആവുന്നില്ല. ആ സിനിമ ഇഷ്ടപ്പെട്ടവരുടെ താല്‍പര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതിനേക്കാള്‍ കൂടുതല്‍, സിനിമയെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നവരുടെ വായടച്ചതിനും സാള്‍ട്ട് ആന്‍ പെപ്പെറിനെ മനസ്സ് കൊണ്ട് ഞാന്‍ അഭിനന്ദിക്കുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പുത്തന്‍ പ്രതിഭാസത്തെ വിമര്‍ശിച്ചു വിമര്‍ശിച്ച് ബ്ലോക്ക്‌ ബസ്റ്റര്‍ ഹിറ്റ്‌ ആക്കിയത് ഇപ്പറഞ്ഞ വലിയ ബുജ്ജികള്‍ തന്നെയാണ്. സിനിമ തന്നെ കുടിക്കുകയും തിന്നുകയും കൂര്‍ക്കം വലിക്കുകയും ചെയ്യുന്ന അവര്‍ എത്ര എത്ര സ്റ്റാറ്റസുകള്‍ പണ്ഡിറ്റിനെതിരെ വിളംബിയിട്ടും പൊതുജനം ക്യൂ നിന്ന് ടിക്കെറ്റ്‌ എടുത്തു ആ സിനിമ കണ്ടു ഹിറ്റ്‌ ആക്കി എന്ന് പറയുമ്പോള്‍ തന്നെ അവര്‍ മനസിലാക്കണം അവര്‍ പൊതു ജനത്തെക്കാള്‍, സിനിമ എന്ന ഒരു ആകെ തുകയേക്കാള്‍, എത്രയോ ചെറുതാണെന്ന്. സിനിമ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഓരോരുത്തര്‍ക്കും തുല്യ അവകാശമുണ്ട്. പക്ഷെ അത് ‘ഇഷ്ടപ്പെട്ടില്ല’ എന്ന് പറഞ്ഞാലല്ലേ അത് സത്യമാവൂ? ഇഷ്ടപ്പെടാത്തതെല്ലാം മോശമെന്നും, തനിക്കിഷ്ടപെടാത്തത് ഇഷ്ടപ്പെടുന്നവര്‍ ബുദ്ധിയില്ലാത്ത കഴുതകള്‍ എന്നും ചിന്തിക്കുന്ന സംസ്കാരമാണ് ഇടയ്ക്കെങ്കിലും ഇന്റര്‍നെറ്റില്‍ കാണാറ്. അതിന്റെ ഒരു അതിര് കവിഞ്ഞ അങ്ങേ അറ്റം- അതാണ് ഞാന്‍ കഴിഞ്ഞ ദിവസം കണ്ടത്. രാ.വണ്‍ എന്ന ചിത്രത്തെ പലര്‍ക്കും ഇഷ്ടപ്പെടാന്‍ വഴിയില്ല. പക്ഷെ തിയെട്ടെരില്‍ ഞാന്‍ അടക്കം പ്രീമിയര്‍ ഷോയ്ക്കിരുന്നവര്‍ മിക്കവരും അത് ആസ്വദിച്ചു എന്ന് എനിക്കുറപ്പുണ്ട്. ആ ചിത്രം ചിലര്‍ പറഞ്ഞത് പോലെ ‘നാല് നക്ഷത്ര തെറികള്‍’ ഉപയോഗിച്ചുള്ള വിമര്‍ശനം ഏതായാലും അര്‍ഹിക്കുന്നില്ല. ഏഴാം അറിവ് ഞാന്‍ കണ്ടില്ലെങ്കിലും, അതിനെതിരെയും വാക്കുകള്‍ വല്ലാതെ അതിര് കടന്നു പോയി എന്ന് എനിക്ക് തോന്നി. ഒരാള്‍ക്കെങ്കിലും ഇഷ്ടമാവാതെ ഈ ലോകത്തെവിടെയും ഒരു ചിത്രം ഇറങ്ങില്ല എന്ന സത്യം ഈ പ്രശസ്ത എഴുത്തുകാര്‍ക്ക് അറിയില്ലേ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മാത്രവുമല്ല, അവരുടെ ആ ഫേസ് ബുക്ക്‌ സ്റ്റാറ്റസ് കൊണ്ട് ആ ചിത്രത്തേക്കാള്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത് അവരെക്കുറിച്ച് തന്നെയാണ്- അവരുടെ സംസ്കാരം, ചിന്ത, ഭാഷ, അഹന്ത- അത് അവര്‍ എനിക്ക് മുന്നില്‍ വ്യക്തമായി തുറന്നു കാട്ടി. എന്നെക്കാള്‍ മുന്‍പ് എന്റെ ഹോം പേജില്‍, ഈ ചിത്രങ്ങളെ കുറിച്ച് അഭിപ്രായങ്ങള്‍ അറിയാന്‍ കയറിയ എന്റെ സിനിമ സുഹൃത്ത്‌ എന്നോട് ചോദിച്ചത് “എന്റെ സിനിമയെ പറ്റിയും ആളുകള്‍ ഇങ്ങനെയൊക്കെ ആണോ പറയാറ്?” എന്നായിരുന്നു. അപ്പോള്‍ ആ ശബ്ദം വളരെ നേര്‍ത്തിരുന്നു. ഒരു ശോക ഭാവവും ഉണ്ടായി. തന്റേതല്ലാത്ത ഒരു സിനിമയെ കുറിച്ചും ആളുകള്‍ ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏതൊരു യഥാര്‍ത്ഥ സിനിമ പ്രവര്‍ത്തകനും ഒരു സിനിമാസ്നേഹിക്കും അതൊരു വേദന തന്നെയാണ് എന്ന് ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞു. എന്റെ ഫേസ് ബുക്ക്‌ സുഹൃത്തുക്കള്‍ എന്റെ മുന്നിലും എന്റെ ആ സുഹൃത്തിന്റെ മുന്നിലും ചെറുതാവുകയും എന്നെ വല്ലാതെ ചെറുതാക്കുകയും ചെയ്ത നിമിഷം ആയിരുന്നു അത്... ആ സിനിമകള്‍ ഉണ്ടായതിനു പിന്നിലെ വലിയ പ്രതിസന്ധികളെ കുറിച്ചും അവരുടെ അധ്വാനത്തെ കുറിച്ചും ഒരു കഥ പോലെ കേട്ടപ്പോള്‍ വലിയ വിധിയെഴുത്ത് നടത്തിയവരോട് സഹാതപിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ എനിക്ക്... സിനിമ എന്നത് ഒരാളുടെ സ്വപ്നത്തില്‍ നിന്ന് വിരിഞ്ഞ്, ചിന്തകളിലൂടെ സൃഷ്ടിക്കപ്പെട്ട്, പരിശ്രമത്തിലൂടെ വളര്‍ന്ന്, ഒരു വലിയ കൂട്ടായ്മയുടെ വിയര്‍പ്പിലൂടെ നമ്മുടെ മുന്നിലെ സ്ക്രീനിലേക്ക് ഇറ്റിറ്റു വീണുണ്ടായ ഒരു സംരംഭമാണ്. എന്തെങ്കിലും ഒരു കാരണമോ, ഒരു യുക്തിയോ, ഒരു കാര്യമോ ഇല്ലാതെ ഒരു സിനിമയും ഉണ്ടാവുന്നില്ല. സൂപ്പര്‍സ്റ്റാര്‍സ് എന്ന് വിളിക്കുന്നവര്‍ക്ക് പോലും ശമ്പളം കൊടുക്കുന്നത് ആ സിനിമയാണ്... അതിലൂടെ ഓരോ പ്രേക്ഷകനും ആണ്. എവിടെയെങ്കിലും ഒന്ന് പാളിപ്പോയാല്‍ അടുത്ത് നിന്ന് പരിഹസിക്കാതെ, ചവിട്ടി ഭൂമിയിലേക്ക്‌ താഴ്ത്താതെ, ഒരു സുഹൃത്തിനെ പോലെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് അവനു പാളിപ്പോയ ആ സ്ഥലം കാണിച്ചുക്കൊടുക്കുന്നവന്‍ ആണ് യഥാര്‍ത്ഥ സിനിമാ പ്രേക്ഷകന്‍. സിനിമ നമ്മുടെയും നമ്മള്‍ സിനിമയുടെയും ഭാഗമാകുന്നത് അപ്പോഴാണ്‌. അങ്ങനെ ചെയ്യാത്തവര്‍ ഒരിക്കലും സിനിമയുടെ സുഹൃത്താകുന്നില്ല എന്ന് വേണം പറയാന്‍. അത്തരമൊരു സുഹൃത്താകാതെ എന്തിനു വിമര്‍ശനം, എന്തിനു സ്നേഹം! "ഒരു സിനിമയുടെ ഭാഗമായ്‌ നില്‍ക്കുന്നത് അതിന്റെ നിര്‍മ്മാതാവും സംവിധായകനും മുതല്‍ അതിനായി ട്രോളി ഉന്തുന്ന യൂണിറ്റ് ബോയ്‌ വരെ ആണ്. അവരുടെ പ്രാര്‍ഥനയാണ് ആ സിനിമ, അതിനായ്‌ സന്തോഷിക്കുകയും സങ്കടപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നവര്‍. പക്ഷെ ഒരു വെള്ളിയാഴ്ച ആ സിനിമ ഇറങ്ങുമ്പോള്‍ അതിനു പുറകില്‍ എന്തൊക്കെ സംഭവിച്ചു എന്നതും, അവര്‍ കൊണ്ട മഴകളും അവര്‍ ഏറ്റ വെയിലുകളും എല്ലാം... എല്ലാം മായും. പിന്നെ ഉള്ളത് ആ സിനിമയാണ്... ആ സിനിമ മാത്രം..." എന്ന് ഒരു അഭിനേതാവ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഒരു സിനിമയ്ക്കു പിന്നിലുള്ള ഒരു വലിയ അധ്വാനത്തെ പുച്ഛിക്കുന്നവര്‍ക്കായി ഞാന്‍ അത് ഇവിടെ വീണ്ടും എഴുതുന്നു. സംസ്കാരത്തെ കുറിച്ചുള്ള ഒരു ക്ലാസ്സ്‌ ഒന്നും അല്ല ഇത്. അത് പറയാന്‍ എനിക്ക് അര്‍ഹതയും ഇല്ല. പക്ഷെ അറിയിക്കുകയാണ്, പരിചയമില്ലാത്ത മറ്റൊരാളെ കുറിച്ചാണെങ്കിലും വിധി പറയും പോലെ ഉള്ള മോശം വാക്കുകള്‍ എങ്ങനെ ഒരാളെ കുത്തിക്കീറുന്നു എന്ന്. അത് പറയുന്നവരെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അവരെ വായിക്കുന്നവരുടെ മനസ്സില്‍ എങ്ങനെ കയറുന്നു എന്ന്. ദയവായ്‌ ‘അഭിപ്രായപ്പെടുക’. വിധിയെഴുതരുത്. ഒരു അവസാന വിധി എന്നത് നമ്മള്‍ വെറും അണുക്കളായി നില്‍ക്കുന്ന പൊതു സമൂഹത്തിനു വിട്ടു കൊടുക്കുക. ഒരു അപേക്ഷയാണ്... സ്വയം വളരുക, സംസ്കാരത്തെ വളരുവാന്‍ അനുവദിക്കുക. കടപ്പാട്- എന്റെ ഫേസ് ബുക്ക്‌ സുഹൃത്തുക്കള്‍ക്ക്...