ഇന്ന് രാവിലെ ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വന്നത് സുഹൃത്തായ സമീനയുടെ വാട്സാപ്പ് മെസ്സേജ് ആണ്: "Oye my dad turns 67 today. Don't forget to wish him!" മെസ്സേജ് വായിക്കുമ്പോള്‍ ഒന്ന് പുഞ്ചിരിച്ച് വാട്സാപ്പില്‍ റോയ് അങ്കിളിന്‍റെ നമ്പര്‍ എടുത്തപ്പോള്‍ അങ്കിള്‍ ഓണ്‍ലൈന്‍. എന്നെ 'ടൈപ്പിംഗ്' എന്ന് കണ്ടതും "Thank you darling" എന്നെഴുതി വാ പൊളിച്ചു ചിരിക്കുന്ന ഒരു സ്മൈലി ഞാന്‍ അയക്കാത്ത വിഷസിന് മറുപടിയായി വന്നു. പിന്നെ കുറച്ച് നേരം ചാറ്റ് ചെയ്ത് നിര്‍ത്തുമ്പോള്‍ മനസ്സില്‍ ഒരുപാട് രംഗങ്ങള്‍ ഓര്‍ത്തു.
റോയ് അങ്കിളിന്‍റെ പേരില്‍ ഒരു ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട് എന്ന് തമാശയ്ക്ക് ഞാനും ശുഭയും പറയാറുണ്ട്. സത്യത്തില്‍ "നീ റോയ് അല്ലേടാ, ജോയ് ആണ്...ജോയ്" എന്ന് പറയാന്‍ തോന്നുന്ന പ്രകൃതമാണ് അങ്കിളിന്. സമീനയെക്കാള്‍, അവളുടെ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന അനിയനെക്കാള്‍ ചെറുപ്പം. അങ്കിള്‍ ഒരു കിടിലന്‍ ഇന്‍റര്‍നാഷണല്‍ ബിസിനസ്മാന്‍ ആണ്. എപ്പോഴും രാജ്യങ്ങള്‍ തോറും യാത്രകളാണ്. അതിനൊക്കെ അങ്കിള്‍ ആന്‍റിയെ കൂടെ കൊണ്ടുപോകും. അവര്‍ തമ്മില്‍ രണ്ടു വയസ്സിന്‍റെ വ്യത്യാസം മാത്രം. ആന്‍റി അങ്കിളിനെ റോയ് എന്നാണു വിളിക്കുന്നതും. അതുകൊണ്ട് ദീര്‍ഘകാല സുഹൃത്തുക്കളെ പോലെയാണ് ഈ കാണുന്ന കറക്കമൊക്കെ. അങ്ങ് അമേരിക്കയിലും ദുബായിലും കടവന്ത്ര ജംക്ഷനിലും അവര്‍ ഒരുപോലെ ടൂര്‍ അടിക്കും. അവരെ ചൂണ്ടിയാല്‍ പ്രായം എന്ന സംഭവം നാണിച്ച് തലതാഴ്ത്തി പോകും. അത്രയ്ക്കുണ്ട് അവരുടെ എനര്‍ജി.
നമ്മുടെ കേരളത്തിലെ കൂപമണ്ടൂകങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട്. മറ്റുള്ളവരുടെ പ്രായം അവര്‍ക്ക് വലിയ ചര്‍ച്ചാവിഷയങ്ങളാണ്. "പ്രായമായിട്ടും നടക്കുവാ അണിഞ്ഞൊരുങ്ങി" എന്ന ഒരു ക്ലീഷേ പരദൂഷണ ഡയലോഗ് ഞാന്‍ മറ്റുള്ളവരെ പറ്റി പല തവണ കേട്ടിട്ടുണ്ട്. അണിഞ്ഞൊരുങ്ങാന്‍ നിയമപുസ്തകങ്ങളില്‍ പ്രായങ്ങള്‍ കല്പ്പിച്ചിട്ടുണ്ട് എന്ന് തോന്നിപ്പോകും. സമൂഹത്തിനു ചില സങ്കല്പങ്ങള്‍ ഒക്കെ ഉണ്ട്. ഒരു വ്യക്തി ഇരുപതാകും വരെ സാധാരണ പഠിത്തവും, ഇരുപതു മുതല്‍ ഇരുപത്തഞ്ചു വരെ ഫോക്കസ്ഡ് പഠിത്തവും, ഇരുപത്തഞ്ചിനു ശേഷം ജോലിയും, വിവാഹവും, സന്താനോല്‍പ്പാദനവും നടത്തണം. മുപ്പതു കഴിഞ്ഞാല്‍ പിന്നെ "ഒരു മാതിരി കോളേജ് പിള്ളേരെ പോലെ" ഒന്നും നടക്കാന്‍ പാടില്ല. വളരെ പക്വതയോടെ, ഇരുത്തം വന്നു ചിരിച്ച് കുടുംബകാര്യങ്ങള്‍ വൃത്തിയായി നോക്കി മാത്രം ജീവിക്കണം. മക്കള്‍ പ്ലസ് ടു എത്തിയാല്‍ പിന്നെ അലമാരയില്‍ നിന്ന്, കിട്ടുന്ന വസ്ത്രമെടുത്ത് അത് വാരിവലിച്ച് ധരിച്ച് നാലാളുടെ അടുത്തു കുടുംബപ്രാരാബ്ധങ്ങളെ കുറിച്ചും, കാല്‍മുട്ട്, കൈകള്‍, സന്ധികള്‍, നടുവ് എന്നിവയിലെ വേദനകളെ പറ്റിയും കുഴമ്പ് ഉപയോഗിക്കേണ്ട രീതികളെ കുറിച്ചും വിശേഷങ്ങളായി പറയണം. വിശേഷങ്ങളുടെ സെക്കന്‍ഡ് ഹാഫ് ഇങ്ങനെയൊന്നും ചെയ്യാത്തവരെ പറ്റിയുള്ള വിമര്‍ശനങ്ങളും അവരെ കുറിച്ച് സ്വന്തം അസൂയകള്‍ ഉണ്ടാക്കുന്ന നുണക്കഥകളും ഒക്കെയാവണം. അവര്‍ക്ക് മൊബൈല്‍, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് എന്നിവയൊന്നും "കണ്ണ് പിടിക്കാത്ത" കാരണം അറിയാന്‍ പാടില്ല.
എന്തിനധികം, മുപ്പതു വയസ്സ് തികഞ്ഞ എന്നോട് അമ്മ പറയുന്നത് കേട്ടാല്‍ അമ്മ സ്ഥിരമായി കാണുന്ന ബൈജു ദേവരാജിന്റെ സീരിയലുകളുടെ ഒരു ഗുണപാഠസമാഹാരം പോലെ ഇരിക്കും. 'സീരിയലുകളില്‍ എല്ലാ ദിവസവും എന്താണ് പെണ്ണുങ്ങളൊക്കെ ഏതോ കല്യാണത്തിന് പോകും പോലെ ഒരുങ്ങിയിരിക്കുന്നത്' എന്ന സംശയം ഞാന്‍ ചോദിച്ചപ്പോള്‍ 'അങ്ങനെയാണ് നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍' എന്നായിരുന്നു അമ്മയുടെ മറുപടി. പക്ഷെ അതോടെ നിര്‍ത്തിക്കോളണം. ആ കുടുംബത്തില്‍ പിറന്ന സ്ത്രീകളുടെ കഥ കാണാന്‍ അബധത്തിനു പോലും ഇരിക്കരുത്. അവിഹിതവും അടിയും ഇടിയും ചവിട്ടും കുത്തും, കൊല്ലാന്‍ പ്ലാന്‍ ഇടുന്നതും, അച്ഛന്‍ ആരാണെന്നറിയാത്ത മോളെ ചുമക്കലും ഒക്കെയാണ് അവരുടെ ഹോബികള്‍. സൊ അത് കാര്യമാക്കണ്ട. എല്ലാ ദിവസവും സ്വന്തം വീട്ടിലെ കല്യാണത്തിന് ഒരുങ്ങും പോലെ ഒരുങ്ങി കെട്ടിലമ്മ ചമഞ്ഞിരിക്കണം എന്നതാണ് സ്ത്രീകള്‍ക്ക് വേണ്ടി സീരിയലുകള്‍ കൊടുക്കുന്ന ഉദാത്തമായ ഒരിത്.
ഇടയ്ക്ക് സുഹൃത്തുക്കളുടെ ഒപ്പം ഏറണാകുളത്ത് കറങ്ങാന്‍ പോകുമ്പോള്‍ "സാമൂഹിക വിരുദ്ധ വസ്ത്രങ്ങ"ളായ ജീന്‍സും ടോപ്പും, സ്കര്‍ട്ടും ടോപ്പും ഒക്കെ ധരിച്ചു മുടിയൊക്കെ അഴിച്ചിട്ട് ഇറങ്ങുമ്പോള്‍ അമ്മ പുറകില്‍ നിന്ന് സ്ഥിരമായി ഓര്‍മിപ്പിക്കും എനിക്ക് മുപ്പതു വയസ്സായി, സ്റ്റൈല്‍ കുറയ്ക്കണം എന്നൊക്കെ. ഇവര്‍ക്കൊക്കെ മുപ്പത് എന്നത് ഒരു മൂപ്പത്തരം വരേണ്ട സമയമാണ്. സത്യം പറഞ്ഞാല്‍, ഒരു ഇരുപത്തഞ്ചിനു ശേഷം ഞാന്‍ കാത്തിരുന്ന ഒന്നാണ് ഈ മുപ്പത്, മുപ്പതുകള്‍ എന്നത്. ബാല്യവും ശൈശവവും പക്വതയും ഒക്കെ കൃത്യമായ അളവില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുപ്പതുകളിലാണ്. അവിടെയാണ് തീവ്രഭാവങ്ങള്‍ നമ്മള്‍ ചെയ്യുന്ന ഓരോന്നിലും പ്രകടമാകുന്നത്. ചാപല്യങ്ങള്‍ മാറ്റി ശുദ്ധീകരിച്ച് ഓരോ അനുഭവവും നമ്മള്‍ പെഴ്സനലൈസ് ചെയ്യുന്നത് ആ കാലഘട്ടത്തിലാണ്. അന്ന് വരെ സമൂഹത്തിലെ സാഡിസ്റ്റുകള്‍ എക്സ്ട്രാ ടൈമും വെക്കേഷന്‍ ക്ലാസും എടുത്തു പഠിപ്പിച്ചു തരുന്ന മോറല്‍ സൈന്‍സ് വെറും പൊള്ളത്തരമാണെന്ന്‍ മനസ്സിലാകുകയും, എന്തിനെക്കുറിച്ചും സ്വന്തമായ കാഴ്ചപ്പാട് സ്വന്തമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുകയും ചെയ്യുന്ന കാലം. അവിടെ എല്ലാമുണ്ട്- ബാല്യം, കൌമാരം, യൌവ്വനം, പക്വത, അപക്വത, എനര്‍ജി, എക്സൈറ്റ്മെന്‍റ്, സൌഹൃദങ്ങള്‍, പ്രണയം- അങ്ങനെ ജീവിതത്തെ ജീവസ്സുള്ളതായി നിലനിര്‍ത്താനുള്ള എല്ലാം. ആ റിയല്‍ കാലങ്ങളില്‍, സമൂഹത്തിലെ നല്ല കുട്ടിയായി നില്‍ക്കാന്‍ വേണ്ടി ത്യജിച്ച എല്ലാ സന്തോഷങ്ങളും കൃത്യമായി നമ്മള്‍ പുറത്തെടുത്ത് ആസ്വദിക്കുന്ന കാലം ഇതാണ്. ഇത്തരം ചെറിയ കേട്ടറിവുകള്‍ വച്ച്, മുപ്പതുകളെ ഞാന്‍ പണ്ടേ ഉറ്റുനോക്കി കാത്തിരുന്നതാണ്.
ഇവിടെയാണ് റോയ് അങ്കിള്‍ ഒരു വലിയ റോള്‍ മോഡലായി ഞങ്ങളുടെ മുന്നില്‍ അവതരിക്കുന്നത്. ഒരിക്കല്‍ മറൈന്‍ഡ്രൈവില്‍ അങ്കിളും ആന്‍റിയും ഞാനും ശുഭയും സമീനയും അനിയനും കൂടി നടക്കുമ്പോള്‍ അങ്കിള്‍ കോണ്‍ഐസ്ക്രീം മേടിക്കട്ടെ എന്ന് ചോദിച്ചു. അന്നാണ് ആദ്യമായി ഞാന്‍ അങ്കിളിനെ പരിചയപ്പെടുന്ന ദിവസം. അന്ന് ഞാന്‍ അമ്പരന്നു പോയി. പക്ഷെ അത് മേടിച്ച് കഴിച്ച് ഞങ്ങള്‍ നടന്നു. അങ്കിളും ആന്‍റിയും കോണ്‍ ഐസ്ക്രീം ആസ്വദിച്ച് കഴിച്ചു നടക്കുന്നത് സംസാരങ്ങള്‍ക്കിടയിലും ഞാന്‍ ശ്രദ്ധിച്ചു. അന്ന് ഒരു വെള്ള ടീ ഷര്‍ട്ടും കറുത്ത ജീന്‍സും ആയിരുന്നു അങ്കിളിന്‍റെ വേഷം. നരച്ച ബുള്‍ഗാനും, കറുപ്പും വെള്ളയും ചേര്‍ന്ന തലമുടിയില്‍ ഒരു വലിയ കറുത്ത കൂളിംഗ് ഗ്ലാസ്സും വച്ചായിരുന്നു ആശാന്‍റെ നടപ്പ്. ഒരു മരച്ചുവട്ടില്‍ കായലിനരികില്‍ ഞങ്ങള്‍ കുറെ നേരം ഇരുന്നു. അന്ന് അങ്കിള്‍ പറഞ്ഞ ഒരു കാര്യമുണ്ട്, 'പണ്ട് പണിയെടുത്ത് കാശുണ്ടാക്കീത് ഇങ്ങനെ കോണ്‍ ഐസ്ക്രീം കഴിച്ച് ഇവളുടെ കൂടെ നടക്കാനും കൂടി വേണ്ടിയാടോ' എന്ന്. പറഞ്ഞത് നിസ്സാരമായിട്ടാണെങ്കിലും എന്‍റെ ഉള്ളില്‍ അത് കാര്യമായി കൊണ്ടു. ഇന്‍വെസ്റ്റ്‌മെന്‍റ് ഭ്രാന്തുകളുടെ ഇടയില്‍ ഇത്തരം ചെറിയ വലിയ സ്വാതന്ത്ര്യങ്ങളുടെ സുഖം അറിയാന്‍ മെനക്കെടാറില്ല ആരും. അവര്‍ക്ക് സദാ ടെന്‍ഷന്‍സ് ഉണ്ടാവണം, പറയുന്നതെല്ലാം ആനക്കാര്യങ്ങളാകണം, ചെയ്യുന്നത് മലമറിച്ചിടുന്ന സംഭവങ്ങളാകണം. അതിനിടയില്‍ ചെറിയ കാര്യങ്ങള്‍ക്ക് കളയാന്‍ അവരുടെ കയ്യില്‍ ഒരു പത്തു രൂപ പോലും ഇല്ല എന്നതാണ് വൈരുധ്യം! പിന്നെ എന്തിനു പണിയെടുത്ത് സമയം കളയുന്നു എന്ന ചോദ്യം ഞാന്‍ ചോദിക്കുന്നില്ല.
എന്‍റെ എഴുത്തുകള്‍ സ്ഥിരമായി വായിക്കുന്ന അങ്കിള്‍ എന്നെ നന്നായി വിമര്‍ശിക്കാറുണ്ട്. രാഷ്ട്രീയവും, സാമൂഹികവുമായ എഴുത്തുകള്‍ക്കിടയില്‍ അങ്കിളിന്‍റെ മനസ്സില്‍ എന്‍റെതായി ആദ്യം നില്‍ക്കുന്നത് വൈകിട്ട് രണ്ടു പരിപ്പുവടയോ രണ്ടു പഴംപൊരിയോ ഒക്കെയായി മടങ്ങിവരുന്ന ഭര്‍ത്താവിനോടൊപ്പമുള്ള ചായനേരത്തെ കുറിച്ചുള്ള ഒരു ചെറിയ ഫേയ്സ്ബുക്ക് സ്റ്റാറ്റസും, കുഞ്ഞുനാളില്‍ അച്ഛന്‍റെ മുന്നില്‍ സൈക്കിളില്‍ അള്ളിപ്പിടിച്ചിരുന്ന്‍ അച്ഛന്‍റെ ശ്വാസവും അണപ്പും അറിഞ്ഞതിനെകുറിച്ചുള്ള ബ്ലോഗ് എഴുത്തുമാണ്. കൊച്ചു കാര്യങ്ങളെ ചേര്‍ത്തു വച്ചുണ്ടാക്കുന്ന വലിയ ജീവിതത്തിനു ഒരു സുഖമുണ്ട് എന്ന് എഴുത്തുകളില്‍ ഞാന്‍ എഴുതുമ്പോള്‍, അങ്കിള്‍ അങ്ങനെ ജീവിച്ചു കാണിച്ചു തരുന്നു. കുറച്ചു പ്രായമായാല്‍ സ്വന്തം ഭര്‍ത്താവിനെ മറ്റുള്ളവരുടെ അഭിസംബോധന കടമെടുത്താണ് ഭാര്യ വിളിക്കുന്നത്. "ദേ... " എന്നത് പ്രായമായ മിക്ക ഭാര്യമാരുടെയും ഒരു എസ്കെപ്പിസം ആണ്. മുന്‍പ് ചേട്ടാ എന്നോ അല്ലെങ്കില്‍ പേരോ ഒക്കെ വിളിച്ചിരുന്ന ഭാര്യ പ്രായമാകുമ്പോള്‍ മകളുടെ മുന്നില്‍, "അച്ഛനോടും വരാന്‍ പറയൂ" എന്നാക്കും. എന്തുകൊണ്ട് ഡയറക്റ്റ് ആയി "ചേട്ടാ വരൂ" എന്ന് പറയാന്‍ അവര്‍ മടിക്കുന്നു? പ്രായമായാല്‍ പ്രണയം കുറയുകയും നാണം വര്‍ദ്ധിക്കുകയും വേണം എന്നതാണ് ഉത്തമഭാര്യാ നിയമം. എന്തുകൊണ്ട് ഒരു പ്രായമായ ഭാര്യയ്ക്ക് മുന്‍പ് വിളിച്ചിരുന്നത് പോലെ തന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൂടാ? പ്രായമാകുമ്പോഴും കുട്ടികളായി പെരുമാറാനുള്ള സ്വാതന്ത്ര്യം എന്തുകൊണ്ട് അവര്‍ക്ക് പരസ്പരമെങ്കിലും കൊടുത്തുകൂടാ? അനൂപ് മേനോന്‍ ഒരു സിനിമയില്‍ പറയും പോലെ, "പക്വത... തെങ്ങാക്കൊലയാണ്... be like kids" എന്നതിനേക്കാള്‍ ജീവിക്കാന്‍ നല്ലൊരു രീതി വേറെയില്ല.
എന്റെ സുഹൃത്തായ കിഷോറിന്‍റെ എഴുപതുകളില്‍ ഉള്ള അമ്മ കിഷോറിന്‍റെ ഫേയ്സ്ബുക്ക് സ്റ്റാറ്റസുകളില്‍ കമന്റ് ചെയ്യുന്നത് ഞാന്‍ ഒരു കൌതുകത്തോടെ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. കിഷോര്‍ ഒരിക്കല്‍ പറഞ്ഞു അമ്മ ഈ ഫേയ്സ്ബുക്ക് ഒക്കെ തനിയെ പഠിച്ചെടുത്തതാണ് എന്ന്. എന്‍റെ അമ്മ ഇന്‍റര്‍നെറ്റ്, ഫേയ്സ്ബുക്ക് ഒക്കെ നേരില്‍ കാണണമെന്നും ഉപയോഗിക്കണം എന്നും ആഗ്രഹമുള്ളതുകൊണ്ട് മറ്റൊരാള്‍ അതുചെയ്യുന്നത് കാണുന്നത് സന്തോഷമാണ്. എന്‍റെ അമ്മയ്ക്ക് അതിലൊന്നും താത്പര്യമില്ല. പക്ഷെ ഫെയ്സ്ബുക്കിലെ പ്രധാന സംഭവങ്ങള്‍ ഒക്കെ ഞാന്‍ ഫോണിലൂടെയോ നാട്ടിലെത്തുമ്പോള്‍ നേരിട്ടോ പങ്കുവയ്ക്കാറുണ്ട്. അമ്മയെ ഞാന്‍ ഒബറോണ്‍ മാളിലും ലുലുവിലും ഒക്കെ കൊണ്ടുപോകാറുണ്ട്. അങ്ങനെ ഞാനും അമ്മയും തമ്മിലുള്ള ആ നിമിഷങ്ങളില്‍ അമ്മ അറിയാതെ അമ്മയുടെ ഉള്ളിലെ ബാല്യം പുറത്തുചാടാറുണ്ട്. ഒരിക്കല്‍ ഒബറോണ്‍ മാലിനുള്ളില്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി തെല്ല് മടിയോടെ മുന്നിലെ എസ്കലേറ്റര്‍ ചൂണ്ടിക്കാട്ടി "എനിക്കതില്‍ കയറണം" എന്ന് അമ്മ പറയുമ്പോള്‍ ഒരു കുട്ടി പാര്‍ക്കില്‍ പോകണം എന്ന് പറയുന്ന അത്രയും നൈര്‍മ്മല്യമുണ്ടായിരുന്നു. പേടിയോടെ ആണെങ്കിലും ഒരു കണക്കിന് അമ്മയെ കൈപിടിച്ച് എസ്കലെറ്ററില്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോകുമ്പോള്‍ അമ്മയുടെ മുഖഭാവം ഈ ലോകത്ത് അമ്മയെക്കാള്‍ വലിയ ഒരാളില്ല എന്നതായിരുന്നു. അത്രയ്ക്ക് അഭിമാനമുണ്ടായിരുന്നു അമ്മയ്ക്ക് അന്നും, കുറച്ചു ദിവസങ്ങളിലേക്കും, പിന്നീട് എപ്പോള്‍ അത് പറയുമ്പോഴും. ലുലുവില്‍ ചിലപ്പോള്‍ എന്നെ ഇരുത്തി അമ്മ തന്നെ നടക്കും, തനിയെ ഷോപ്പുകളില്‍ കയറിയിറങ്ങും ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ. അതിനുള്ള സ്വാതന്ത്ര്യം കൊടുക്കാനും കൊടുക്കാതിരിക്കാനും ഒരു സമൂഹത്തിനും അവകാശമില്ല. പ്രായം ഒരിക്കലും സന്തോഷങ്ങള്‍ക്ക് ഒരു വിലങ്ങുതടിയാകരുത്. ജീവിതത്തിന്‍റെ ഒരു ഘട്ടമാണ് ഓരോ പ്രായവും. അത് മുഴുവനായി ആസ്വദിക്കാനാണ് ഉണ്ടാവുന്നത്. അല്ലാതെ കുഴംബുമിട്ട് കാലും തടവി പ്രാരാബ്ധം പറഞ്ഞ് ഇരിക്കുവാനല്ല.
റോയ് അങ്കിളിന്‍റെ പോളിസികള്‍ അതാണ്. അത് പരിചയപ്പെട്ട ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായി. ഒരു ഇടിവെട്ട് എനര്‍ജി ഉള്ള ഒരാശാന്‍. അറുപതുകളെ പൊളിച്ചടുക്കി കൊണ്ടുപോയി ഇരുപതുകളില്‍ ഇടുന്ന അമിട്ട് ഐറ്റം! ഒരു ഹൈ വോള്‍ട്ടേജ് ചിരി, യോയോ സ്റ്റൈല്‍, എല്ലാ കുട്ടി കുസൃതികളും അടങ്ങിയ ഒരു ഹോള്‍സെയില്‍ പാക്കേജ്. നല്ല ക്ലാസ് കൊമേഡിയന്‍. അല്പം അകലെ സമീനയോടൊപ്പം ഹോളില്‍ ഇരുന്ന അങ്കിളിനെ നോക്കിയപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന നിര്‍വചനങ്ങള്‍ ഇതൊക്കെയാണ്. എന്റെ തൊട്ടടുത്ത് അപ്പോള്‍ ആന്‍റി ഉണ്ടായിരുന്നു. മനസ്സില്‍ ഓര്‍ത്തത് പറയാതെ, ഞാന്‍ ആന്‍റിയെ നോക്കിയപ്പോള്‍ ആന്‍റി പുഞ്ചിരിച്ച് അങ്കിളിനെ നോക്കി. "A right partner is someone who gives you the space to behave like kids" അവര്‍ തമ്മിലുള്ള ആ ശൂന്യതയില്‍ എഴുതപ്പെട്ട വാക്കുകള്‍ അതായിരുന്നു.
Happy Birthday to one and only...!!!!!