Jyothy Sreedhar

From my diary...

27 മെയ്‌ 2006 സമയം രാവിലെ 3 മണി. ഉറക്കത്തിന്റെ ഏതോ ഒരു അതിര്‍വരമ്പില്‍ ഒരു ദുസ്സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. സ്വപ്നത്തിലെ ആ മായാലോകത്തിന്റെ ഒരോര്‍മ പോലും എനിക്കായ് ബാക്കി നിന്നില്ല. ഉള്ളിലെ സങ്കടത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞു അതിന്റെ ദുസ്സ്വഭാവത്തെ കുറിച്ച്. ഇവിടെ കനത്ത മഴയാണ്. കൂടെ ആഞ്ഞു വീശുന്ന കാറ്റും. വീണ്ടും എന്നില്‍ ഭീതി ഉണര്ത്താനായ് വന്നത് പോലെ... ആദ്യമായ് കാണുന്നത് പോലെയോ, അതോ അവസാനമായ് കാണുന്നത് പോലെയോ, എന്തോ, ഒരാകര്‍ഷണം. മരങ്ങള്‍ ആടുന്നതും, ഇലകള്‍ പറന്നു വീഴുന്നതും ഒക്കെ ഒരു കൊച്ചു കുട്ടിയുടെ അദ്ഭുതത്തോടെ, ഭീതിയോടെ ഞാന്‍ കാണുകയാണ്. ഇടക്കെപ്പോഴോ എന്ടെ കണ്ണുകള്‍ ഇന്നലത്തെ പത്രത്തിന്റെ വെട്ടിയെടുത്ത ഒരു കഷണതിലേക്ക് പോയി... ഉണ്ണീ, നിനക്കായ് ഞാന്‍ എന്തെഴുതും? അക്ഷരങ്ങള്‍ക്ക് അതീതമാണ് നീയെനിക്ക്. നിന്റെ ആത്മാവ് ഇവിടെ എന്ടെ അരികില്‍ നിന്നു ഞാന്‍ അറിയാതെ ചിരിക്കുന്നുണ്ടാവും. എങ്കിലും നിന്റെ കണ്ണീരെഴുതുന്ന നിന്റെ സ്വപ്നങ്ങളുടെ ബാക്കി പത്രങ്ങള്‍ എന്ടെ ഹൃദയത്തിലാണ് കുറിക്കപ്പെടുന്നത്...നീ പോലും അറിയാതെ... ഈ ചെറു പ്രായത്തില്‍ ആരും അറിയാതെ നീയെഴുതിയ ആ വരികളിലൂടെ നഷ്ടബോധത്താല്‍ നിറഞ്ഞ മിഴികളാല്‍ ഞാന്‍ നിന്നെ അറിയുകയാണ്. "അന്ധകാരം നിറഞ്ഞാടുന്ന ഭൂവിലെ അന്ധകാരം എന്നോടോതി. മൃത്യു നിന്നെ വിളിച്ചുകൊണ്ടു പോകാന്‍ വാതില്‍ തുറന്നെത്തിടുന്നു." ( ആക്രോശം) ഈ ഭാവന (അതോ സത്യത്തിന്റെ പ്രവചനമോ) നിന്നില്‍ ഉടലാര്‍ന്നിട്ടു മൂന്നു മാസം പോലും നീ ജീവിച്ചിരുന്നില്ല. അത്തരം ഒരു ചിന്തയാണോ എന്നെ ഇന്ന് അലട്ടുന്നത്. നിന്നെ പോലെ തന്നെ മരണം എന്ടെ ചിന്തകളുടെ പടി കയറി വന്നു എന്നെ കീഴ്പ്പെടുത്തുന്നത് പോലെ... അവര്‍ എന്ടെ അവസാനം കുറിക്കുന്നത് പോലെ... ഇതായിരുന്നോ നീ അന്നറിഞ്ഞ അനുഭവം? നീ അതനുഭവിക്കുന്നത് ഞാന്‍ കണ്മുന്നില്‍ കാണുന്നു. നിന്റെ മ്ലാനമായ മുഖം എന്തോ ഒരു സത്യമായ പ്രവചനത്തിന്റെ സുഖം ഒരു നേര്‍ത്ത പുഞ്ചിരിയില്‍ ഒതുക്കുന്നു. വിധി അന്ന് അനുഭവിച്ച വികാരം എന്താവാം... ഒന്നും അറിയാത്തവന് സത്യങ്ങള്‍ പറഞ്ഞു കൊടുത്തതിന്റെ ക്രൂരമായ സന്തോഷമോ അതോ ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരങ്ങള്‍ എഴുതേണ്ടി വന്നതിന്റെ പാപഭാരമോ... വിധി ആവര്ത്തിക്കുന്നുവോ? നീയെന്നില്‍ എന്ടെ ഹൃദയത്തിന്റെ ഭാഗമായ് ജീവിച്ചു തുടങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റി നിന്നെ അറിയുമ്പോള്‍ ജീവിതം നിശ്ചയിക്കപ്പെട്ട ഒരു അനിശ്ചിതത്വം എന്ന് നീയെനിക്ക് പറഞ്ഞു തരുന്നത് പോലെ... എന്തൊക്കെയോ പറയാന്‍ നീ ബാക്കി വച്ചിരുന്നോ? ഉണ്ടെങ്കില്‍, അത് നിന്റെ ജീവിതം വീണു കുതിര്‍ന്നു മെല്ലെ അലിഞ്ഞു ചേര്‍ന്നുണ്ടായ എന്റെ ജന്മം ആകാം... എന്ടെ ഹൃദയത്തെ ഞാന്‍ അറിയുന്നത് നിന്നെ കുറിച്ചോര്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആണ്. സ്നേഹമുള്ള, സുഖമുള്ള ഒരു ബാധ്യത- അതാണ്‌ നീയെനിക്ക്. "ഞാനുമാകും ഒരിക്കലാ നക്ഷത്രം ആറടി മണ്ണില്‍ പൂണ്ട ശേഷം കാണാം നിങ്ങള്‍ക്കെന്നെ ഒരിക്കല്‍ വനത്തിന്റെ ഒരു കോണില്‍ നിങ്ങള്‍ക്കായ് പ്രഭ ചോരിയുന്നൊരു താരമായ്...ചെറുതാരമായ്..." എന്ടെ ഉള്ളില്‍ ഇന്ന് അന്ധകാരം ആണുണ്ണി. അതില്‍ നീയൊരു ചെറു താരമായ് പ്രഭ ചൊരിയുന്നത് ഞാന്‍ കണ്ടറിയുന്നു. നീ എനിക്കായ് മാത്രം പറഞ്ഞ ആ വാക്ക് നീ പാലിച്ചിരിക്കുന്നു. മരണത്തിന്റെ മരവിപ്പ് നീ എനിക്കായ് കാത്തുസൂക്ഷിക്കുന്നുവോ? എന്ടെ ജിവിതം അടക്കം എല്ലാം വിധി കവര്ന്നെടുക്കുമ്പോള്‍ ബാക്കി നില്‍ക്കുന്ന എന്ടെ ചിരിയും കണ്ണുനീരും നിനക്കായ് ഞാന്‍ യാചിച്ചു മാറ്റിവയ്ക്കും. എന്നിട്ട് നിന്റെ ഉള്ളില്‍ ഒരു കാണാ അന്ധകാരമായ് മറയാന്‍ ഞാന്‍ വനത്തിന്റെ ആ കോണില്‍ എത്തും. നിന്റെ പ്രഭയിലൂടെ തന്നെ പടി കയറി നിന്നില്‍ അലിഞ്ഞു ഇല്ലാതാകും. എന്നെ തൊട്ടറിയാന്‍ നീ മാത്രം...അത് ഞാന്‍ നിനക്ക് തരുന്ന അവകാശം ആണ്. കാരണം നീ എന്ടെ ആണ്...ഞാന്‍ തന്നെയാണ്... ജീവിതത്തില്‍ അടുത്തറിയാന്‍ കഴിയാതെ പോയ ഈ അനുജനെ മരണമാണ് എനിക്ക് കാണിച്ചു തന്നത്. നീ എനിക്കായ് രചിച്ച ആ വരികള്‍ ഞാന്‍ നിനക്കായ് മാത്രം സമര്‍പ്പിക്കാം. എന്ടെ അന്ധകാരത്തില്‍ പ്രകാശം ചോരിഞ്ഞതിനു... എന്ടെ വികാരങ്ങളായി മരണത്തിലും നീ ജീവിച്ചതിന്... എന്ടെ കണ്ണുനീരിന്റെ ആത്മാവായ്‌ എന്ടെ വലതു കണ്ണില്‍ നിത്യമായ് നീ പിടക്കുന്നതിന്...