Jyothy Sreedhar

'നിര്‍ണായകം'!

ചില സിനിമകള്‍ കാണുമ്പോള്‍, അത് നമുക്ക് വേണ്ടി ചെയ്തതിന് അത് ചെയ്തവരോട്‌ നന്ദി പറയാന്‍ തോന്നും. വളരെ ചുരുക്കം സിനിമകളേ എന്നെ അങ്ങനെ തോന്നിപ്പിച്ചിട്ടുള്ളൂ. അത്തരം ഒരു സിനിമ ഞാന്‍ ഇന്ന് കണ്ടു- നിര്‍ണായകം. അതൊരുക്കിയവരോട്, അത് ചെയ്യാന്‍ തീരുമാനിച്ചവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറയട്ടെ, ‘നിര്‍ണായകം’- അതൊരുഗ്രന്‍ സിനിമയാണ്. രാഷ്ട്രീയ- സാമൂഹിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നീട്ടി എഴുതുന്നവര്‍ എത്രയോ ഉണ്ട് ഫെയ്സ്ബുക്കില്‍. അത്തരം ആളുകള്‍ ‘നിര്‍ണായകം’ എന്ന സിനിമ കാണണം എന്ന് എന്‍റെ വ്യക്തിപരമായ ഒരു അപേക്ഷയുണ്ട്. ഒരിക്കലെങ്കിലും റോഡില്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന ജാഥകളോട്, രാഷ്ട്രീയ പ്രഹസനങ്ങളോട്, രാഷ്ട്രീയത്തോട്, കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയോട്, അശാസ്ത്രീയമായ രീതികള്‍ മൂലം ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകളോട് പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്താത്തവര്‍ ഉണ്ടാവില്ല. അത്തരം ഒരു കഥയാണ്‌ നിര്‍ണായകത്തിന്‍റെത്. അത്തരം ഒരു വ്യവസ്ഥിതിയെ നിയമപരമായി നേരിട്ട്, കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവരികയും പൊതുജനത്തിന്‍റെ പ്രതിനിധിയായി നമ്മള്‍ ഓരോരുത്തരും പറയാന്‍ കൊതിച്ചത് ശക്തമായ ഭാഷയില്‍ പറയുകയും ചെയ്ത നെടുമുടി വേണുവിന്‍റെയും പ്രേംപ്രകാശിന്റെയും കഥാപാത്രങ്ങളെയാണ് ഈ സിനിമ എടുത്തു കാണിക്കുന്നത്. ഒരുപാട് പ്രതീക്ഷകളോടെ അല്ല നിര്‍ണായകം കാണുവാന്‍ പോയത്. എന്‍റെ സുഹൃത്തായ സ്മിതയും വലിയ ഒരു പ്രതീക്ഷ ഉള്ളില്‍ വച്ചിരുന്നില്ല. പക്ഷെ സിനിമ തുടങ്ങിയത് മുതല്‍ ഒരു നിമിഷം പോലും കണ്ണും മനസ്സും എടുക്കാതെ ഞങ്ങള്‍ കണ്ടിരുന്നു. ഇന്‍റര്‍വെല്‍ എന്ന് എഴുതി കാണിക്കുമ്പോള്‍ സ്മിത ചോദിച്ചു, “ഇത്ര വേഗം ഇന്‍റര്‍വെല്ലോ!” എന്ന്. അത്രയ്ക്കും മുഴുകിയിരുന്നു ആ സിനിമയില്‍. ഒരു അഡ്വക്കേറ്റ് കൂടിയായ സ്മിത സിനിമയിലെ കോടതി രംഗങ്ങള്‍ കണ്ട് അതിലെ കൃത്യതയെ കുറിച്ച് പല വട്ടം അത്ഭുതം പ്രകടിപ്പിച്ചു. സാധാരണ കോടതി രംഗങ്ങളില്‍ ഏച്ചുകെട്ടലുകള്‍ വളരെ അധികം ആണെന്നും, തെറ്റുകള്‍ കൂടുതലായി വരാറുണ്ടെന്നും പക്ഷെ ഇതില്‍ അതൊന്നും കണ്ടില്ലെന്നും സ്മിത വീണ്ടും പറഞ്ഞു. എനിക്ക് കോടതി അറിയില്ല. അതിനാല്‍ തന്നെ ആ സിനിമ എനിക്ക് തന്നുകൊണ്ടിരുന്ന വികാരങ്ങളെ ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു. ഏതൊരു ജാഥയുടെയും ഇടയില്‍ ഓരോ പത്തു മിനിറ്റിലും അവര്‍ വഴി മാറി പൊതുജനത്തെ കടത്തി വിടണം എന്ന കോടതി വിധിയെക്കുറിച്ച് ആദ്യമായിട്ടാണ് സത്യത്തില്‍ ഞാന്‍ കേട്ടത്. അത്തരം ഓരോ പ്രഹസന ജാഥയിലും സത്യത്തില്‍ ‘കൊല ചെയ്യപ്പെടുന്ന’ എത്രയോ രോഗികള്‍ ഉണ്ടാകും, എത്ര പേരുടെ ജീവിതങ്ങള്‍ ആ ജാഥയ്ക്ക് വേണ്ടി ബലികഴിക്കപ്പെടുന്ന മണിക്കൂറുകളില്‍ മാറി മറിയുന്നുണ്ട് എന്നൊക്കെ ഒന്നിരുത്തി ചിന്തിപ്പിച്ചു ഈ സിനിമ. പൊതുജനങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത രാഷ്ട്രീയ ജന്മങ്ങള്‍! “ഈ സിസ്റ്റം- അതിനോട് എനിക്ക് വെറുപ്പാണ്, പുച്ഛമാണ്” എന്ന് നെടുമുടി വേണു പറയുമ്പോള്‍ മനസ്സില്‍ കൈ വച്ചു എത്രയോ വട്ടം ആ വാക്കുകള്‍ പറഞ്ഞിട്ടുള്ളത് ഓര്‍ത്തുപോയി. അച്ഛന്‍ പ്രേം പ്രകാശിന് ഒരു നല്ല, അതിശക്തമായ കഥാപാത്രം കൊടുത്ത് ബോബി-സഞ്ജയ്‌ ഈ സിനിമ എഴുതിയപ്പോള്‍ പക്ഷെ തെല്ലും പക്ഷപാതം അവര്‍ കാണിച്ചില്ല. കാരണം ഇതിലെ ഓരോ കഥാപാത്രത്തിനും ഈ സിനിമയിലൂടെ നമ്മളോട് ചെയ്യാന്‍ ചില കര്‍ത്തവ്യങ്ങള്‍ ഉണ്ടായിരുന്നു, ഓരോ കഥാപാത്രത്തിനും പറയാന്‍ ചിലതുണ്ടായിരുന്നു. അതില്‍ പല സംഭാഷണവും വാക്കുകളും അതെ ശബ്ദത്തില്‍ കേട്ടുകൊണ്ടേ ഇരിക്കുന്നു. നെടുമുടി വേണുവിന്റെ വാക്കുകള്‍ ഇത്ര മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാതില്‍ മുഴങ്ങുന്നു. അഭിനയം ഒന്നിനൊന്ന് മികച്ച്, ഒരു മത്സരം പോലെ തോന്നി. കുറെ കാലത്തിനു ശേഷമാണ് ആസിഫ് അലിയെ ഒരു സിനിമയില്‍ ഇഷ്ടപ്പെടുന്നത്. ആ കഥാപാത്രത്തിന്‍റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളെ കൃത്യമായ കാരണങ്ങളോടെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ആകെത്തുക നോക്കിയാല്‍, മികവുകളുടെ ആ മത്സരം കൊണ്ട് തന്നെ ഈ സിനിമ തര്‍ക്കമില്ലാത്ത ഒരുയര്‍ന്ന നിലവാരം രേഖപ്പെടുത്തിയാണ് ഓരോ പ്രേക്ഷകനെയും തിയേറ്ററില്‍ നിന്ന് ഇറക്കുന്നത്‌ എന്നതില്‍ എഴുത്തുകാര്‍ക്കും സംവിധായകന്‍ വികെ പ്രകാശിനും അഹങ്കരിക്കാം. ഇത്തരമൊരു സിനിമ മലയാളത്തില്‍ ഉണ്ടായതില്‍, അത് കണ്ടതില്‍ ഒരുപാട് സന്തോഷം തോന്നുന്നു, ഒരു പൌരന്‍ എന്ന നിലയിലും ഒരു സിനിമാപ്രേക്ഷക എന്ന നിലയിലും. തിയേറ്ററില്‍ പാതി ഭാഗം ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ വളരെ വിഷമവും തോന്നി. കണ്ടവര്‍ എല്ലാവരും തന്നെ നല്ല അഭിപ്രായം പറയുന്നു, സിനിമ ആണെങ്കില്‍ കുറ്റങ്ങള്‍ അങ്ങനെ പറയാന്‍ കഴിയാത്ത മികച്ച ഒന്ന്, എന്നിട്ടും എന്തുകൊണ്ടാണ് ആളുകള്‍ ഇത് കാണാത്തത് എന്നോര്‍ത്തു. പലപ്പോഴും മലയാള സിനിമയുടെ നിലവാര തകര്‍ച്ചയ്ക്ക് മലയാളി പ്രേക്ഷകര്‍ കൂടിയാണ് കാരണം. ഹൈപ്പ് ഉള്ള സിനിമകള്‍ കാണാന്‍ മത്സരം, പൊള്ളയാണെങ്കിലും എന്തോ ആണ് എന്ന് തോന്നിക്കുന്ന സിനിമകളെ പലരും ക്ലാസിക് എന്ന് വിളിക്കുന്നു. സ്വാഭാവികമായി സിനിമയ്ക്ക് കാശിറക്കുന്നവര്‍ അങ്ങനെ ഒരു വലിയ ജനവിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ എടുക്കാന്‍ തുനിയുമ്പോള്‍ സഹിക്കേണ്ടി വരുന്നത് ഇത്തരം നല്ല സിനിമകള്‍ എടുത്തവരും എടുക്കാന്‍ ആഗ്രഹം ഉള്ളവരുമാണ്‌. കുറെ അലങ്കാരപ്പണികള്‍ ചെയ്ത സിനിമകളെ ഹൈപ്പ് ടെക്നിക്കുകളിലൂടെ മെഗാ ഹിറ്റ്‌ ആക്കി, കുറച്ച് നാള്‍ കഴിയുമ്പോള്‍ ഈ വാനോളം പുകഴ്ത്തിയവര്‍ തന്നെ പറയും ആ സിനിമകളില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന്. കൂടെ ഒരു വാചകവും- അല്ലെങ്കിലും മലയാളത്തില്‍ നല്ല സിനിമയുമില്ല, കഥയുമില്ല. നമ്മള്‍ തന്നെ അതിനു കാരണക്കാര്‍. അങ്ങനെയെങ്കില്‍, എന്തുകൊണ്ട് നിര്‍ണായകം കണ്ടുകൂടാ?