Jyothy Sreedhar

SSLC പഠനത്തിന്റെ പ്രയോജനങ്ങള്‍

SSLC പരീക്ഷയുടെ ഫലം പുറത്തു വന്നു. ഫോണ്‍ വിളികള്‍ക്കിടയില്‍ നെടുവീര്‍പ്പുകളും കുറ്റപ്പെടുത്തലുകളും ആശ്വാസവാക്കുകളും മൈലുകള്‍ കടക്കുന്നു.  താരതമ്യങ്ങള്‍ക്കുള്ള താല്‍പര്യത്തില്‍ പലരും എന്നോട് മാര്‍ക്ക്‌ ചോദിക്കുന്നു. എന്ടെ ഉള്ളില്‍ പരിഹാസം- SSLC പരീക്ഷയാണോ ജീവിതത്തിന്റെ അവസാന വാക്ക്! എന്റെ ജീവിതത്തില്‍ സ്കൂള്‍ തലത്തില്‍ വന്നുപോയ പരീക്ഷാ വിഷയങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം‍...
ഇംഗ്ലീഷ്/ മലയാളം:-
ഭാവനയുടെ ചിറകു വിടര്‍ത്തി വാക്കുകളില്‍‍ അള്ളിപ്പിടിച്ച് ഈ ലോകം ഒരു നിമിഷം കൊണ്ട് കറങ്ങി തീരുമ്പോള്‍ വിശ്വവിജയിയുടെ ഹുംകാരം നമ്മളില്‍ ഉയരും. കാലവും സമയവും ദേശവും വിധിയും നമ്മുടെ വാക്കുകളില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നും. ശുദ്ധ ഭോഷ്ക്കത്തരം. ഒരു കണ്‍ചിമ്മലില്‍  ഒതുങ്ങുന്ന മായയായ ജീവിതത്തെ, വ്യാജമായ ഈ ലോകത്തെ, ഇത്തരം കള്ളത്തരങ്ങളിലൂടെയെ അറിയാനും പഠിക്കാനും പ്രകടിപ്പിക്കുവാനും കഴിയൂ. കവിതകള്‍ കുറിച്ച കടലാസ് തുണ്ടില്‍ ഒതുങ്ങും നമ്മുടെ ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങള്‍ എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം... ആസ്വാദ്യകരമായ ഒരു വെറും മണ്ടത്തരം. പത്താം ക്ലാസ്സിലെ മലയാളം ടീച്ചര്‍ ആയ മേഴ്സി ടീച്ചര്‍ ആന്‍സര്‍ പേപ്പര്‍ തരുന്നതിനിടയില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ചു എന്നെ കളിയാക്കിയിരുന്നു (എനിക്ക് പക്ഷെ അത് അഭിനന്ദനം ആയിരുന്നു) - 'തേനില്‍ ചാലിച്ച വാക്കുകള്‍, നല്ല ഭംഗിയുള്ള കയ്യക്ഷരം, പക്ഷെ ഉള്ളില്‍ ശൂന്യത' എന്ന്. ശൂന്യതയെ ഇത്ര ഭംഗിയായി പ്രകടിപ്പിക്കുവാന്‍ എനിക്ക് കഴിയുമെന്ന് ആ ടീച്ചര്‍ തുറന്നു സമ്മതിച്ചു എന്നതാണ് എന്ടെ വീക്ഷണം. ഇന്നും ഞാന്‍ അത് തുടരുന്നു. ശൂന്യതയെ കവിതകള്‍ ആക്കുന്നു. കയ്യടി നേടുന്നു. മേഴ്സി ടീച്ചര്‍ എന്ടെ ശരിയായ ഗുരുവാകുന്നത് അങ്ങനെയാണ്.
ഹിന്ദി:-
ഗ്രാമര്‍ ആയിരുന്നു പ്രശ്നം. ഭാഷയുടെ ഭാവനകളില്‍ താളബോധത്തോടെ ഹ യുടെ വിവിധ ഭാവങ്ങളെ കൊരിയിടുമായിരുന്നു ഞാന്‍. ചില ഉത്തരങ്ങള്‍ പൂര്‍ണ്ണമായും ശരിയാവുമ്പോള്‍ ലോട്ടറിയുടെ എല്ലാ അക്കങ്ങളും ശരിയായി 'അടിച്ചു മോനെ....' എന്ന് പറയുന്ന പ്രതീതി. കൂടെ ഒരല്‍പം കാണാപാഠവും. ഹിന്ദി എന്ന് കേള്‍ക്കുമ്പോള്‍ ലത ടീച്ചറിന്റെ ശകാരങ്ങളും ടീചെരിനു കപ്പലണ്ടി പൊതിയുവാനായി ഞാനെഴുതിയ എണ്ണമറ്റ ഇമ്പോസിഷനുകളും ഓര്‍മയില്‍ തെളിയും. കാലം എത്ര മാറി! ഇന്ന് എനിക്ക് ഹിന്ദി നന്നായി മനസിലാവും...കുറച്ചൊക്കെ സംസാരിക്കാന്‍ പറ്റും...ഹിന്ദി ചിത്രങ്ങള്‍ കാണും...ജീവിതത്തില്‍ ഹിന്ദി പ്രയോജനപ്പെട്ടുവെന്നു എനിക്ക് തോന്നുന്നത് ഷാരൂഖ് ഖാന്റെ യും മറ്റും ചിത്രങ്ങള്‍ കാണുമ്പോഴാണ്...
ഫിസിക്സ്:-
നമ്മളൊന്നും പൊളിടെക്നിക്ഇല്‍ പഠിച്ചിട്ടില്ലാത്തത് കൊണ്ട് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒന്നും നമുക്ക് അറിയാന്‍ മേല എന്നാണു ആദ്യം എഴുതാന്‍ തോന്നുക. വിശാലമായ, യാന്ത്രികമായ ഫിസിക്സ് ലാബിലേക്ക് കയറുമ്പോള്‍ ഒരു ശൂന്യാകാശ പേടകത്തിലേക്ക് കയറുന്ന പ്രതീതിയാണ് എനിക്ക്. അതില്‍ എണ്ണമറ്റ സ്ക്രൂകളും നട്ടുകളും ഒക്കെ അങ്ങനെ ഒരു അന്തവും കുന്തവും ഇല്ലാതെ ഓരോ ചില്ലയില്‍ തൂങ്ങികിടക്കും. ആ യന്ത്രങ്ങളുടെ പേര് പോലും എനിക്കിപ്പോള്‍ ഓര്‍മയില്ല.  ഫിസിക്സില്‍ ഞാന്‍ സ്റ്റെടി ആയിരുന്നു. എപ്പോഴും അന്‍പതില്‍ 35 മാര്‍ക്ക്‌. വെറുത്തിട്ടില്ലെന്കിലും ഞാന്‍ ഇഷ്ടപെട്ടിട്ടില്ല ഫിസിക്സിനെ ഒരിക്കലും...
കെമിസ്ട്രി:-
ഈ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് സ്കൂളില്‍ എന്നെ പഠിപിച്ച സെലീന ടീച്ചറെ ഓര്മ വരും. എന്നും വന്നു ആദ്യം  ചോദ്യം ചോദിക്കും. എന്താണെന്നറിയില്ല. ആ ടീച്ചറെ എനിക്ക് വലിയ പേടിയായിരുന്നു. രാത്രി ഇമ്പോസിഷെന്‍ എഴുതുമ്പോള്‍ കൈ വല്ലാതെ കഴക്കുമല്ലോ. അതുകൊണ്ട് ആ സമയം ഇരുന്ന് അത്യാവശ്യം ഇക്വേഷന്‍സ് ഒക്കെ കാണാതെ പഠിക്കുന്നതല്ലേ ഭേദം! അങ്ങനെ പഠിച്ചു പഠിച്ചു കെമിസ്ട്രി എനിക്ക് വല്യ കുഴപ്പം ഇല്ലാത്ത ഒരു സബ്ജെച്റ്റ് ആയി. എനിക്കിപ്പോഴും ഓര്മ ഉള്ളത് ബ്രൌണ്‍ റിംഗ് ടെസ്റ്റ്‌ ആണ്... എന്തൊക്കെയോ തമ്മില്‍ ചേര്‍ത്ത് ടെസ്റ്റ്‌ ടുബില്‍ ഒഴിക്കുമ്പോള്‍ അതിന്റെ അടിയില്‍ ഒരു ബ്രൌണ്‍ റിംഗ് പ്രത്യക്ഷപ്പെടുന്നത് കാണാന്‍ എനികിഷ്ടമായിരുന്നു. കെമിസ്ട്രിയിലും ഒരു കലാകാരിയുടെ മനസ്സാണ് ഞാന്‍ പലപ്പോഴും ഇക്വേഷന്‍സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുക. പലപ്പോഴും ഞാന്‍ ഓര്‍ക്കും അല്പം ഹൈട്രജെനും  ഒക്സിജെനും തമ്മില്‍ ചേര്‍ത്ത് ഈ ശാസ്ത്രജ്ഞന്മാര്‍ക്കൊക്കെ വെള്ളം ധാരാളം ഉണ്ടാക്കികൂടെ എന്ന്... അങ്ങനെ ഒന്നും ഉപയോഗിക്കാന്‍ അല്ലെങ്കില്‍ പിന്നെ ഞാനും കെമിസ്ട്രിയും തമ്മില്‍ എന്തിനു കെമിസ്ട്രി!
ബയോളജി:-
അമീബയുടെ പടം വരക്കാന്‍ ആയിരുന്നു എനിക്കിഷ്ടം. അതാവുമ്പോ കോശങ്ങളും കോശങ്ങള്‍ക്ക് ഉള്ളിലെ സംഭവ വികാസങ്ങളും ഒന്നും പ്രശ്നം അല്ല... ജയ ടീച്ചര്‍ ഇമ്പോസിഷന്‍ എഴുതിക്കില്ല. പകരം പിറ്റേ ദിവസം സ്റ്റാഫ്‌ റൂമില്‍ ചെന്ന് പറഞ്ഞ് കേള്‍പ്പിക്കണം എല്ലാ ഉത്തരങ്ങളും. അവിടെ എല്ലാ ടീച്ചര്‍മാരും തുറിച്ചു നോക്കും നമ്മള്‍ എന്തോ മോഷ്ടിച്ച പോലെ... ഉത്തരം പറഞ്ഞ് കേള്‍പിച്ചു കഴിയും വരെ ആ നോട്ടങ്ങളില്‍ വെന്തുരുകി നില്‍ക്കുന്നതോര്‍ക്കുമ്പോള്‍ പഠിക്കുകയാ ഭേദം! ഒരു പക്ഷെ അത്ര മാത്രമേ ജയ ടീച്ചറും ഉദ്ദേശിച്ചിട്ടുണ്ടാവൂ. ബയോളജി എന്നാല്‍ എനിക്ക് ജയ ടീച്ചര്‍ ആണ്... ജയ ടീച്ചര്‍ മാത്രം.
മാത്തമാടിക്സ്:-
അതെനിക്കൊരു അദ്ഭുതം ആണ്. ഹൈ സ്കൂളിലേക്ക് കയറുമ്പോള്‍ മാത്സില്‍ ഞാന്‍ വളരെ പുറകിലായിരുന്നു. എന്ടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട 'കര്‍ത്താവ്‌' എന്ന ട്യുഷന്‍ സര്‍ എന്നെ 'ഭൂമിയുടെ സ്പന്ദനം' മുഴുവന്‍ പഠിപിച്ചു തരാനുള്ള ക്ഷമയോടെ ആണ് വന്നത്. എവിടെ നിന്നു അദ്ദേഹം തുടങ്ങി എന്നറിയില്ല. എന്ടെ ഒപ്പം ഉള്ളവരെ പോലും, എന്തിനു, എന്നെ പോലും അമ്പരപ്പിച്ചു കൊണ്ട് അന്‍പതില്‍ അന്‍പതോ അല്ലെങ്കില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ മാര്‍ക്ക്‌ കുറവോ ഞാന്‍ മേടിച്ചു കൊണ്ടിരുന്നു... എന്ടെ കണക്കുകൂട്ടലുകള്‍ ഒക്കെ എനിക്ക് എളുപ്പം ആയി തുടങ്ങി. ഒന്നും തെറ്റിയില്ല. അതൊരു ഹരമായ് അങ്ങനെ വന്നു നല്ല മാര്‍ക്ക്‌ മേടിച്ചു ഞാന്‍ പാസ്‌ ആയി. വീണ്ടും പ്രീ ഡിഗ്രി ക്ക് മാത്സ് വന്നപ്പോള്‍ അതില്‍ എന്തൊക്കെയോ കൂടുതലും എന്ടെ കര്‍ത്താവ്‌ സാറിന്റെ അഭാവവും ഉണ്ടായിരുന്നു. ആ തുലനം വളരെ ഭീകരം ആയിരുന്നു. അങ്ങനെ മാത്സ്നെ ഞാന്‍ ഉപേക്ഷിച്ചു...എന്നെന്നേക്കുമായ്...
പ്രിയപ്പെട്ട കുട്ടികളെ, നിങ്ങള്‍ ഈ പഠിച്ചു കൂട്ടുന്നതൊക്കെ പിന്നീട് ദാ ഇത് പോലെ ഒരു ലേഖനം എഴുതുവാനുള്ള വെറും 'വിഷയങ്ങള്‍' ആയി മാറും. പഠിച്ചതിനേക്കാള്‍ പഠനം എന്ന പ്രക്രിയ കൂടുതല്‍ വിലയേറിയ ഒരു അനുഭവം ആവും. അതുകൊണ്ട് നിങ്ങള്‍ പഠിക്കുക... മാര്‍ക്ക്‌ കിട്ടുമ്പോള്‍‍ സന്തോഷിക്കുക... കിട്ടാതാവുമ്പോള്‍ കരയുക... എല്ലാം ഓര്‍മിച്ചു വക്കുക... തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ 'ജീവിച്ചിരുന്നു' എന്ന് സ്വയം ഉറപ്പിച്ച് പറയുവാന്‍...