എന്‍റെ സ്വാര്‍ത്ഥത മരണം വരിക്കാറുള്ളത് “നീ” എന്ന വാക്കിലാണ്. നിന്നോടുള്ള ഭാഷണത്തില്‍, നീയുള്ള സ്വപ്നത്തില്‍, നീയെന്ന ചിന്തയില്‍, ‘ഞാന്‍’ ഇല്ലാതെയാകുന്നു. ഏച്ചുകെട്ടിയ മൂടുപടങ്ങളെ പിച്ചിച്ചീന്തിയെറിയുന്നത് ഒരു ചിന്തയാലെങ്കിലും നിന്‍റെ സാന്നിദ്ധ്യമുള്ളപ്പോഴാണ്. ഒരു മനുഷ്യനായി, ശേഷം സ്ത്രീയായി, അതിന്നാത്മാവിനെ അറിയുന്നതും നീ അരികിലെന്നു തോന്നുമ്പോഴാണ്. പിന്നെ അതെല്ലാം കുടഞ്ഞെറിഞ്ഞ്, ബാഹ്യതയില്ലാതെ ഒരാത്മാവായി എന്നെ ഞാനറിയുന്നതും നിന്‍റെ സാമീപ്യത്തിലാണ്. ഭൂമിയില്‍ നിന്ന് മാറി ഒരു ശൂന്യതയില്‍ ഭാരമില്ലാതെ, ഒഴുകിനീങ്ങുന്നതും, ഏതോ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ഒന്നുമറിയാതെ, ശാന്തമായുറങ്ങുന്നതും നീ തരുന്ന അനുഭൂതികളാണ്; നിന്‍റെ വരദാനമാണ്. അതിനാല്‍, എത്ര അകലെയെങ്കിലും എന്നെ പിരിയാതിരിക്കുക. ഒരു ചിന്തയാല്‍ നിന്നെ ഞാന്‍ ആവാഹിക്കുമ്പോള്‍ എന്നെ പുണരുവാന്‍ മടിക്കാതിരിക്കുക. എനിക്ക് പൂര്‍ണ്ണത തരിക. എന്നെ, ‘നി’-സ്വാര്‍ത്ഥയാക്കുക.