Jyothy Sreedhar

5 days of 50 thoughts!

Introduction

അക്ഷരങ്ങളോട് ഒരു അകല്‍ച്ച സാഹചര്യങ്ങള്‍ കൊണ്ട് എനിക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട്. എഴുതുവാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത പോലെ ഒരു തോന്നല്‍… അങ്ങനെ ഒരു ഡയറി പോലും ഞാന്‍ പൂര്ത്തിയാക്കാതായി. അങ്ങനെ ഇരിക്കെ, യാദൃശ്ചികമായി എന്റെ കണ്ണില്‍ പെട്ടു ചില പുസ്തകങ്ങള്‍. വായിക്കാത്തതോ, അല്ലെങ്കില്‍ വായിക്കാന്‍ തുടങ്ങി പാതി വഴിയില്‍ ഉപേക്ഷിച്ചതോ ആയ പുസ്തകങ്ങള്‍. അതിനെ കൂട്ട് പിടിച്ചു. അതിനിടയില്‍ ഒരു രാത്രിയുടെ നിശബ്ദതയില്‍ ഞാന്‍ വായിച്ച കേരളീയരുടെ സ്വന്തം എഴുത്തുകാരി മാധവിക്കുട്ടിയുടെ ‘നീര്‍മാതളം പൂത്ത കാലം’ ഉണ്ടായിരുന്നു. പതിവു പോലെ, എന്റെ ഇഷ്ടങ്ങളെ തൊടാന്‍ കഴിഞ്ഞില്ല മാധവിക്കുട്ടിയുടെ ആ എഴുത്തിനും… അതിനെ കുറിച്ച് എന്റെ ഒരു സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞപ്പോള്‍, അല്‍പ്പം വിവാദപരമായ് ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. എന്റെ വീക്ഷണത്തില്‍, വ്യത്യസ്തത ഇല്ലാത്ത എഴുത്തുകള്‍ ആണ് മാധവിക്കുട്ടിയുടെത്. ജീവിതത്തില്‍ ഓരോ നിമിഷവും വ്യത്യസ്തത വേണം എന്ന് ആഗ്രഹിക്കുന്ന എന്നോട് ഓരോ ദിവസവും 10 ചിന്തകള്‍ വീതം 5 ദിവസങ്ങള്‍ എഴുതാന്‍ പറഞ്ഞു അദ്ദേഹം. അങ്ങനെ ആ 5 ദിവസങ്ങളുടെ പരിസമാപ്തിയില്‍ 50 ചിന്തകള്‍ എഴുതുക എന്നത് ഒരു വെല്ലുവിളിയായി എനിക്ക് മുന്നില്‍ വന്നു. പക്ഷെ എനിക്ക് അത് എന്റെ അക്ഷരങ്ങളുടെ ഒരു പുനര്‍ജ്ജന്മം ആയിരുന്നു. ആ സുഹൃത്തിനു മനസ്സ് നിറഞ്ഞു നന്ദി അര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അനുമതിയോടെ ആ 5 ദിവസങ്ങള്‍ നിങ്ങള്‍ക്കായി- എന്റെ സുഹൃത്തുക്കള്‍ക്കായി… എന്റെ ലോകത്തിനായി… സമര്‍പ്പിക്കുന്നു…

————DAY 1———–

1) ഇന്നലെ രാത്രി ‘നീര്‍മാതളം പൂത്ത കാലം’ ശ്രദ്ധയോടെ വായിച്ചിട്ടും അതിലെ ഒരു വരി പോലും മനസ്സില്‍ ഇല്ല. “വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു കരഞ്ഞു പിറക്കുന്ന കവിത” എന്നെഴുതിയ നന്ദിതയും “ഫ്ലാറ്റിലെ തൂങ്ങിമരിച്ച കാറ്റിന്റെ മരവിപ്പ് മുറിയില്‍ എങ്ങും പടരുമ്പോള്‍ പുതച്ചുറങ്ങി വേനല്‍” എന്നെഴുതിയ www.harithakam.com ലെ ഏഴാം ക്ലാസ്സ്കാരി അഭിരാമിയും ആരാധിക്കുന്ന മാധവികുട്ടിയോട് എനിക്ക് ഇഷ്ടം തോന്നിയിട്ടില്ല. കലികാലം!

2) സ്വം നഷ്ടപ്പെടുന്നു! സാഹചര്യങ്ങള്‍, ജീവിതം, ലോകം... എന്നെ തുണ്ട് തുണ്ടായി മുറിക്കുന്നു. കുറച്ച് ഭൂതകാലത്തിനു ഭക്ഷണം ആയി, കുറച്ച് ഇന്നിനു കാരണമായി, കുറച്ച് ഭാവിക്കുള്ള വിത്തായി.

3) ‘വിവാഹിതരായാല്‍ സ്വാതന്ത്ര്യം പോയെന്നു സുപ്രീം കോര്‍ട്ട്.’ I remember my friend’s yearly grand celebration of her divorce. She never celebrated her wedding anniversary.

4) വിധിയുടെ ചുടുചുംബനം അങ്ങിങ്ങായി ഏറ്റ ദോശയെ മറിച്ചിടുന്നു. കല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന്‍, പിന്നെ പുളിച്ച്, ആവശ്യാനുസരണം നുരഞ്ഞു പതഞ്ഞു പൊങ്ങി, പിന്നെ ശീതീകരിക്കപ്പെട്ട്, പിന്നെ തണുപ്പ് ആറ്റി, ഈ ഭൂമിയുടെ ഒരു 2D ചിത്രം പോലെ പരത്തി, മറിച്ചിട്ട്, മനോഹരം ആയ പ്ലേറ്റില്‍ മുന്നില്‍ വരുമ്പോള്‍ ഒന്നും അറിയാത്ത പത്തുവയസ്സുകാരി പറയുന്നു, “ചേച്ചിയുടെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും വല്യ സ്വാദാ.”

5) കോരിച്ചൊരിയുന്ന ഒരു പേമാരിയെ ഗര്‍ഭപാത്രത്തില്‍ ഒരുക്കി ഏതോ രാജ്യത്തിന്‍റെ ആകൃതിയില്‍ ഒരു കാര്‍മേഘത്തെ ഞാന്‍ കാണുന്നു. ആ മഴ പെയ്തൊഴിഞ്ഞാല്‍ പിന്നെ ആ മേഘത്തെ ആരും ഓര്‍ക്കില്ല. മക്കള്‍ വേര്‍പെട്ടൊരമ്മയെ പോലെ അദൃശ്യയായ് അലയുവാന്‍ അവള്‍ക്കു വിധി.

6) അശരണര്‍ക്ക് ശരണം ഏകിയ ഗാന്ധിഭവനില്‍ ഏഷ്യാനെറ്റിന്റെ വികാര പ്രഹസനം. ആസ്വാദനത്തെ വോട്ടുകളാക്കി ആ വോട്ടുകളെ കാശാക്കി കീശയില്‍ നിറക്കുന്ന ‘musical’ reality show. കണ്ണുനീരിന്റെയും പുഞ്ചിരിയുടെയും close-ups കൊണ്ട് പരസ്യം കഴിഞ്ഞു മിച്ചമുള്ള സമയം കുത്തിത്തിരുകി സംഗീതത്തെ ഒന്നും അല്ലാതാക്കുന്ന നേരം! ശുദ്ധ സംഗീതത്തിനായി വന്നവരെ ആദിവാസിയായും നാടകകാരിയായും വേഷം കെട്ടിച്ചു അബ്ബാസ്‌ന്റെ ഡാന്‍സ് പഠിപിച്ചു കൊടുക്കുന്ന ആ കളരിയില്‍ ‘സ്വരലയം’ മാത്രം ആണ് സംഗീതം.

7) ചെന്നൈയില്‍ ഒരു ദിവസം പടക്കവും കൊട്ടും പാട്ടും ഡാന്‍സ് ഉം ഒക്കെ കണ്ടപ്പോള്‍ എന്റെ ഭര്‍ത്താവ് പറഞ്ഞു, ‘ആരോ മരിച്ചു.’ കേട്ടറിവുള്ളതിനാല്‍ അത്ഭുതം തോന്നിയില്ല. നോക്കിയപ്പോള്‍ ഒരു കുട്ടിയുടെ മൃതശരീരം. ആ കുട്ടിയുടെ അച്ഛനും അമ്മയും അടക്കം ‘ആഘോഷിക്കേണ്ട’ തന്റെ കുഞ്ഞിന്റെ മരണം. കഷ്ടം! ഒരാളുടെ മരണത്തില്‍ കരയാനും ചിരിക്കാനും ഉള്ള സ്വാതന്ത്ര്യം എങ്കിലും വ്യക്തികള്‍ക്ക് കൊടുക്കണം. സമൂഹം മാറുമ്പോള്‍ മാറ്റാന്‍ ഉള്ളതല്ല വികാരങ്ങള്‍.

8) പെരുമ്പാവൂര്‍- അങ്കമാലി റൂട്ടില്‍ തിരക്കുള്ള റോഡിലൂടെ പാഞ്ഞ KL രജിസ്ട്രേഷന്‍ വണ്ടികള്‍ക്കിടയില്‍ എന്റെ മഞ്ഞ നാനോയും ഓടി. “In the rear view mirror, I could see the road going the other way” എന്ന്  ലക്ഷ്മി ഗില്‍ പറഞ്ഞത് പോലെ, വലതു വശത്തുള്ള കണ്ണാടിയില്‍ എനിക്ക് കാണാമായിരുന്നു കാലങ്ങളുടെ തിരിഞ്ഞുപോക്ക്. മുന്നിലെ ബീറ്റിനെയും റിറ്റ്സ്നെയും ഒക്കെ മറികടന്നു തോല്പിക്കുമ്പോഴും ഒരു അംബാസഡര്‍ എന്റെ നാനോയെ തോല്പിക്കുന്ന സുഖം...

9) TV റിമോട്ട് ലെ channel+ സ്വിച്ച് ല്‍ യാന്ത്രികമായി വിരല്‍ അമര്ത്തുന്നതിനിടയില്‍ ‘മേഘമല്‍ഹാര്‍’ന്റെ അവസാന രംഗം തെളിഞ്ഞു . ‘ഹലോ’ എന്ന് നായകനും നായികയും പരസ്പരം പറയുന്നതിന്റെ പ്രതിധ്വനി കടലുകള്‍ കടന്നു പോകുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ആ പ്രണയം ജന്മാന്തരം ആണെന്നോ, അല്ലെങ്കില്‍, ദേശകാലങ്ങളെ കടന്ന്‍ നിബന്ധനകള്‍ ഇല്ലാത്ത പ്രണയം ആരെയും പിടിപെടാമെന്നോ ഉള്ള ചിന്തയോടെ ആ യാത്രയ്ക്ക് തിരശീല. പ്രണയം– എനിക്ക് ഒട്ടും മനസ്സിലാവാത്ത വാക്ക്. അതുകൊണ്ട് തന്നെ വാനോളം പാടി പുകഴ്ത്തുവാന്‍ താല്പര്യമില്ല. ആരെയും ബോധ്യപ്പെടുത്താനില്ലാതെ മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയം– the unconditional love- ശ്രേഷ്ഠം... ഉണ്ടാവട്ടെ... അങ്ങനൊന്ന്... എന്നെങ്കിലും...

10) ചെന്നൈയിലെ കലണ്ടറില്‍ ദിനങ്ങളുടെ ദൈര്‍ഘ്യം കൂടുതല്‍ ആണ്. ഇവിടെ കുറവും. പോകാനുള്ള ദിവസം ആഞ്ഞടുക്കുന്നു. നക്ഷത്രം നോക്കുവാന്‍ വേണ്ടി അമ്മയ്ക്കും, bills അടക്കുവാന്‍ അച്ഛനും, പിന്നെ കലണ്ടറിന്റെ പരിഭവം മാറ്റാന്‍ എന്ന പോലെ നോക്കാന്‍ എനിക്കും ചേട്ടനും വീട്ടില്‍ വേണ്ട ഒരു വസ്തുവാണ് കലണ്ടര്‍. 26 വയസ്സായിട്ടും calendar വന്നാല്‍ ആദ്യം നോക്കുക എന്റെ പിറന്നാളും ജന്മദിനവും ആണ്. ഒരുപക്ഷെ പ്രായം വര്‍ധിപ്പിക്കുന്നതും എന്നെ ഇന്നും ഒരു കുസൃതിക്കുട്ടിയായ് ഇരുത്തുന്നതും അതേ കലണ്ടര്‍ തന്നെ.

11) പൊട്ടി തകര്ന്ന മണല്തരികളിലൂടെ ദേഹം മറന്ന ആത്മാവായി അവള് നടന്നു… വിണ്ടുകീറിയ പാടത്തിന്റെ കണ്ണാടിചിത്രം പലതായി മുറിഞ്ഞ ആകാശമായി മുകളില് സാക്ഷിയായി.

12) Between the quenches of thirst and the freezing by sparkles, there are confusing kilometres of much expectation and breakage. When climate covers me with wool, I remember my hatred for even cotton in the outskirts of the burning city far. When I get chill even at my mind’s depth I miss the warm hands of ‘agni nakshathra’. I miss you, dear summer, though I hate your motherland!

—————————–DAY 2———————————–

1) കൊടുങ്ങല്ലൂരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത് മനസ്സിനെ എങ്ങോ കൊണ്ട് പോയി. എട്ടാം ക്ലാസ്സില്‍ വച്ച് ‘അസ്ഥികൂടം ക്ലാസ്സ്മുറിയുടെ മൂലയില്‍, അദ്ധ്യാപകന്‍ മേലുറനീക്കി നിര്‍ത്തിയൊരു അസ്ഥികൂടം ക്ലാസ്സ്‌ മുറിയുടെ മൂലയില്‍’ എന്ന് തുടങ്ങുന്ന ONVകവിത ഞാന്‍ ആലപിച്ചപ്പോള്‍ മൂലയില്‍ ഇരുന്ന എല്ല് പോലെ മെലിഞ്ഞ ലിന്റയ്ക്ക് ആ ഇരട്ടപ്പേര് വീണതോര്‍ത്തു. ONVയുടെ ഈ ‘അസ്ഥികൂടം’ ഇന്ന് എന്നെ ഓര്‍മകളാല്‍ ശ്വാസം മുട്ടിക്കുന്ന പോലെ...

2) വൈശാഖമാസം അവസാന ദിനം– പോരാഞ്ഞു എന്റെ സ്വന്തം രോഹിണി നക്ഷത്രവും. രാവിലെ തന്നെ കൃഷ്ണനെ കാണാനെന്നും പറഞ്ഞുകൊണ്ടിറങ്ങി. നല്ല മഴയത്ത്‌ കുട പിടിച്ചു ആസ്വദിച്ചു നടന്നു ആലുവ കൃഷ്ണക്ഷേത്രതിലേക്കു പോയി. ‘പ്രാര്‍ഥിക്കുക’ അല്ല പതിവ്. ഞാനും കൃഷ്ണനും കൂടി കുസൃതിനിറഞ്ഞ സംസാരം, അതെ അറിയുള്ളു എനിക്ക്. മുന്നിലെ അരയാല്‍ മരത്തില്‍ എന്റെ നഷ്ടപ്പെട്ട് പോയ സൌഹൃദങ്ങള്‍ നിരന്നിരിക്കുന്നതും എന്നോട് കൈവീശുന്നതും ഒക്കെ വെറുതെ സങ്കല്പിച്ചു. ഒരില എന്റെ കാലിനടുത്തായ് വീഴുമ്പോള്‍ അതില്‍ നിന്ന് ഇറ്റുവീണ ഒരു തുള്ളിയുടെ മൃദുസ്പര്‍ശം ഞാന്‍ ആസ്വദിച്ചു. മഴ ആയതുകൊണ്ട് ബസ്‌ വേണ്ടാന്ന് വച്ച്, നടന്ന്‍ അടുത്ത ക്ഷേത്രത്തിലേക്ക്. ദേവി- എനിക്ക് അല്പം ഭയവും ബഹുമാനവും ഒക്കെ ആണ് ദേവിയോട്. പിന്നെ ഗണപതിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കൈ വിറയ്ക്കും. ഒരു വാക്ക് പിഴച്ചാല്‍ മതി, എല്ലാം പോയി എന്ന് പണ്ട് അമ്മ പറഞ്ഞത് വീണ്ടും കേള്‍ക്കുന്നു. എന്തായാലും എല്ലാ ദൈവങ്ങളെയും കണ്ടു മഴയില്‍ ബസും ഉപേക്ഷിച്ചു കിലോമീറ്ററുകള്‍ താണ്ടിയുള്ള നടത്തം ഞാന്‍ ആശ്വസിച്ചു. ഒരുപക്ഷെ നാളെ എനിക്ക് വരാന്‍ പോകുന്ന പനിയെ ഞാന്‍ ആസ്വദിക്കുന്ന പോലെ...

3) ഇന്ന് ദേവിക്ഷേത്രത്തിലെ പ്രാര്‍ത്ഥനയ്ക്കിടയില്‍, ഓഡിറ്റോറിയത്തില്‍ നിന്ന് സിംഹേന്ദ്രമധ്യമം എന്ന എന്റെ പ്രിയരാഗത്തില്‍ ഉള്ള ‘നിന്നെ നമ്മിതി’ എന്ന കീര്‍ത്തനം കേട്ടു. 10 വര്ഷം പിറകിലേക്ക് പോയ മനസ്സു ചെന്നെത്തി നിന്നത് യൂത്ത്‌ ഫെസ്റ്റിവലിലെ ശാസ്ത്രീയ സംഗീത മത്സരത്തിലെ ഹൈസ്കൂള്‍ക്കാരിയുടെ മുന്‍പില്‍. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം. അന്ന് കര്‍ണാടക സംഗീതത്തിനോടു ഒരു ഇഷ്ടം തോന്നിയെങ്കിലും നൃത്തത്തിനോടായിരുന്നു എന്റെ കമ്പം മുഴുവനും. സമ്മാനങ്ങള്‍ കിട്ടുന്തോറും വീണ്ടും മത്സരിക്കാനുള്ള കൊതി, അല്ല ഒരു തരം ആക്രാന്തം... നീണ്ട നാളുകള്‍ അതെന്നെ ക്ലാസിക്കല്‍ ഡാന്‍സ് ഇല്‍ തളച്ചിട്ടു. പക്ഷെ അന്ന് ഇഷ്ട്ടക്കുറവുണ്ടായിരുന്ന സംഗീതം ഏതാണ്ട് ഡിഗ്രി തലം മുതല്‍ എന്നെ ആകര്‍ഷിച്ചു തുടങ്ങി. എന്നും രാവിലെ മുതല്‍ ഇവിടെ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാം. അപ്പോള്‍ പറയും “ചെമ്പൈ മരിച്ചു പോയാലെന്താ! ചെമ്പയിനി ഇവിടെ ഉണ്ടല്ലോ” എന്ന്.

4) ഒരു വലിയ ഇടവേളയ്ക്കു ശേഷം ‘തലപ്പാവ്’ കണ്ടു. ആദ്യം അത് കണ്ടപ്പോള്‍ എപോഴത്തെയും പോലെ, പോലീസ്‌ എന്നെ ബോര്‍ അടിപ്പിച്ചു. വര്‍ഷങ്ങളുടെ അകലം എന്റെ ചിന്തകളെ മാറ്റിയിരിക്കുന്നു എന്ന് ഞാന്‍ സന്തോഷത്തോടെ തിരിച്ചറിയുന്നു. രവീന്ദ്രന്‍പിള്ളയെ ഇപ്പോള്‍ എനിക്ക് നന്നായറിയാം. ഓരോ സാഹചര്യത്തിലും ആ കഥാപാത്രം എന്ത് ചെയ്യും എന്ന് എനിക്ക് കാണാം. അത്രയ്ക്ക് നല്ല characterization. പിന്നെ, ജോസെഫിന്റെ വാക്കുകള്‍ ഒരു ജനതയുടെ ശബ്ദത്തിലൂടെ കേള്‍ക്കുന്നു. “ചുറ്റും നടക്കുന്നത് അറിയേണ്ടാത്ത” രവീന്ദ്രന്‍ പിള്ളയോടു “സ്വന്തം… സ്വന്തം… സ്വന്തം…” എന്ന് ജോസഫ്‌ പറയുമ്പോള്‍ അത് എന്നോടാണെന്നു തോന്നി. അന്ന് ഈ സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ നിര്‍ത്താതെ പാടികൊണ്ടിരുന്ന വരികള്‍- ‘കണ്ണിനു കുളിരാം…’ സാഹചര്യത്തിനൊത്ത് കേള്‍ക്കുമ്പോള്‍, അതിലെ ഒരു വരി എന്റെ മനസ്സില്‍ എങ്ങോ തങ്ങി നിന്നു. “ആരറിയുന്നു ഒരു കാട്ടുപൂവിന്‍ ആത്മാവിലാരോ പാടുമീണം” ആ വരി മാത്രം മതി ആ ചിത്രത്തെ വിശദമാക്കാന്‍… ശക്തമായ ഒരു കഥാപാത്രത്തിന്റെ ഏറ്റവും ശക്തമായ ഒരു കാലം അനുയോജ്യമായ ഭാഷയില്‍, മാധ്യമത്തില്‍, അവതരിപ്പിക്കുന്നു ‘തലപ്പാവ്’. അവസാന രംഗങ്ങള്‍ മാത്രം വിരുദ്ധമെന്ന് തോന്നുന്നു .

5) ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു തിരിച്ചെത്തിയിട്ടും എന്റെ മനസ്സില്‍ തെളിയുന്നത് എന്റെ മുറിയില്‍ നിന്നു ജനലിലൂടെ നോക്കിയാല്‍ കാണുന്ന മതിലില്‍ ആകെ പടര്‍ന്നു കയറിയ വെറ്റിലയാണ്. എന്റെ അമ്മ പണ്ട് ഒരു ശിശുവെന്ന പോലെ കയ്യില്‍ തന്നു നോക്കാന്‍ എല്പിച്ചതാണത്. എന്നും ഉണരുമ്പോള്‍ ആ വെറ്റിലകൊടി നോക്കും, ഇളം- കടും നിറങ്ങളിലായ് ആ പച്ച അങ്ങനെ അവിടെ ഒരു പൂന്തോട്ടം എനിക്ക് ഒരുക്കിയിരിക്കുന്നു. മൃദുലമായ കാറ്റിലും തണ്ടിനോട് അള്ളിപ്പിടിച്ചു അലസമായി ഓരോ ഇലയും ചലിക്കുന്നത്‌ കാണാനെനിക്കു വലിയ ഇഷ്ടമാണ് .

6) പുതിയ ജീവിതത്തില്‍ ശീതീകരിക്കപ്പെടുന്ന പഴയ സ്നേഹം. ചെന്നൈയിലെ ഫ്രിഡ്ജ്‌ ഇല്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു കുപ്പിയില്‍ അമ്മ ഉണ്ടാക്കി തന്നയച്ച ചക്ക വരട്ടിയത്. അത് കഴിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ആ കുപ്പി നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ്. അതില്‍ നിറയെ അമ്മയുടെ അധ്വാനത്തിന്റെയും സ്നേഹത്തിന്റെയും വിയര്‍പ്പുതുള്ളികള്‍ ആണ്. ഫ്രിഡ്ജ്‌ ഇല്‍ നിന്നെടുത്ത ആ കുപ്പി നെഞ്ചില്‍ ചേര്‍ക്കുമ്പോള്‍ അതിലെ നനവ്‌ എന്റെ ദേഹത്താവും. ആ നനവ്‌ പണ്ട് ഞാന്‍ ആസ്വദിച്ചിരുന്നു... അമ്മയുടെ മുലപ്പാലിന്റെ രുചിയില്‍...

7) ഒരു കോമഡി പരിപാടി യാദൃശ്ചികമായ് കണ്ടു . അതിലെ police വേഷം കെട്ടിയ ആളുടെ മീശ ആണ് ആകര്‍ഷിച്ചത്. (അല്ലാതെ മറ്റൊന്നും കാണാനോ കേള്‍ക്കാനോ ഉണ്ടായില്ല) police ആണെന്നോ രാജാവാണെന്നോ, അല്ലെങ്കില്‍ മഹാ rowdi ആണെന്നോ– അങ്ങനെ ഒറ്റവാക്കില്‍ ഒരു ഭയങ്കരന്‍ ആണെന്ന് കാണിക്കുവാന്‍ തലമുറകളായി ഈ കൊമ്പന്മീശ ഉപയോഗിക്കുന്നു. ഇതില്‍ നിന്നു എന്നാണൊരു മോചനം ? മീശയില്‍ ആണ് പൌരുഷം എന്ന് വിചാരിക്കുന്ന ആളുകള്‍ സമൂഹത്തില്‍ നിറയുന്നത് കൊണ്ടാണ് പെണ്സിംഹങ്ങള്‍ ഇത്രയ്ക്കു ഗര്ജ്ജിക്കുന്നത്. ആരോ റേഡിയോയില്‍ പറയുന്നത് കേട്ടു, പുരുഷന്മാര്‍ അല്പം മുകളില്‍ നില്ക്കുന്നതാണ് സ്ത്രീകള്‍ക്കിഷ്ടം എന്ന്. ഞാന്‍ അംഗീകരിക്കില്ല ഒരിക്കലും . വ്യക്തികള്‍ മാത്രം ആണ് സമൂഹത്തില്‍– ആണും പെണ്ണും അല്ല. വ്യക്തിത്വം ഉള്ളവര്‍– സ്ത്രീയോ പുരുഷനോ– അവരെ ഞാന്‍ അംഗീകരിക്കും. അത്ര മാത്രം. അതിനു ഒരു കൊമ്പന്‍ മീശയും എനിക്ക് കാണണം എന്നില്ല .

8) എന്റെ മുറിയിലെ കണ്ണാടിയുടെ വശങ്ങളില്‍ അഴുക്കു പിടിച്ചിരിക്കുന്നു. മായ്ച്ചിട്ടും പോകുന്നില്ല. ഞാന്‍ തിരികെ എത്തിയപോഴാണ് കണ്ടത് . ആരെയും കാണാന്‍ ഇല്ലെന്നുള്ള തോന്നലാവാം ആ കണ്ണാടിക്കു സുന്ദരിയായി ഇരിക്കാനുള്ള മടി തോന്നിപ്പിച്ചത്. ചിലപ്പോഴൊക്കെ കൈ കൊണ്ട് തുടക്കുമ്പോള്‍ എന്റെ മുഖത്ത് വളരെ ചെറുതായുള്ള ഏതെങ്കിലും ഒരു പാടാവും കണ്ണില്‍ പെടുക. അപ്പോള്‍ തോന്നും ഞാന്‍ മരിച്ചു കൊണ്ടിരിക്കുന്നു എന്ന്. ചിലപ്പോള്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്നു പ്രാര്‍ഥിക്കും എന്നെ ഇന്ന് ഏറ്റവും ഭംഗിയായി കാണണേ എന്ന്. മുന്‍പ് സ്ഥിരമായി എല്ലാവരും കണ്ണ് വച്ചിരുന്ന എന്റെ തലമുടിയില്‍ പാതിയോളം ചെന്നൈയില്‍ മണ്ണടിഞ്ഞു. ബാക്കി ഉള്ള പകുതി എനിക്കിപ്പോള്‍ ഭാരമാണ്. മക്കളെ എല്ലാം ഒരുമിച്ചു കാണാത്ത ഒരു അമ്മയുടെ ഹൃദയഭാരം പോലെ...

9) അമ്മ ചോദിച്ചു, “നാളെ പയര്‍ ദോശ ആക്കിയാലോ” എന്ന്. അഭിമാനത്തോടെ തല കുലുക്കി. മറ്റൊന്നും കൊണ്ടല്ല, പയര്‍ ദോശ എന്ന പേര് അമ്മ കേള്‍ക്കുന്നത് അടുത്തിടെ പാചകം പഠിച്ച എന്റെ അടുത്ത് നിന്നാണ്. പാചകം അറിയില്ല എന്ന ഒരു തെറ്റിധാരണ എനിക്കുണ്ടായിരുന്നു . അതുകൊണ്ട് wedding gift ആയി kairali channel തന്ന ലക്ഷ്മി നായരുടെ cookery book പൊന്ന്‌ പോലെ സൂക്ഷിച്ചാണ് ചെന്നൈയില്‍ കൊണ്ടുപോയത്. അതിനപോള്‍ എന്റെ താലിയുടെ വില ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുമായിരുന്നു. പക്ഷെ പതുക്കെ, ആ ബുക്ക്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ എനിക്ക് പാചകം അറിയാമെന്നു ഞാന്‍ എന്നോട് തന്നെ തെളിയിച്ചു. പയര്‍ദോശയോടൊപ്പം, റവ ലഡുവും, കാരറ്റ് ഹല്‍വയും ഒക്കെ മുന്നില്‍ നിരന്നപ്പോള്‍ വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരു സ്വകാര്യ ദുഖത്തിന് തിരശീല. ‘ശുഭം ’.

10) I am getting so rough. എന്നെ സ്വയം വേദനിപിക്കാന്‍ ഒരു മടിയും ഇല്ലാതായി തീര്‍ന്നിരിക്കുന്നു, ഒരിക്കലും ദേഷ്യപെടാത്ത ഞാന്‍ ഇന്ന് ചന്തുവിനെ അടിച്ചു. എന്റെ റൂബിയുടെ തലയില്‍ അവന്‍ പുസ്തകം കൊണ്ട് ശക്തിയായി തല്ലുന്നത് കണ്ട് രണ്ടു മൂന്നു തവണ പറഞ്ഞു വേണ്ട എന്ന്. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ക്ഷമ കേട്ടു ഞാന്‍ അടിച്ചു. അപ്പോള്‍ അവന്‍ കരഞ്ഞെങ്കിലും പെട്ടെന്നു നിര്‍ത്തി. ചേച്ചിയുടെ വീട്ടില്‍ പോയതിനു ശേഷം അവന്റെ ഷര്‍ട്ട്‌ ഊരിയപോള്‍ അവിടെ പാട് കണ്ടു ചേട്ടന്‍ അന്വേഷിച്ചു. “അമ്മായി തല്ലി” എന്നവന്‍ പറഞ്ഞു. ചേട്ടന്‍ അവിടെ ഒരുപാടു ദേഷ്യപെട്ടു എന്ന് ചേച്ചി പറയുമ്പോഴാണ് ഓര്‍ത്തത്‌, ഞാന്‍ വിളക്ക് തൊഴാന്‍ ചെന്നപോള്‍ ചേട്ടന്‍ പോയിരുന്നെന്നത്. എന്നോട് ദേഷ്യപെട്ട് ഇറങ്ങിപോയതാണോ എന്നോര്‍ത്ത് ഞാന്‍ കരയുന്നു. ചേട്ടന്‍ എന്നോട് ദേഷ്യപെട്ടാല്‍ എനിക്ക് സഹിക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഞാന്‍ സ്നേഹിക്കുന്നു എന്റെ ചേട്ടനെ. എനിക്ക് എന്താണാവോ പറ്റിയത്! ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ഞാന്‍!

————–DAY 3———————–

1) രാവിലെ ടിവി വച്ചപ്പോള്‍ അമൃത ടിവിയിലെ ജീവധാര എന്ന പ്രോഗ്രാം ആണ് കണ്ടത്. ആയുര്‍വേദം ആസ്പദം ആക്കിയുള്ള പ്രോഗ്രാമുകള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഏറ്റവും എന്നെ ആകര്‍ഷിക്കുന്നത് അവര്‍ ഉപയോഗിക്കുന്ന ഭാഷ. സംസ്കാരം പലപ്പോഴും തോറ്റുപോകുന്ന വാക്കുകള്‍ ആണ് ഇന്ന് കൊച്ചു കുട്ടികള്‍ വരെ പറഞ്ഞു കാണുന്നത്. അതിനിടയില്‍ ശബ്ദ കോലാഹലങ്ങള്‍ ഒഴിവാക്കി മനസ്സിന് സമാധാനം തരുന്ന രീതിയില്‍ ഒരു പ്രോഗ്രാം പലപ്പോഴും ഇത്തരത്തില്‍ ഉള്ളവ മാത്രം ആണ്. വീട്ടിലല്ലേ ഇങ്ങനൊക്കെ പറയാന്‍ പറ്റൂ എന്ന് പല കുട്ടികളും പറഞ്ഞു കേള്‍ക്കുന്നു. അത്തരം ഒരു ഭാഷ പറയുമ്പോള്‍ എന്താണ് അവര്‍ക്കിത്ര നിര്‍വൃതി. അമ്മയെയും അച്ഛനെയും സഹോദരനെയും ഒക്കെ ചീത്ത പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. പക്ഷെ അത് അധികം നീണ്ടില്ല. ചേട്ടന്‍ തന്ന ശക്തമായൊരു അടിയില്‍ ആ സംസ്കാരശൂന്യത അലിഞ്ഞുപോയി. അന്ന് മുതല്‍ ഭാഷയുടെ പുറകെ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല സിനിമകളും ഞാന്‍ ഇഷ്ടപെട്ടില്ല. പല സീരിയലുകളും എന്റെ വെറുപ്പിനു പാത്രങ്ങള്‍ ആയി. വീട്ടില്‍ സ്വന്തം അമ്മയോട് ഒരാള്‍ എങ്ങനെ ആണോ, യഥാര്‍ത്ഥത്തില്‍ അയാള്‍ അങ്ങനെ ആണ് എന്ന് എന്റെ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് മുതല്‍ അമ്മയോടുള്ള എന്റെ സംസാരം ഞാന്‍ തന്നെ പരിശോധിക്കുകയും തിരുത്തുകയും ചെയ്തു തുടങ്ങി. ഇന്ന് എത്ര പ്രകോപിതയാക്കിയാലും തെറ്റായൊരു ഭാഷ എന്റെ നാവില്‍ നിന്ന് വരില്ല എന്ന ഈ അവസ്ഥയിലേക്കുള്ള എന്റെ വളര്‍ച്ച ആയിരുന്നു ഈ ഇരുപത്തിയാറു വര്‍ഷങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെയ്യാന്‍ കഴിയില്ല എന്ന് തോന്നുന്നത് മനസ്സിനോട് സത്യം ചെയ്തു ചെയ്യാന്‍ തുടങ്ങുക എന്നതും അമ്മ എന്നെ പഠിപിച്ചു. ഒരു മീന്‍ വറുത്ത കഷണം കിട്ടിയില്ലെങ്കില്‍ സത്യാഗ്രഹം ഇരുന്ന ഞാന്‍ ഇന്ന് മുന്നില്‍ വന്നാല്‍ പോലും വല്ലപ്പോഴും മാത്രമേ മാംസാഹാരം കഴിക്കാറുള്ളു. ആയുര്‍വേദം പറയുന്നത് പോലെ, മാംസാഹാരികളുടെ സ്വഭാവവും പെരുമാറ്റവും തീവ്രമായിരിക്കും. ആ തീവ്രതയില്‍ നിന്ന് ഞാന്‍ മോചിത എന്ന് വിശ്വസിക്കുന്നു. ഭാഷയുടെ കരങ്ങളില്‍ ഞാന്‍ സുരക്ഷിത.

2) സുഹൃത്തുക്കളെ കുറിച്ചോര്‍ത്തപ്പോള്‍ ആദ്യം തെളിഞ്ഞത് ജോസിന്റെ മുഖമാണ്. എന്നെ ജീവിതത്തില്‍ എന്തോക്കെയോ നല്ലത് പഠിപ്പിച്ചിട്ടു, സാഹചര്യങ്ങളാല്‍ കടന്നു കളഞ്ഞ ഒരു വ്യക്തി. ഇപ്പോള്‍ അവന്‍ പാരിസില്‍ എങ്ങോ ആണെന്ന് കേള്‍ക്കുന്നു. ജോസിന്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തികളില്‍ ഒരാള്‍ ആണ്. ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളെ കാണുവാന്‍ അവനാണ് എന്നെ പഠിപ്പിച്ചത്. അങ്ങനെ ചെറിയ സന്തോഷങ്ങളില്‍ പൊട്ടിച്ചിരിക്കാനും കണ്ണുകള്‍ കാണാത്ത പല ചെറിയ വസ്തുക്കളുടെ വലുപ്പം കാണാനും എനിക്ക് കഴിഞ്ഞു. അങ്ങനെ പലരും പറഞ്ഞിട്ടുള്ള പോലെ ഒരു 24x7 happy person ആയും ഇരിക്കാന്‍ പറ്റുന്നു. അമ്മയോട് സംസാരിക്കുന്നതില്‍ ഓരോ ദിവസവും ഒരു വാക്യം എങ്കിലും അറിയാതെ ജോസിന്റെത് എന്ന് പറഞ്ഞു ഞാന്‍ പറയാറുണ്ട്‌. സ്വാധീനം- അതെത്ര വലുതാണെന്ന് മനസ്സിലാക്കിയത് ഇങ്ങനെ ഒക്കെ ആണ്. എന്റെ മൂന്നു പ്രിയ സുഹൃത്തുക്കള്‍ മരിച്ചതോടെ അവശേഷിച്ച മറ്റു gang members കൂടി ചിതറിപോയി. അക്കൂട്ടത്തില്‍ ജോസിനും ഉണ്ടായിരുന്നു. 5 വര്‍ഷങ്ങള്‍ വഴിമാറിയെങ്കിലും ആ സൌഹൃദത്തില്‍ ഞാന്‍ അനുഭവിച്ച സ്നേഹവും സത്യവും സന്തോഷവും ഒക്കെ ഞാന്‍ ഇന്നും ഓര്‍മയില്‍ അനുഭവിക്കുന്നു. ജീവിതത്തില്‍ വഴി തെറ്റിപ്പോയ ആളുകളെ കാണുമ്പോള്‍ ആദ്യം ഓര്‍ക്കുക, അവരുടെ ജീവിതത്തില്‍ അത്തരം ഒരു സൌഹൃദത്തിന്റെ അസാന്നിദ്ധ്യം ആണ്. അതായിരിക്കാം ഒരുപക്ഷെ അവരുടെ തീരാ നഷ്ടവും.

3) മരണം- അതിനെ എനിക്ക് പേടിയില്ല. എമിലി ടിക്കിന്‍സണ്‍ പ്രണയിച്ച പോലെ മരണത്തെ എന്റെ ശ്വാസത്തില്‍ പോലും പ്രതീക്ഷിച്ചു ഒരു കാമുകിയായി കാത്തിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ എന്റെ കൂടെയുള്ളവരെ ഒന്നൊന്നായി കൊണ്ടുപോകുന്നു ആ അനന്തതയിലേക്ക്. സൈനോജ് എന്ന ഗായകന്റെ മരണം എനിക്കെല്പിച്ച ആഘാതം വലുതാണ്‌. ഒത്തിരി നാളുകളുടെ ബന്ധനം ഞങ്ങള്‍ക്കിടയില്‍ ഇല്ലെങ്കിലും മൂന്നു നാല് ദിവസം തുടര്‍ച്ചയായി കൈരളിയില്‍ ഉണ്ടായിരുന്നു ഞങ്ങള്‍. എന്റെ മൊബൈലും മേടിച്ചു കുറെയേറെ സംസാരിച്ചു വിട പറഞ്ഞതിന് ശേഷം ഞാന്‍ അവനെ കണ്ടിട്ടില്ല. ലുകീമിയയുടെ ഭയാനകമായ മുഖം ഞാന്‍ അടുത്തറിഞ്ഞത് അവന്റെ മരണത്തിലൂടെ ആണ്. ഇന്ന് എന്റെ കസിന്റെ 10 വയസ്സുകാരന്‍ മകന് അതെ കണ്ടുപിടിത്തം. ഒരിക്കല്‍ ചികിത്സിച്ചു ഭേദമായി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ട് വീണ്ടും നല്ല പനിയോടെ അഡ്മിറ്റ്‌ ചെയ്തു. ആ പനി മാറിയപ്പോള്‍ ഡോക്ടര്സ് ഡിസ്ചാര്‍ജ് ചെയ്തിട്ട് പറഞ്ഞു 30% പ്രതീക്ഷ മതി. കരയാതിരുന്നതു അവന്റെ അമ്മ മാത്രം. ആരും കാണാതെ കരഞ്ഞു ഇപ്പോള്‍ ഒന്നും എല്‍ക്കാതായി പോയിരിക്കുന്നു ആ ചേച്ചിക്ക്. പക്ഷെ 30 എന്നത് വലിയ ഒരു സംഖ്യ തന്നെ ആണെന്ന് മനസ്സ് പറയുന്നു…

4) നഗരത്തിലെ തിരക്കുള്ള പ്രദേശം മുതല്‍ അതിരുകളില്ലാതെ പരന്നു കിടക്കുന്ന മറിനാ ബീച്. അതില്‍ പതിഞ്ഞ വ്യത്യസ്തമായ കാല്‍പ്പാടുകള്‍. എങ്ങില്‍ നിന്ന് എങ്ങും എത്താത്ത കടല്‍, ഒരു ജന്മത്തിന്റെ പ്രതിഫലനം പോലെ... ഈ കടലിന്റെ ഏതോ കോണുകളില്‍ അസ്ഥികളായും ചിതഭാസ്മമായും എത്ര ജീവിതങ്ങള്‍ക്ക് അറുതി ആയിരിക്കാം. ഒരിക്കല്‍ കടംകഥ പോലെ തോന്നിയ കൂറ്റന്‍ സുനാമിത്തിരകള്‍ എത്ര ആയുസ്സുകളെ വിഴുങ്ങി... ദൂരെ ചെറായി ബീച്ചിലും ഇതേ തിരമാലകള്‍ തന്നെ. പക്ഷെ ആ കടപ്പുറത്ത് ഞാന്‍ സന്തോഷവതി ആയിരുന്നു. ഇന്ന് ഒരു നിര്‍വികാരത. ഓര്‍മകളിലേക്ക് ചൂഴ്ന്നിരങ്ങാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെതടക്കം കേള്‍ക്കുന്ന ശബ്ദങ്ങള്‍ അതിനു തടസ്സം. വിട്ടുതരുക എനിക്ക് എന്റെ നിമിഷങ്ങളെ …

5) ഇന്റെര്‍നെറ്റിലെ വിജ്ഞാന ലോകത്തില്‍ അലക്ഷ്യമായി എന്തോ തപ്പുമ്പോള്‍ medical treatment ഇന്റെ വര്‍ണാഭമായ ലോകം വിടരുന്നു. Spineഇലും അതിനാല്‍ ദേഹത്തും വളവുള്ള ഒരാള്‍. അയാളുടെ ദേഹത്തില്‍ അങ്ങിങ്ങായി കൈ പതിച്ചു ആ ഡോക്ടര്‍ വിശദമാക്കുന്നു. പ്രത്യേകിച്ച് എന്നെ ആകര്‍ഷിച്ചത് ഒരായിരം എല്ലുകളും കോശങ്ങളും ഭംഗിയായി അടുക്കിവച്ച് ഉണ്ടാക്കിയ ഈ ശരീരത്തില്‍ വായു കൊണ്ട് നടക്കുന്ന ഒരു കളിയാണ്. കാലുകള്‍ക്ക് മീതെ ഒരു ദേഹം വച്ചാല്‍ മാത്രം പോര, Internal pressure ഇനെ external pressureഉമായി balanceചെയ്താലേ നമുക്ക് നില്‍ക്കാന്‍ സാധിക്കൂ എന്ന കാര്യം. ‘ദൈവം’ എന്ന ഒരു സങ്കല്പത്തെ മാറ്റി വച്ചാല്‍ ഒരു science fiction പോലെ തോന്നുന്ന ഒരു instrument, which is termed as human body. ഒരു കോശത്തിലെ ഒരു അണുവില്‍ നിന്ന് കോശം ഉണ്ടായി പിന്നെ അതില്‍ നിന്നും പടര്‍ന്നു പന്തലിച്ചു ഒരു മനുഷ്യന്‍ ഉണ്ടായി അതില്‍ ഒരു കടംകഥ പോലെ ‘മനസ്സ്’ എന്ന സങ്കല്പത്തെ ഉണ്ടാക്കിയതെന്തോ, അതിനെന്റെ പ്രണാമം.

6) സ്വര്‍ണം പവന് പതിനയ്യായിരം രൂപയോളം എത്തിക്കഴിഞ്ഞു. ഇനിയുള്ള പെണ്‍കുട്ടികള്‍ക്ക് ഒളിചോടലും register marriageഉം തന്നെ രക്ഷ. ഒരു രൂപ കൂടുമ്പോഴും ഞാന്‍ ഓര്‍ക്കുക, ആ സമയങ്ങളില്‍ വിവാഹം നടക്കാന്‍ ഉള്ള പെണ്‍കുട്ടികളുടെ അച്ചന്മാരെ കുറിച്ചാണ്. കണ്മുന്നില്‍ പെണ്‍കുട്ടി വളര്‍ന്നു വലുതാവുന്നതിലും വേഗത്തില്‍ horlicksഉം boostഉം ഒക്കെ കഴിച്ചത് പോലെ വളര്‍ന്നു കൊഴുത്ത സ്വര്‍ണ വില. അതോടൊപ്പം വളര്‍ന്ന unemployment problems. ഇതും മനുഷ്യന്മാര്‍ ജീവിക്കേണ്ട കാലം തന്നെയോ !!!

7) Gmailല്‍ വന്നു കെട്ടിക്കിടന്ന മെയിലുകള്‍ക്കിടയില്‍ mangalore air crashന്റെ photos. അന്ന് മരിക്കാന്‍ വിധിയുള്ള അത്രെയും പേരെ ഒരുമിച്ചു ഒരു flightല്‍ കേറ്റിവിട്ടു കൊന്ന ദൈവത്തിന്റെ വികൃതി. വിധിപ്പ്രകാരം ഉള്ള ഇങ്ങനത്തെ കൂട്ടക്കൊലയ്ക്ക് നമ്മള്‍ ബസ്‌ ഉം ബോട്ടും plane ഉം ഒക്കെ ഉണ്ടാക്കി കാരണം ആക്കുന്നു. ഒരു കൂട്ടക്കൊല കഴിയുമ്പോള്‍ ന്യൂസ്‌ചാനലിലെ ആദ്യ ചോദ്യം “മരിച്ചവരില്‍ എത്ര മലയാളികള്‍?” സന്ദേശം എന്ന ചിത്രത്തില്‍ ഒരു deadbodyക്ക് വേണ്ടി തല്ലുകൂടുന്ന പാര്‍ട്ടിക്കാരെയും അതിനു ഉത്തരമായി ഒരു പോലിസ്കാരന്‍ പറഞ്ഞ “ആ dead body അയാളുടെതാണ്” എന്ന വാക്കുകളും ഓര്മ വരുന്നു… കത്തിക്കരിഞ്ഞ നാവിനെ post mortem ചെയ്തു അത് മലയാളം ആണോ പറഞ്ഞിരുന്നതെന്നറിയാനുള്ള ആകാംക്ഷ ദൈവത്തിന്റെ വിക്രിതിയെക്കാള്‍ ക്രൂരമായ മനുഷ്യന്റെ തോന്നിവാസം.

8) മുന്നിലെ showcaseല്‍ അടുങ്ങി ഇരിക്കുന്നു പല തരത്തിലുള്ള teadybears, കൂടെ ഒരു സുന്ദരിയായ Barbie doll ഉം. കൂടുതലും ചന്തുവിന്റെ ഒന്നാം ജന്മദിനത്തില്‍ കിട്ടിയത്. അതില്‍ ruby യെ പോലെ തോന്നുന്ന ഒരു teady doggie യെ ഞാന്‍ അടിച്ചു മാറ്റി. എന്റെ ബെഡില്‍ അതെന്നും ഉണ്ട്. അനങ്ങാതെ. പാവകളോട് എനിക്കെന്നും ഇഷ്ടമാണ്. എന്തിനാണ് അതിനെ പ്രായത്തിന്റെ അതിരുകളില്‍ തളച്ചിടുന്നത് ! ഒരു സദസ്സില്‍ പോലും ഈ പാവകളോടുള്ള എന്റെ ഇഷ്ടം പറയാന്‍ എനിക്ക് മടിയില്ല. കാരണം ഞാന്‍ അതില്‍ അഭിമാനിക്കുന്നു. മനുഷ്യന്‍ പലപ്പോഴും കെട്ടിയുണ്ടാക്കിയ അണക്കെട്ടുകളാണ് പ്രായവും ‘അതിന്റേതായ’ ചെയ്തികളും. നടന്നു നടന്നു അടുത്തതിലേക്ക് കാല്‍വെക്കാന്‍ സമയം ആകുമ്പോള്‍ വച്ചേ പറ്റൂ. പക്ഷെ നാം ഒന്ന് തിരിഞ്ഞു നോക്കുക പോലും ഇല്ല, അതില്‍ പൊങ്ങി നില്‍ക്കുന്ന ജലത്തിന്റെ ഉയരം . അത്രയും അഗാധതയില്‍ നമ്മള്‍ ഉപേക്ഷിക്കുന്നത് എത്ര ആഗ്രഹങ്ങള്‍. അത് തുറന്നു വിടുക. യഥെഷ്ട്ടം അത് നിറഞ്ഞു ഒഴുകട്ടെ. കാലങ്ങള്‍ താണ്ടി, പ്രായം താണ്ടി. ഇഷ്ട്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യുവാന്‍ കഴിയട്ടെ എല്ലാവര്ക്കും.

9) Diplomats- ഞാന്‍ വെറുക്കുന്ന ഒരു വര്‍ഗം. എല്ലാവരെയും കണ്ടു പുഞ്ചിരിക്കുകയും എല്ലാവരോടും ഒരേപോലെ സംസാരിക്കുകയും ചെയ്യുന്ന വ്യക്തികള്‍. സത്യമില്ലാത്ത മനസ്സ്. ഒരാളോട് ദേഷ്യം തോന്നുമ്പോള്‍ പോലും ഉള്ളില്‍ കടിച്ചു പിടിച്ചു അയാളോടൊപ്പം പൊട്ടിച്ചിരിക്കുന്ന വികൃതമായ ഒരു പ്രവൃത്തി. ആരോടെങ്കിലും എനിക്ക് അതൃപ്തി തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാന്‍ തുറന്നു പറയാറുണ്ട്‌, കാര്യകാരണസഹിതം. അയാളുമായി ഒരു ചെറിയ discussionഉം ഉണ്ടാകും. ചിലപ്പോള്‍ എനിക്ക് തെറ്റാമല്ലോ… ആ സംസാരം കഴിഞ്ഞു ഒരു ഉത്തരം കിട്ടും, ആര്‍ക്കാണ് തെറ്റിയതെന്ന്. ചിലപ്പോള്‍ അത് ഒരു സൌഹൃദത്തിന്റെ അന്ത്യം കുറിക്കും. I don’t mind. കാരണം വെറുപ്പ്‌ തോന്നിയാല്‍ പിന്നെ അയാള്‍ ഒരു സുഹൃത്തല്ലാതായി മാറുകയല്ലേ ചെയ്യുന്നത്. പിന്നെ എന്തിനാണ് ഈ സൌഹൃദ പ്രഹസനം !

10) This dearest friendship is like a waste basket.

The scattered pieces fill its space.

Thoughts not confident to get revealed,

Emotions not powered by proofs,

The incomplete nomad self,

Here go to the waste heap,

Never to get wasted!

This waste basket, though in a corner,

Exists! It breathes!

—————DAY 4———————-

1) ശാന്തമായ രാത്രി, അല്ല, പകല്‍ എന്ന് വേണം പറയാന്‍. സമയം 2.30 am. ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കുമ്പോള്‍ ട്രെയിനിന്റെ ഒച്ച കാതില്‍ തറച്ചു. മുന്‍പ് രാജധാനി എക്സ്പ്രസ്സ്‌ കാണാന്‍ വേണ്ടി ഉറക്കം ഇളച്ചു ഞാന്‍ ഇരുന്നിട്ടുണ്ട്, പഠിക്കാന്‍ എന്ന വ്യാജേന. ഇടയ്ക്കു ആരും കേള്‍ക്കാതെ പോകുന്ന ആ ട്രെയിന്‍ തന്നെ ചിലപ്പോ ഇവിടെ ആകെ ഒന്ന് കുലുക്കി ഓടും. ആകെ ചുവന്ന ഒരു ട്രെയിന്‍- പുളിയുറുമ്പുകള്‍ വരി തെറ്റാതെ പോകുന്ന പോലെ തോന്നും. ആ ട്രെയിന്‍ അങ്ങനെ പോകുന്നത് കാണുമ്പോള്‍ ഒരു നിര്‍വൃതി ആണെനിക്ക്‌. ആഴ്ചയില്‍ 2 ദിവസം ഉറക്കം ഞാന്‍ അതിനു വേണ്ടി മാറ്റിവക്കുമായിരുന്നു. ഒരു രസം... അത്ര മാത്രം...

2) എന്റെ വീടിനു മുന്നിലെ റോഡിനു എന്തോ പ്രത്യേകത ഉണ്ട്. പണ്ട് മുതല്‍ എന്നെ ഞാന്‍ തന്നെ വിളിച്ചിരുന്നത്‌ മേനക ഗാന്ധി എന്നായിരുന്നു. ഒരിക്കല്‍ ചങ്കൂറ്റത്തോടെ കയറിവന്നു ഞങ്ങളുടെ വീട് ഭരിച്ചു തുടങ്ങിയ ruby, പിന്നെ രജനി ആന്റിയുടെ വീട്ടില്‍ ചെന്ന് വരാന്തയ്ക്കടുത്തു കിടന്ന ചാക്കില്‍ ഒരു കൂസലും ഇല്ലാതെ കയറിപ്പറ്റി അവര്‍ക്ക് പ്രിയപ്പെട്ടവള്‍ ആയ blacky, പിന്നെ ദാ ഇപ്പൊ സ്മിത ചേച്ചിയുടെ വീട്ടില്‍ എത്തിപ്പെട്ട pomeranian Pooppy, ഒരു നിരയിലെ വീടുകളില്‍ ക്രമമായി സ്വയം ജോലിക്ക് ചേരുന്ന നായ്ക്കള്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ചാ വിഷയം ആണ്. ഇനി ഇപോ മേനക ഗാന്ധി എന്ന് ഈ റോഡിനു പേര് വന്നാലും തെറ്റില്ല. ഇവരെ കാണുമ്പോള്‍ കളിയാക്കി ചിരിക്കുന്നവര്‍ക്കുള്ള മറുപടി അവരും ഞങ്ങളും തമ്മില്‍ ഉള്ള സ്നേഹം ആണ്. മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കാന്‍ കഴിയുന്നത്‌, അവരുടെ സ്നേഹം അനുഭവിക്കുന്നത് ഒരു ഭാഗ്യം ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

3) ഒരു അകന്ന ബന്ധുവിന്റെ നമ്പര്‍ തപ്പാന്‍ എന്റെ പഴയ ഫോണ്‍ ഡയറി എടുത്തപ്പോള്‍ ‘പുഷ്പ’ എന്ന പേര് എന്നെ നോക്കി പുഞ്ചിരിച്ചു. ഓര്‍മകളുടെ ദൂരമില്ലായ്മയില്‍ ബോംബെ കൊളാബയിലെ naval base കണ്‍ മുന്നില്‍. military nursing നായി എത്തിയ എന്നെ വരവേറ്റ പുഞ്ചിരി- പുഷ്പ. കുറെ നാളുകള്‍ വെളുത്ത സാരീ ഇറ്റു badge ഉം കുത്തി wardsല്‍ seniors ന്റെ കൂടെ രോഗികളെ നോക്കിയത് ഓര്‍ത്തു, ഡെലിവറി വാര്‍ഡിലെ ചില്ലിലൂടെ തെളിയുന്ന കടല്‍. ഒരു ബീച്ചില്‍ എന്ന പോലെ ഇരിക്കുന്ന, പ്രതീക്ഷയോടെ കുഞ്ഞുങ്ങളെ നോക്കുന്ന അമ്മമാര്‍... പിന്നെ, മനസ്സില്‍ വന്നത് ഭീതികരമായ cocktail parties. ഒടുക്കം അക്ഷരങ്ങളെ പിരിയാന്‍ കഴിയാതെ 2nd year BA Literature ലേക്ക് വീണ്ടും ചേരുവാന്‍ military nursing നോട് കൈ വീശുമ്പോള്‍ നീട്ടി നോക്കിയാ കണ്ണുകള്‍ക്ക്‌ താഴെ അതെ പുഞ്ചിരി- പുഷ്പ. ഇന്നും ആ 6 ഇംഗ്ലീഷ് അക്ഷരങ്ങള്‍ പുഞ്ചിരിച്ചുകൊണ്ടേ ഇരിക്കുന്നു… വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും…

4) ചന്തുവിന്റെ തലയില്‍ തലോടിയ എന്റെ ഇടതു കയ്യില്‍ മുട്ടിനടുത്ത ഭാഗം ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു “അമ്മായിക്ക് ഉവ്വാവൂ”. ആ ഉവ്വാവൂ എനിക്ക് ഒരു സുഖമാണ്. ജോധ്പൂര്‍ എക്സ്പ്രസ്സ്‌ന്റെ ladies compartmentല്‍ നിന്നു സ്റ്റോപ്പ്‌ ഇല്ലാത്ത ആലുവ സ്റ്റേഷന്‍ platformലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എടുത്തു ചാടിയതില്‍ കിട്ടിയ പരുക്ക്. വര്ഷം 4 കഴിഞ്ഞു. എന്നിട്ടും ആ പാട് അവശേഷിക്കുന്നു. അന്ന് ആ പരുക്ക് ഒരു ജ്ഹാന്സി റാണിയെ പോലെ എല്ലാവരെയും കാണിക്കുമ്പോള്‍ കണ്ടവരുടെ മുഖത്ത് വരുന്ന ഭീഭത്സ ഭാവം ഇന്നും ഓര്‍ക്കുന്നു. ഈ ഉവ്വാവൂ തരുന്ന സുഖമുള്ള ഒരു ഓര്‍മയായി…

5) എന്റെ കിടക്കയില്‍ ഇതെന്തോക്കെയാണ്! ഒരു Ruby, ഒരു ‘Wide Sargasso Sea’ ഒരു ‘Crime and Punishment’. രണ്ടു പുസ്തകങ്ങളും എന്റെ ജീവിതത്തിലെ വഴിതിരിവുകള്‍. MAക്ക് dissertation ആയി ഞാന്‍ അഗാധമായി പ്രണയിച്ചിരുന്ന Samuel Beckett ന്റെ ‘Waiting for Godot’ എടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ പ്രൊജക്റ്റ്‌ ഗൈഡ് ന്റെ നിര്‍ബന്ധത്തിനു വഴങ്ങി എടുത്തതാണ് ജീന്‍ റൈസ് ന്റെ Wide Sargasso Sea. രണ്ടു തവണ വായിച്ചപ്പോഴേക്കും antoinette എന്ന കഥാപാത്രത്തിന് എന്റെ മനസ്സിന്റെ ചായ ഞാന്‍ കണ്ടു. കണ്ണാടിയുടെ മുന്നില്‍ നിന്നു സ്വന്തം പ്രതിബിംബത്തെ കണ്ടു അതാരാണെന്നു മനസ്സിലാവാത്ത വിധം പകച്ചു നോക്കിയാ പെണ്‍കുട്ടി. Cultural hybridisation ന്റെ ഇരയായ, ഭര്‍ത്താവ് സൌകര്യപൂര്‍വ്വം ഇട്ട ബര്‍ത്ത മയ്സണ്‍ എന്ന ഇംഗ്ലീഷ് പേരിനെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു creole വര്‍ഗക്കാരിയായ Antoinette Cosaway. അന്ന് വൈവയ്ക്ക് highest mark എനിക്കായിരുന്നു. Viva എടുത്ത സര്‍ പിന്നീട് കണ്ടപ്പോള്‍ പറഞ്ഞു ഒരാവേശത്തോടെ ആണ് ഞാന്‍ ആ കഥാപാത്രത്തെയും കഥയും ഒക്കെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതെന്ന്. അതെ ആവേശം ഉണ്ട് ഇന്നും എനിക്ക്. അറിയില്ല, ആ നോവല്‍ ഇപ്പോള്‍ ഞാന്‍ എത്ര തവണ വായിച്ചിട്ടുണ്ടെന്നു… പിന്നെ, Crime and Punishment -  അതിനെ psychological study യുടെ നിഴലില്‍ കാണുവാന്‍ എനിക്ക് ഇഷ്ടമായിരുന്നു.. അതിനു ഉപയോഗിച്ചത് ആ നോവലിലെ Raskolnikov നെയും പിന്നെ Freud ന്റെ സിദ്ധാന്തങ്ങളും… അങ്ങനെ എന്റെ ഹൃദയത്തിന്റെയും ചിന്തകളുടെയും രണ്ടു അറകളില്‍ അവര്‍ സ്ഥിരപ്രതിഷ്ഠ നേടി. അവര്‍ എന്റെ കയ്യില്‍ തല ചായ്ക്കുകയും എന്റെ ചിന്തകളില്‍ ഉണരുകയും ചെയ്യുന്നു…

6) പ്രേതം, ബാധ എന്നൊക്കെ കേട്ടാല്‍ തന്നെ ഭയക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. രാത്രി എന്നും എണീറ്റ്‌ ചേട്ടന്റെ അടുത്ത് പോയി കിടക്കുമായിരുന്നു ഞാന്‍. ഒരു ദിവസം അച്ഛന്‍ എന്നോട് പറഞ്ഞു പ്രേതം ഇന്നലെ മരിച്ചു പോയെന്നു. അന്ന് വിശ്വസിച്ചു, പിന്നീട് നുണയാണെന്ന് സംശയം തോന്നിയപ്പോഴൊക്കെ അത് സത്യമാണെന്ന് വിശ്വസിച്ചു. ഇന്ന് പ്രേതങ്ങള്‍ എനിക്ക് ഒരു ഫാന്‍സി ഡ്രസ്സ്‌ competition ലെ മത്സരാര്‍ഥികള്‍ ആണ്. മറ്റു ചിലപ്പോള്‍ വാഷിംഗ്‌ പൌഡര്‍ മോഡലുകളും. ഭയം എന്നൊന്ന് എന്നെ അധികം തൊടാതായി. അച്ഛന്റെ ആ ബുദ്ധിപൂര്‍വ്വം ആയ നുണയ്ക്ക് വല്യ സത്യങ്ങളെക്കാള്‍ വിലയുണ്ട്‌…

7) എന്റെ സ്വര്‍ണാഭരണങ്ങളില്‍ ഞാന്‍ ഏറ്റവും അമൂല്യമെന്നു കരുതുന്ന ഒരു മാല അമ്മ ഇന്ന് എന്റെ കഴുത്തില്‍ അണിയിച്ചു. ഇപ്പോള്‍ താലിമാലയ്ക്കു പുറമേ ആ മാലയും ഞാന്‍ ധരിച്ചിരിക്കുന്നു. ഒരിക്കല്‍ അമ്മയും അച്ഛനും തമ്മില്‍ ഒരു ചെറിയ ഇഗോ ക്ലാഷ് ഉണ്ടായിരുന്നു എന്റെ കല്യാണസമയത്ത്. അമ്മ മേടിച്ചു കൂട്ടിയ സ്വര്‍ണത്തിന്റെ പെട്ടിയിലേക്ക് അഭിമാനപൂര്‍വ്വം നോക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ക്ക്‌ അതിനേക്കാള്‍ തിളക്കം ആയിരുന്നു. അച്ഛന്‍ വന്നപ്പോള്‍ അമ്മ ചോദിച്ചു, “ഇവളുടെ കല്യാണം ആയിട്ട് അച്ഛന്‍ മേടിച്ചു കൊടുക്കുന്നത് എന്താണ്” എന്ന്. അന്ന് അച്ഛന്‍ വളരെ ചിന്താധീനന്‍ ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. പിന്നെ പുറത്തു പോയി തിരിച്ചു വന്നപ്പോള്‍ കയ്യില്‍ സ്വര്‍ണത്തിന്റെ ഈ മാല. വളരെ തൂക്കം കുറഞ്ഞിട്ടും 100പവനെക്കാള്‍ വിലയുണ്ട്‌ ആ രണ്ടു പവന്. കാരണം ഓരോന്ന് മനസ്സിലാക്കാനുള്ള പ്രായം ആയപ്പോള്‍ ടീവിയില്‍ വന്ന ഒരു നടിയുടെ കഴുത്തിലെ മാലയെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. മണികള്‍ കോര്‍ത്തുകെട്ടിയ പോലെ ഒരു രണ്ടിഴ മാല. അന്ന് എനിക്ക് കൂടി വന്നാല്‍ 10 വയസ്സുണ്ടാകും. അന്ന് സ്വര്‍ണം എന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. മേടിക്കാന്‍ സമ്മതിക്കില്ലായിരുന്നു. ആ 10 വയസ്സില്‍ ഞാന്‍ പറഞ്ഞ ആ മണിമാലയെ കുറിച്ച് പിന്നീടൊരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. പതിനഞ്ചു വര്‍ഷങ്ങളോളം പിന്നിട്ടിട്ടും അച്ഛന്റെ മനസ്സില്‍ അച്ഛന്‍ കൊണ്ട് നടന്ന എന്റെ ആഗ്രഹം- അതാണ്‌ ഈ മണിമാല.

8) എന്റെ വീടിന്റെ മുകളിലെ ഇറയത്ത് നിന്നാല്‍ മുന്നില്‍ കണ്ണ് വരെ എത്തുന്ന ഒരു ആരിവേപ്പുണ്ട്. അതിലെ കൊമ്പില്‍ പിടിച്ചു കുലുക്കുമ്പോള്‍ മുഖത്ത് വെള്ളം തെറിക്കുന്നതു ചന്തുവിന് ഇഷ്ടമാണ്. കുഞ്ഞുനാളിലെ തുടങ്ങിയ ആ ഇഷ്ടത്തിന് ഒരു കുറവും ഇല്ല. എന്നും രാവിലെ എഴുന്നേറ്റാല്‍ ആദ്യം അവന്‍ അവിടെക്കാണ് ഓടുക. എന്നിട്ട് കൂടെ ഒരു വിളിയും “അമ്മായീ” എന്ന്. കുഞ്ഞുങ്ങള്‍ക്കുള്ള ഈ പ്രകൃതിസ്നേഹം അവര്‍ വളര്‍ന്നു വലുതാകുമ്പോഴേക്കും മായുന്നത് എന്ത് കൊണ്ടാണ്. കൂടുതലും നമ്മുടെ സംസാരം കൊണ്ട്. കളിക്കേണ്ട പ്രായത്തില്‍ പുറത്തു പോയാല്‍ ചെളിയാകും എന്നും ‘infection’ വരുമെന്നും അമ്മമാര്‍ പഠിപ്പിക്കുന്നു. വീട്ടിലുള്ള മൃഗങ്ങളെ, പക്ഷികളെ തൊട്ടാല്‍ അസുഖം വരുമെന്ന് പഠിപ്പിക്കുന്നതിനേക്കാള്‍ കൈ കഴുകാന്‍ എന്ത് കൊണ്ട് അവരെ പഠിപ്പിച്ചുകൂട? മണ്ണും മൃഗങ്ങളും പക്ഷികളും ഒക്കെ അടങ്ങുന്ന പ്രകൃതിയില്‍ ഓടിനടന്നു അവര്‍ വളരട്ടെ… അതിനിടയില്‍ അവര്‍ തന്നെ കണ്ടുപിടിക്കട്ടെ അവരുടെ താല്പര്യങ്ങള്‍ എന്തെന്ന്. അതിനെ വളര്‍ത്താനും അതിനൊത്ത് അവരെ വളര്‍ത്താനും ആണ് ദൈവം മാതാപിതാക്കളെ നിയമിച്ചിരിക്കുന്നത് എന്ന് നമുക്ക് തിരിച്ചറിയാം.

9) രണ്ടു ദിവസമായി ഇന്റര്‍നെറ്റിന്റെ ലോകം എനിക്ക് തുറന്നു കിട്ടാന്‍ ഒരു മടി. എനിക്ക് ഇന്റര്‍നെറ്റ്‌ ഒരു വലിയ താല്പര്യം ആണ്. എല്ലാവരും ചെയ്യുന്ന പോലെ ചാറ്റും പഞ്ചാരയും ഒന്നും അല്ല അതില്‍ താല്പര്യം എന്ന് മാത്രം. ഫയര്‍ഫോക്സ് എടുത്താല്‍ ആദ്യം പോകുന്നത് ഓണ്‍ലൈന്‍ പത്രങ്ങളുടെ വിജ്ഞാന ലോകത്തിലേക്ക്‌. അത് കഴിഞ്ഞാല്‍ ഹരിതകം. അതിലെ എന്റെ പ്രിയപ്പെട്ട അഭിരാമി. അവള്‍ പുതിയ കവിതകള്‍ എഴുതിയോ എന്നുള്ള ഒരു അന്വേഷണം. പിന്നെ mg universityടെ റിസര്‍ച്ച് തീസിസ്കളിലേക്ക്. പുതിയ submissions കണ്ടാല്‍ പിന്നെ അനങ്ങില്ല. മറ്റുള്ളവരുടെ അന്വേഷനങ്ങളിലൂടെ അവര്‍ തിരഞ്ഞെടുത്ത വഴികളിലൂടെ നടക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. പിന്നെ, Facebook. അതെനിക്ക് തന്നത് സ്നേഹിക്കുന്ന ഒരു ലോകം ആണ്. എന്നെ കാണാതാവുമ്പോള്‍ പരസ്യമായി കരയുകയും ഞാന്‍ വരുമ്പോള്‍ നിറഞ്ഞു പുഞ്ചിരിക്കുകയും ചെയ്യുന്ന മുഖപുസ്തകം. അതിന്റെ വരാന്തകളില്‍ ഞാന്‍ പലരെയും പരിചയപെട്ടു. ഒരു പരിചയം പോലും അബദ്ധം ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. അവിടെ ഞാന്‍ പലര്‍ക്കും ടീച്ചറും ജോയും ഒക്കെയാണ്. കൂടുതല്‍ പേര്‍ക്കും തലയ്ക്കു അല്‍പ്പം അസുഖം ഉള്ള കുട്ടി. എനിക്കിഷ്ടമാണ് അവരെ… അവരെ ജീവിപ്പിക്കുന്ന ഈ ലോകത്തിനെ.

10) ഇന്നലെ ബാങ്കില്‍ പോയപ്പോള്‍ കണ്ട വിനീതയുടെ അമ്മയുടെ മുഖം മനസ്സില്‍ നിന്നു ഇനിയും മാഞ്ഞിട്ടില്ല. ഞെട്ടലോടെ ഞാന്‍ ഇന്നലെയാണ് അറിഞ്ഞത്, വിനീതയുടെ അച്ഛന്‍ മരിച്ചുവെന്ന്. ആന്റിയുടെ മുഖം വല്ലാതെ മങ്ങിയിരിക്കുന്നു. ഒന്ന് നോക്കുക പോലും ചെയ്യാതെ ഉടുത്ത സാരി എനിക്ക് അത്ഭുതം ആയിരുന്നു. മുന്‍പ് അവളുടെ സുന്ദരിയായ അമ്മയെ കാണാന്‍ ഞങ്ങള്‍ തിരക്കിട്ട് ഓടുമായിരുന്നു. അത്ര തന്നെ സ്നേഹവും ഉള്ള ആന്റി. അവളുടെ വീട്ടില്‍ ഞാന്‍ പല തവണ പോയതിനും കാരണം ആന്റി ആയിരുന്നു. അവളെ എനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അവളുടെ പോക്ക് തെറ്റായ വഴിക്കാണെന്ന് പലപ്പോഴും ഞാന്‍ അറിയുമ്പോഴും ഉപദേശിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതൊക്കെ അവളുടെ മുന്തിയ സൊസൈറ്റി ലിവിംഗ് ന്റെ ഭാഗമാണെന്നും തനി കുഗ്രാമക്കാര്‍ക്കൊന്നും അത് മനസ്സിലാവില്ലെന്നും പറഞ്ഞു അവള്‍ കളിയാക്കും. കൂടെ എന്നെ പരസ്യമായി കളിയാക്കുമായിരുന്നു, എന്റെ എണ്ണ പരട്ടിയ മുടി, ട്രെന്ടി അല്ലാത്ത dressing, അധികം മോഡേണ്‍ ആവാത്ത എന്റെ ബുദ്ധി, ഇതെല്ലാം കീറി മുറിക്കപ്പെട്ടു. അതിന്റെ അരിശം മുഴുവനും അമ്മയോടായിരുന്നു, എന്നെ ഇങ്ങനെ ഒക്കെ വളര്‍ത്തിയതിന്. പക്ഷെ ഇന്ന് ഞാന്‍ അറിയുന്നു, അന്ന് എന്റെ തലയില്‍ പരട്ടിയ എണ്ണയ്ക്ക് അമ്മയുടെ വാത്സല്യത്തിന്റെ വാസന ആയിരുന്നു എന്ന്… ഇന്ന് പുറത്തുള്ളവര്‍ക്ക് ഞാന്‍ അല്‍പ്പം മോഡേണ്‍ ആണെന്ന് തോന്നുന്നു എങ്കിലും ഉള്ളില്‍, അമ്മ പഠിപിച്ച ഭാഷ പറയുന്ന, അമ്മയുടെ ചൂട് അഭിമാനപൂര്‍വം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. ഓരോ തിരിച്ചറിവിലും വിനീതയ്ക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും അവള്‍ എന്നില്‍ നിന്നും ഒരുപാട് അകലേക്ക്‌ പോയിരുന്നു. ശരീരം കൊണ്ടും... മനസ്സ് കൊണ്ടും...

——————DAY 5—————

1) “കൈലാസ നാഥന്റെ മുടിക്കെട്ടില്‍ കുടുങ്ങി കിടക്കുകയായിരുന്നു- ഒരു ബിന്ദു പോലെ, സ്വപ്നം പോലെ മരവിച്ച്, നൂറ്റാണ്ടുകള്‍ കഴിഞ്ഞു. സഹസ്രാബ്ധങ്ങള്‍ കഴിഞ്ഞു. യുഗങ്ങള്‍ കഴിഞ്ഞു. ഒരു രാജര്‍ഷി മനം നൊന്തു നിലവിളിക്കുന്ന ശബ്ദം: “വരൂ, താഴേക്കു വരൂ. എന്റെ പൂര്‍വ്വികന്മാരുടെ പാപം പരിഹരിക്കൂ. ഞങ്ങള്‍ക്ക് ജീവിതം തരൂ.”

ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ അഗ്നിസാക്ഷിയിലെ ആദ്യ വരികള്‍. ഗംഗയെ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ ഭംഗിയായി എങ്ങനെ കഴിയും! ഗംഗയെ സ്ത്രീത്വത്തിന്റെ പ്രതീകമായ് അവതരിപ്പിച്ചിരിക്കുന്നു. തലമുറകളായ് സ്ത്രീകള്‍ ഒഴികെ മറ്റെല്ലാവരും കാണാന്‍ മറന്ന, അല്ലെങ്കില്‍ മടിച്ച, ജന്മങ്ങളായ് ഓരോ പെണ്‍കുട്ടിയും ഈ ഭൂമിയില്‍ പിറന്നു വീഴുമ്പോള്‍ ഏതെങ്കിലും ഒരു നാഥന്റെ മുടിക്കെട്ടില്‍ ഒരു സ്വപ്നം പോലെ മരവിക്കാന്‍ അവര്‍ വിധിക്കപ്പെടും. പാതി അടഞ്ഞ വാതിലിനു പിന്നില്‍ അപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ഉണ്ടാകും. നീറുന്ന മനസ്സുണ്ടാകും. ജനിച്ചപ്പോഴേ ഉടലെടുത്ത ഒരു നിശബ്ദതയും. ഇത്തരം ജന്മങ്ങളെ എന്തിനു ദൈവം ഈ ഭൂമിയില്‍ അവതരിപ്പിച്ചു! ആ ഗംഗ പോലെ പവിത്രമായ ഗര്‍ഭപാത്രത്തില്‍ പിറന്ന പുരുഷന്മാര്‍ പോലും എന്തെ അവര്‍ക്കൊരു മനസ്സുണ്ടെന്നു മനസ്സിലാക്കാന്‍ മറന്നു! ഇത്തരം ഒരു കാലം ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേ വയ്യ. വീണ്ടും ഒരിക്കല്‍ കൂടി ആദ്യ പേജില്‍ തന്നെ തങ്ങി ഒതുങ്ങി നില്‍ക്കുന്നു എന്റെ കണ്ണുകള്‍. എന്നെങ്കിലും ഈ നോവലിന്റെ അടുത്ത പേജിലേക്ക് എനിക്കൊരു മോചനം ഉണ്ടാവുമോ!

2) മഴയുടെ ഇടവേളയില്‍ ശാന്തമായി പടര്‍ന്ന വെയില്‍. പുറത്തേക്കു നടന്നപ്പോള്‍ ആരുടെയോ ഉച്ചത്തിലുള്ള സംസാരം. നോക്കിയപ്പോള്‍ ഒരു ഭ്രാന്തന്‍. വടിയും കുത്തിപിടിച്ച്‌ ഇംഗ്ലീഷ് ഒക്കെ പറഞ്ഞു നടക്കുന്ന ഇവിടുത്തെ പ്രശസ്തനായ ആ ഭ്രാന്തന്‍ നീണ്ടു കിടക്കുന്ന റെയില്‍ പാതയിലൂടെ നടക്കുന്നു. പണ്ട് മുതലേ കാണുന്നതാണ് അയാളെ. അയാളുടെ ഇംഗ്ലീഷ് pronounciation കേട്ടു ഞെട്ടിയിട്ടുണ്ട് ഞാന്‍. ഒരിക്കല്‍ എന്നെ ചൂണ്ടി എന്തോ അയാള്‍ ചോദിച്ചിട്ടുണ്ട്. പിന്നീട് പുരാണ സീരിയലുകളില്‍ അത്തരം ഒരു വേഷത്തെ ഞാന്‍ കണ്ടിട്ടുണ്ട്. ധനരാജ് എന്ന എന്റെ FB സുഹൃത്ത്‌ അവതരിപിക്കുന്ന കഥാപാത്രം. സത്യങ്ങള്‍ വിളിച്ചു പറയാന്‍, ഫിലോസഫിയുടെ അര്‍ത്ഥ വ്യത്യാസങ്ങളെ കുറിച്ച് പറയുവാന്‍ ഈ ഭ്രാന്ത വേഷം വളരെ അത്യാവശ്യം ആണ്. നമുക്കും അങ്ങനെ തന്നെ. എന്തെങ്കിലും സാഹിത്യപരമായി, അല്ലെങ്കില്‍ ഫിലോസൊഫിക്കല്‍ ആയി പറയുമ്പോള്‍ നമ്മളില്‍ പലരും കേള്‍ക്കുന്ന ഒരു ചോദ്യം ആണ്.. ഭ്രാന്തുണ്ടോ എന്ന്. ഭ്രാന്തുണ്ടെങ്കില്‍ പലതും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് പലപ്പോഴും എനിക്ക് തോന്നുന്നു. മനസ്സിന്റെ ഈ വ്യഭിചാരത്തിന്റെ അവസ്ഥയില്‍ നമുക്കെന്തും പറയാം… ചിന്തിക്കാം… പൊട്ടിച്ചിരിക്കാം… പൂര്‍ണ സ്വാതന്ത്ര്യത്തോടെ…

3) മെയിലില്‍ ഇതെല്ലാം അക്ഷരങ്ങളായി പതിക്കുമ്പോള്‍ താഴെ കണ്ടു ‘ജ്യോതി ശ്രീധര്‍’. ആ പേര് കാലം ആണ് എനിക്ക് സ്വന്തം ആക്കിയത്. മകര ജ്യോതി ദിനത്തില്‍ പിറന്ന ഞാന്‍ ജാതകത്തില്‍ ജ്യോതി ലക്ഷ്മി ആണ്. സ്കൂളില്‍ ജ്യോതി എസ് എസ്. മീഡിയ എന്ന എന്റെ സ്വന്തം ലോകത്തിലേക്ക്‌ ഞാന്‍ പ്രവേശിച്ചപ്പോള്‍, പലരും പറഞ്ഞു കേട്ട ന്യൂമെറോളജിയെ അടുത്തറിയാന്‍ ശ്രമിച്ചപ്പോള്‍, പേര് മാറ്റത്തില്‍ എനിക്കും കൌതുകം. പരിശോധിച്ചപ്പോള്‍ ജ്യോതി എസ് എസ് എനിക്ക് ദോഷകരമായ ഒരു പേരാണ്. എല്ലാ ഭാഗ്യങ്ങളെയും പതുക്കെ ആക്കുകയോ അടര്‍ത്തി എടുക്കുകയോ ചെയ്യാന്‍ കഴിയുന്ന പേര്. പിന്നെ കണ്ട വഴിയാണ് അച്ഛന്റെ ‘ശ്രീധരന്‍ നായര്‍’ എന്ന പേരിന്റെ വാല്‍ക്കഷണം വെട്ടി ഭംഗിയാക്കിയ ശ്രീധര്‍ എന്ന സെക്കന്റ്‌ നെയിം. വെറുതെ ഒരു കൌതുകത്തിന് വേണ്ടി ആ പേര് ഞാന്‍ ഉപയോഗിച്ചു. ന്യൂമെറോളജിയുടെ കണ്കെട്ട് വിദ്യ ആണോ എന്നൊന്നും അറിയില്ല, ആ പേര് എനിക്ക് വലിയ ഭാഗ്യം ആയിരുന്നു. ഇഷ്ടമുള്ളിടത്തെല്ലാം കയറിപ്പറ്റാന്‍ എന്നെ സഹായിച്ച പേര്. ഇന്ന് വിവാഹിതയായിട്ടും എന്റെ ഭര്‍ത്താവിന്റെ പേര് ചെര്‍ക്കാത്തതിന്റെ പ്രധാന കാരണവും അത് തന്നെ. ജ്യോതി ശ്രീധര്‍ എന്ന എന്നെ ആണ് അദ്ദേഹം ഇഷ്ടപെട്ടത്. വന്ന വഴി മറക്കരുതല്ലോ ഞാന്‍!

4) ഉച്ച കഴിഞ്ഞാല്‍ ഭക്ഷണം കഴിച്ച് അല്‍പ നേരം ഉറങ്ങുകയാണ് പലപ്പോഴും എന്റെ പതിവ്. ഉറങ്ങുവാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. കിടക്കുന്നത് മുതല്‍ അറിയാതെ ഉറങ്ങി പോകുന്നത് വരെ ഉള്ള സമയം അതിലേറെ ഇഷ്ടം. ഓര്‍ക്കാന്‍ എത്ര കാര്യങ്ങള്‍ അപ്പോള്‍ മനസ്സില്‍ വരും! അങ്ങനെ അങ്ങനെ സ്വയം നഷ്ടപ്പെടുന്ന ഏതെങ്കിലും ആഴമേറിയ ഓര്‍മകളില്‍ തലചായ്ച്ചു ഞാന്‍ അറിയാതെ ഉറങ്ങും. Freudന്റെ ‘Interpretation of Dreams’ എന്ന പുസ്തകത്തില്‍ ഈ സമയം ആണ് എല്ലാം അളന്നു മനസ്സിലാക്കുവാന്‍ ശ്രമിക്കുക. ആ സമയം എന്തൊക്കെ നമ്മള്‍ ആലോചിച്ചെന്നും ഉറക്കത്തിന്റെ ആ അതിര്‍വരമ്പില്‍ എന്ത് ചിത്രം ആയിരുന്നു മനസ്സില്‍ എന്നും മനസ്സിലാക്കി അവ തമ്മില്‍ ഉള്ള ഒരു combination ഉണ്ടാക്കിയാല്‍ പലപ്പോഴും നാം അന്ന് കണ്ട സ്വപ്നം ആകും. റിസര്‍ച്ച് തീസിസ് ന്റെ ഒരു പേജില്‍ ഞാന്‍ ടേബിള്‍ വരച്ചു അനലൈസ് ചെയ്ത എത്ര സ്വപ്‌നങ്ങള്‍. ഇംഗ്ലീഷ് സാഹിത്യത്തിനോട് എന്നെ ഇന്നും ഒട്ടി നിര്‍ത്തുന്ന കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് അത്. ശാസ്ത്രത്തിന്റെ വഴിയെ ഞാന്‍ പോയിരുന്നെങ്കില്‍ ഇതെല്ലാം ഒരു ജന്മത്തിന്റെ നഷ്ടങ്ങള്‍ ആയി മാറിയേനെ.

5) ടീച്ചര്‍മാര്‍ക്ക് സാരീ വേണം എന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം! സാരീ ഉടുത്താലെ പക്ക്വത വരൂ എന്നുണ്ടോ? പണ്ട് ഒരു എക്സ്പീരിയന്‍സ്നു വേണ്ടി ഒരു പരല്ലേല്‍ കോളേജില്‍ ഞാന്‍ പഠിപിച്ച 2 മാസം എനിക്ക് നരകം ആക്കിയത് ഈ സാരീ എന്ന വേഷം ആണ്. നന്നായി ഉടുക്കാനും അതുടുത്ത് നടക്കാനും നല്ല അസ്സല്‍ ആയിട്ട് എനിക്കറിയാം. പക്ഷെ അതിനേക്കാള്‍ അസ്സല്‍ ആയി എന്റെ ക്ലാസ്സില്‍ ഇരിക്കുന്ന ആണ്‍കുട്ടികള്‍ക്ക് അറിയാമായിരുന്നു എങ്ങനെ സാരീ ഒരു തടസ്സം അല്ലാതാക്കാം എന്ന്. പരസ്യമായി വായ് നോക്കുകയും കമന്റ്‌ ചെയ്യുകയും ഒക്കെ ചെയ്തു അവര്‍. പിന്നെ വിമെന്‍സ് കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ഒരു ആശ്വാസം ആയിരുന്നു. സാരീ എനിക്കിഷ്ടമാണ്. എങ്കിലും സാരീയെ ധരിക്കാവൂ എന്ന് പറയുന്നത് കഷ്ടം ആണ്. ഒരുപക്ഷെ സാരീയെക്കാള്‍ ഡിസന്‍സി പലപ്പോഴും ചുരിദാറുകള്‍ക്കാന്. ബസ്സിലെ ഒരു യാത്ര മതി അത് മനസ്സിലാക്കാന്‍. എങ്കിലും സാരിയും ചുരിദാറും എന്ന വിഷയം ആണ് ഇന്ന് പഠിപ്പിക്കല്‍ എന്ന പ്രക്രിയയ്ക്ക് ഏറ്റവും അനിവാര്യം എന്ന് തോന്നിപ്പോകും ഈ വിവാദങ്ങള്‍ കേട്ടാല്‍.

6) ആചാരങ്ങളെ പലപ്പോഴും പുച്ച്ചം ആണ് മനുഷ്യന്. പക്ഷെ നമ്മളെ നല്ല സംസ്കാരം ഉള്ളവരായി ജീവിപ്പിക്കാന്‍ പോന്ന ചില ആചാരങ്ങളെ അനുസരിച്ചാല്‍ എത്ര മനോഹരം ആണത് എന്ന് മനസ്സിലാകും. സന്ധ്യക്ക്‌ നാമം ജപിക്കാതെ സീരിയലിലേക്ക് ഓട്ടകണ്ണിട്ടു വിളക്ക് കൊളുത്തി ജോലി തീര്‍ക്കുന്ന അമ്മമാരെ കണ്ടു കുട്ടികള്‍ പഠിക്കുന്നു. ഞാന്‍ അമ്മയുമായ് ഈ പേരില്‍ എത്രയോ തവണ വഴക്കിട്ടിരിക്കുന്നു! ഒരു ആറേ കാല്‍ ആവുമ്പോഴേക്കും പൂ പറിക്കാന്‍ വേണ്ടി ഇറങ്ങി, തിരികെ വന്നു വിളക്ക് കൊളുത്തി ആ പൂക്കള്‍ അര്‍പ്പിച്ചു ലോകത്തിനു സന്തോഷം തരണേ എന്ന് പ്രാര്‍ഥിച്ചു അര മണിക്കൂറോളം സന്ധ്യാ നാമം ജപിച്ചു എഴുന്നേല്‍ക്കുമ്പോള്‍ മനസ്സിന് തന്നെ ഒരു സുഖമാണ്. ഈ ദിനത്തിന്റെ വിഷമങ്ങള്‍ക്ക് അവിടെ സമാപനം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാല്‍ കുത്തുന്നതിനു മുന്‍പ് കൈ നിലത്തു തൊട്ടു കണ്ണില്‍ വച്ച് ഈ ഭൂമിയോട് അതില്‍ ചവിട്ടാന്‍ അനുവാദം തേടണം എന്ന് പഠിപിച്ച എന്റെ നൃത്താധ്യാപകന്‍ കലാമണ്ഡലം ഗോപി മാഷിന്റെ ആ പാഠത്തെ ഇന്നും ഞാന്‍ അനുസരിക്കുന്നു. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പണം ചിലവാക്കില്ല ഞാന്‍. അന്നെങ്കിലും ആ പണം സമ്പാദിച്ചു വെക്കാന്‍ അത് എന്നെ സഹായിക്കുന്നു. അന്നേ ദിവസം ഇവിടെ അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ തൊഴാന്‍ ഞാന്‍ പോകും. വ്യാഴാഴ്ച എന്റെ സ്വന്തം കൃഷ്ണ ക്ഷേത്രത്തിലും. അവിടെ ഒക്കെ പോയി കയ്യില്‍ പ്രസാദവും പിടിച്ചു ഞാന്‍ വരുന്നത് കാണാന്‍ അമ്മക്ക് ഇഷ്ടമാണ്. അമ്മക്ക് ഇഷ്ടമായത് ചെയ്യുമ്പോള്‍ എനിക്ക് സന്തോഷവും… ഇത്തരം ആചാരങ്ങളെ ഞാന്‍ സ്നേഹിക്കുന്നതിനു പ്രധാന കാരണവും അതെല്ലാം എന്നെ ഇത്തരത്തില്‍ സന്തോഷവതി ആയി ഇരുത്തുന്നു എന്നതാണ്.

7) ഈ ലോകം പോലെ ഉരുണ്ടു ഭംഗിയേറിയ ഒരു ആപ്പിള്‍. അതിനുള്ളിലെ മാരകമായ വിഷം ഞാന്‍ കണ്ടില്ല. പുറത്തു അതിനെ ഇത്രയേറെ ഭംഗിയായി വച്ചത് മെഴുകിന്റെ കണ്കെട്ട് വിദ്യ ആണെന്നും അറിഞ്ഞില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ ഭക്ഷ്യ വിഷ ബാധ. പുറത്തെ സൌന്ദര്യതിനുള്ളില്‍ വിദഗ്ദ്ധമായ് ഒളിഞ്ഞിരുന്ന അസത്യം…വിഷം…അതെന്നെ രണ്ടു ദിവസം വട്ടം കറക്കി. But I recovered slowly, vomitting the dangerous world out!

8) പണ്ടൊക്കെ അച്ഛന്റെ മുറിയിലെ ഒരു കവറില്‍ ഞാന്‍ കണ്ടിട്ടുണ്ട് ഒരു സ്ക്രൂ ഡ്രൈവര്‍, പിന്നെ എണ്ണിയാല്‍ തീരാത്ത പല തരത്തില്‍ ഉള്ള സ്ക്രൂകള്‍. പക്ഷെ ഒരിക്കലും വിചാരിച്ചിരുന്നില്ല അതുപോലെ ഒരെണ്ണം എന്റെ ദേഹത്ത് ചെക്കേറുമെന്ന്. ഇന്ന് മതിയായ വലിപ്പത്തില്‍ ഉള്ള ഒരു സ്ക്രൂ കാണണം എങ്കില്‍ എന്റെ കാലിന്റെ എക്സ് റേ നോക്കിയാല്‍ മതി. അതിന്റെ ഒന്നാം വാര്‍ഷികം ഞാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബേസന്‍ ലടൂ കഴിച്ചു ആഘോഷിച്ചു. ഇതൊക്കെ ആണ് എന്റെ ജീവിതത്തെ ഇങ്ങനെ വേറിട്ട്‌ നിര്‍ത്തുന്നത്. മറ്റുള്ളവര്‍ക്കില്ലാത്ത എത്ര അനുഭവങ്ങള്‍ ദൈവം എനിക്ക് വാരി കോരി തരുന്നു… ഇതെല്ലാം അനുഭവിച്ചു ചിരിക്കാനും കരയാനും ഇനിയും വര്‍ഷങ്ങള്‍ എത്ര ബാക്കി!

9) ഇത് പനിയുടെ കാലം ആണ്… മഴക്കാലം. എന്റെ ഒരു സുഹൃത്തിനു ഇന്ന് നല്ല പനി. ഞാന്‍ പറഞ്ഞു ആ പനി ആഘോഷിക്കുക എന്ന്. പനിക്കാലം എനിക്ക് വിഷമങ്ങള്‍ ഉണ്ടാക്കാറില്ല. എന്റെ പോളിസി ഏതോ ഒരു ഇംഗ്ലീഷ് കവിതയില്‍ വായിച്ച ‘celebrate the fever’ എന്നതാണ്. എല്ലാ ദിവസവും ഒരു പോലെ ഇരുന്നാല്‍ എന്ത് രസം. ഇടയ്ക്കു പനി വരണം. ആ സമയത്ത് നമ്മുടെ മനസ്സിലൂടെ കയറിയിറങ്ങുന്ന വികാരങ്ങളെ, ചിന്തകളെ അതിന്റെ വ്യത്യാസങ്ങളെ നിറഞ്ഞ മനസ്സോടെ സ്വന്തം ആക്കണം. കാരണം ആ പനി നമ്മുടേത്‌ മാത്രം ആണ്. നമ്മുടെ കഥയില്‍ വരുന്ന ഒരു സാഹചര്യം. ആ സംഭവത്തില്‍ നാം എങ്ങനെ പ്രതികരിക്കുമെന്ന് തിരിച്ചറിയാന്‍ നമുക്കെ പറ്റൂ. അനുഭവങ്ങളിലൂടെ വേണം ഓരോ നാളെയും വരവേല്‍ക്കാന്‍. പനിയും ജലദോഷവും എന്തിനു ഒരു തലവേദന പോലും നമ്മുടെ ജീവിതത്തിന്റെ ഓരോ ചെറിയ വഴിത്തിരിവുകള്‍ മാത്രം!

10) വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഒരു ഇടിമിന്നല്‍.

പേമാരി.

തുടര്‍ന്നുള്ള കറന്റ്‌ കട്ട്‌.

അന്ന് ഞാന്‍ പാവാടക്കാരിയായ ഒരു സ്കൂള്‍ കുട്ടി. ലോകത്തെയും മരണത്തെയും ഭയന്നിരുന്ന, എന്റെ വീട്ടുകാരെ മാത്രം വിശ്വസിച്ചിരുന്ന ഒരു ചെറിയ കുട്ടി. താഴത്തെ ഹാളില്‍ സോഫയില്‍ ഇരുന്ന എന്നെ ഞാന്‍ കാണാതെ വലതു വശത്ത് കൂടി വന്നു ചേട്ടന്‍ ഒന്ന് പേടിപ്പിച്ചു. പെട്ടെന്നുണ്ടായ ശബ്ദത്തില്‍ പേടിച്ച ഞാന്‍ അലറിക്കരഞ്ഞു. ആശ്വാസത്തിന്റെ കൈകളുമായ് ചേട്ടന്‍ എന്നെ വാരി എടുത്തു. മുറുകെ കെട്ടിപ്പിടിച്ചു. കവിളിലും നെറ്റിയിലും ഉമ്മ വച്ചു. ഇന്നും, ഞാന്‍ കരയുമ്പോള്‍, ആ രംഗം മനസ്സില്‍ കാണും. ചേട്ടനെ കെട്ടിപ്പിടിച്ചു കരയുന്നതായ് സങ്കല്‍പ്പിക്കും. ആശ്വസിക്കും…

ഇന്നും അങ്ങനെ തന്നെ…

—————————–ശുഭം ——————————–