ഞെട്ടിയോ? ഞാനും ഒന്ന്‍ ഞെട്ടി, ആ ഔദ്യോഗിക അറിയിപ്പ് കയ്യില്‍ കിട്ടിയപ്പോള്‍. നേരെ ചൊവ്വേ പോയി വോട്ടു ചെയ്യാന്‍ പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യാത്ത എന്നെ ഒരു പോളിംഗ് ബൂത്തിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ ആയി നിയമിച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ അസിസ്റ്റന്റ്റ് പ്രൊഫസര്‍ ആയി ജോലി നോക്കുന്ന വാഴൂര്‍ എന്‍എസ്എസ് കോളേജിലെ മിക്ക അധ്യാപകര്‍ക്കും ഈ ‘പണി’ കിട്ടി. കിട്ടാത്തവര്‍ കിട്ടിയവരെ നോക്കി ഒന്ന്‍ അഹങ്കരിച്ച് ചിരിക്കുകയും ചെയ്തു. പക്ഷെ, അഹങ്കരിച്ച് അഹങ്കരിച്ച് ബോറടിച്ച നിമിഷം കോളേജില്‍ ഒരു ജീപ്പ് വന്നു നിന്ന്‍, അവരെയൊക്കെ എടുത്തോണ്ട് പോയി. അപ്പൊ തന്നെ അവാര്‍ഡും കൊടുത്തു- “യു ആര്‍ അപ്പോയന്റട് ആസ് പ്രിസൈഡിംഗ് ഓഫീസേഴ്സ്, ഡാര്‍ലിംഗ്സ് എന്ന മട്ടില്‍ അവര്‍ക്കും കൊടുത്തു ഇതേ ഓര്‍ഡര്‍. ഒരു കോളേജ് മൊത്തം കോട്ടയത്തെ വിവിധ പോളിംഗ് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസേഴ്സ്!
ആദ്യത്തെ ആശങ്ക, അങ്കലാപ്പ്, ടെന്‍ഷന്‍, അന്ധാളിപ്പ്, ഭയം എന്നിങ്ങനെ വിവിധ രസങ്ങള്‍ വാരിയിട്ടതിനു ശേഷം ഞങ്ങള്‍ കാര്യത്തിന്‍റെ ഗൌരവത്തിലെക്ക് ഒന്നായി കടന്നു. ജമ്മുവിലെ ഒരു പട്ടാളക്കാരന്‍ ഏതു വെടിയുണ്ടയെയും നേരിടാന്‍ നെഞ്ചും വിരിച്ച് ചെല്ലുന്ന ആ ഒരു മുഖഭാവം എടുത്ത് ഞങ്ങള്‍ അതതു മുഖങ്ങളില്‍ വാരിയണിഞ്ഞു. ഇലക്ഷന്‍ ട്രെയിനിംഗ് ക്ലാസ് ആയിരുന്നു ആദ്യപടി. കോട്ടയം കൊടുങ്ങൂരിലെ ആ സെന്‍ററില്‍ ഞങ്ങളുടെ കോളേജ് ഒരു വന്‍ പടപോലെ എത്തി. അവിടെ എവിടെ നോക്കിയാലും വാഴൂര്‍ കോളേജിലെ പകച്ചു പോയ പ്രിസൈഡിംഗ് ബാല്യങ്ങള്‍ മാത്രം. ഞങ്ങള്‍ വിട്ടില്ല. കൊണ്ട് വന്ന നൂറും ഇരുന്നൂറും പേജുള്ള ബുക്കുകളും മഷി നിറച്ച രണ്ടു പേനകളും കൊണ്ട് എല്ലാരും ഇരുന്നു, കണ്ണും കാതും കൂര്‍പ്പിച്ച്. ക്ലാസ് എടുത്ത ഉദ്യോഗസ്ഥന്‍റെ ചുറ്റുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവനും. അയാല്‍ വെറുതെ ഒന്ന് വലത്തോട്ടു നോക്കിയാല്‍ സ്പോട്ടില്‍ എല്ലാവരും വലത്തോട്ടു നോക്കുന്ന അത്രയും ശ്രദ്ധ! ക്ലാസില്‍ നിന്ന്‍ ഏതാണ്ടൊക്കെ പഠിച്ചും, കുത്തിക്കുറിച്ചും, ലെക്ചര്‍ നോട്സുമായി ഞങ്ങള്‍ ആ സമയം അത്രയും ഇരുന്നു. അതിനിടയില്‍ തന്നെ, അവിടെ വന്ന ഫസ്റ്റ് പോളിംഗ് ഒഫീസറിനെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു, ചിലര്‍ തിരിച്ചും. ചിലര്‍ കൊച്ചു പെണ്‍കുട്ടികളായ പ്രിസൈഡിംഗ് ഓഫീസര്‍മാരെ കണ്ട് തിരിച്ചു പകച്ചു. ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല. വല്യ ‘സംഭാവങ്ങ’ളാണെന്ന മട്ടില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്ന്. അങ്ങോട്ടും ഇങ്ങോട്ടും ഫോണ നമ്പറുകള്‍ കൈമാറി. അതുകിട്ടുമ്പോഴുള്ള ഞങ്ങളുടെ ആശ്വാസം ഞങ്ങള്ക്കല്ലെ അറിയുള്ളൂ!
അടുത്ത പടി ഹോംവര്‍ക്ക് ആയിരുന്നു. ഡിപാര്‍ട്ട്മെന്റുകള്‍ക്കുള്ളില്‍ സദാ സമയം ഇലക്ഷന്‍ ചര്‍ച്ച. പഠനത്തോട് പഠനം. മനസ്സില്‍ സങ്കല്പ്പിച്ച ഇവിഎം മെഷീനുകളില്‍ ബട്ടന്‍ തലങ്ങും വിലങ്ങും അമര്‍ത്തി ഉജ്ജ്വലമായി ഞങ്ങള്‍ ബൈഹാര്‍ട്ട് ചെയ്തു. കൂടെ ഒരു പത്തു മുപ്പതു ഫോമുകളും മനസ്സില്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു. ഇടയില്‍ രണ്ട് ഇലക്ഷന്‍ ക്ലാസുകള്‍ ഞങ്ങളുടെ മാത്സ് എച്ച്ഓഡി ആയ ജയരാജ് സാര്‍ എന്ന ഇലക്ഷന്‍ പുലിയുടെ വക ഉണ്ടായിരുന്നു. ഒരുപാട് ഇലക്ഷനുകളില്‍ പോയി തികഞ്ഞ അനുഭവജ്ഞാനവുമായി സാറിന്‍റെ ക്ലാസുകള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം ദാനം ചെയ്യുന്നവയായിരുന്നു. വല്യ സംഭവങ്ങള്‍ ആണെന്ന് വിചാരിച്ച പലതിന്റെയും നിസ്സാരതയെ കുറിച്ചും സാര്‍ സംസാരിച്ചു. അങ്ങനെ ഇലക്ഷന്‍ തിയറി പഠനം നടത്തി, റിവിഷനും കഴിഞ്ഞ് ആ ദിനത്തിലേക്ക് ഞങ്ങള്‍ എത്തി നിന്നു.
നവംബര്‍ നാല്. രാവിലെ പത്തുമണിയ്ക്ക് പൊന്‍കുന്നത്തെ കളക്ഷന്‍ സെന്ററില്‍ ഞങ്ങള്‍ എല്ലാവരും എത്തി. തമ്മില്‍ പുഞ്ചിരിച്ചും കൈ കൊടുത്തും നിന്നുവെങ്കിലും എല്ലാവരുടെ മുഖത്തും ആശങ്കകള്‍ പ്രകടമായിരുന്നു. പോളിംഗ് ടീമിനെ മൊത്തം ഒരുമിപ്പിച്ച് ഓരോ പ്രിസൈഡിംഗ് ഓഫീസര്‍മാരും സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ കൌണ്ടറുകളിലേക്ക് ചെന്നു. പെട്ടികളും ബിഗ് ഷോപ്പറുകളുമായി പോളിംഗ് ടീം കിട്ടിയ ഇടങ്ങളില്‍ ഇരിപ്പുറപ്പിച്ചു. വലിയ പോസ്റ്ററുകള്‍ പോലെയുള്ള ഫോമുകളുടെ മുകളിലേക്ക് സാധനങ്ങള്‍ കുടഞ്ഞിട്ടു. ഓരോന്നായി എണ്ണലും തുടങ്ങി. അതെല്ലാം ഒതുക്കി വീണ്ടും കൌണ്ടറുകളില്‍ ചെന്ന്‍ ഇവിഎം മെഷീനുമായി മരത്തണലുകളില്‍ ബീപ്പ് അടി തുടങ്ങി. എല്ലാം പരിശോധിച്ച്, തമ്മില്‍ ഒരു ഓള്‍ ദ ബെസ്റ്റ് ചങ്കിടിപ്പോടെ പറഞ്ഞ്, അതത് വാഹനങ്ങളിലേക്ക് എല്ലാവരും കയറി. എന്‍റെ ബൂത്ത് കറുകച്ചാല്‍ എന്നാ സ്ഥലത്തെ ഒന്നായിരുന്നു. കറുകച്ചാലിലെ ബൂത്തുകളിലെക്കുള്ള എല്ലാവരും കൂടി ഒരു ഇലക്ഷന്‍ സ്പെഷ്യല്‍ ബസ്സില്‍ ആണ് കയറിയത്. വഴിയില്‍ ഓരോരോത്തരായി അവരവരുടെ ബൂത്തുകളിലേക്ക് മെഷീനുകളും ഫോമുകളും കവറുകളും കാര്‍ഡ്ബോര്‍ഡ്കളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ഇറങ്ങി. അവര്‍ ബൂത്തുകളിലേക്ക് നടക്കുന്നത് കണ്ടു പ്രാര്‍ഥനയും ടെന്‍ഷനും ആയി മറ്റുള്ളവര്‍ ബസ്സിലും ഇരുന്നു. ഒടുക്കം ഞങ്ങളുടെ ഊഴമെത്തി. കറുകച്ചാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹോള്‍!
ഞാന്‍, എന്റെ മൂന്നു പോളിംഗ് ഓഫീസേഴ്സ്, ഞങ്ങളുടെ പോലീസുകാരന്‍ എന്നിവര്‍ അടങ്ങുന്ന ടീം അവിടെയ്ക്ക് നടന്നു. റൂട്ട് ഓഫീസര്‍ ശ്രീകുമാര്‍ ആ ഹോളിന്റെ ഷട്ടര്‍ തുറന്നു. ഒരു വലിയ ഹോള്‍. മനസ്സില്‍ പ്രാര്‍ത്ഥനയോടെ വലതുകാല്‍ വച്ച് കയറി. സ്ഥലം ഒക്കെ ഒന്ന് നോക്കി. ഇനി ഇലക്ഷന്‍ കഴിഞ്ഞിട്ടേ തിരികെ പോകുള്ളൂ എന്നതിനാല്‍ താമസം എങ്ങനെയാകും എന്നൊന്ന് കണ്ണ് കൊണ്ട് ശ്രദ്ധിച്ചു. ഒരു പൈപ്പ് പോലുമില്ലാത്ത ഒരു ടോയിലറ്റ് നേരിട്ട് കണ്ടത് അന്നായിരുന്നു. നടക്കും വഴിയൊക്കെ ടാര്‍ വീപ്പകള്‍. എന്തും നേരിടാന്‍ നിശ്ചയിച്ചുറപ്പിച്ച മനസ്സ് ഒരു ടോയിലറ്റില്‍ ഒന്നും വിറയ്ക്കില്ലായിരുന്നു. ആത്മവിശ്വാസത്തിന്‍റെ കൊടുമുടി!
എന്‍റെ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ആയ സുരേഷ് കുമാര്‍ എന്നാ യുഡിക്ലാര്‍ക്ക് ഒരു കിടിലന്‍ മനുഷ്യന്‍ ആയിരുന്നു. ഇതൊക്കെ എന്ത് എന്നാ മട്ടില്‍ എത്രയോ ഇലക്ഷന് പോയ എക്സ്പീരിയന്‍സുമായി എനിക്ക് അനാവശ്യ ധൈര്യം തന്നു വഷളാക്കി എന്ന് വേണം പറയാന്‍. സത്യത്തില്‍ സുരേഷ് സാറിനെ അടുത്തിരുന്നു ശ്രദ്ധിച്ചും പറയുന്നത് ചെയ്തും തന്നെ എന്റെ പേടി ഒക്കെ മാറിക്കൊണ്ടിരുന്നു. മറ്റു രണ്ടു പോളിംഗ് ഓഫീസര്‍മാരായ ആണ് ടീച്ചറും ലത ടീച്ചറും എന്തും ചെയ്യാന്‍ മടിയില്ലാതെ ജോലികള്‍ ചെയ്തു കൊണ്ടിരുന്നു. മാറിയിരുന്ന പോലീസുകാരനായ ബിജുവിനെ കൂടി അടുത്തേയ്ക്ക് വിളിച്ച് ‘പൌലോസ്’ എന്ന അപരനാമാവുമിട്ട് ഞങ്ങള്‍ കൂടെ കൂട്ടി. മോശം പറയരുതല്ലോ, അപ്പോഴേയ്ക്കും മഴയും ഇടിയും തുടങ്ങി. കറന്റ് ഇലക്ഷന്‍ കമ്മീഷന്റേത് അല്ലാത്തതുകൊണ്ട് അത് കൂടെക്കൂടെ പോയും ഇടയ്ക്ക് മാത്രം വന്നുമിരുന്നു. സുരേഷ് സാറിന്‍റെ അനുഭവ ജ്ഞാനം കൊണ്ട് അദ്ദേഹം ഒരു ഹെഡ് ലൈറ്റ് കൊണ്ടുവന്നിരുന്നു. അത് തെളിച്ച്, തലയില്‍ ബെല്‍റ്റ് കെട്ടി പുല്ലു പോലെ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. അപ്പോഴെയ്ക്ക് പോളിംഗ് ഏജന്റുമാര്‍ എത്തി തുടങ്ങി. സൌകര്യങ്ങളെ കുറിച്ച് സത്യസന്ധമായി അവര്‍ ചോദിച്ചും, നടന്നും, പരിസരം നിരീക്ഷിച്ചും അന്വേഷിച്ചു. ഒരു വാഷ് ബേസിനോ പൈപ്പോ ഇല്ലാത്തതിനെ കുറിച്ച് പറഞ്ഞപ്പോള്‍, രണ്ടു വലിയ കന്നാസില്‍ വെള്ളം കൊണ്ട് വന്നു വച്ചു. അപ്പോഴേയ്ക്കും മഴ കൊണ്ട് ടാര്‍ വീപ്പകളും നിറഞ്ഞു. അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ ഞങ്ങള്‍ അന്ന് രാത്രി തന്നെ ചെയ്തു തീര്‍ത്തു. അപ്പോഴേയ്ക്കും ഭക്ഷണം വന്നു. ബീഫ് ഉണ്ടായിരുന്നില്ല. പൊറോട്ടയും ചിക്കന്‍ ഫ്രൈയും ആയിരുന്നു. ഒരു ബോക്സ് മിനറല്‍ വാട്ടര്‍ കുപ്പികളും ഞങ്ങള്‍ക്ക് മുന്നില്‍ നിരന്നു.
ഇടയില്‍ മറ്റു ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരായ എന്‍റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എന്നെ വിളിക്കുകയും, സുരേഷ് സാറിനു ഞാന്‍ ഫോണ്‍ കൊടുക്കുകയും സാര്‍ പുല്ലു പോലെ എല്ലാ സംശയങ്ങള്‍ക്കും മറുപടി കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഫോണ്‍-ഇന്‍-കസ്റ്റമര്‍ കെയര്‍ സെന്‍റര്‍ ഞങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. എത്രയോ ബൂത്തുകളിലെ കാര്യം ഏകോപിപ്പിച്ച് സുരേഷ് സാര്‍ എല്ലാവര്ക്കും ഒരു താരമായിക്കൊണ്ടിരുന്നു. സാറിന്‍റെ ഭാര്യയായ ദീപ ടീച്ചര്‍ മണിമലയിലെ ഒരു ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ ആയിരുന്നതുകൊണ്ട്, അവിടുത്തെ കാര്യങ്ങളും സാര്‍ ഫോണിലൂടെ നോക്കിക്കൊണ്ടിരുന്നു. അങ്ങനെ എത്രയോ ഫോണ്‍ കോളുകള്‍ ക്ഷമയോടെ സാര്‍ ക്രമീകരിക്കുന്നതും, സാറിനു വ്യക്തിപരമായി അടുപ്പമില്ലാത്ത എന്റെ സുഹൃത്തുക്കളെ പോലും തിരിച്ച് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നതും ഒക്കെ കണ്ട് എന്റെ മനസ്സ് നിറഞ്ഞു കൊണ്ടിരുന്നു. മറ്റൊരു വശത്ത് ഞങ്ങളുടെ ജയരാജ് സാറും ചെയ്തുകൊണ്ടിരുന്നത് ഇത് തന്നെ എന്ന് പലരും പറഞ്ഞറിഞ്ഞു.
അന്ന് ചെയ്യേണ്ട ജോലികള്‍ എല്ലാം തീര്‍ന്നു. ടോയിലറ്റ് സൌകര്യം അത്രയും ഇല്ലാത്തതോടെ വിഷമിച്ച പോളിംഗ് ഓഫീസര്‍ ടീച്ചര്‍മാരുടെ ഭര്‍ത്താക്കന്മാര്‍ അപ്പോഴേയ്ക്കും എത്തി, അവരെ കൊണ്ടുപോകാന്‍ കാത്തു നിന്നു. നിവൃത്തിയില്ലാതെ അവരെ ഞാന്‍ വിട്ടു. കുറച്ചു കഴിഞ്ഞ് ദീപ ടീച്ചറിന്റെ ബൂത്തില്‍ എന്തെങ്കിലും നടക്കാന്‍ ഉള്ള ലക്ഷണം കാണാഞ്ഞ് സുരേഷ് സാര്‍ അവിടെ വരെ ഒന്ന് പോയി വന്നോട്ടെ എന്ന് എന്നോട് ചോദിച്ചു. അവിടുത്തെ ടെന്‍ഷന്‍ എനിക്ക് മനസ്സിലാകും എന്നതുകൊണ്ട് ഞാന്‍ അദ്ദേഹത്തെയും വിട്ടു. ആ വലിയ ഹോളില്‍ ഞാനും പോലീസുകാരനും മാത്രം. പൊറോട്ടയും ചിക്കന്‍ ഫ്രൈയും മുന്നില്‍ വച്ച് ഞാന്‍ താടിയ്ക്കും കൈ കൊടുത്തിരുന്നു. കഴിക്കുന്നതിനെ കുറിച്ചായിരുന്നില്ല ടെന്‍ഷന്‍. കഴിച്ചത് എങ്ങനെ പുറത്ത് കളയും എന്നതായിരുന്നു ചിന്ത. ടോയിലറ്റ് എനിക്ക് വളരെ പ്രധാനമായ ഒന്നാണ്. അത് ശരിയെങ്കില്‍, ഒരു കോണില്‍ കിടക്കേണ്ടി വന്നാലും, എനിക്ക് എവിടെ താമസിക്കാനും ബുദ്ധിമുട്ട് തോന്നില്ല. പക്ഷെ ഇവിടെ മറ്റൊരു ഉപായം ഇല്ല. എന്തും വരട്ടെ എന്ന് വിചാരിച്ച്, “ഞങ്ങളുടെ നാട്ടില്‍ വരുമ്പോള്‍ നല്ലത് തരണ്ടേ” എന്ന് സ്നേഹത്തോടെ ചോദിച്ച പോളിംഗ് ഏജന്റിനെ മനസ്സിലോര്‍ത്ത് ഭക്ഷണം കഴിച്ചു.
മഴ കലശലായി. ഇടിവെട്ടും മിന്നലും ഒക്കെ കൂടിക്കൊണ്ടിരുന്നു. പോളിംഗ് എജന്റ്റ് അപ്പോഴേയ്ക്കും പായ കൊണ്ടുവന്നു. ഒരു പതിനൊന്നു മണിയോടെ കിടക്കാന്‍ ഉള്ള ചിന്ത ആയപ്പോഴാണ് കിടക്കുന്ന ആ സാഹചര്യത്തെ കുറിച്ച് ഒന്നോര്‍ത്തത്. ഞാന്‍ മാത്രം ഒരു സ്ത്രീയും, കൂടെ ഒരു പോലീസുകാരനും മാത്രം. ഇരുപത്തോന്‍പതു വയസ്സായ ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ ടീച്ചറും എന്നെ തന്നെയാക്കിയതോര്‍ത്ത് എനിക്ക് വളരെ വിഷമം തോന്നി. മനസ്സിലൊന്ന് ചോദിച്ചു, സ്വന്തം മകള്‍ ആയിരുന്നെങ്കില്‍, അങ്ങനെ വിട്ടുപോകുന്നവരോദ് മനസ്സില്‍ എത്രയോ ദേഷ്യം തോന്നിയേനെ എന്ന്. പിന്നെ ഞാന്‍ വിട്ടു. ഒരു വെറും സ്ത്രീ ആയിട്ടല്ല ഞാന്‍ അവിടെ നില്‍ക്കുന്നത്. ഒരു എക്സിക്ക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമാണ് ആ ബൂത്തില്‍ എനിക്ക്. ഏറ്റവും സുരക്ഷിതമായി, പോലീസ് കാവലില്‍ എനിക്കുറങ്ങാന്‍ കഴിയുന്ന ഒരു ഗോള്‍ഡന്‍ ചാന്‍സ്. പക്ഷെ കൂടെയുള്ള പോലീസുകാരന് അത്യാവശ്യം ടെന്‍ഷന്‍, എനിക്ക് എന്ത് തോന്നും എന്നോര്‍ത്ത്. അതിനാല്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒക്കെ പറയുന്നത് കേട്ട് ഞാന്‍ മനസ്സില്‍ ഒന്ന് ചിരിച്ചു. മുന്നിലെ വിശാലമായ ഷട്ടര്‍ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി ആലോചിച്ചു. അടച്ചിട്ടാല്‍ സദാചാരക്കാര്‍ക്കുള്ള അവസരമായിരുന്നു. തുറന്നിട്ടാല്‍ മുന്നില്‍ റോഡും. പിന്നെ രണ്ടും കല്പിച്ച് അടയ്ക്കാന്‍ പറഞ്ഞു. സുരേഷ് സാര്‍ അവിടെ നിന്ന് ഇറങ്ങാന്‍ തുടങ്ങുന്നു എന്ന സന്ദേശം അപ്പോഴേയ്ക്കും എത്തി. ഞങ്ങള്‍ പോലീസുകഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. ഏറെ വൈകി സുരേഷ് സാര്‍ എത്തി. പൊറോട്ടയും ചിക്കനും ഒക്കെ രാത്രി കഴിക്കാന്‍ ഉള്ള വിഷമത്തില്‍ പട്ടിണി ആയതിനെ കുറിച്ചുള്ള വിഷമവും കൊണ്ടാണ് വന്നത്. പിന്നെ ഒന്ന് മയങ്ങി, നാല് മണിയോടെ തന്നെ ഉണര്‍ന്നു, ഇലക്ഷന്‍ പ്രഭാതത്തിലെയ്ക്ക്.
പ്രഭാത കര്‍മ്മങ്ങള്‍ ഒന്നും നേരെ ചൊവ്വേ നടക്കുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. എങ്കിലും എല്ലാം അട്ജസ്റ്റ് ചെയ്തു. അഞ്ചരയോടെ പോളിംഗ് ഓഫീസേഴ്സ് ആയ ടീച്ചര്‍മാരും പോളിംഗ് എജന്റുകളും എത്തിയതോടെ ഇലക്ഷന്‍ പ്രതീതി ഇരച്ചു കയറി. മോക്ക് പോള്‍ നടത്തി, മെഷീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ് സീല്‍ ഒക്കെ ചെയ്ത്, എല്ലാം സെറ്റ് ചെയ്തു. കൃത്യം ഏഴു മണിയ്ക്ക് മെഷീന്‍ ഓണ്‍ ചെയ്ത് പോളിംഗ് തുടങ്ങി. ആകെ 397 വോട്ടര്‍മാര്‍ മാത്രമുള്ള ഒരു കൊച്ചു ബൂത്ത് ആയിരുന്നു. നല്ല ആളുകള്‍, നല്ല പോളിംഗ് ഏജന്റ്സ്. സൗഹൃദാന്തരീക്ഷം. പല പാര്‍ട്ടിക്കാര്‍ തമ്മിലും ഒരു അടുപ്പം വ്യക്തമായി കണ്ടു. ഒരു വാഗ്വാദമോ, പ്രശ്നമുന്നയിക്കലോ ഇല്ലാതെ അതിനുള്ളില്‍ ഉള്ള എല്ലാവരും കൂടി ഒരൊറ്റ കൂട്ടമായി ഇരുന്നു. കാര്യങ്ങള്‍ ചെയ്തു, ഇടയില്‍ തമാശകള്‍ പറഞ്ഞു, തമ്മില്‍ തമാശയ്ക്കുള്ള കളിയാക്കലും ഒക്കെ ആയി സമയം മുന്നോട്ടു പോയി. ഇടയില്‍ എന്‍റെ സുഹൃത്തുക്കള്‍ സംശയങ്ങള്‍ തോന്നിയപ്പോഴൊക്കെ വിളിച്ചു. സുരേഷ് സാര്‍ കൃത്യമായി കാര്യങ്ങളും വിശദമാക്കി. വരുന്ന ചിലരൊക്കെ ഒരു ചുരിദാറും ഇട്ടിരുന്ന കൊച്ചു പ്രിസൈടിംഗ് ഓഫീസരെ കണ്ടുള്ള ഞെട്ടല്‍ പ്രകടമാക്കി, ഒരു എസ്ഐ അടക്കം. അങ്ങനെ തെല്ലും പ്രശ്നങ്ങള്‍ ഇല്ലാതെ വൈകിട്ട് അഞ്ചു മണിയോടെ പോളിംഗ് ക്ലോസ് ചെയ്തപ്പോള്‍ ആകെ 284 വോട്ടര്‍മാര്‍ മാതരം വോട്ടു ചെയ്ത ഒരു കൊച്ചു ബൂത്തായി ഞങ്ങളുടേത്.
പിന്നെ സീല്‍ അടി ആയിരുന്നു. എന്റെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ മിഥുന്‍ പറഞ്ഞത് പോലെ, “ഹോ! ഒരു ദിവസത്തെ രാജാവ്. ഒപ്പ്, സീല്‍, സീല്‍, ഒപ്പ്!” നമ്മുടെ ഒപ്പുകള്‍ക്കൊക്കെ ഇത്രയും വിലയുണ്ടാകുന്നത് സത്യത്തില്‍ അന്നാണ്. ഒരു നാടിന്റെ ഇലക്ഷനില്‍ പങ്കു വഹിക്കുന്ന ബൂത്തില്‍ ഞങ്ങളുടെ ഒക്കെ പേരിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത് എന്നത് സത്യത്തില്‍ അഭിമാനം ഉളവാക്കുന്നതായിരുന്നു. എല്ലാം കഴിഞ്ഞ് പൊതിഞ്ഞു കെട്ടിക്കഴിഞ്ഞപ്പോഴെയ്ക്കും ടീച്ചര്‍മാര്‍ പോകാന്‍ ഇറങ്ങി. ഞാന്‍ ഒന്നും പറഞ്ഞില്ല. എല്ലാം വലിച്ചു കേറ്റി ബസില്‍ കയറാന്‍ ഞാനും സുരേഷ് സാറും ഞങ്ങളുടെ സ്വന്തം ‘പൌലോസും’ മാത്രം.
ഒടുക്കം കൌണ്ടറില്‍ എത്തി, വളരെ വേഗത്തില്‍ അടുക്കും ചിട്ടയുമോടെ വച്ചിരുന്ന കവറുകള്‍ ഒക്കെ ഒന്നൊന്നായി കൊടുത്ത് മെഷീനും കൊടുത്ത് കൌണ്ടറിലെ ഉദ്യോഗസ്ഥരോടും സൗഹൃദം പങ്കു വച്ച് യാത്ര പറഞ്ഞ് ഇറങ്ങി. സുരേഷ് സാര്‍ മറ്റുള്ളവരുടെ കൌണ്ടറുകളിലേക്ക് നീങ്ങി, അവരെ സഹായിച്ചു. ജയരാജ് സാറും മറ്റൊരു വശത്ത് തന്റെത് ആദ്യം കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എല്ലാം ശരിയാക്കി കൊടുത്തുകൊണ്ടിരുന്നു. എല്ലാം കഴിഞ്ഞു എല്ലാരോടും യാത്ര പറഞ്ഞ് നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും പറഞ്ഞ സുഹൃത്തുക്കളോടൊപ്പം ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക് തിരികെ. ആ രാത്രി അവസാനിച്ചത് ഒരു കാലഘട്ടം പോലെ തോന്നി.
കൂട്ടായ്മയുടെ കരുത്ത്, സ്നേഹം, പരിഗണന ഒക്കെ അടുത്തറിഞ്ഞ ദിവസങ്ങള്‍ ആയിരുന്നു അത്. ജീവിതത്തില്‍ എന്നും ഓര്‍ക്കാനുള്ള അഭിമാനം അനുഭവിച്ച ദിവസം. എല്ലാവരും തമ്മില്‍ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ തന്നെ താന്‍ ഒറ്റയ്ക്കല്ല എന്ന് എപ്പോഴും തോന്നിക്കൊണ്ടിരുന്നു. ഒരു ഗൃഹനാഥനെ പോലെ എന്റെ ബൂത്തില്‍ സുരേഷ് സാറും, മറ്റൊരു വശത്ത് കളക്ഷന്‍ സെന്ററില്‍ ഞങ്ങളുടെ ജയരാജ് സാറും സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു. അവരെ ജീവിതത്തില്‍ ഉടനീളം മറക്കാതിരിക്കാന്‍ അത് ഒരു കാരണം തന്നെയായിരുന്നു. തിരികെ വരുമ്പോള്‍ എങ്ങനെ വീട്ടില്‍ പോകുമെന്ന്‍ ചോദിച്ച് ഞങ്ങള്‍ക്കായി കാത്തു നിന്ന സഹപ്രവര്‍ത്തകരും ഒക്കെ മനസ്സ് കൊണ്ട് ഒരുപാട് അടുത്ത നിമിഷങ്ങള്‍. വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ച് എന്നും എന്റെ തന്നെ ഫെയ്സ്ബുക്ക് പേജില്‍ ഞാന്‍ പോസ്റ്റ് ഇടുമ്പോള്‍, ആ വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറാന്‍ എനിക്കെന്ത് അധികാരം എന്ന് എന്നോട് സ്വയം ചോദിച്ചപ്പോള്‍ ഊറി വന്ന ആത്മവിശ്വാസം മാത്രം മതിയായിരുന്നു ഈ ഇലക്ഷന്‍ നടത്താന്‍!
മനോഹരമായ ദിനങ്ങള്‍ക്ക്, കാര്യങ്ങള്‍ ഭാഗ്യകരമായി മുന്നില്‍ നിരത്തി വച്ച ദൈവത്തിന്, ആ ദൈവത്തിന്‍റെ പ്രതിനിധികളായ ഒരു പിടി സുഹൃത്തുക്കള്‍ക്ക്, നല്ല മനുഷ്യര്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി. ഈ ഓര്‍മ്മകളില് അവരുടെ മുഖങ്ങള്‍ പതിഞ്ഞിട്ടുണ്ട്, ഒരു പ്രിസൈഡിംഗ് ഓഫീസറുടെ ഒപ്പോടെ, ഒരു ഡിസ്റ്റിംഗ്വിഷിംഗ് മാര്‍ക്കുമായി ഉറപ്പിച്ച ഒരു പോളിംഗ് ബൂത്തിന്റെ സീലോടെ.