Jyothy Sreedhar

'തീ'വണ്ടി

കയ്യില്‍ ഒരു വലിയ പ്ലാസ്റ്റിക് കവറില്‍ ഒരു പൊതി, രണ്ടു വലിയ കുപ്പികള്‍ - ഇങ്ങനെ ഒന്നുണ്ടാവും എന്റെ എല്ലാ ട്രെയിന്‍ യാത്രയിലും, പ്രത്യേകിച്ച് മുന്‍പ് സ്ഥിരമായി ഉണ്ടായിരുന്ന എന്റെ ചെന്നൈ യാത്രകളില്‍. പൊതിയില്‍ ഭക്ഷണം ആയിരിക്കും. ചിലപ്പോള്‍ വല്ല ബിസ്കറ്റോ മറ്റോ കൂടെ കരുതും. രണ്ടു കുപ്പികളില്‍ ഒന്നില്‍ കുടിക്കാനുള്ള വെള്ളം. മറ്റേതില്‍ കൈയും മുഖവും ഒക്കെ കഴുകാന്.. ട്രെയിനില്‍ ബാത്ത്റൂമിന്റെ ഏഴയലത്ത് പോകാറില്ല, എസി കോച്ച് ആണെങ്കിലും. ട്രെയിന്‍ പൈപ്പിലെ വെള്ളം തൊടാറില്ല, ഭക്ഷണം വാങ്ങിക്കാറില്ല. വാങ്ങിക്കേണ്ടി വരുകയാണെങ്കില്‍ അത് വല്ല സ്നാക്സ് മാത്രം ആവും. ഒരിക്കല്‍ തീരെ സുഖമില്ലാതിരുന്നപ്പോള്‍ കാപ്പി വാങ്ങേണ്ടി വന്നിട്ടുണ്ട്. കണ്ണും മൂക്കും അടച്ച് കഷായം പോലെ അങ്ങ് കുടിച്ചു. എന്ത് കൊണ്ടാണ് ഒരു ട്രെയിന്‍ യാത്രക്കാരന് അല്ലെങ്കില്‍ യാത്രക്കാരിയ്ക്ക് ഇത്തരം ഒരു ദുരിതം? മറ്റുള്ളവരെ തൊട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ വളര്‍ന്ന ഒരു പ്രത്യേക ബ്രാഹ്മണ/ നമ്പൂതിരി/രാജകുടുംബാംഗം ഒന്നുമല്ല ഞാന്‍ , ഒരു സാധാരണ മനുഷ്യ വര്‍ഗ്ഗം. ഒരു മാസം മുന്‍പ് ട്രെയിനിലെ ഭക്ഷണം കഴിച്ച യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായെന്ന വാര്‍ത്ത വായിക്കുമ്പോള്‍ എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ട്രെയിന്‍ യാത്രയില്‍ മിക്കവര്‍ക്കും തന്നെ ഈ പറഞ്ഞ അസ്വാസ്ഥ്യം ഉണ്ടാവാറുണ്ട്. ട്രെയിന്‍ യാത്രയുടെ കൂടെ ഉറപ്പായും കിട്ടുന്ന ഒന്നാണ് ഈ വയറിനുള്ള അസ്വാസ്ഥ്യം എന്ന ഒരു വീക്ഷണം സാധാരണക്കാര്‍ എന്നോ അംഗീകരിച്ച ഒരു നഗ്നസത്യം ആയതിനാല്‍ ആരും പിറ്റെന്നുള്ള വയറിളക്കത്തിന്റെ റിപ്പോര്‍ട്ട്‌ റെയില്‍വേയില്‍ കൊണ്ട് പോയി കൊടുക്കുന്നല്ല എന്നതാണ് കാര്യം. ഞാന്‍ വലുതായത്തില്‍ പിന്നെ, എന്റെ അച്ഛന്‍ എന്നൊക്കെ ട്രെയിനില്‍ ദൂരയാത്ര ചെയ്തിട്ടുണ്ടോ, അന്നൊക്കെ അതിലെ ഭക്ഷണം കഴിച്ചു പിറ്റേന്ന് കിടപ്പായിട്ടുണ്ട് എന്ന ഒരു ചെറിയ ഉദാഹരണം മാത്രം മതി തെളിവിന്. എന്നിട്ടും കഴിഞ്ഞ മാസം നടന്ന ഒരു ഒറ്റപ്പെട്ട 'ഭക്ഷ്യവിഷബാധ'യെ 'ആദ്യ സംഭവം' പോലെ ഇത്ര പെരുപ്പിച്ച് കാട്ടി, അന്വേഷണത്തിന് ഉത്തരവിടുക, റെയില്‍വേ കണ്ണുംതള്ളി ഞെട്ടുക, ഇടയ്ക്കിടയ്ക്ക് പോയി അന്വേഷിക്കുക, സാമ്പിള്‍ അയക്കുക... അഭിനയത്തിന് ഓസ്കാര്‍ കൊടുക്കേണ്ടത് ഇവര്‍ക്കാണ്! ഓഗസ്റ്റ്‌ 24 ലെ മലയാള മനോരമ പത്രത്തില്‍ ട്രെയിനിലെ ഭക്ഷണത്തെ പറ്റി ഒരു വിശദ റിപ്പോര്‍ട്ട്‌ ഉണ്ട്. ഏതാണ്ട് നമ്മള്‍ ഊഹിക്കുന്നതിന്‍റെ, തെളിവുകളുള്ള വേര്‍ഷന്. ടോയ്‌ലറ്റിലേക്കും അടുക്കളയിലേക്കും ഒരേ വെള്ളം തന്നെ എടുക്കുന്നതും, ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ ടോയ്‌ലറ്റില്‍ കഴുകുന്നതും, ഭക്ഷണം ഉണ്ടാക്കി തുറന്നിട്ട ജനാലകള്‍ക്കടുത്തു മൂടാതെ വയ്ക്കുന്നതും, റെയില്‍വേ സ്റ്റേഷനിലെ നിലത്ത് ഒരു തുണി വിരിച്ചിട്ട് കയ്യുറ ഇടാതെ വൃത്തിഹീനമായ ആളുകള്‍ ചപ്പാത്തിയും ഇഡ്ഡലിയും ഒക്കെ അതിലിട്ട് എണ്ണി ഓരോ പൊതിയില്‍ ആക്കുന്നതും ഒക്കെ വിശദമായി ദൃക്സാക്ഷി വിവരണം അടക്കം വിശദീകരിച്ചിട്ടുണ്ട്. ട്രെയിന്‍ ഭക്ഷണം കഴിക്കണം എന്നില്ല, അതുണ്ടാക്കുന്ന വിധം ഒന്ന് കണ്ടാല്‍ മാത്രം മതി ഒരാഴ്ച ചര്‍ദ്ദിച്ച് അവശരാവാന്‍ . കുറച്ച് പോഷ് ആയ രാജധാനിയില്‍ പക്ഷെ നല്ല സ്റ്റൈല്‍ ഭക്ഷണം ആകും എന്നൊരു തെറ്റിധാരണ സത്യമായും എനിക്കുണ്ടായിരുന്നു. ആ ഒരു ആരാധനയോടെ ഞാന്‍ പല വട്ടം രാജധാനിയെ നോക്കി നിന്നിട്ടുണ്ട്. പിന്നീടല്ലേ മനസ്സിലായത്‌, ലോക്കല്‍ ഭക്ഷണം കുറച്ച് കാശ് കൂടുതല്‍ കൊടുത്ത് കഴിച്ചാല്‍ അത് രാജധാനി ഭക്ഷണം ആവുമെന്ന്! ഇത്ര ചിലവേറിയ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് പോലും അതിന്റേതായ പരിഗണന ഇല്ല എന്നറിയുമ്പോള്‍ തമാശ തോന്നുന്നു, അല്പം വിഷമവും. 'അറക്കാന്‍ കൊണ്ടുപോകുന്ന പോത്തുകള്‍ എന്ത് കഴിച്ചാല്‍ എന്ത്; എന്തായാലും നാളെ അവര്‍ മരിക്കും' എന്നുള്ള ലോക തത്വം പഠിച്ചവരാണോ റെയില്‍വേ ഭരിക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു. ഒരു ട്രെയിന്‍ ബിരിയാണിയ്ക്ക്, അതായത് പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് കിട്ടുന്ന ഹാഫ്‌ ബിരിയാണിയുടെ അളവിന്‌, എന്റെ അറിവില്‍ നാല്പതോ അന്‍പതോ രൂപയാണ്. പുറത്തു കിട്ടുന്ന ചായ, കാപ്പി എന്നിവയുടെ പകുതി ചേരുവകളില്‍ (വെള്ളം മാത്രം കൂടുതല്‍ ഉണ്ടാവും) കിട്ടുന്നതിന് അഞ്ചു രൂപ മുതല്‍ ആണ്. അങ്ങനെ ഇരിക്കെ, പുറത്തെ ഹോട്ടലുകളില്‍ മിനറല്‍ വാട്ടര്‍ ഉപയോഗിക്കുന്നത് റെയില്‍വേയിലും ഉണ്ടാവണം എന്നത് ന്യായമായ നമ്മുടെ ഒരു അവകാശമല്ലേ? ഇത്തരം ഒരു ചൂഷണം എങ്ങനെ ഇത്ര അക്ഷമരായ മനുഷ്യര്‍ക്ക്‌, വളരെ തീവ്ര നല്ലനടപ്പ് വാദങ്ങളുള്ള സമൂഹത്തിന് അനുവദിക്കാന്‍ കഴിയുന്നു എന്ന് അല്പം ആക്ഷേപഹാസ്യം കലര്‍ത്തി ചോദിച്ചു കൊണ്ട് തന്നെ ഈ ലേഖനത്തിന് ഫുള്‍ സ്റ്റോപ്പ്‌ . പക്ഷെ അവസാനിക്കുന്നില്ല. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു!   *ഈ ലേഖനം തരംഗിണി മാഗസിനിന്റെ ഓണം എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://tharamginionline.com/articles/viewarticle/374.html