[intro-text size="25px"]മോക്ഷം[/intro-text] നിന്നെ പല മുറികളായി, പലരിലുമായി, പ്രണയിച്ചിട്ടുണ്ട് ഞാന്‍- നിന്നിലെത്തും വരെ. നിന്‍റെ ഒരംശവുമായി മറ്റൊരംശത്തെ തേടി ഒരാളില്‍ നിന്ന് മറ്റൊരാളിലെയ്ക്ക് ഇത്ര നാളും ഞാന്‍ സഞ്ചരിച്ചു. ഇലകള്‍ ചേര്‍ത്തു വച്ച് ഒരു കിളി കൂട് കൂട്ടും പോലെ, പലയിടത്തുമായുള്ള നിന്‍റെ അംശങ്ങള്‍ ചേര്‍ത്ത്, പൂര്‍ണ്ണമായ നിന്നിലേക്കായിരുന്നു ഞാന്‍ വച്ച ചുവടുകളെല്ലാ- മെന്ന് ഞാന്‍ തിരിച്ചറിയുന്നു. ചിലപ്പോള്‍, എനിക്കു വഴിതെറ്റിയിട്ടുണ്ട് എന്നെനിക്ക് തോന്നുമായിരുന്നു. നിന്‍റെ അംശമെന്നു തെറ്റിദ്ധരിച്ച് അര്‍ഹമല്ലാത്തവര്‍ക്ക് ഒരു പാട്ടം പോലെ, എന്‍റെ മനസ്സ് ഞാന്‍ കൊടുത്തിട്ടുണ്ട്. പക്ഷെ എനിക്കു തെറ്റിയില്ലെന്ന്‍ നീ ആണയിടുമ്പോള്‍, തെറ്റിയ വഴികളെല്ലാം ചേര്‍ന്ന്‍ ഒരു ഭൂപടമായി വരച്ചത് നിന്നിലേയ്ക്കുള്ള വഴിയായിരുന്നു. ഗതികിട്ടാതെ പലതായലഞ്ഞ് എന്‍റെ പ്രണയമൊടുക്കം കിതച്ചപ്പോള്‍ ഒരു പ്രണയമോക്ഷത്തിലെയ്ക്കാണ് നീയെന്നെയെത്തിച്ചത്. ആദ്യകാഴ്ചയില്‍ തന്നെ നിന്നില്‍ അദൃശ്യമായതെല്ലാം എന്‍റെ ജന്മാന്തരകഥകളെ ലിഖിതമാക്കി. എന്‍റെ ദേഹത്തില്‍ നിന്ന് എന്‍റെ ആത്മാവ് വേര്‍പെട്ടത് നിന്‍റെ വരവോടെയാണ്. ഞാനെന്തെന്ന് തിരിച്ചറിഞ്ഞതും ഒരു വാക്ക് മിണ്ടാതെ, നമ്മുടെ കാഴ്ചകള്‍ തമ്മില്‍ പരിചയം പുതുക്കിയപ്പോഴാണ്. നീ സൗന്ദര്യം നിറഞ്ഞവനെന്നു നിന്‍റെ ബാഹ്യരൂപത്തെ ചൂണ്ടി ലോകം പറയുമ്പോള്‍, നിന്‍റെ ആത്മാവ്, മനസ്സ്, നിന്‍റെ കണ്ണിനു പിന്നിലെ കാഴ്ച എന്‍റേതാകുന്നു. നിന്‍റെയുള്ളില്‍ കുടിയിരിക്കുന്ന എന്‍റെ ശരിയായ വഴിയിലൂടെ എന്‍റെ കൈപിടിച്ചുള്ള നിന്‍റെ യാത്രയാണ് അടുത്ത ജന്മത്തിലേയ്ക്കുള്ള നമ്മുടെ ആദ്യ ചുവട്. വഴിതെറ്റുന്നതിനെ ഇന്നു ഞാനാസ്വദിയ്ക്കുന്നു. ആ ചെറുവിരഹമാണ് നിന്നെ കണ്ടുമുട്ടുമ്പോഴുള്ള എന്‍റെ പ്രണയമൂര്‍ച്ഛ സാധ്യമാക്കുന്നത്. നിന്നില്‍ മോക്ഷം പ്രാപിയ്ക്കുവാന്‍ ഭൂമിയുടെ അറ്റത്തോളം, മരണത്തിന്‍റെ അവസാനനിമിയോളം ഞാന്‍ അലഞ്ഞുകൊള്ളാം. ദേഹത്തില്‍ നിന്ന് എന്‍റെ ദേഹി വിടുമ്പോഴെങ്കിലും, എന്‍റെ ശുഭ്രരൂപത്തിലലിയുവാന്‍ ഞാന്‍ നിന്നെ പ്രതീക്ഷിക്കും.