രണ്ട് വര്‍ഷവും ഒരു മാസവും ഒരു ദിവസവും... ആ സ്ക്രൂ എന്ടെ എല്ലിന്റെ ഭാഗമായി ജീവിച്ചു. 2011 ഏപ്രില്‍ ആറാം തിയതി. ആ സ്ക്രൂവിനെ പുറത്തെടുക്കാന്‍ തീരുമാനിച്ചുറപ്പിച്ചു ഞാന്‍ ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ വീണ്ടും ചോദിച്ചു, 'സ്ക്രൂ എടുക്കണോ' എന്ന്. വളരെ സിമ്പിള്‍ ആയി 'ഞാന്‍ ഓ.പി. ഒന്ന് തീര്‍ത്തിട്ട് വരാം...' 'ഇപ്പ ശരിയാക്കി തരാം' എന്ന് പറഞ്ഞു. സമയം 10 മണി. 11 മണിക്ക് തിയെടെര്‍ റെഡി ആയിരിക്കണം എന്ന് പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. വെയ്ടിംഗ് ബെഞ്ചില്‍ ഇരുന്നു. വലതു വശത്ത് എന്ടെ അമ്മ. ഇടതു വശത്ത് കിരണെട്ടന്റെ അച്ഛന്‍. അമ്മ പേപ്പര്‍ വായിക്കുന്നു, അച്ഛന്‍ മൊബൈല്‍ നോക്കുന്നു...എന്ടെ കണ്ണുകള്‍ ക്ലോകിന്റെ സെക്കന്റ് സൂചികളെ ഖണ്ഡിച്ചു വേഗം തിരിക്കാന്‍ ശ്രമിക്കുന്നു. ഇടയ്ക്കു പല രോഗാവസ്ഥകളും എന്ടെ മുന്നിലൂടെ കടന്നു പോയി. ഇടയ്ക്കു ലോക്കല്‍ അനസ്തെഷിയയുടെ ടെസ്റ്റ് ഡോസ് എടുക്കാന്‍ വേണ്ടി നേഴ്സ് എന്നെ കൂട്ടികൊണ്ട് പോയി. ഒരു ഇന്ജെക്ഷേന്‍ എടുത്തു അവിടെ ഒരു വട്ടം വരച്ചു എന്ടെ കയ്യില്‍ പെന്‍ കൊണ്ട് എന്തോ എഴുതി...സമയവും പേരും കൂടെ മറ്റെന്തോ... വെട്ടാന്‍ കൊണ്ട് പോകുന്ന പോത്തിന്റെ പുറത്തും എന്തോ എഴുതാറുള്ളത് ഓര്മ വന്നു... കൊമ്പ് ഇല്ലാത്തത് കൊണ്ട് പെയിന്റ് അടിച്ചില്ല. ടെസ്റ്റ് കഴിഞ്ഞു വന്നു വീണ്ടും കാത്തിരിപ്പ്.
പത്തേ മുക്കാല്‍ കഴിഞ്ഞതോടെ ഒപെരെഷന്‍ തിയെട്ടെരിലേക്ക് നടന്നു തുടങ്ങി. അമ്മക്ക് തീരെ പേടി ഇല്ലായിരുന്നു. ആശുപത്രിയില്‍ 33 വര്ഷം ജോലി ചെയ്തതിന്റെ ചങ്കുറ്റമാണ്. അച്ഛന്‍ ആണെങ്കില്‍ പേടി കൂടി കൂടി ഇടയ്ക്കു അമ്മയെയും കിരണെട്ടനെയും വിളിച്ചു 'പേടിക്കണ്ട... പേടിക്കണ്ട...' എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ മാത്രം ഉള്ളിലേക്ക്. ഡ്രസ്സ് മാറി പച്ച ഗൌനും കാവി മുണ്ടും ഉടുത്ത് ഹര ഹരോ മനസ്സില്‍ പറഞ്ഞു തിയെറെരിലേക്ക് വലതു കാല്‍ വച്ചു പടി കയറി. അവിടെ കണ്ട ബെഡിലേക്ക് കയറി കിടന്നു. ചുറ്റും മുകളില്‍ ഒന്ന് നോക്കി. ആകെ ഒരു സ്റ്റുഡിയോ സെറ്റ് അപ്പ്. നല്ല ലൈടിംഗ്. നല്ല ഫ്രെയിമെസ്. ഡോക്ടര്‍ വന്നു എന്ടെ കാല്‍ തട്ടി നോക്കി... ഇടതു കാല്‍പാദത്തിലെ സ്ക്രൂവിന്റെ ഭാഗത്ത് കുത്തി നോക്കി... ഇനി അറക്കാം. രണ്ട് പേര്‍ ഒരു ട്രേ എടുത്തു എന്ടെ ഇടതു കാല്‍ അതില്‍ വച്ചു ഡെറ്റോള്‍ ഒഴിച്ച് കഴുകി. തേച്ചു മിനുക്കി എടുത്തു. മറ്റൊരാള്‍ ലൈട്സ് അറേഞ്ച് ചെയ്തുകൊണ്ടിരുന്നു. പിന്നെ ഒരാള്‍ ചാര്‍ട്ടില്‍ കുറിപ്പുകള്‍ എഴുതി. ഡോക്ടര്‍ എക്സ് റേ തിരിച്ചും മറിച്ചും നോക്കി. അടുത്ത് വന്നു ഇരുന്നു. തുടങ്ങുകയായി.
മരുന്ന് കാലില്‍ തുടച്ചു ഒരു പ്രീ- അനസ്തേഷ്യ എഫ്ഫക്റ്റ് തന്നു. ഒരു നേഴ്സ് വന്നു എന്ടെ വലതു തോളില്‍ പിടിച്ചു. ഡോക്ടര്‍ സൂചി എടുത്തു. ലോക്കല്‍ അനസ്തേഷ്യ ആ സ്ക്രൂവിന്റെ അടുത്ത് പാദത്തില്‍ കുത്തി. മിയാമി ബീച്ചില്‍ നിന്നു വാഷിങ്ങ്ടന്‍ ഡി സി യിലേക്ക് കിലോമീറ്ററുകള്‍ ആന്‍ഡ് കിലോമീറ്ററുകള്‍ ആണെന്ന് ആദ്യത്തെ കുത്തില്‍ ഞാന്‍ കണ്ണിലും മനസിലും കണ്ടു. ആ നേഴ്സ് ന്റെ പിടിത്തം മുറുകിയപോള്‍ അത് എന്ടെ കയ്യാണോ അവരുടെ കയ്യാണോ എന്ന് ഞാന്‍ സംശയിച്ചു. ഡോക്ടര്‍ എന്ടെ കാല്‍ ശെരിക്കും പൊസിഷനില്‍ വച്ചു അറക്കാന്‍ തുടങ്ങി...ആ എല്ല് കണ്ടു പിടിച്ചു. സ്ക്രൂ കാണാന്‍ ഉള്ള തപ്പല്‍ ആയിരുന്നു പിന്നെ... ഞാന്‍ കണ്ണടച്ച് കിടന്നു... നേഴ്സ്ന്റെ കൈ മുറുകുന്നതും അയയുന്നതും എനിക്ക് അറിയാമായിരുന്നു... ഡോക്ടര്‍ എല്ലില്‍ ഉളി കൊണ്ട് തട്ടുന്നത് പോലെ ചെയ്യുന്നതും സ്ക്രൂ ഡ്രൈവര്‍ ഇട്ട് തിരിക്കുന്നതും എന്തൊക്കെയോ ബലം പിടിച്ചു അറക്കുന്നതും എനിക്ക് അനുഭവപ്പെടുന്നുണ്ടായി. ഇടയ്ക്കു കാല്‍ മടക്കി പാദം കുത്തി വക്കാന്‍ ഉള്ള നിര്‍ദേശം. അത് ചെയുമ്പോള്‍ എല്ലാരും 'സ്സ്സ്സ്സ്സ്സ്സ്സ്....അയ്യോ...' എന്നൊക്കെ പറഞ്ഞു. എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന് പറഞ്ഞു ആ നേഴ്സ് ഒഴിഞ്ഞു മാറി. കര്‍ത്താവേ എന്ടെ കാല്‍... ടെന്‍ഷന്‍ കൂടി.
പിന്നെയും അതേ കാര്യങ്ങള്‍... ഉള്ളില്‍ കുത്തുന്നതും ഊരുന്നതും ആയ വേദന അസ്സല്‍ ആയി എനിക്ക് കിട്ടി. അനസ്തേഷ്യയുടെ എഫ്ഫക്റ്റ് മാറിയോ എന്ന് ഞാന്‍ അവരോടു ചോദിച്ചു. ഇല്ല പേടിക്കണ്ട, 'ഇപ്പ ശരിയാക്കി തരാം' എന്ന് ഡോക്ടര്‍ പറഞ്ഞു. ഒരേ എല്ലിനെ രണ്ടായി പിളര്‍ത്തുന്ന പോലെയുള്ള വേദന ആയിരുന്നു പിന്നീട്. അപ്പുറത്ത് നിന്നു ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കുന്നുണ്ടായി. പ്രസവ വേദന ആണെന്ന് മനസിലായി.(ആ നിലവിളി എന്റേതായിരുന്നു എന്ന് സംശയിച്ചു അമ്മ നന്നായി പേടിച്ചു എന്ന് അമ്മ തന്നെ പിന്നീട് എന്നോട് പറഞ്ഞു.) രണ്ടും ഒന്നല്ലേല്‍ മറ്റൊരു തരത്തിലുള്ള ഒരു 'പ്രസവം' തന്നെ എന്ന് ഓര്‍ത്തു. സ്ക്രൂവിന്റെ ഹെഡ് കണ്ടുപിടിച്ചപ്പോള്‍ എല്ലാരും സന്തോഷിച്ചു. പിന്നെ കുറെ പണിപെട്ട് ബൊള്ടില്‍ ഒരു പിടി കിട്ടിയപോള്‍... പിന്നെ സ്ക്രൂ ഊരി പോന്നപ്പോള്‍... ബാക്കി എല്ലാം ടെന്‍ഷന്‍ ആയിരുന്നു. പത്തു മിനിറ്റ് കൊണ്ട് എടുക്കുമെന്ന് പറഞ്ഞ, 'ഇപ്പ ശരിയാക്കി തരാം' എന്ന് പറഞ്ഞ ഡോക്ടര്‍ ആ സ്ക്രൂ എടുക്കാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. ആ സമയം മുഴുവനും ഉള്ളിലെ പ്രാണന്റെ ഒരു ഭാഗം വലിച്ചൂരുന്നത് ഞാന്‍ അറിഞ്ഞു, വേദനയോടെ... ഡോക്ടര്‍ നന്നായി വിയര്‍ത്തു കുളിച്ചിരുന്നു. മുറിയില്‍ അപ്പോഴും എ സി യും ഫാനും ഓണ്‍ ആയിരുന്നു...അങ്ങനെ, പ്രസവിച്ച കുഞ്ഞിനെ കാണിക്കുന്നത് പോലെ എന്ടെ കാലില്‍ നിന്നൂരിയ സ്ക്രൂ അവര്‍ കാണിച്ചു തന്നു. നല്ല നീളമുള്ള ഒരു സുന്ദരന്‍ സ്ക്രൂ. പൊതിഞ്ഞു കെട്ടി കൊണ്ട് പോയി ആ 'കുഞ്ഞിനെ' അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. (ഡോക്ടര്‍ അപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു എന്ന് അമ്മയും ശ്രദ്ധിച്ചു, അതിനാല്‍ അമ്മ അല്പം ടെന്‍ഷനും അടിച്ചു.)
കുറച്ചു നേരത്തിനു ശേഷം എന്നെ വീല്‍ ചെയറില്‍ തിയെറ്റെരിനു പുറത്തേക്കു കൊണ്ട് പോയി. അവിടെ നിന്നു ഡ്രസ്സ് മാറി എന്ടെ സ്വന്തം ഡ്രസ്സ് ഇട്ട് കാലില്‍ വലിയ ഒരു കെട്ടുമായി ഇരിക്കുമ്പോള്‍ നേഴ്സ് നന്നായി പൊതിഞ്ഞു ഒരു കവറില്‍ ആ സ്ക്രൂ എനിക്ക് തന്നു. എന്ടെ 'കുഞ്ഞിനെ' ഞാന്‍ രണ്ട് കൈ കൊണ്ട് ഏറ്റു വാങ്ങി. അപ്പോള്‍ മറ്റൊരു നേഴ്സ് വന്നു വാതില്‍ തുറന്നു പുറത്തു നിന്നവരോട് ചോദിക്കുന്നു "ആശയുടെ കൂടെ വന്നവര്‍ ആരാണ്? ആശ പ്രസവിച്ചു, ആണ്‍ കുഞ്ഞ്' എന്ന്. മിനിട്ടുകള്‍ കഴിഞ്ഞു നേഴ്സ് ആ കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു. 'ആശയുടെ...സമയം 12 .40' എന്ന്. (എന്ടെ സ്ക്രൂവിനെക്കാള്‍ അര മണിക്കൂറിനു ഇളയത്.) പുറത്തുള്ള സംഭാഷണങ്ങള്‍ വ്യക്തം. കുഞ്ഞിനു അഭിയുടെ ചായയാണ് എന്ന് എല്ലാവരും ശരി വക്കുന്നു. ഞാന്‍ എന്ടെ സ്ക്രൂവിനെ നോക്കി... അതിന് ആരുടെ ചായ ആണ്...? ഭാഗ്യത്തിന്റെയും നിര്ഭാഗ്യത്തിന്റെയും കുഞ്ഞാണ് അത്... ഒരു പക്ഷെ ഞാന്‍ നോക്കിയാല്‍ ഭാഗ്യത്തിന്റെ ചായ ആണതിന്- പല കാരണങ്ങള്‍ കൊണ്ടും.
എന്ടെ കാലിനെ കുറെ വേദനിപ്പിച്ചെങ്കിലും അത്യാവശ്യ സമയത്ത് എനിക്ക് ഒരു താങ്ങായി നിന്നത് ആ സ്ക്രൂ ആണ്. ആ സ്ക്രൂ മാത്രം... മറക്കുമ്പോള്‍ ചെറിയ ഒരു വിങ്ങലോടെ അതെന്നെ ഓര്‍മിപ്പിക്കുമായിരുന്നു 'ഞാന്‍ ഇവിടെ ഉണ്ട്' എന്ന്. ആ ദിവസവും ഞാന്‍ അപ്പോള്‍ ഓര്‍ക്കും. ഒരു വെറും പാവം ആയിരുന്നു എന്ടെ ആ സ്ക്രൂ. ഒത്തിരി കളിയാക്കലുകളും ശാപങ്ങളും സഹിച്ചിട്ടുണ്ട് അത്. എന്നിട്ടും അധികം ബുദ്ധിമുട്ടിക്കാതെ 2 വര്ഷം എന്ടെ ഭാഗമായി അത് ജീവിച്ചു- ഞാന്‍ അറിയാതെ എന്ടെ പങ്കു പറ്റി... എന്നെ മറ്റുള്ളവരുടെ പോലെ നടക്കാന്‍ സഹായിച്ച്... എന്ടെ ചുവടുകളുടെ ശക്തിയായി... "I have got an extra screw" എന്ന് ഞാന്‍ ചുമ്മാ തട്ടി വിടുമ്പോള്‍ എന്ടെ ഉള്ളില്‍ ഇരുന്നു അത് എത്രയോ വട്ടം അഭിമാനിച്ചിട്ടുന്ടാവും...അല്ലേ? ഇത്രയും നാള്‍ എന്ടെ കാലില്‍... ഇനി നീ എന്ടെ കയ്യില്‍... ആ പച്ച പോതിയോടു കൂടെ ആ സ്ക്രൂവിനെ എടുത്തു നിറഞ്ഞ പുഞ്ചിരിയോടെ ഞാന്‍ പറയട്ടെ- നന്ദി സ്ക്രൂവേ...ഒരായിരം നന്ദി... :)