രാത്രികളിൽ,
എന്റെ ശബ്ദമിറങ്ങി
നമുക്കിടയിലെവിടെയോ
നിന്റെ ശബ്ദവുമായി ഒട്ടിയിരുന്ന്
പ്രണയിക്കുന്നതു കാണുമ്പോൾ
എനിയ്ക്ക് കുശുമ്പാണ്.
ഒന്നിച്ചിരുന്ന്, പോകെപ്പോകെ,
നമ്മുടെ ശബ്ദങ്ങൾ
അതിന്നാത്മാവിലേയ്ക്ക്
അലിഞ്ഞിറങ്ങി
ഒടുക്കം ശബ്ദമില്ലായ്മയായ് മാറുമ്പോൾ,
എനിയ്ക്ക് കുശുമ്പാണ്.
എന്റെ ശബ്ദമായ്
ഞാൻ ജനിച്ചാൽ മതിയായിരുന്നു;
നിന്റേതായ് നീയും.
കാണാനല്ലെങ്കിൽ,
ചേർത്തു പുണരാനല്ലെങ്കിൽ
പിന്നെ ബാക്കി ഉടലെന്തിന്!
വിരഹം കൊണ്ട് ദഹിപ്പിച്ച്
അകന്നിരിക്കുവാൻ മാത്രമായി
ദേഹങ്ങളെന്തിന്!
നമുക്ക്
നമ്മുടെ ശബ്ദങ്ങളായാൽ
മതിയായിരുന്നു-
ശബ്ദമില്ലായ്മകൾ കൊണ്ട്
തമ്മിൽ ഒരു നൂറുമ്മ വച്ച്,
രാത്രികളിൽ
കൊഞ്ചി, പിണങ്ങി, പ്രണയിച്ചുറങ്ങി
പിന്നെയും കൊതിതീരാതെ,
പരസ്പരം ചുമ്പിച്ചുണർത്തുന്ന
നമ്മുടെ തന്നെ ശബ്ദങ്ങൾ!