Jyothy Sreedhar

April 12- A Chennai Diary

IMG_7645 വാട്സാപ്പില്‍ എന്‍റെ ചെന്നൈ നമ്പര്‍ എടുത്താല്‍ കാണുന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് ഇത്. വാട്സാപ്‌ സ്റ്റാറ്റസ്- “Drive from Chennai to Cochin” എന്നും. ചെന്നൈ എന്ന എന്‍റെ പ്രിയനഗരം 2013 ഏപ്രില്‍ 12 ന് ഉണര്‍ന്നു വരുമ്പോള്‍ ഞാന്‍ ഒരു വേര്‍പാടിന് ഒരുങ്ങുകയായിരുന്നു. സ്വന്തം നാടായ കേരളത്തിലെയ്ക്കാണ് യാത്ര എന്ന് തോന്നിയതേ ഇല്ല. കണ്ണ് നിറയുന്നതും തൊണ്ട വരളുന്നതും ഒക്കെ ഇടകലര്‍ന്ന് അതിനേക്കാള്‍ അപ്പുറം എന്തോ ഒരു വേദന. പിറകില്‍ നിന്ന് ആരോ വലിയ്ക്കുന്നതായി തോന്നിയതും, കാര്‍ മുന്നോട്ടു പോകുമ്പോള്‍ ചെന്നൈയെ എന്റെ കണ്ണില്‍ നിറച്ച് പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതും കാറിന്‍റെ പിന്‍ ഗ്ലാസിലൂടെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ എവിടെയ്ക്കെന്നറിയാതെ നോട്ടം അലസിയതും മുന്നില്‍ ശൂന്യത കണ്ടതും ഒക്കെ ഇന്നും അത് പോലെ തന്നെ അനുഭവിക്കാന്‍ കഴിയുന്നു. കൊന്ന്‍ ഇറച്ചിയാക്കാന്‍ പോത്തുകളെ കൊണ്ടുപോകുന്ന ലോറികള്‍ ചൂണ്ടിക്കാട്ടി എന്‍റെ സുഹൃത്ത് ശുഭ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്- “നമുക്ക് ഈ റോഡ്‌, ഈ മരങ്ങള്‍, ഈ ദൃശ്യങ്ങള്‍ എല്ലാം വീണ്ടും കാണാന്‍ കഴിയും എന്ന് ഒരു വിശ്വാസമുണ്ട്. പക്ഷെ, പിന്‍ തിരിഞ്ഞ് നമ്മളെ നോക്കി നില്‍ക്കുന്ന ആ പോത്തുകള്‍ കാണുന്ന ഓരോ കാഴ്ചയും ഇനി ഒരിക്കലും അവരുടെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല. പിന്നിടുന്ന ആ ഓരോ ചുവടിലൂടെയും അവരുടെ ജീവിതം അവര്‍ക്ക് അവസാനിച്ചുകൊണ്ടിരിക്കുകയാണ്” എന്ന്. സത്യത്തില്‍ ചെന്നൈ വിട്ടപ്പോള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞത് അവളുടെ ശബ്ദത്തില്‍ ആ വാചകമാണ്. പിന്നിടുന്ന ഓരോ ചുവടും ഇനി ഒരിക്കല്‍ കൂടി കാണാന്‍ കഴിയും എന്ന് പ്രതീക്ഷയില്ലാത്ത ഒരു യാത്ര. വരിഞ്ഞുകെട്ടി പിന്നിലേയ്ക്ക് വലിയ്ക്കുന്ന പോലെ ഞാന്‍ അന്ന് അനുഭവിച്ച ആ വേദനയ്ക്ക് ഇന്ന് ഒന്നാം വാര്‍ഷികം. രാവിലെ എഴുന്നേറ്റ് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പിന്നെ ബ്ലോഗില്‍ നിന്ന് ചെന്നൈയെ കുറിച്ച് ഞാന്‍ പണ്ട് എഴുതിയ ഒരു ഇംഗ്ലീഷ്‌ ലേഖനം എടുത്തു വായിച്ചു. (http://jyothysreedhar.wordpress.com/2011/10/07/the-new-girl-in-the-old-city/) കണ്ണ് നിറഞ്ഞു. വീണ്ടും ഒന്നും ചെയ്യാന്‍ കഴിയാതെ, വലിയ ഒരു നഷ്ടബോധത്തോടെ എന്ന പോലെ വേഗത്തില്‍ നടന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചെന്നൈയിലെ ജീവിതം മനസ്സില്‍ വന്നു പോയി. പക്ഷെ ആ ഫ്ലാഷ് ബാക്കിനാണ് ഇന്നത്തെ ദൃശ്യങ്ങളെക്കാള്‍ നിറം, ഇന്നത്തെ ശ്വാസത്തെക്കാള്‍ ജീവന്‍. 2010 ഏപ്രില്‍ 18 നാണ് ഞാന്‍ ചെന്നൈ നഗരത്തില്‍ ആദ്യമായി കാലു കുത്തിയത്. റെയില്‍വേസ്റ്റേഷനില്‍ അങ്ങിങ്ങായി ചുരുളു പോലെ പൊങ്ങിയ പൊടിയാണ് ആദ്യ കാഴ്ച. കുത്തി തുളയ്ക്കുന്ന ചൂട് ആദ്യ അനുഭവം. ആദ്യമായി പോയത് ക്രോംപെട്ട് എന്ന, നഗരഹൃദയത്തില്‍ നിന്ന് ഒരുപാട് മാറിയുള്ള ഒരു സ്ഥലത്തെയ്ക്ക്‌. അവിടെ ഫ്ലാറ്റ്‌ എന്ന് അതിന്‍റെ ഉടമസ്ഥര്‍ പേരിട്ട ഒരു ശൂന്യതയിലാണ് ചെന്നൈയിലെ ആദ്യവര്‍ഷം തള്ളിനീക്കിയത്. കേട്ടറിഞ്ഞിട്ടുള്ള തമിഴ്നാട് കൃത്യമായി ക്രോംപെട്ടില്‍ കാണാം. വെള്ളമില്ലാതെ മണിക്കൂറുകള്‍, വല്ലപ്പോഴും വരുന്ന മഞ്ഞ നിറത്തിലും ബ്രൌണ്‍ നിറത്തിലുള്ള വെള്ളം, പല നിറത്തിലുള്ള കുടങ്ങള്‍ നിരത്തി വച്ചിരിക്കുന്ന പൊതു പൈപ്പ്‌. ആദ്യമായി കാണുന്ന മിനറല്‍ വാട്ടര്‍ കാന്‍, വല്ലപ്പോഴും വെള്ളം വരുമ്പോള്‍ പിടിച്ചു വയ്ക്കാന്‍ രണ്ടു വലിയ ടബുകള്‍, എല്ലാ സന്ധ്യയ്ക്കും തലയിലേക്ക്‌ കുത്തിക്കയറുന്ന മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടെയും മണം, നല്ല വെള്ളം ഇല്ലാത്തതുകൊണ്ട് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ മാത്രം മേല് കഴുകുകയും ആഴ്ചയില്‍ ഒരിക്കല്‍ മാത്രം തലമുടി കഴുകുകയും ചെയ്യാന്‍ വിധിക്കപ്പെട്ട സമയം, പ്രത്യേകം ശ്രദ്ധയോടെ നോക്കുന്ന തലമുടിയുടെ പകുതിഭാഗം കൊഴിഞ്ഞു പോകുന്നത് കണ്ടു കഷണ്ടി ആകുന്നത് ദുസ്വപ്നം കണ്ട നാളുകള്‍. തക്കം കിട്ടുമ്പോഴൊക്കെ ശ്വാസം എടുക്കാന്‍ വേണ്ടി കേരളത്തിലേക്ക്‌ വണ്ടി കയറി ഒരു മാസം നാട്ടില്‍ തങ്ങും. ഇരുപത്തിനാല് മണിക്കൂറും, ഊണിലും ഉറക്കത്തിലും ഒക്കെ തമിഴ്നാടിനെ ശപിക്കും, വെറുക്കും. തിരികെ ഉള്ള യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പ് വീട്ടില്‍ നിന്ന് വിസ്തരിച്ചു ഒരു കുളി. അതിനിടയില്‍ ഷവറിനടിയില്‍ നിന്ന് പലപ്പോഴും കണ്ണ് നിറയും. തിരികെ വണ്ടി കയറുമ്പോള്‍ സഹിക്കാന്‍ പറ്റാതെ എങ്ങനെ എങ്കിലും ട്രെയിനില്‍ വേഗം ഉറങ്ങും. ഉണരുമ്പോള്‍, “നാശം, ചെന്നൈ” എന്നും പറഞ്ഞ് പുറത്തു നോക്കുമ്പോഴേയ്ക്ക് ചെന്നൈ എന്നെ തുറിച്ചു നോക്കുന്നതായി തോന്നും. ക്രോംപെട്ട് എന്ന സ്ഥലം ചെന്നൈയെ സ്നേഹിക്കാന്‍ എന്നെ ഒരിക്കലും അനുവദിച്ചിട്ടില്ല. അവിടെ തങ്ങുംബോഴുള്ള ആകെ ഒരു നല്ല ഓര്‍മ ചൂടില്‍ സഹികെട്ട് പാതിരാത്രി ബൈക്കില്‍ ഞാനും എന്‍റെ ഭര്‍ത്താവും കറങ്ങാന്‍ പോയതാണ്. ഇടയ്ക്ക് അപ്രതീക്ഷിതമായി മഴ പെയ്തപ്പോള്‍ അവിടെ എയര്‍പ്പോര്‍ട്ടിനു മുന്നിലെ ഫ്ലൈഓവര്‍നു കീഴില്‍ മഴ കൊള്ളാതെ നിന്നതും, വെളുപ്പിന് ചെറുമഴയും കൊണ്ട് തിരികെ പോന്നതും ചേര്‍ത്ത് ആ രാത്രി മാത്രം നല്ല ഓര്‍മ്മകളില്‍ ഇടം പിടിക്കുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ പെരുംഗുഡി എന്ന സ്ഥലത്തേക്ക് മാറുന്നതോടെയാണ് എനിക്ക് സമയം തന്നെ അല്പം നന്നാവുന്നത്. കിണറില്‍ നിന്ന് വെള്ളവും നല്ലൊരു വീടിന്റെ മുകള്‍ നിലയും അതിനു താഴെ താമസിച്ച വീടിന്റെ ഉടമസ്ഥരും എല്ലാം ചേര്‍ന്ന് നല്ലൊരു അന്തരീക്ഷം. ക്രോംപെട്ടിലെ ഇരുണ്ട ഗുഹ പോലെ അല്ലാതെ വായുവും വെളിച്ചവും കാറ്റും ഒക്കെ കൊണ്ട് സമ്പുഷ്ടമായ വീട്. കൂട്ടിന് എവിടെ നിന്നോ എത്തിയ, സ്വര്‍ണ നിറത്തില്‍ ഉള്ള രണ്ടു പൂച്ചകള്‍- ഗോള്‍ഡി, റോബി.   വെള്ളത്തിന്‍റെ വില ക്രോംപെട്ടില്‍ Goldie and Robbieവച്ച് ശരിയ്ക്കറിഞ്ഞത് കൊണ്ട്, ഒരിക്കല്‍ അല്പം അടുത്തു വന്നിരുന്ന കാക്കയ്ക്ക് ഒരു പാത്രത്തില്‍ വെള്ളം കൊടുത്തതില്‍ തുടങ്ങിയ കാക്കകളുമായുള്ള സൗഹൃദം. എന്നും രാവിലെ ഗോള്‍ഡിയ്ക്കും റോബിയ്ക്കും പാലും ഭക്ഷണവും കൊടുത്ത് പറഞ്ഞ് വിട്ട്, കാക്കള്‍ക്കും പങ്കു കൊടുക്കുക പതിവാക്കി. ഒന്നോ രണ്ടോ കാക്കകള്‍ ആദ്യം വന്ന്, പിന്നെ അവര്‍ ശബ്ദമുണ്ടാക്കി ബാക്കി ഉള്ളവരെ വിളിച്ച്, കൂട്ടമായി ഭക്ഷണം പങ്കുവയ്ക്കുന്നത് കണ്ട്, മനുഷ്യര്‍ക്ക്‌ എന്നെങ്കിലും ഇങ്ങനെ ഒരു സ്വഭാവം ഉണ്ടാകുമോ എന്ന് ഓര്‍ക്കാറുണ്ടായിരുന്നു. കൂട്ടമായി അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ മുഴുവന്‍ കറുപ്പ് നിറത്തില്‍ ഉള്ള ഒരു വലിയ ബലിക്കാക്ക ഒരു സ്കൂള്‍ പ്രിന്‍സിപ്പല്‍ പോലെ മാറി നിന്ന് നിരീക്ഷിക്കാറുണ്ട്. അവര്‍ എല്ലാവരും കഴിച്ചു പോകുമ്പോള്‍ ബാക്കി ഉള്ളതും കഴിച്ചു, ഒന്ന് തിരിഞ്ഞ് നോക്കി അത് പോകുന്നതൊക്കെ എനിക്ക് സ്ഥിരമായ കൌതുകക്കാഴ്ചയായിരുന്നു. അവിടെ വച്ച് ചെന്നൈ മാത്രമല്ല, അതില്‍ ഉള്‍ക്കൊണ്ട ഓരോ ജീവജാലത്തെയും സ്നേഹിക്കാന്‍ ഞാന്‍ പഠിക്കുകയായിരുന്നു. ഓരോ ദിവസവും എന്നെ എന്തെങ്കിലും പഠിപ്പിച്ചേ അവര്‍ പോകുമായിരുന്നുള്ളൂ. കേരളത്തിലെ കൂപമണ്ടൂകങ്ങളില്‍ ഒന്നായിരുന്ന ഞാന്‍ ശേഷം ചെന്നൈയെ കണ്ട് തുടങ്ങിയപ്പോഴാണ് കേരളം എത്രയോ സങ്കുചിതമായ ഒരു നാടാണ് എന്ന് തിരിച്ചറിഞ്ഞത്. എന്‍റെ മനസ്സിലെ അന്ധകാരങ്ങള്‍ ഒന്നൊന്നായി എടുത്ത് ചെന്നൈ എന്‍റെ ഉള്ളില്‍ വെളിച്ചം നിറയ്ക്കും പോലെ ഒരു അനുഭവമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. അത്ര നാള്‍ വളരെ നേര്‍ത്ത ഒരു വീക്ഷണത്തിലൂടെയാണ് ഞാന്‍ ലോകത്തെ നിരീക്ഷിച്ചിട്ടുള്ളത്. പിന്നെയും ജീവിതം സ്വപ്നതുല്യമായി മാറിക്കൊണ്ടിരുന്നു. വ്യക്തിപരമായി ചെന്നൈ എന്നെ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഇരുപത്തഞ്ചു വര്‍ഷത്തോളം കേരളത്തില്‍ ജീവിച്ചിട്ടുണ്ടാവാതിരുന്ന പുരോഗമനങ്ങള്‍ ചിന്തകളിലും, അറിവിലും, വീക്ഷണത്തിലും, എഴുത്തിലും എന്ന് വേണ്ട എന്‍റെ ഉള്ളില്‍ ഉള്ള ഓരോ അണുവിലും ചെന്നൈ എനിക്ക് പകര്‍ന്നു തന്നു. അമ്മയുടെ മടിത്തട്ടില്‍ കിടന്ന് നല്ലതു കേട്ട് വളരുന്ന അനുഭവം. ചെന്നൈ എന്നെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സ്വന്തമാക്കി കൊണ്ടിരുന്നു. എന്നെ മാനസികമായും വളര്‍ത്തിക്കൊണ്ടിരുന്നു. [caption id="attachment_1229" align="alignleft" width="300"]Shot at Express Avenue Mall Shot at Express Avenue Mall[/caption] പുറത്തു പോയി എവിടെയെങ്കിലും ഇരിക്കുമ്പോള്‍ അടുത്തു നിന്ന് ഒളിഞ്ഞുനോട്ടങ്ങള്‍ ലവലേശവും വരാത്തത് എനിക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു. ഏതു തരത്തിലുള്ള വേഷം ഇട്ടു പോയാലും നിര്‍ത്തി കണ്ണ് കൊണ്ട് ബലാത്സംഗം ചെയ്യാതെ, അവനവന്റെ കാര്യവും നോക്കി നടന്നു പോകുന്ന ജനങ്ങള്‍... പുറത്തിറങ്ങിയാല്‍ മനസ്സും ശരീരവും ഒക്കെ സ്വതന്ത്രമായ പോലെ തോന്നും. നമ്മുടെ ജീവിതം, നമ്മുടെ ഇഷ്ടങ്ങള്‍... ആരും അതിനുള്ളില്‍ കൈകടത്തുകയോ ഒളിഞ്ഞു നോക്കുകയോ ചോദ്യം ചെയ്യുകയോ ഇല്ല. ഒരാളും അവിടെ ഒരു സ്ത്രീയെയും തൊടാന്‍ മുതിരില്ല. നഗരം മുതല്‍ ചെറുസ്ഥPhoto0359ലങ്ങള്‍ വരെ ഒരുപോലെ സുരക്ഷിതത്വം. എവിടെപ്പോയാലും ചെന്നൈയിലെ പോലീസും ട്രാഫിക്‌ പോലീസും ഒരുപോലെ ഒരു സംരക്ഷണവലയം തീര്‍ക്കും പോലെ ഒരു ബോധം. രാത്രി പുറത്തിറങ്ങാന്‍ പാടില്ലെന്നുള്ള ലിഖിത- അലിഖിത നിയമങ്ങള്‍ അവിടെ തീരെ ഇല്ല. നഗരം രാത്രിയും ഉണര്‍ന്നിരിക്കും പോലെ തോന്നും. പുറത്തു പോകാന്‍ തോന്നുമ്പോള്‍ തിരഞ്ഞെടുക്കാന്‍ എത്രയോ രീതിയില്‍ ഉള്ള സ്ഥലങ്ങള്‍, എനിക്കിഷ്ടമുള്ള ചില ബീച്ചുകള്‍, നഗരഹൃദയത്തില്‍ പൊളിച്ചു നീക്കാതെ തമിഴ്നാട് സൂക്ഷിക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, എന്‍റെ പ്രിയപ്പെട്ട എക്സ്പ്രസ്‌ അവന്യൂ മാള്‍, അവിടുത്തെ എസ്കേപ് സിനിമാസ്, എനിക്കേറ്റവും ഇഷ്ടമുള്ള അടയാര്‍ ആനന്ദ ഭവനിലെ വിവിധ തരം ദോശകള്‍, നളാസിലെ അപ്പങ്ങള്‍, മുരുഗന്‍ ഇഡ്ഡലി കടയിലെ ഇഡലികള്‍, ഫില്‍ട്ടര്‍ കോഫി... മത്സ്യമാംസങ്ങളോട് അത്ര ഇഷ്ടം ഇല്ലാത്ത എനിക്ക് ചെന്നൈ ഒരു സ്വര്‍ഗ്ഗമായിരുന്നു.   [caption id="attachment_1226" align="alignright" width="300"]Pondicherry Beach Pondicherry Beach[/caption] പിന്നെ പിന്നെ, ഇടവേളകള്‍ കിട്ടിയാലും ഞാന്‍ നാട്ടിലേയ്ക്ക് വരാന്‍ താല്പര്യപ്പെട്ടില്ല. ഓണം പോലും ചെന്നൈയില്‍ സന്തോഷത്തോടെ ആഘോഷിച്ച ചരിത്രമുണ്ട്. അവിടെ ഉള്ള ഓരോ ദിനവും പിന്നെ ആഘോഷം തന്നെയായിരുന്നു. മീഡിയയില്‍ വര്‍ക്ക്‌ ചെയ്യുന്ന എന്‍റെ ഭര്‍ത്താവിന് ഔട്ട്‌ ഓഫ് സ്റ്റേഷന്‍ ജോലികള്‍ വന്നാലും പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ ഞാന്‍ അവിടെ തന്നെ നില്‍ക്കുമായിരുന്നു. അവിടെ ആ വായുവും വെട്ടവും കാറ്റും ഒക്കെ കയറിയോടുന്ന അന്തരീക്ഷത്തോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടമുണ്ടായിരുന്നു. ഒരുപാട് വായിക്കാനും എഴുതാനും ഒക്കെ തുടങ്ങിയത് സത്യത്തില്‍ അവിടെ വച്ചാണ്. ഒരുപാടകലെ അല്ലാത്ത പോണ്ടിച്ചേരിയും എനിക്ക് പോകാന്‍ ഇഷ്ടമുള്ള സ്ഥലമാണ് എന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് പോകും. അവിടെ വൈറ്റ് ടൌണില്‍ കാര്‍ എവിടെ എങ്കിലും നിര്‍ത്തിയിട്ട് ഉള്‍റോഡുകളിലൂടെ പ്രത്യേകതയുള്ള കെട്ടിടങ്ങള്‍ കണ്ട് നടക്കും. ബീച്ചില്‍ പോയി ഇരിക്കും. പിന്നെ തിരികെ ഡ്രൈവ്‌. അവിടെ നല്ല റോഡുകള്‍ കാരണം പോണ്ടിച്ചേരിയിലും ചെന്നൈയിലും ഉള്ള ആ ഡ്രൈവ്‌ പോലും രസകരമാണ്. റോഡരികിലെ കാഴ്ചകള്‍ അവര്‍ നിലനിര്‍ത്തുന്നതും മാതൃകാപരമാണ്. [caption id="attachment_1227" align="alignright" width="300"]At Pondichery At Pondichery[/caption] ഒരു വര്‍ഷം പിന്നിടുമ്പോഴും ചെന്നൈയെ കുറിച്ച് ഞാന്‍ വാചാലയാവുന്നു. നിറുത്താന്‍ ശ്രമിച്ചിട്ടും വാക്കുകളുടെ, ദൃശ്യങ്ങളുടെ കുത്തൊഴുക്ക് അനുഭവപ്പെടുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് എന്റെ ചെന്നൈ ഓര്‍മ്മകള്‍ ഹൃദിസ്ഥമാണ്. കാരണം, അത്രയ്ക്കധികം സംഭാഷണങ്ങളില്‍ ഞാന്‍ ചെന്നൈയെ കുറിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കും. അവര്‍ ചെന്നൈയില്‍ പോകുമ്പോഴൊക്കെ ഫോട്ടോകള്‍ എടുത്ത് എനിക്ക് വാട്സാപ്പില്‍ അയക്കാറുണ്ട്. കോഴിക്കോട്‌ ഒരു വര്‍ഷമായിട്ടും എന്നെ സ്വന്തമാക്കാത്തതിന് കാരണം ചെന്നൈ തന്നെയാണ്. ഈ വീടിനും, ഇവിടെ താഴെ താമസിക്കുന്ന ഉടമസ്ഥരായ എന്‍റെ പ്രിയപ്പെട്ട അങ്കിളിനും ആന്റിയ്ക്കും അപ്പുറം കോഴിക്കോട് നിന്ന് പോകുമ്പോള്‍ എനിക്കൊന്നും നഷ്ടപ്പെടാനില്ല. കണ്ണടച്ചിരുട്ടാക്കി ഞാന്‍ സ്നേഹിച്ചതല്ല ചെന്നൈ നഗരത്തെ. കേരളത്തിന്‍റെ തീവ്ര ആരാധികയായി ചെന്നൈയില്‍ എത്തിയിട്ട് ചെന്നൈയുടെ മകളായി മാറിയ കഥയാണ്‌ എന്റേത്. കണ്ണ് തുറന്നാണ് ഞാന്‍ ചെന്നൈയെ അറിഞ്ഞതും സ്നേഹിച്ചതും. ഇന്നും ഞാന്‍ അവിടെ നിന്ന് ഒരടി പോലും പോന്നിട്ടില്ല എന്ന് മനസ്സ് പറയുന്നു. എല്ലാം ഏതാണ്ട് ഒരുമിച്ചാണ് വന്നത്... കൊടുമ്പിരി കൊണ്ട ഇലക്ഷന്‍ദിനം വന്നു പോയി. ചുട്ടുപൊള്ളുന്ന എന്റെ ശരീരവും മനസ്സും നനച്ച് ഒരു വേനല്‍ മഴ തിമിര്‍ത്തു പെയ്തു. ടിവിയില്‍ ചെന്നൈ നഗരം ഓര്‍മിപ്പിച്ച ‘നേരം’ എന്ന സിനിമ വന്നു. കൂടെ, ഒരിക്കലും മറക്കാന്‍ കഴിയാതെ ഏപ്രില്‍ 12... പേഴ്സിനുള്ളില്‍, ഇതൊന്നും അറിയാതെ, ഏറ്റവും നല്ല ഓര്‍മ്മകളെ ഉള്‍ക്കൊണ്ട്, പരിസരം മറന്നുള്ള ഉറക്കത്തിന് ഒരു വര്‍ഷം തികയ്ക്കുന്നു എന്‍റെ ചെന്നൈയിലെ മൊബൈല്‍ സിം.