Jyothy Sreedhar

സമൂഹം

സമൂഹം കൊത്തിപ്പറിക്കുന്ന മൃതശരീരം
ജീവിതം എന്ന ശവക്കല്ലറയില്‍
ഒരബദ്ധം പോലെ ശ്വാസമെടുക്കുന്നു.

പല കുറി മരിക്കുമ്പോഴും
നല്ല മരണത്തെ ഭയക്കുന്ന
മൂഡനാണത്രേ മനുഷ്യന്‍ .

പിറന്നാളുകള്‍ പിന്നിടുംതോറും
തേയുന്ന ഹൃദയത്തില്‍
"സ്നേഹം", "പ്രണയം", "അനുകമ്പ"... ഹ!

മനുഷ്യബുദ്ധിയില്‍ നിറഞ്ഞത്
അറിവില്ലയെന്ന അറിവില്ലായ്മ-
ദാതാവ് സമൂഹം.

അഭിമാനിക്കണം മാനവാ,
നീ അഹങ്കരിച്ചില്ലെങ്കില്‍ മാത്രം!
സമൂഹം നിന്നോട് കൂടെ.

നെറ്റിയില്‍ കൊടികുത്തി വയ്ക്കുക-
നിന്റെ രാജ്യം, സംസ്ഥാനം, ജാതി.
അതാണ്‌ 'നീ'.

മരിക്കുമ്പോള്‍,
നിന്നോട് കൂടെ നീ ദഹിപ്പിക്കുക,
എന്നോ മരിച്ച നിന്റെ വ്യക്തിത്വത്തെ.

അരികിലെ ചത്ത എലിയെക്കാള്‍
അതു ദുര്‍ഗന്ധം വമിപ്പിക്കുന്നു.
സമൂഹത്തെ ബുദ്ധിമുട്ടിക്കരുത്.