Jyothy Sreedhar

Multiplex

തന്റെ നാമം കൊത്താത്ത കല്ലിന്റെ മുകളില്‍
ഞെളിഞ്ഞു നില്‍ക്കുന്നു മള്‍ട്ടിപ്ലെക്സ്.

താനുണ്ടാക്കിയ ജീവന്റെ ഹൃദയത്തിലേക്ക്
അതിന്റെ ഞെരമ്പുകളിലൂടെ ചുവടു വയ്ക്കുമ്പോള്‍
അയാളുടെ ശിരസ്സ്‌ ഉയര്‍ന്നിരുന്നു,
ലോകം അറിയാതെ...

ഇന്ന് ഔപചാരികൊല്‍ഘാടനം.
നാടിനെ വഞ്ചിച്ച വെളുത്ത ഖദറുകള്‍
നാട മുറിക്കാന്‍ മത്സരിക്കുന്നു.
നാടിന്‍റെയായ മഹാനടന്മാര്‍
കൂളിംഗ്‌ ഗ്ലാസ്സിലൂടസൂയപ്പെടുന്നു.
അടുത്ത് നിന്ന മുതലാളിമാര്‍
അടുത്ത പത്രത്തിനായി പ്രേംനസീര്‍ ആകുന്നു.

അയാള്‍... പുറകിലെവിടെയോ...
തിക്കിയ ശ്വാസങ്ങളാല്‍ പിന്തള്ളപ്പെട്ടു
പുറകിലേക്ക്... പിന്നെയും പുറകിലേക്ക്...

അയാള്‍...
വിശിഷ്ടാതിഥികള്‍ മുകളിലേക്ക് നോക്കുമ്പോള്‍
താഴേക്കു നോക്കി തന്റെ കാലം അന്വേഷിക്കുന്നു.
തിരക്കില്‍ പെട്ടൂരിവീഴാന്‍ തുടങ്ങുന്ന
മുണ്ട് മുറുക്കാന്‍ വിഷമിക്കുന്നു.

ആദ്യ കല്ലിന്റെ സ്ഥാനം,
താന്‍ പായ വിരിച്ചുറങ്ങിയ ഇഞ്ചുകള്‍,
കുടുംബമില്ലാത്തവരുടെ ഓണം കൊണ്ടാടിയ ഒരിത്തിരിമൂല,
ബന്ധത്തിന്റെ കാലം നീളുന്നു.

തന്റെ കൂര ഈ മള്‍ട്ടിപ്ലെക്സ് ആയതും
അതില്‍ തന്റെ വിയര്‍പ്പു ചേര്‍ന്നുറച്ചതും
തന്നില്‍ മുറിവുകള്‍ ഉണ്ടാക്കിയ കമ്പികള്‍ ചേര്‍ത്ത്
നിലകള്‍ കെട്ടിപ്പടുത്തതും
ആരോ വിവിധ നിറങ്ങളാല്‍ മായ്ച്ചിരിക്കുന്നു.

പോലീസിന്റെ ലാത്തിയടിയില്‍പ്പെട്ട്
അയാള്‍ അതിര്‍ത്തിയിലേക്ക് പുറംതള്ളപ്പെടുമ്പോള്‍
നാട മുറിഞ്ഞു...
ക്യാമറകള്‍ മിന്നി.

നക്ഷത്രങ്ങള്‍ വിശിഷ്ടാതിഥികളായി
അയാള്‍ വച്ച കല്ലുകളില്‍ ചവിട്ടി മുന്നിലേക്ക്‌...
അയാള്‍ കാലങ്ങള്‍ കടന്നു പിന്നിലേക്ക്‌...
ശേഷം, ഒരു ദേശാടനപ്പക്ഷിയായ്
അടുത്ത കല്‍ക്കൂട്ടത്തിലേക്ക്...