കുറച്ച് നാളുകള്‍ക്കു മുന്‍പാണ് ഞാന്‍ സുര്യ ടീവിയില്‍ ഒരു സീരിയലിന്റെ ആ സീന്‍ കണ്ടത്. ലോ കോളേജില്‍ പഠിക്കുന്ന നായകനും സുഹൃത്തും കൂടി ബൈക്കില്‍ വരുമ്പോള്‍ പോലീസ് കൈ കാണിച്ചു നിര്‍ത്തുന്നതും പിടിച്ചുകൊണ്ടുപോകുന്നതും ജയിലിനകത്ത് ഇടുന്നതും ഒക്കെ ആയിരുന്നു രംഗങ്ങള്‍. അതിനു ശേഷം പോലീസ് ഇന്‍സ്പെക്ടര്‍ നായകന്റെ അച്ഛനെ വിളിച്ചു പറയുന്നു (അതീവ വിനയത്തോടെ) - താങ്കളുടെ മകന്‍ ഇവിടെ പോലീസ് സ്റ്റേഷനില്‍ ആണ്, രാത്രി മന്ത്രിയുടെ വീട് ആക്രമിച്ചതിനും വധിക്കാന്‍ ശ്രമിച്ചതിനും ആണ് അറസ്റ്റ് ചെയ്തത് എന്ന്. അച്ഛനെ ഉള്ളില്‍ പേടിപ്പിച്ചിട്ടു ഫോണ്‍ വക്കുന്നു. അച്ഛന്‍ മകന്റെ മൊബൈലില്‍ അപ്പോള്‍ തന്നെ വിളിക്കുന്നു. നായകന്‍ ജയിലില്‍ മൊബൈല്‍ എടുത്തു നോക്കി ‘അച്ഛന്‍’ എന്ന് കണ്ടു പൊട്ടിക്കരയുന്നു. ഫോണ്‍ എടുക്കുന്നില്ല. പിന്നെ പുറകെ, ചേച്ചി വിളിക്കുന്നു. അവന്‍ ഫോണ്‍ എടുക്കുന്നു. എന്നിട്ട് അത്ര നാള്‍ ഉണ്ടായ കഥ മുഴുവനും പറയുന്നു... ഈ ഒരൊറ്റ സീനോടെ ഞാന്‍ ഈ സീരിയല്‍ കൃത്യമായ് കണ്ടു തുടങ്ങി. സുര്യ ടിവിയില്‍ വരുന്ന ടീ ടൈം കോമഡി എന്ന പ്രോഗ്രാമിനെക്കാള്‍ ചിരിപ്പിക്കുന്നതാണെന്ന് ബോധ്യപെട്ടതുകൊണ്ട്, എല്ലാ ദിവസവും എന്‍റെ ചായ സമയം വൈകിട്ട് 7 മണിയാക്കി. ഇപ്പോള്‍ ആ സീരിയലിന്റെ നിലവാരം വളരെ ഉയര്‍ന്നുയര്‍ന്ന് നായിക ഭ്രാന്ത് അഭിനയിച്ചു തകര്‍ത്ത് എന്നെ അമ്പരപ്പിക്കുന്ന നിലയിലെത്തി! ഒരു ദിവസം വെറുതെ ഒന്ന് ശബ്ദം മ്യൂട്ട് ചെയ്തു നോക്കി. ഇത്തരം ചില പ്രത്യേക അഭിനയമുഹൂര്ത്തങ്ങളില്‍ ശബ്ദം ഒഴിവാക്കിയാല്‍ കൂടുതല്‍ എഫെക്റ്റ് അതിനുണ്ടാവും എന്നൊരു അഭിപ്രായമുണ്ട് എനിക്ക്. തെറ്റിയില്ല... ഞാന്‍ ശരിക്കും രസിച്ചു. ഇന്നും അതുപോലെ രസിച്ചു കൊണ്ടേ ഇരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും, വെള്ളിയാഴ്ച കഴിഞ്ഞാല്‍ ഞാന്‍ വൈകിട്ട് ചായ കുടിക്കില്ലേ എന്ന്. ശനിയാഴ്ചയും ഞായറാഴ്ചയും ഒക്കെ ഞാന്‍ ചായ കുടിക്കും, പക്ഷെ ഒരു അര മണിക്കൂര്‍ താമസിക്കും... കാരണം അന്നത്തെ കോമഡികള്‍ അപ്പോഴാണ്. ചില ദിവസങ്ങളില്‍ കാശ്മീരിലെ തണുപ്പില്‍ നിന്നെന്ന പോലെ വരുന്ന അവതാരകന്‍ മറ്റു ചില ദിവസങ്ങളില്‍ ചുവന്ന പാന്‍റും ഇളം പച്ച ടി ഷര്‍ട്ടും അതിനു മുകളിലൂടെ കറുത്ത കോട്ടും ഇട്ടു വരും. കാണുമ്പോള്‍ തന്നെ ഒരു ഉത്സവ പ്രതീതി ആണ്. സിനിമയിലെ പോലെ തന്നെ ടിവി പ്രോഗ്രാമിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുക ഒരു പ്രത്യേക കഴിവാണ്. അതിനു തമാശ പറയണമെന്നില്ല. പറഞ്ഞാലാണ് കുഴപ്പം. ആരും ചിരിക്കില്ല. ആ പരിപാടിയുടെ ഹൈ ലൈറ്റ് എന്ന് പറയുന്നത് അവരുടെ പാര്‍ട്ടിസിപെന്റ് സെലെക്‌ഷന്‍ ആണ്. അവതാരകന്റെ ദാരുണമായ ഭാഷയില്‍ പറഞ്ഞാല്‍, ‘ഒരു ശരാശരി കുടുംബത്തിലെ’ ഒരംഗം. ഈ ശരാശരി കുടുംബത്തിന് എന്താണ് കുഴപ്പം എന്ന് എനിക്കിതു വരെ മനസിലായിട്ടില്ല. ആരുടെയെങ്കിലും ഓപറെഷന്‍ നടത്തുവാനുള്ള കാശിനായി വന്നതാണെന്ന് കേട്ട് കേട്ട് ഓപറെഷന്‍ എന്ന വാക്ക് ഇപ്പോള്‍ അല്ലെര്‍ജി ആയി തുടങ്ങി. ഒരിക്കല്‍ ഒരു കണ്ടെസ്ടന്റ്റ് ഇത് പോലെ വന്ന് “ചായക്കടയായിരുന്നു ഞങ്ങള്‍ക്ക്, ഇപ്പോള്‍ അത് പൂട്ടിപോയി” എന്ന് പറഞ്ഞപ്പോള്‍ “അവര്‍ക്ക് ആ ചായക്കടയുടെ ആവശ്യമില്ല, വലിയ ഒരു വീടും നല്ല സമ്പാദ്യവും ഒക്കെ ഉള്ള കുടുംബമാണ് അവരുടേത്” എന്ന് അവരെ അറിയാവുന്ന എന്റെ ബന്ധു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്തുമാവട്ടെ, അതിനേക്കാള്‍ ഇപ്പോള്‍ ആ പരിപാടി എന്റെ സാധകത്തിനുള്ള ഉപാധിയായി ഞാന്‍ കാണുന്നു എന്നത് ഒരു കാര്യമാണ്. അത്രയ്ക്ക് മനസ്സില്‍ കൊള്ളുന്ന പാട്ടുകളുടെ കരോകെകളാണ് എന്നും ‘ഓല മേഞ്ഞ ഷെഡുകളുടെ’ ബി ജി എം ആയി പോകാറുള്ളത്. ആലാപനം തേടും, കണ്ണീര്‍പ്പൂവിന്റെ, ഇന്നലെ എന്റെ നെഞ്ചിലെ... ഇത്തരത്തിലുള്ള ഗാനങ്ങള്‍. അതും, പാടേണ്ട ഭാഗങ്ങളും പാട്ടില്ലാതെ പോകും. ഇത്തരത്തില്‍ ബി ജി എം വച്ച് പാട്ട് കണ്ടു പിടിക്കുന്ന കളി പണ്ട് സ്കൂളില്‍ കളിച്ചത് ഓര്‍ക്കുന്നു. ഇങ്ങനെ എന്തൊക്കെയോ കാട്ടികൂട്ടി, എങ്ങനെയെങ്കിലും ചോറും മീന്‍ വറുത്തതും ചിക്കന്‍ കറിയും ഒക്കെ കൂട്ടി കഴിഞ്ഞുകൂടിയിരുന്ന ‘പാവങ്ങളെ’ ലോകത്തിലെ “ലക്ഷോപലക്ഷം വരുന്ന പ്രേക്ഷക”രുടെ മുന്‍പില്‍ കോമാളികള്‍ ആക്കുന്ന പരിപാടി ഇനി പുതിയ രൂപത്തില്‍ വരുന്നെന്നാണ് ഇന്ന് കണ്ട പ്രോമോയില്‍ കേട്ടത്. നല്ലത്. എന്റെ ചായകുടിയും വാരാന്ത്യത്തില്‍ പുതിയ രൂപത്തില്‍ ആയേക്കാം. ആ പരിപാടിക്കിടയില്‍ ‘ബാങ്ക’റിനോട് ഒരു മിനിറ്റ് മാത്രം സംസാരിക്കുന്ന അവതാരകന്‍, ബാങ്കര്‍ തന്നോട് പറഞ്ഞുവെന്ന് പറയുന്നത് പത്തു മിനിറ്റു നീളും. മാത്രവുമല്ല, ചെന്നൈയില്‍ ഷൂട്ട് ചെയ്യുന്ന ഈ പരിപാടിക്ക് ഓഡിയന്‍സ് ആയി വരുന്ന തമിഴര്‍, പങ്കെടുക്കുന്നവന്‍റെ പച്ച മലയാളത്തിലുള്ള സെന്റി കേട്ട് കണ്ണ് തുടയ്ക്കുന്നത് വരെ നമുക്ക് കാണാന്‍ പറ്റും. ഇത്തിരിയുള്ള കുട്ടി ചിരിക്കാതെ മുഖത്ത് വീണ മുടി കൈകൊണ്ടു മാറ്റുമ്പോള്‍ സ്ലോ മോഷനില്‍ ഇട്ടു “പിഞ്ചു കുഞ്ഞിന്റെ വിഷമം” ആയി കണ്ണീര്പൂവിന്റെ കരോകെയുടെ കൂടെ അത് അവതരിപ്പിക്കപ്പെടും. സെന്റി എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുക ഒരുപക്ഷെ മറ്റൊരു പരിപാടിയാണ്. ഞാന്‍ ഇഷ്ടപെട്ടിരുന്ന അമൃത ടിവിയെ ഇത്രയും അപഹാസ്യമാക്കിയ കുടുംബവഴക്ക് തീര്‍ക്കുന്ന പരിപാടി. അന്ന് നീ അങ്ങനെ പറഞ്ഞില്ലേ, അതുകൊണ്ടല്ലേ ഞാന്‍ ഇങ്ങനെ പറഞ്ഞത് എന്ന സ്റ്റൈല്‍ മുതല്‍, അവരുടെ ഉള്ള ബന്ധുക്കള്‍ എല്ലാരും കൂടി വന്നു ആ രണ്ടു സോഫയില്‍ തിങ്ങിക്കൂടി ഇരിക്കുകയും എല്ലാരും കൂടി കല പില പറഞ്ഞു ആ വേദി ഒരു വാക്ക് പോലും മനസിലാക്കാന്‍ പറ്റാത്ത ഒരു പാര്‍ലമെന്റ് ആക്കുന്ന വരെ ഏകദേശം ആദ്യ പകുതി. രണ്ടാം പകുതിയാണ് കൂടുതല്‍ രസം. അത് എന്റെ ടി ടൈം കോമഡി ആക്കാത്തത് അത് രാത്രിയായത് കൊണ്ട് മാത്രമാണ്. രണ്ടാം പകുതിയില്‍ അവതാരക, ആ കുടുബത്തിലെ ഇളയ കുട്ടിയോട് ഒരു ചോദ്യമുണ്ട്- “മോന്/മോള്‍ക്ക് അച്ഛനാണോ അമ്മയാണോ വേണ്ടത്” എന്ന്. ഹോ! കണ്ണ് നിറഞ്ഞു പോകും. സ്ഥിരം ഇതേ ചോദ്യത്തിനുള്ള ഉത്തരം പറയേണ്ടി വന്ന നമ്മുടെ ബാല്യവും എല്‍ കെ ജി യിലെ ടീച്ചറെയും വരെ ഓര്‍ത്തു പോകും! കുട്ടിയെ കൊണ്ട് പരിപാടിയില്‍ “രണ്ടു പേരെയും വേണം” എന്ന് പറയിപ്പിച്ചിട്ട് അതും പറഞ്ഞു അതിന്റെ അച്ഛനോടും അമ്മയോടും തട്ടിക്കയറും അവതാരക. എല്ലാ കുടുംബത്തിലെയും കൂടിയുള്ള ഏക നാഥയാണോ ആ അവതാരക! അത്ര അധികാരത്തിലാണ് അവര്‍ എല്ലാം പറയാറ്. അവര്‍ക്ക് മുകളില്‍ പരുന്തു പറക്കാന്‍ അവര്‍ സമ്മതിക്കില്ല. കുടുംബത്തിന്റെയും ദമ്പതികളുടെയും ഏറ്റവും മോശമായ കാര്യം വരെ പരസ്യമായി ലോകമെമ്പാടുമുള്ള സ്വീകരണമുറിയില്‍ എത്തിച്ച് പരസ്യത്തിന്റെ വരുമാനം നേടുന്ന അവര്‍ മുന്‍പ് മഞ്ഞ പത്രക്കാരായിരുന്നോ എന്നും എനിക്ക് സംശയം ഇല്ലാതില്ല. അത്ര അനുഭവജ്ഞാനം കാണാനുണ്ട്. കൈരളിയിലെ പ്രവാസലോകത്തിനു ഇത്തരം ഒരു സെന്റി ലൈന്‍ ഉണ്ടെങ്കിലും, പ്രവാസികളായി പിന്നെ കാണാതെ പോകുന്ന പല ആളുകളെയും ഈ പരിപാടി വഴി അവര്‍ കണ്ടെത്തുന്നു എന്നത് അഭിനന്ദനാര്‍ഹം ആണ്. ഇനി ഏഷ്യാനെറ്റിനെ കുറിച്ച് രണ്ടു വാക്ക്. തോന്നുമ്പോള്‍ സ്കൂളില്‍ പോകുകയും, ഇടയ്ക്കു സസ്പെന്‍ഷന്‍ കിട്ടുകയും, വേണമെങ്കില്‍ ദിവസങ്ങളോളം ഗസ്റ്റ് ഹൌസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി താമസിക്കുകയും, അതിനിടയ്ക്കൊരിക്കലും വീട്ടില്‍ നിന്ന് അവരെവിടെ എന്ന് അന്വേഷണം വരാതിരിക്കുകയും ചെയ്യുന്ന ഓട്ടോഗ്രാഫ് മുതല്‍ കഴിഞ്ഞ വര്ഷം ആദ്യം എപ്പോഴോ ഗര്‍ഭിണിയായിട്ടും ഇത് വരെ പ്രസവിക്കാത്ത നായികയും ഒട്ടും മനസ്സിലാവാത്ത രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പോവുകയും ചെയ്യുന്ന കഥയും സ്വന്തമായുള്ള ഹരിചന്ദനം വരെയുള്ള ആ സന്ധ്യാസമയം വല്ല ഈശ്വരപ്രാര്‍ഥനയ്ക്കും വിനിയോഗിച്ചിരുന്നെന്കില്‍ മനസ്സിന് സമാധാനം എങ്കിലും കിട്ടിയേനെ! ഈ കോമാളിത്തരങ്ങള്‍ ഒക്കെ കഴിയുമ്പോഴാണ് “ഞാനാണ് ശെരിക്കും മുതലാളി” എന്ന സ്റ്റൈലില്‍ ശരിക്കും കോമാളി വരുന്നത്. എല്ലാവരും എഴുതി എഴുതി തഴമ്പിച്ച ആ പരിപാടി ഞാന്‍ തല്‍കാലം വിടുന്നു. പക്ഷെ കഴിഞ്ഞ ദിവസം ജഗതി ആ അവതാരകയെ അടുത്ത് നിര്‍ത്തി അതേ ഏഷ്യാനെറ്റില്‍ മലയാളിയുടെ മനസ്സ് വിളിച്ചു പറഞ്ഞതിന് ഞാന്‍ കയ്യടിച്ചുവെന്നും അതിനു ശേഷം ജഗതിയെ ബുദ്ധി കൊണ്ടല്ലാതെ അമര്‍ഷം നിറഞ്ഞ ആനമണ്ടത്തരങ്ങള്‍ കൊണ്ട് ഡെക്കാന്‍ ക്രോണിക്ലില്‍ നേരിട്ട അവതാരകയെ ഞാന്‍ പരിഹസിക്കുന്നുവെന്നും മാത്രം അറിയിച്ചു കൊണ്ട് എന്റേത് മാത്രമായ ഈ അഭിപ്രായങ്ങള്‍ നിറഞ്ഞ ലേഖനം ഞാന്‍ തല്‍കാലം നിര്‍ത്തുന്നു. തുടരും...