Jyothy Sreedhar

സൗഹൃദം... ഒരു ആശുപത്രിയോളം!

“ഇങ്ങനെയൊക്കെ ആവുന്നതാ നല്ലത്. എല്ലാവരോടും സംസാരിച്ച്, വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ്…അങ്ങനെ…” ആ ചേട്ടന്‍ അത് പറഞ്ഞു നിര്‍ത്തിയതും ഇല്ലാത്ത കോളര്‍ ഒരല്‍പം പൊക്കുന്ന ജാഡയോടെ ഞാന്‍ ആ കൊച്ചുകൂട്ടത്തില്‍ നിന്ന മറ്റൊരാളോട് ചോദിച്ചു, “ഈ ആശുപത്രിയില്‍ എത്രയോ ആളുകള്‍ വരുന്നു, പോകുന്നു, ഭക്ഷണം കഴിക്കുന്നു, മേടിക്കുന്നു! എന്നിട്ടും എന്‍റെ അത്രയും കമ്പനി ആയ വേറെ ഒരു ബൈ സ്റ്റാന്‍ഡര്‍ ഉണ്ടോ…? അല്ല ഉണ്ടോ?” ആ ചോദ്യം കൂടെ നിന്ന എല്ലാവരും ശരി വച്ചു.

അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ ഗ്രൌണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് അവസാനമായി ഒരു ലൈം ജ്യൂസ് മേടിക്കുന്ന രംഗം ആയിരുന്നു അത്. അവിടം എനിക്കത്രയും പരിചയമായിരുന്നു. അന്ന് ലീവ് ഉള്ളവരൊക്കെ തലേന്ന് തന്നെ യാത്ര പറഞ്ഞു പോയിരുന്നു. ബാക്കി ഉള്ളവരില്‍ ചിലര്‍ അന്ന് ഒരു ചെറിയ വട്ടത്തില്‍ നിന്ന് സംസാരിച്ച് യാത്ര പറഞ്ഞു. അത്ര നാളും ചായയ്ക്കും ലൈം ജ്യൂസിനും വല്ലപ്പോഴും ഒരു കഞ്ഞിയ്ക്കും ഒക്കെ ഞാന്‍ സ്ഥിരമായി കയറി ചെല്ലുമ്പോള്‍ അവിടെ ഉള്ളവര്‍ ആദ്യം ചോദിക്കുക, “ഇത് വരെ പോയില്ലേ!” എന്നായിരുന്നു. അതുകൊണ്ട് തന്നെ അവസാന ദിവസം ഞാന്‍ കയറി ചെല്ലുമ്പോള്‍ പറഞ്ഞത് തന്നെ “നിങ്ങള്‍ ഇത്ര നാളും ചോദിച്ച ആ ചോദ്യത്തിന് ഇന്ന് ഞാന്‍ ഉത്തരം തരാം, ഇന്ന് ഞാന്‍ പോകുന്നു” എന്നാണ്. എന്തുകൊണ്ടോ, ആരും കാര്യമായി മറുപടി പറയുകയോ സ്വതവേ ഉള്ള ചിരി ചിരിക്കുകയോ ചെയ്തില്ല. രണ്ടോ മൂന്നോ പേരുടേതൊഴികെ മറ്റാരുടെയും പേരുകള്‍ അറിയില്ല ഇന്നും. എല്ലാവരും ചേട്ടന്മാരാണ്. അവര്‍ക്കെന്നെ അറിയാം, എനിക്കവരെയും. പേരുകളെക്കാള്‍ എന്നും എന്നെ സ്വാഗതം ചെയ്യുന്ന അവരുടെ നിറഞ്ഞ ചിരിയിലാണ് എനിക്ക് കാര്യം!

ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് നാലാം നിലയിലെ മുറിയിലേക്കുള്ള യാത്ര ഘട്ടം ഘട്ടമായിട്ടായിരുന്നു. ഒന്നാം നിലയിലെ റിസപ്ഷനില്‍ സുഹൃത്തുക്കളായവരോട് കുറെ നേരം കുശലം പറഞ്ഞു. അവരോടു യാത്ര പറയുമ്പോള്‍ അന്നേരം ആ വഴി വീല്‍ ചെയര്‍ ഉന്തിക്കൊണ്ട് പോയ, പരിചിതനായ വാര്‍ഡ്‌ ബോയ്ന്‍റെ കൂടെ സംസാരിച്ച് ലിഫ്റ്റില്‍ കയറി. വിശേഷങ്ങള്‍ പറയുന്നതിനിടയ്ക്ക് അവിടുത്തെ അറ്റന്‍ഡേഴ്സ് ആയ രണ്ടു ചേച്ചിമാര്‍ ലിഫ്റ്റില്‍ കയറി. പിന്നെ അവരോടും യാത്ര പറഞ്ഞു. എന്നും ഞാന്‍ ഗുഡ് മോണിംഗ് സ്ഥിരമായി കൈമാറുന്നവരാണ് അവര്‍. അങ്ങനെ സംസാരിച്ച് മുകളില്‍ എത്തി. ആ ആശുപത്രിയില്‍ നേഴ്സുമാരെ തട്ടി നടക്കാന്‍ പറ്റില്ല എന്ന് തോന്നിപ്പോകുന്ന അത്രയും നേഴ്സുമാര്‍ ഉണ്ട്. അതില്‍ കുറെ പേരൊക്കെ സുഹൃത്തുക്കള്‍ ആയി. ഒരുപക്ഷെ കൂടുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയത് അവിടുത്തെ നേഴ്സുമാര്‍ തന്നെ ആണ്. ആ ആശുപത്രിയില്‍ നിന്ന് പോരുമ്പോള്‍ നേഴ്സുമാരില്‍ ഒരാളെ എന്‍റെ ഏറ്റവും അടുത്ത സൌഹൃദത്തിലേയ്ക്ക് ഞാന്‍ ദത്തെടുത്തിരുന്നു… ആന്‍സി.

ആന്‍സിയ്ക്ക് എന്‍റെ ഫോണ്‍ ഏതാണ്ട് മനപ്പാഠമാണ്. അതിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. കാര്യമുണ്ട്. എന്‍റെ ഫോണ്‍ എന്‍റെ മനസ്സിനോട് ഏറ്റവും അടുത്ത വസ്തുവാണ്. അത് അങ്ങനെ അധികം പേര്‍ക്ക് കൈകാര്യം ചെയ്യാന്‍ ഞാന്‍ കൊടുക്കാറില്ല. അങ്ങനെ ഞാന്‍ കൊടുക്കുന്നു എങ്കില്‍, അത് എന്‍റെ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നവരേ ആകൂ. ഫോണിന്‍റെ പാസ്സ്‌വേര്‍ഡ്‌ അവള്‍ക്ക് അറിയില്ലെങ്കിലും അത് തുറന്നാല്‍ എന്തൊക്കെ എവിടെ ഒക്കെ എന്നത് അവള്‍ക്ക് നന്നായി അറിയാം. അത് ശക്തമായ ഒരു തെളിവാണ്, ഞാന്‍ ഒപ്പിട്ട ഒരു പ്രഖ്യാപനവും. ഒരു ഡോക്ടറിനൊപ്പം ഒരു നേഴ്സിനെയും മനസ്സിനുള്ളില്‍ പ്രതിഷ്ഠിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്‌. കൂടെ, ഓര്‍ക്കാന്‍ ഒരുപാട് മുഖങ്ങളും.

അവിടെ ചെന്ന് ആദ്യ ദിനങ്ങളില്‍ ഒക്കെ ഞാന്‍ എല്ലാവരോടും ഇങ്ങനെ സംസാരിക്കുന്നതും ഇടപഴകുന്നതും അമ്മ ദേഷ്യത്തോടെ ആയിരുന്നു കണ്ടത്. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ദൂരെ എവിടെ നിന്നെങ്കിലും അമ്മ കൈ കാണിക്കുന്നത് കാണാറുണ്ടായിരുന്നു. പിന്നെ പിന്നെ അങ്ങനെ ഉള്ള സിഗ്നലുകള്‍ അമ്മയ്ക്കും ബോറടിച്ചു തുടങ്ങി. ഞാന്‍ ഒട്ട് അതിനോട് പ്രതികരിക്കാറുമില്ല. അവസാനം ആയപ്പോള്‍ ഞാന്‍ സൗഹൃദം സ്ഥാപിച്ച പലരോടും അമ്മ, ‘ആ കുട്ടിയുടെ അമ്മ’ എന്ന ലേബല്‍ ഉപയോഗിച്ച് സംസാരിക്കുന്നത് ഞാന്‍ അറിയുമായിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസിലും ഞാന്‍ സ്ഥിരമായി ചായയ്ക്ക് കൊണ്ടുപോകുന്ന പാത്രം കണ്ട് തിരിച്ചറിഞ്ഞ് അമ്മയോട് ‘ആ കുട്ടിയുടെ അമ്മയാണോ’ എന്ന് ഒരു ചേട്ടന്‍ ചോദിച്ച ചരിത്രവും ഉണ്ടായി. അങ്ങനെ, ‘ഇവളെ കൊണ്ട് വല്യ പാടാണ്’ എന്ന് സ്ഥിരമായി പറയുമായിരുന്ന അമ്മ പതിയെ പതിയെ നിശബ്ദയാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്നെ കുറിച്ച് കുറ്റം പറയുമ്പോള്‍ ആരെങ്കിലും കൂട്ടിരുന്നു കേട്ടിട്ട് വേണ്ടേ! അതാണ്‌ ചാക്കിടുന്ന നമ്മുടെ നയത്തിന്‍റെ ഒരിത്!

കഴിഞ്ഞ ദിവസം അച്ഛന് ഡോക്ടറെ കാണേണ്ട ദിവസം ആയിരുന്നു. അച്ഛനും ഞാനും എന്‍റെ കസിന്‍ ആയ ശ്യാമും കൂടി ആണ് പോയത്. രാവിലെ പോയി ഉച്ചയ്ക്ക് അവിടെ നിന്ന് ഇറങ്ങുമ്പോള്‍ ശ്യാമിന്റെ കണ്ണൊക്കെ വികസിച്ചിരുന്നു. വീട്ടില്‍ വന്ന് അമ്മയോട് ശ്യാം അത്ഭുതത്തോടെ പറഞ്ഞത് ഇങ്ങനെ, “ഡോക്ടര്‍മാരും നേഴ്സുമാരും കോഫീ ഹൌസും ഒക്കെ ആയിട്ട് ഇവള് ഭയങ്കര കമ്പനി ആണ്!” അമ്മ ചിരിച്ചു, ഞാനും.

പക്ഷെ എത്ര ഒക്കെ ആലോചിച്ചാലും “ഇങ്ങനെ എന്തിനു എല്ലാവരോടും സംസാരിക്കുന്നു, ഇവിടെ മുറിയില്‍ എങ്ങാനും ഇരിക്ക്” എന്ന് ഒരല്പം അരോചകത്വം കലര്‍ത്തി പറഞ്ഞ അമ്മയെ അനുസരിക്കാന്‍ തോന്നിയില്ല. മിണ്ടാതിരുന്നാല്‍, ആരെയും പരിചയപ്പെടാതിരുന്നാല്‍ ഉണ്ടാവുന്ന ഗുണഗണങ്ങള്‍ ഒന്ന് പോലും മനസ്സില്‍ തെളിഞ്ഞില്ല. മറിച്ച്, അച്ഛന്‍ തീരെ അവശനായിരുന്ന ഘട്ടത്തില്‍ അച്ഛനെ കൂടെ നിന്ന് നോക്കിയ എന്‍റെ സുഹൃത്തായ ഡോക്ടറും, ഒരല്‍പം കൂടുതല്‍ സ്നേഹവും സൌഹൃദവും കാണിച്ച് അവിടെ വന്ന് എന്നും ആത്മാര്‍ഥമായി വിശേഷങ്ങള്‍ തിരക്കാറുണ്ടായിരുന്ന നേഴ്സുമാരും, വാര്‍ഡ്‌ ബോയ്സും, അറ്റന്‍ഡേഴ്സും, താഴെ ഇറങ്ങിയാല്‍ എല്ലാം അന്വേഷിക്കുന്ന റിസപ്ഷനിലെ ജോലിക്കാരും, പിന്നെ പ്രിയപ്പെട്ട കോഫീ ഹൌസും… മാനസികമായി വിഷമത്തില്‍ ഇരിക്കുന്ന അവസ്ഥയില്‍ ഒരു ചിരിയോടെ ഒന്നുമറിയാതെ എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ഇവരൊക്കെയാണ്. അമ്മയ്ക്ക് സമ്മതിക്കാതെ നിവൃത്തിയില്ല. ഒരു നേരം പോക്ക് പോലെ ആണെങ്കിലും അവിടെയുള്ള ഒരു സുഹൃത്ത് പറഞ്ഞ ഒരു വാചകമുണ്ട്- “ആണായിട്ടും പെണ്ണായിട്ടും താന്‍ മാത്രം മതീല്ലോ!” എന്ന്. ആ വാചകം ഇടയ്ക്കിടെ എന്‍റെ ചെവിയില്‍ മുഴങ്ങാറുണ്ട്. ശക്തി ചോരുന്നു എന്ന് തോന്നുമ്പോള്‍ ആ വാചകം എന്നെ കൈപിടിച്ചുയര്‍ത്തുന്നുണ്ട് എന്ന് പറയാതെ വയ്യ!

അവിടെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം എന്‍റെ അച്ഛന് ഇനി ഡോക്ടറെ കാണേണ്ട ദിവസം ഈ ശനിയാഴ്ച ആണെന്ന്…