‘ഫേയ്സ്ബുക്ക്’ എന്ന മധുപാലിന്‍റെ ആദ്യ നോവല്‍ എന്നെ പല രീതിയില്‍ ആകര്‍ഷിച്ചു; അതിന്റെ കഥയേക്കാള്‍അതിന്റെ കഥാവിവരണം. ഇംഗ്ലീഷ് സാഹിത്യത്തില്‍മോഡേണ്‍/ പോസ്റ്റ്‌മോഡേണ്‍ നോവലുകള്‍ വിവരണ രീതിയില്‍ പല സാഹസങ്ങളും പുതുമകളും കാണിക്കുമ്പോള്‍, മലയാളം നോവലുകളില്‍ അത്തരം ഒരു പരീക്ഷണസമ്പ്രദായം കാണാത്തതില്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. മലയാള സാഹിത്യത്തില്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുത്തു കാണുന്നത്. അതിനോട് എനിക്ക് തെല്ലും വിരോധമില്ല. മറിച്ച്, ഇടയ്ക്കെങ്കിലും, കഥ പറയുന്ന രീതിയില്‍ പരീക്ഷണങ്ങള്‍ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സാഹിത്യം എന്നാല്‍ കഥയിലോ കഥാപാത്രങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അവയെ പരിചയപ്പെടുത്തുന്ന രീതിയ്ക്കും തുല്യാവകാശം ഉണ്ട് എന്നത് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഞാന്‍ വായിച്ചറിഞ്ഞതാണ്. വിവരണരീതിയിലെ പുതുമ എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരിക ഇറ്റാലോ കാല്‍വിനോയുടെ 'ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലര്‍', ലോറെന്‍സ് സ്റ്റേണിന്‍റെ 'ട്ട്രിസ്ട്ട്രാം ഷാന്റി' എന്നിവയാണ്. കാല്‍വിനോയുടെ പുസ്തകത്തില്‍ ഒരു വായനക്കാരന്‍ നോവല്‍ വായിക്കുന്ന രീതിയും പത്തു നോവലുകളുടെ ആദ്യ അധ്യായങ്ങളുടെ തുണ്ടുകളും ഇടകലര്‍ത്തിയിരിക്കുന്നു. അതില്‍ വായിക്കെണ്ടുന്ന രീതി ആദ്യത്തേത് മുതല്‍ ഒന്നിടവിട്ട അധ്യായങ്ങള്‍, നോവലിലെ കഥ രണ്ടു മുതല്‍ ഒന്നിടവിട്ട അധ്യായങ്ങള്‍ - അങ്ങനെയാണ് അവതരണം. പുസ്തകം വായിച്ചപ്പോള്‍ വായനയെ പറ്റിയുള്ള ഓരോ അധ്യായവും കഥ 'അനുഭവിക്കാന്‍' ഉള്ള ഒരു ഒരുക്കം പോലെയാണ് എനിക്ക് തോന്നിയത്, അതും എഴുത്തുകാരന്‍ എന്നെ കഥയ്ക്കായി ഒരുക്കുന്ന പോലെ ഒരനുഭവം. വായിച്ചു തീര്‍ന്നപ്പോള്‍ ആ പുസ്തകത്തിന് മൂന്നു തരത്തിലുള്ള പൂര്‍ണ്ണത ഉണ്ടെന്നു തോന്നി. വായനയെ പറ്റിയുള്ള ഭാഗങ്ങള്‍ ഒരു കഥ പോലെ, ഉള്ളിലെ കഥയുടെ ഭാഗങ്ങള്‍ മറ്റൊരു കഥ പോലെ, പിന്നെ ഇതെല്ലാം മൊത്തമായി ഇഴചേരുന്ന ഒരു പൂര്‍ണ്ണരൂപം. ലോറെന്‍സ് സ്റ്റേണിന്‍റെ പുസ്തകത്തില്‍ സമയം, വാക്യങ്ങളുടെ നീളം, ചിഹ്നങ്ങള്‍ എന്നീ ഘടകങ്ങളില്‍ എഴുത്തുകാരന്‍റെ കുത്തഴിഞ്ഞ ഒരോട്ടം വ്യക്തമായി നമുക്ക് അനുഭവപ്പെടും. ചിലപ്പോള്‍ ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങള്‍ മാറിമറിഞ്ഞു വരുന്നതായി കാണാം, മറ്റു ചിലപ്പോള്‍ ഒരു വാക്ക് പോലും കുറിക്കാതെ വിട്ട താളുകള്‍, ചിലപ്പോള്‍ ഗ്രാഫ് വരച്ച താളുകള്‍, പിന്നെ ഹൈഫെന്‍ പല രീതിയില്‍, പല നീളത്തില്‍ ഇടയില്‍ നിറഞ്ഞിരിക്കുന്നു. അത്തരം പ്രയോഗങ്ങള്‍ ആ പുസ്തകത്തില്‍ വായനക്കാരനെ കൂടി ഉള്‍പ്പെടുത്തുന്ന അനുഭവമാണ് തരുന്നത്. കാല്‍വിനോയുടെ ഉദ്ദേശ്യവും ഒരു പക്ഷെ അത് തന്നെ. മറ്റൊരു ശൈലിയായ ‘സ്ട്രീം ഓഫ് കോണ്‍ഷ്യസ്നെസ്’ എന്ന രീതിയിലൂടെ ഒരാളുടെ കഥ പറയുമ്പോള്‍ അതില്‍ ഓരോ മിനിട്ടിലും അയാളില്‍ വന്നു പോകുന്ന ചിന്തയെ, അതെത്ര ബന്ധമുള്ളതല്ലെങ്കിലും, കൃത്യമായി ഉള്‍പ്പെടുത്തുന്നു. ജെയിംസ് ജോയ്സിന്റെ 'യുലിസസ്' ഒരുത്തമ ഉദാഹരണം. പറഞ്ഞു വന്നത്, ഇത്രയും പുരോഗമനങ്ങള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇരുപതാം നൂറ്റാണ്ടിനോടടുത്ത് പ്രയോഗിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ പക്ഷെ ഇന്നും കഥയിലാണ് എല്ലാം. അതിന് ഒരു മാറ്റം ഞാന്‍ കണ്ടത് ആദ്യമായി (എന്റെ അജ്ഞതയോ എന്ന് ഉറപ്പില്ല) മധുപാലിന്‍റെ 'ഫേയ്സ്ബുക്ക്' എന്ന നോവലിലാണ്. ഈ നോവല്‍ എനിക്കൊരു പുതുമയോ അത്ഭുതമോ ഒക്കെ ആയിരുന്നു. അത്തരം ഒരു പരീക്ഷണം മുന്‍പ് ഞാന്‍ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ, അതിന്റെ ഓരോ ഘട്ടവും എന്നെ പിടിച്ചിരുത്തിക്കൊണ്ടിരുന്നു. പഴയ രീതിയിലുള്ള ഒരു കഥയെ പുതിയ ഒരു വിവരണ ശൈലിയില്‍ ചേര്‍ത്ത് പുതിയ മുഖമായ ഫേയ്സ്ബുക്ക് എന്ന പൊതിയില്‍ കൃത്യമായി പൊതിഞ്ഞെടുത്തത് ബുദ്ധിപരമായ ഒരു കാര്യം തന്നെ എന്ന് പറയാതെ വയ്യ. അത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണവും വ്യത്യസ്തതയും. ചില സമയങ്ങളില്‍ കഥാപാത്രങ്ങളില്‍ തോന്നിയ സംശയത്തില്‍ പേജുകള്‍ പുറകിലേക്ക് മറിക്കേണ്ടി വന്നു എങ്കിലും യുക്തിപൂര്‍വ്വമായ ഒരു നോവല്‍ തന്നെയാണ് ഫേയ്സ്ബുക്ക് എന്ന് അത് സ്വയം തെളിയിക്കുക തന്നെ ചെയ്യും. ആദ്യ പേജുകളിലെ സാധാരണ വിവരണവും സംഭവങ്ങളും വായിച്ചു തുടങ്ങുമ്പോള്‍ പിന്നീടുള്ള പേജുകള്‍ ഇങ്ങനെയാവും എന്ന് ഒരിക്കലും ആരും ഊഹിക്കില്ല. ഈ നോവലിലെ യഥാര്‍ത്ഥ കഥ തുടങ്ങുന്നതും പുരോഗമിക്കുന്നതും അവസാനിക്കുന്നതും ഫെയ്സ്ബുക്കിലെ പോസ്റ്റ്, ലൈക്, കമന്റ്, മെസ്സേജ് എന്നീ ഘടകങ്ങളിലൂടെയാണ്. ഫേയ്സ്ബുക്ക് എന്നത് എന്താണെന്ന് അറിയാത്തവരും, ഫേയ്സ്ബുക്ക് മോശമാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നവരും ഫെയ്സ്ബുക്കില്‍ ഉപദ്രവകാരമായ വികൃതികള്‍കാണിക്കുന്നവരും ഏറെയാണ്. പക്ഷെ അവരുടെ ഇടയില്‍ഫെയ്സ്ബുക്കിനെ ലോകത്തിന്റെ തന്നെ ഒരു പ്രതിനിധിയായി കണ്ട് അതിലെ ഏറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ പരിചയപ്പെട്ടും, വേണ്ടി വരുമ്പോള്‍ നേരിട്ടും, നില്‍ക്കുന്ന എനിക്ക് ചങ്കുറപ്പോടെ പറയാന്‍പറ്റും ഫെയ്ബുക്ക് എന്റെ സ്വഭാവത്തില്‍ വരുത്തിയ നല്ല മാറ്റങ്ങള്‍വളരെ വിലപ്പെട്ടതാണെന്ന്. മുഖത്ത് നോക്കി പറയേണ്ടുന്ന കാര്യങ്ങള്‍ ‘സ്ത്രീത്വത്തിന്റെ’ സാമൂഹിക മാറാലകളെ പൊട്ടിച്ചു മാറ്റി, അങ്ങനെ തന്നെ പറയാന്‍എനിക്കിന്നുള്ള ധൈര്യത്തിന്റെ വലിയ പങ്കും ഫെയ്സ്ബുക്കിന് ഞാന്‍പകുത്തുനല്‍കുന്നു. വൈവിധ്യമാര്‍ന്ന ലോകത്തെ നേരിടുവാന്‍ ധൈര്യമില്ലാത്തവരാണ് ഫേയ്സ്ബുക്ക് മോശമാണെന്നും അത് ഉപയോഗിക്കരുത് എന്നും പറയുന്നവര്‍. പിന്നെ ചില തരം മെയ്ല്‍ഷോവേനിസ്ട്ടുകള്‍. സ്ത്രീജനങ്ങള്‍ഫെയ്ബുക്കില്‍കയറരുത് എന്ന് സമൂഹം പറയുമ്പോള്‍ഞാന്‍പറയുന്നത് അവര്‍നിര്‍ബന്ധമായും ഫെയ്സ്ബുക്കില്‍കയറി അതിന്റെ നല്ല വശങ്ങളെ ഏറ്റെടുത്ത് അതില്‍ വളരണം എന്നാണ്. സ്ത്രീത്വം എന്നതുപോലെ, അല്ലെങ്കില്‍ അതിനേക്കാളുപരി വ്യക്ത്വിത്വം എന്നൊന്നുണ്ട് എന്ന് കൂടി ഞാന്‍ചേര്‍ക്കുന്നു. മൊബൈല്‍ മോശമെന്ന് വച്ച് എത്ര പേര്‍ അത് ഉപയോഗിക്കാതിരിക്കും? അതുപോലെ കമ്പ്യൂട്ടര്‍? നമ്മള്‍അതെങ്ങനെ ഉപയോഗിക്കുന്നു എന്നതില്‍ നിക്ഷിപ്തമാണ് അതിന്റെ ഗുണവും ദോഷവും ഒക്കെ. ഫേയ്സ്ബുക്ക് ഉപയോഗിച്ച് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട എനിക്ക് ഇത് പറയാന്‍ എന്റെ സ്വന്തം അനുഭവങ്ങള്‍ മാത്രം മതിയാവും. ഫേയ്സ്ബുക്ക് നല്ല രീതിയില്‍ഉപയോഗിക്കുന്നവര്‍ക്ക് അതെന്നും ഗുണമേ ചെയ്തിട്ടുള്ളൂ. മധുപാല്‍ ഫെയ്സ്ബുക്ക് വളരെ നന്നായി തന്നെ ഉപയോഗിക്കുന്നത് കൊണ്ടാണ് അതിന്റെ സാധ്യതകള്‍ ഈ നോവലില്‍ ഏറ്റവും ഭംഗിയായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഫേയ്സ്ബുക്ക് ശരിക്കും എന്താണെന്ന് അറിയാവുന്ന എഴുത്തുകാരന്‍ ആണ് മധുപാല്‍ എന്നത് ഈ നോവലില്‍ വ്യക്തവും പ്രകടവുമാണ്. അത് കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍, അവരുടെ പ്രത്യേകതകളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. നവീന്‍ലോപെസ്, വീണ സുകുമാരന്‍ എന്നീ മുഖ്യകഥാപാത്രങ്ങള്‍ നടുവിലെ താളുകള്‍ എത്തുമ്പോഴേക്കും വളരെ പരിചിതമാകും. പിന്നീട് ഓരോ അവസ്ഥയിലും അവര്‍ എന്ത് ചിന്തിക്കും എന്ന് വരെ മനസ്സിലാക്കാവുന്നയത്ര നമുക്ക് ഹൃദിസ്ഥമാകും. പുസ്തകം വായിച്ചു തീര്‍ന്നതില്‍ പിന്നെ ഫെയ്സ്ബുക്കിനെ മറ്റൊരു തലത്തില്‍ ഞാന്‍ കാണുകയായിരുന്നു കുറച്ച് ദിവസങ്ങള്‍. ഓരോ സ്റ്റേറ്റസ്, ലൈക്, കമന്റ്, മെസ്സേജ് എന്നതില്‍ ഒരു കഥ ഒളിഞ്ഞിരിക്കുംപോലെ ഒരു ചിന്ത. അത്തരം ഒരു കഥയില്‍ ഈ എഴുതുന്ന ആളുകള്‍ ഒക്കെ കഥാപാത്രങ്ങള്‍ ആവും പോലെ തോന്നി. ഒരു പുസ്തകം ഒരു വായനക്കാരിയില്‍ ചെലുത്തിയ വലിയ ഒരു സ്വാധീനമായി ഞാന്‍ അതിനെ നിരീക്ഷിക്കുന്നു. ഇത്തരം ഒരു പുതുമയ്ക്ക് മധുപാല്‍ എന്ന എഴുത്തുകാരനെ ഞാന്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നു. എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം മധുപാല്‍ ഒരു പുരുഷനായിട്ടും അതിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൊടുത്ത വ്യക്തതയും അവരുടെ ഭാഷയും വികാരവിചാരങ്ങളും പിന്നെ ഓരോ സ്ത്രീ കഥാപാത്രത്തിന് സ്വന്തമെന്ന പോലെ അദ്ദേഹം കൊടുത്ത ചിന്താശൈലിയിലെ വ്യതിയാനങ്ങളും ആണ്. ഒരു സ്ത്രീ എഴുതിയത് പോലെ ഉള്ള കൃത്യതയും സ്വാഭാവികതയും സ്ത്രീ കഥാപാത്രങ്ങളുടെ ഭാഷയില്‍ ഉണ്ടായിരുന്നു. ഒരു പുരുഷ എഴുത്തുകാരന്‍ സാധാരണ ഗതിയില്‍ ബുദ്ധിമുട്ടേണ്ട ഒരു ഭാഗമാണ് അത്. അതൊരു വല്യ പ്രശ്നമല്ലെന്ന മട്ടിലാണ് മധുപാല്‍ അതിനെ നേരിട്ടു കണ്ടത്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ, ഫേയ്സ്ബുക്ക് വായിക്കുവാന്‍ നിങ്ങള്‍ എടുക്കുന്ന സമയം, അതെത്രയായാലും, നിങ്ങള്‍ പശ്ചാത്തപിക്കില്ല എന്ന് ഞാന്‍ ഉറപ്പ് പറയുന്നു. അതൊരു വായനക്കാരിയുടെ ഉറപ്പായി നിങ്ങള്ക്ക് സ്വീകരിക്കാം. *** *** *** *** *** ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഇവിടെ വായിക്കാം: http://www.goodreads.com/review/show/399206611 ഈ ലേഖനം 'ഫാമിലി ഫേയ്സ്ബുക്ക്' എന്ന മലയാളം മാസികയുടെ 2013 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു: