Jyothy Sreedhar

My Favourite Enemy

പ്രതികാരങ്ങള്‍ക്കും വ്യക്തിവൈരാഗ്യങ്ങള്‍ക്കും സൌഹൃദങ്ങളെക്കാള്‍ വലിയ സ്ഥാനമാണ് ആളുകള്‍ ഇന്ന് കൊടുക്കുന്നത്, സൌഹൃദങ്ങളെക്കാള്‍ കൂടുതല്‍ ചിന്തകള്‍, ആ ചിന്തകള്‍ക്ക്‌ വേണ്ടി സൌഹൃദങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം. ഒന്നോര്‍ത്താല്‍ നമ്മളൊക്കെ തനി വിഡ്ഢികള്‍ ആകുന്നത് നമ്മുടെ ശത്രുതകളിലാണ്. ഒരു വാക്കില്‍ തീരേണ്ട ഒന്ന്, അല്ലെങ്കില്‍ ഒന്ന് തോളില്‍ തട്ടി ചിരിക്കുമ്പോള്‍ അവസാനിക്കേണ്ട ഒരു ചെറിയ പ്രശ്നം മനസ്സില്‍ വളര്‍ത്തി വലുതാക്കി, നമ്മുടെ മുഴുവന്‍ സമയ ചിന്തകളും ആ ശത്രുവിന് വേണ്ടി കൊടുത്ത്, ഒരു ഡിറ്റക്ടീവിനെ പോലെ പണി കൊടുക്കാന്‍ ചിന്തിച്ചു ചിന്തിച്ച്, പ്രശ്നങ്ങളുടെ മേല്‍ പ്രശ്നങ്ങളും ഉണ്ടാക്കി അങ്ങനെ പോകും പലരും. അതില്‍ നിന്ന് അവര്‍ക്കെന്തു കിട്ടുന്നു എന്ന് ചോദിച്ചാല്‍, സന്തോഷമാണ് എന്ന് അവര്‍ക്ക്‌ മനസ്സ് തുറന്നു പറയാന്‍ ഒരിക്കലും കഴിയില്ല എന്നുറപ്പ്. നെഗറ്റീവ് ചിന്തകളാണ് അവര്‍ മനസ്സില്‍ അതിലൂടെ വളര്‍ത്തുക. അതില്‍ നിന്ന് കിട്ടുന്ന ടെന്‍ഷനും ദേഷ്യവും അവര്‍ക്ക് മിച്ചം. മാസങ്ങള്‍ക്ക് മുന്‍പ്‌, ബാലു മഹേന്ദ്രയുടെ മരണ ദിനത്തില്‍ എനിക്കൊരു ശത്രുവിനെ വീണുകിട്ടിയിരുന്നു. കഥ ഇങ്ങനെ. 'സിനിമാപ്രാന്തന്‍' എന്ന അത്യാവശ്യം പ്രശസ്തിയുള്ള ഒരു ഫേയ്സ്ബുക്ക് ഗ്രൂപ്പില്‍ ബാലു മഹേന്ദ്രയ്ക്ക് ആദരസൂചകമായി ഒരു സ്റ്റാറ്റസും ഫോട്ടോയും പ്രത്യക്ഷപ്പെട്ടു. 'അത് താനല്ലയോ ഇത്' എന്ന ഉത്പ്രേക്ഷാലങ്കാരം പോലെ ഒരു സുഹൃത്തിന്‍റെ സ്റ്റാറ്റസ് ആയിരുന്നല്ലോ അത് എന്നോര്‍ത്തു. നോക്കിയപ്പോള്‍ ശരിയാണ്. ഹിരണ്‍ വേണുഗോപാലന്‍ എന്ന എന്‍റെ സുഹൃത്തിന്‍റെ സ്റ്റാറ്റസ് അങ്ങനെ തന്നെ ഇട്ടു കണ്ടു അതില്‍. ക്രെഡിറ്റില്‍ പേര് കണ്ടില്ല. ഒരു ഇംഗ്ലീഷ് സാഹിത്യ ബിരുദാനന്ദബിരുദധാരിയാകുന്ന പഠനത്തില്‍ ഞാന്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന വളരെ ഗൌരവമുള്ള ഒരു കുറ്റമാണ് പ്ലേജറിസം. പ്ലേജറിസം എന്നാല്‍ ക്രെഡിറ്റ്‌ കൊടുക്കാതെ മറ്റൊരാളുടെ സൃഷ്ടി മോഷ്ടിക്കുന്ന പ്രക്രിയ. ഒരു വരി എഴുതിയാല്‍ നൂറു ശതമാനവും അത് സ്വന്തമായിരിക്കണം, അത് സ്വന്തമല്ലെങ്കില്‍ അതെവിടുന്നെടുത്തോ അതിന്റെ പേര് കൊടുത്ത് എഴുതിയിരിക്കണം എന്ന മാന്യത സ്വന്തം എഴുത്തുകളിലും ചിന്തകളിലും കുത്തിവച്ചത് എന്‍റെ ഇംഗ്ലീഷ്‌ സാഹിത്യപഠനമാണ്. ഇന്നും ഞാന്‍ അത് പിന്തുടരുന്നു. പ്ലേജറിസം ഒരു കുറ്റമായി പഠിച്ച് പഠിച്ച്, ഒടുക്കം അങ്ങനെ ഒന്ന് കണ്ണില്‍ പെട്ടാല്‍ എനിക്ക് വളരെ അധികം ദേഷ്യം തോന്നുന്ന സ്ഥിതി വരെ എത്തി. എന്‍റെ സ്റ്റാറ്റസുകള്‍ പലതും പലരും പേരില്ലാതെ കോപ്പി ചെയ്യാറുണ്ട്, ചിലത് മാത്രമേ കണ്ണില്‍ പെടാറുള്ളൂ. അങ്ങനെ ഒരിക്കല്‍ മുന്‍പ് കണ്ണില്‍ പെട്ടിട്ടുണ്ട് ഈ സിനിമാപ്രാന്തന്‍, എന്‍റെ ഒരു സ്റ്റാറ്റസ് ഓരോ വാക്ക് അതുപോലെ വച്ച് മലയാള തര്‍ജ്ജമ ചെയ്ത ദിവസം. ഇതുകൂടി ആയപ്പോള്‍ സിനിമാപ്രാന്തനെ കോപ്പിപ്രാന്തന്‍ എന്ന് വിളിച്ച് ഒന്ന് കുത്തി, ഒറിജിനല്‍ ലിങ്കുകള്‍ സഹിതം ഞാന്‍ എന്‍റെ വാളില്‍ കൊണ്ട് വന്നിട്ടു. അവിടെ സിനിമാപ്രാന്തന്‍റെ അഡ്മിനുകള്‍ വന്ന് മറുപടികള്‍ എഴുതി. ചിലര്‍ അല്‍പം ദേഷ്യത്തില്‍, ചിലര്‍ അതിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കാരണസഹിതം കാര്യം എഴുതി. കാര്യം വന്നെഴുതാന്‍ കാണിച്ച അവരുടെ മാന്യതയെ അഭിനന്ദിച്ച് ഞാനും അവിടെ മറുപടി എഴുതി പിരിഞ്ഞു. കാര്യം അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതി; അല്ലെങ്കില്‍, ഞാന്‍ മാത്രം കരുതി. ചില സുഹൃത്തുക്കള്‍ അതിനെ കുറിച്ച് എന്നോട് അന്വേഷിച്ചു. സിനിമാപ്രാന്തനെ കുറിച്ച് അത്ര പിടിപാടോന്നും ഇല്ലാതിരുന്ന എനിക്ക് എന്താണ്, ആരാണ് സിനിമാപ്രാന്തന്‍ എന്ന് അവര്‍ പറഞ്ഞു തന്നു. സിനിമാപ്രാന്തനെ അറിയാന്‍ ആദ്യം സാജിദ്‌ യാഹിയ എന്താണെന്ന് അറിയണം എന്നായിരുന്നു നിയമം. ഒരു സുഹൃത്ത് വന്നു പറഞ്ഞു വെയില്‍ ചില്ല പൂക്കും എന്ന (എനിക്കിഷ്ടമുള്ള) പാട്ട് പാടി അഭിനയിച്ചത് ‘മുടിയ’നായ ആ പുത്രന്‍ സാജിദ്‌ ആണെന്ന്. ഗൃഹലക്ഷ്മിയുടെ പരസ്യത്തില്‍ “എന്റെ അടുത്ത പടത്തിലെ നായിക നീയാണ്” എന്ന് പറയുന്ന മുടിയനായ പുത്രനും സാജിദ്‌ ആണ്, ആമേന്‍, പകിട എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്... അങ്ങനെ അങ്ങനെ നീണ്ടു എനിക്ക് കിട്ടിയ ഡീറ്റെയില്‍സ്. എന്തായാലും പ്രശ്നം അവിടെ തന്നെ പറഞ്ഞു തീര്‍ത്തല്ലോ എന്നതായിരുന്നു എന്റെ നിലപാട്. പക്ഷെ ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന്‍ എന്‍റെ മെസേജ് ഇന്‍ബോക്സ് നിറഞ്ഞു കവിഞ്ഞു. സിനിമാപ്രാന്തന്‍റെ ഒരു പ്രത്യേക പോസ്റ്റിലേക്കുള്ള ലിങ്ക് ആയിരുന്നു അതിലെല്ലാം. കയറി നോക്കുമ്പോള്‍ അവര്‍ ഒരു 'ആയമ്മയുടെ കഥ' എഴുതി പൊലിപ്പിച്ചിരിക്കുന്നു. യൗവ്വനത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ ആക്രാന്തം മൂത്ത് സിനിമാക്കാരുടെ ചുറ്റും വട്ടം തിരിഞ്ഞ് നടന്നിട്ടും ഒന്നുമാകാതെ പോകുകയും, പിന്നെ വിവാഹം കഴിച്ച് വളരെ കഷ്ടപ്പെട്ട ഒരു ജീവിതം നയിക്കുകയും, അവരുടെ ഫ്രസ്ട്രേഷന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ കാണിക്കുകയും ചെയ്യുന്ന ഒരു ആയമ്മയുടെ കഥ. അത് എന്‍റെതല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അതില്‍ ഒരു കടപ്പാടസ്ത്രത്തിന്റെ കാര്യം ഒരു വരിയില്‍ എടുത്തുപറഞ്ഞത് ശ്രദ്ധയില്‍ പെട്ടു. മെസേജ് അയച്ചവരോട് അതെന്നെക്കുറിച്ചല്ല എന്ന് പറയുമ്പോള്‍ അവര്‍ എടുത്തു പറഞ്ഞതും ആ 'കടപ്പാടസ്ത്ര'ത്തെ കുറിച്ചായിരുന്നു. ചിലര്‍ സത്യത്തില്‍ എന്‍റെ കഥ അങ്ങനെ ആണോ എന്നറിയാന്‍ ആ ‘സ്നേഹ’മേസേജുകളില്‍ എന്‍റെ ജീവിതകഥയിലേക്ക്‌ കുഴിക്കാന്‍ ഒരു ശ്രമം നടത്തി. ഒടുക്കം ആ ലിങ്കുമായി വന്ന മെസേജുകള്‍ ഞാന്‍ നോക്കാതെ മാറ്റി വച്ചു. എന്‍റെയും എന്‍റെ ഭര്‍ത്താവിന്‍റെയും സംസാരങ്ങളില്‍ സാജിദ്‌ യാഹിയ ഒരു ദുഷ്ടനായ വില്ലന്‍ കഥാപാത്രമായി അവതരിച്ചു. പിന്നെയും അവരുടെ മറ്റൊരെഴുത്തില്‍ ഞാന്‍ ഒരു കഥാപാത്രമായി കുറിക്കപ്പെട്ടു. ഇത്തവണ എന്‍റെ പേര് എടുത്തു പറഞ്ഞായിരുന്നു അഭ്യാസം. അവരോടു പ്രതികരിക്കില്ല എന്ന് മനസ്സില്‍ തീരുമാനിച്ചു. അത് വരെ ഇഷ്ടപ്പെട്ടിരുന്ന, അയാള്‍ പാടി അഭിനയിച്ച 'വെയില്‍ ചില്ല പൂക്കും' എന്ന പാട്ട് അതോടെ എനിക്ക് കണ്ണിനു നേരെ കാണെണ്ടാത്തതായി. അതോടെ എപ്പോള്‍ ചാനല്‍ വച്ചാലും ആ പാട്ട് തന്നെ വരാന്‍ തുടങ്ങി. അല്ലെങ്കിലും അങ്ങനാണല്ലോ! അയാളുടെ പേര് കേട്ടാലേ ദേഷ്യമായി. എന്‍റെ സൌഹൃദസംഭാഷണങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും വിഷയങ്ങളും വരെ അയാളായി. ഫെയ്സ്ബുക്കില്‍ ആകട്ടെ, ചില ഗാലറി കളിക്കാര്‍ പൊങ്ങി. എരികയറ്റാന്‍ വേണ്ടി ചിലര്‍ സ്നേഹം കാണിച്ച് മേസേജുകളില്‍ വന്ന് സാജിദ്‌ അങ്ങനെയാണ്, ആ ഗ്രൂപ്പുകാര്‍ ഇങ്ങനെയാണ്... അങ്ങനെ സാജിദിനെ കുറിച്ച് കുറെ "ആയച്ഛന്‍ കഥകള്‍" എനിക്ക് മെസേജുകളായി വന്ന് തുടങ്ങി. അപ്പോഴൊക്കെ പബ്ലിക്‌ ആയി അവര്‍ എന്നെ കുറിച്ച് എഴുതിയ ഒന്നിനോടും ഞാന്‍ പ്രതികരിക്കാതെ നിന്നു. അത് ഞങ്ങളുടെ ഇടയിലുള്ള എരികയറ്റല്‍കാര്‍ക്ക്‌ ഒരു ക്ഷീണമായി. ഞങ്ങളുടെ ഇടയില്‍ ഉള്ള ഒരു സുഹൃത്താകട്ടെ, വേണ്ടിടത്ത് വേണ്ടത് പോലെ ചെയ്ത് കാര്യങ്ങള്‍ മയപ്പെടുത്താന്‍ കഷ്ടപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ ഇരിക്കെ സാജിദ്‌ സ്വന്തം പ്രൊഫൈലിലും എന്നെ കുറിച്ച് ഒരു വരി സ്റ്റാറ്റസായി എഴുതി. അവിടെ ആ ഗാംഗ് വന്ന് കമന്‍റുകള്‍ വാരി വിതറി. ഒക്കെ വായിച്ചെങ്കിലും അതിനോടും ഞാന്‍ പ്രതികരിച്ചില്ല. അതുകഴിഞ്ഞാണ് മലേഷ്യന്‍ വിമാനത്തെ കുറിച്ചുള്ള എന്‍റെ വൈറല്‍ ആയ ആ സ്റ്റാറ്റസിന്‍റെ വരവ്. അതിനു കീഴില്‍ നായകന്‍ സാജിദ്‌ എന്‍റെ വാളില്‍ വന്ന് എന്‍റെ മൊറാലിറ്റിയെ ചോദ്യം ചെയ്ത് ഒരു കമന്റ് ഇട്ട് നേരില്‍ ഒരു വെല്ലുവിളി നടത്തി. അയാളോടുള്ള ദേഷ്യം തെല്ലും പ്രകടിപ്പിക്കാതെ ഞാന്‍ അയാളുടെ കമന്റിനു മാത്രം മറുപടി പറഞ്ഞു പിരിഞ്ഞു. ഓരോ തവണ അവര്‍ എന്നെക്കുറിച്ച് എഴുതുമ്പോഴും ഗാലറികളിക്കാര്‍ കളി കണ്ടു വിസില്‍ അടിച്ച് ഹരം കൊണ്ടിരുന്നു. മേസേജുകള്‍, ലിങ്കുകള്‍, ചോദ്യങ്ങള്‍, എത്തിനോട്ടങ്ങള്‍, ഒളിഞ്ഞുനോക്കലുകള്‍. ഒരു മടുപ്പ്‌ വന്നത് അവിടെയാണ്. ഒരു കാര്യവുമില്ലാതെ നടക്കുന്ന ഒരു പോര്‍വിളി. അത് കണ്ട് ഞങ്ങള്‍ തമ്മിലടിക്കാന്‍ കാത്തുനില്‍ക്കുന്ന വേറെ കുറെ ആളുകള്‍. അവരുടെ മുന്നില്‍ കളിക്കാരായി മാറാന്‍ എന്തോ, എനിക്ക് താല്പര്യം തീരെ ഉണ്ടായില്ല. ആ ഒരു പ്രശ്നമേ ഒഴിവാക്കാന്‍ ഒടുവില്‍ ഞാന്‍ ഞങ്ങളുടെ ഇടയിലുള്ള സുഹൃത്തിനോട് തന്നെ പറഞ്ഞു. സാജിദുമായി ആ സുഹൃത്ത് കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു. ഞാന്‍ നേരില്‍ തന്നെ സാജിദിനോട് സംസാരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു ഹോളിദിനത്തില്‍“ഹാപ്പി ഹോളി സാജിദ്‌”എന്നതില്‍ തുടങ്ങി "സൊ ലെറ്റ്‌ അസ് ഷേക്ക്‌ അവര്‍ ഹാന്‍ഡ്‌സ്" എന്നതില്‍ തീരുന്ന ഒരു നീണ്ട വാട്സാപ്പ്‌ മെസേജില്‍ കാര്യങ്ങള്‍ ഞാന്‍ വ്യക്തമായി പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞ് സാജിദിന്‍റെ മറുപടിയും സംഭവിച്ചു. കാര്യങ്ങള്‍ തുറന്നു സംസാരിച്ച് ഞങ്ങള്‍ അങ്ങനെ ഒത്തുതീര്‍പ്പായി. പിന്നെ ഓരോ ദിവസവും പഴയ അടിയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ അത് തമാശക്കഥകളാക്കി. എനിക്ക് വന്ന 'ഗാലറി'ക്കാരുടെ മെസേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ഞാന്‍ സാജിദിനു അയച്ചു കൊടുത്തു. എന്റെ ചില സ്റ്റാറ്റസുകളില്‍ സാജിദ്‌ നേരിട്ടുള്ള സൌഹൃദസന്ദര്‍ശനം പോലെ കമന്‍റുകള്‍ ഇടാന്‍ തുടങ്ങി. ഗാലറിക്കാര്‍ ഒന്ന് ഞെട്ടി. കാര്യമറിയാതെ അവര്‍ പരിഭ്രമിച്ച് മേസേജുകളില്‍ ഓടിയെത്തി ഞങ്ങള്‍ തമ്മില്‍ എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്ന് ചോദിച്ചു. പിന്നെ ചിലരെ ആ ഭാഗത്ത്‌ കണ്ടിട്ടില്ല, അവരുടെ ആ സൊ കോള്‍ഡ്‌ സ്നേഹവും. ഞങ്ങള്‍ സംസാരിക്കുമ്പോഴൊക്കെ സാജിദ്‌ ഓരോ സ്റ്റാറ്റസുകള്‍ ഉണ്ടായതിന്‍റെ കഥ എന്നോട് രസകരമായി പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കല്‍ ഒരു കോഫീ ടൈമില്‍ കഫെ കോഫീ ഡേയിലെ ടിഷ്യൂ പേപ്പറില്‍ കുറിച്ചിട്ട 'ആയമ്മ'യുടെ കെട്ടുകഥചരിത്രവും, അടുത്ത പാരകള്‍ക്ക് വേണ്ടി മനസ്സില്‍ ഒരുക്കം നടത്തിയിരുന്നതും ഒക്കെ. വലിയ തമാശകള്‍ ആയി മാറിയ കൊച്ചു പ്രതികാരങ്ങള്‍ മാത്രമായി ആ പഴയ ശത്രുത അവസാനിച്ചു; എന്ന് മാത്രമല്ല, സാജിദിന്‍റെ ഗ്രൂപ്പിലെ ചിലര്‍ എന്‍റെ അടുത്ത സുഹൃത്തുക്കളായി. ജിതന്‍, സിബു, പിന്നീട് സാജിദിന്‍റെ സഹമുറിയന്‍മാരായ [കടപ്പാടസ്ത്രം: മിഥുന്‍ മാനുവല്‍ തോമസ്‌ :D] അറോസും മിഥുനും വരെ. മിഥുനും ഞാനും തമ്മിലുള്ള വാക്പോരാട്ടം തന്നെ ഒത്തുതീര്‍പ്പാക്കാന്‍ സമയം കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ ഇടയില്‍ സാജിദ്‌ അധികം ഒരു വിഷയം ആകാറില്ല. പക്ഷെ അറോസ് എന്ന സാജിദിന്റെ കസിന് ഞങ്ങളുടെ പ്രതികാരകഥയില്‍ ഒരു റോള്‍ ഉണ്ട്. ആയമ്മക്കഥ എഴുതാന്‍ വേണ്ടി അന്ന് സാജിദിന് പേന കൊടുത്തത് അറോസ് ആയിരുന്നു. ഇതൊക്കെ വീണ്ടും ഇടയ്ക്ക് പറഞ്ഞ് കളിയാക്കുമെങ്കിലും, ഞാന്‍ ഏറ്റവും ആസ്വദിക്കുന്ന സൌഹൃദങ്ങളായി അവര്‍ മാറുവാന്‍ കാരണം ആ പഴയ ശത്രുത തന്നെയാണ്. ഒരുപക്ഷെ ഈ അടുപ്പത്തിനുള്ള ഒരു നിമിത്തമായതും സാജിദിന്‍റെ ആ പ്രതികാരദാഹമായിരുന്നു. പക്ഷെ പലപ്പോഴും തോന്നാറുണ്ട്, അത് അവസാനിക്കാന്‍ തന്നെയാണ് അത്തരം ഒരു ‘ശത്രുപരിചയം’ വിധി ഞങ്ങള്‍ക്ക്‌ തന്നതെന്ന്. ഈ ഇടെ മറ്റു ചില സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ കണ്ടപ്പോള്‍ ഈ കഥ മുഴുവനുമായി സാജിദ്‌ അവിടെ മറ്റൊരു സുഹൃത്തിനോട് ആക്രാന്തത്തോടെ വിവരിച്ചിരുന്നു. ലാപ്ടോപ്പിലേക്ക് നോക്കിയിരുന്ന ഞാനും അറോസും അവന്‍റെ മുഖത്തേക്ക്‌ ഇടയ്ക്ക് നോക്കിക്കൊണ്ടിരുന്നു. അപ്പോഴത്തെ അവന്‍റെ മുഖത്തെ ഭാവങ്ങളുടെ പകുതി ഉണ്ടെങ്കില്‍ അവന്‍ ഓസ്കാര്‍ അവാര്‍ഡ്‌ മേടിച്ചേനെ എന്ന് വരെ തോന്നിപ്പോയി. സാജിദ്‌ ഇന്ന് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. മിക്ക ദിവസങ്ങളും സാജിദ്‌ എനിക്ക് അഭിമാനം തരുന്ന ഒരു പേരായി മാറുന്നു. ഒരു വലിയ ശത്രുതയിലേക്ക് പോകാമായിരുന്ന ഒരു കുഞ്ഞു പ്രശ്നം വെറും രണ്ടു മെസേജുകളും ഇടയിലുള്ള ഒരു സുഹൃത്തിനെയും കൊണ്ട് ഒരു തമാശക്കഥയാക്കിയ സന്തോഷമുണ്ട് എനിക്ക്. 'ബാംഗ്ലൂര്‍ ഡേയ്സി'ല്‍ ബൈക്ക്‌ സ്റ്റണ്ടര്‍ സമി ആയി അവന്‍ സ്ക്രീനില്‍ വരുമ്പോള്‍ മനസ്സ് നിറഞ്ഞ ഒരു സന്തോഷം തോന്നിയിരുന്നു.  "Eddooo....thaannee....enthaaddoo...cheyyunne..." എന്ന, എല്ലാത്തിനും ഒരു ആല്‍ഫബറ്റും ഇടയില്‍ കുറെ കുത്തുകളും കൂടിയ ‘സാജിദ്‌ സ്റ്റൈല്‍ മെസേജുകള്‍’ ഇടയ്ക്കിടയ്ക്ക് ഞാനും അറോസും മിഥുനും ഒക്കെ അനുകരിക്കാറുണ്ട്. ശത്രുതയുടെ പാരമ്യത്തില്‍ നിന്ന് പോസ്റ്റുകള്‍ ഇടുമ്പോഴും ഞാന്‍ നന്നായി എഴുതുമെന്ന് സാജിദ്‌ അതില്‍ ഒരു കുത്തലോടെയാണെങ്കിലും സമ്മതിക്കുമായിരുന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, അന്ന് അതെന്നെ ചിരിപ്പിച്ചിട്ടുമുണ്ട്. സംസാരിച്ചു തുടങ്ങിയപ്പോഴും സാജിദ്‌ അതിനെ കുറിച്ചു തന്നെയാണ് ഏറെയും പരാമര്‍ശിച്ചതും. ശത്രുവിന്‍റെ അഭിനന്ദനം എന്നത് ചില്ലറയല്ലല്ലോ! ഇന്ന് സൗഹൃദം വളര്‍ന്നെങ്കിലും, "പാരകള്‍" ഒക്കെ പിന്നണിയില്‍ നന്നായി നടക്കാറുണ്ട്. സാജിദ്‌ ഇല്ലാത്തപ്പോള്‍ ഞാനും അറോസും സാജിദിനെ കുറ്റം പറഞ്ഞു വേണ്ടുവോളം സന്തോഷിച്ചു തുള്ളിച്ചാടാറുണ്ട്. എന്നിട്ട് സാജിദ്‌ വരുമ്പോള്‍ ആ കുറ്റം മുഴുവനും അക്ഷരം വിടാതെ പറഞ്ഞു കൊടുക്കുകയും ചെയ്യും. വേണമെങ്കില്‍ സ്ക്രീന്‍ഷോട്ട് കൂടി അയച്ചു കൊടുക്കും. “അടിയെടാ അവനെ” എന്നൊരു ടോണില്‍ സാജിദിനെയും അറോസിനെയും പിരി കയറ്റി വിടും. ഓരോരുത്തരെ ഗാലറിയില്‍ ഇരുന്ന് തമ്മില്‍ തല്ലിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ, അത് ഞാന്‍ ഇപ്പോഴാണ് ശരിക്കും നേരില്‍ അനുഭവിക്കുന്നത്. (:D) എല്ലാ സ്നേഹത്തോടെയും എന്‍റെ പ്രിയശത്രു എന്ന് എനിക്ക് വിശേഷിപ്പിക്കാനാകുന്ന മറ്റൊരാളില്ല. എന്‍റെ ഡയറിയില്‍ സാജിദിനെ കുറിച്ചു ഞാന്‍ എഴുതിയ പേജിലെ ആദ്യ വരിയോടെ ഈ എഴുത്ത് നിര്‍ത്തുന്നു: “There never was an enemy for me like Sajid…a friend too…! And here begins the story… ”