Jyothy Sreedhar

വെറുപ്പിന്റെ വരമ്പുകളിലേക്ക്...

A note for Santosh Jhogi (written on 14th April 2010, one day after his suicide)   അവനെ എനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ല. പക്ഷെ എനിക്കറിയാം അവന് എന്നെ വലിയ കാര്യമായിരുന്നു. ചീത്തപ്പെരുകള് ഒത്തിരി ഉണ്ടായിരുന്നു അവന്. അതുകൊണ്ടൊക്കെ ആവാം ഞാന് അവനില് നിന്ന് അകന്നു മാറിയത്. ഒരു പക്ഷെ എന്റെ ഫോണ് നമ്പര് മാറ്റാനുള്ള ഒരു കാരണവും അവന്റെ നിര്ത്താതെ ഉള്ള കോളുകള് ആയിരുന്നു. എന്റെ ജീവിതത്തില് ഇത്രയേറെ എനിക്ക് അനുഭവങ്ങള് തന്ന മറ്റൊരു സുഹൃത്ത് ഉണ്ടായിട്ടില്ല എന്ന് വേണം പറയാന്. കൈരളി ചാനലിന്റെ സ്റ്റാര് വാര്സ് എന്ന പരിപാടിയുടെ അണിയറയില് പ്രവര്ത്തിക്കുമ്പോഴാണ് അതിഥി ആയി വന്ന അവനെ ഞാന് പരിചയപ്പെടുന്നത്. ആദ്യ കണ്ടുമുട്ടലിന്റെ സന്തോഷത്തിനായി അവന് എനിക്ക് തന്ന ഷേക്ക് ഹാന്റില് നിന്ന് അവന് കുറെ നേരം കഴിഞ്ഞാണ് പിടി വിടുന്നത്. അന്ന് മുതല് എനിക്ക് അവന് ഒരു ചതുര്ഥി ആയിരുന്നു. പഞ്ചാര കലര്ന്ന വര്ത്തമാനങ്ങള് എല്ലാരുടെ മുന്പില് വച്ച് പറയുവാനും അവനു ചമ്മല് ഉണ്ടായിരുന്നില്ല. ഒരിക്കല് സെറ്റ് മുണ്ടുടുത്ത് കേരളപ്പിറവി ദിനത്തില് വന്ന എന്നെ അന്ന് ഈ വേഷത്തില് അവന് സ്വപ്നം കണ്ടുവെന്നു വിളിച്ചു പറയുമ്പോള് അത് കേള്ക്കാന് സെറ്റിലെ ഒരുപാട് പേര് ഉണ്ടായിരുന്നു. അപമാനത്തിന്റെ ഒരു തരം വികാരം എന്റെ മനസ്സില് തിളക്കുംബോള് എന്റെ ഒരു സുഹൃത്ത് എന്നെ എരി കേറ്റി വിടുകയും ചെയ്തു. ഷൂട്ട് കഴിഞ്ഞു അവനെ വഴക്ക് പറയാന് ഞാന് ചെന്നപ്പോള്, നിങ്ങള് എത്ര അതീവ സുന്ദരിയാണ്, എന്റെ സ്വപ്നങ്ങളില് ഞാന് എന്നും ഇനി തന്നെ കാണട്ടെ എന്ന് അവന് ചിരിച്ചു കൊണ്ട് പറഞ്ഞു. ദേഷ്യം തിളച്ചു കയറി വായില് വന്ന ചീത്ത പറഞ്ഞു അവനെ ഞാന് അടിക്കാന് ഓങ്ങി. എന്നെ ഒരു സുഹൃത്ത് മാറ്റി കൊണ്ട് പോകുമ്പോഴും  അവന് ചിരിച്ചു കൊണ്ടിരുന്നു. പിന്നീട് അവന് എന്നെ വിളിച്ചു മാപ്പ് പറഞ്ഞു കോംപ്രമൈസ് ചെയ്തു.  പിന്നെ ഇടയ്ക്കു വിളിക്കുമായിരുന്നു. മകള് ചിത്രയുടെ വിശേഷങ്ങള് വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു അവന്. എല്ലാവരും പറയും അവന്‍ eccentric ആണെന്ന്. അതെ, ഞാനും സമ്മതിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും സന്തത സഹചാരി ആയിരുന്നു അവന്... അവന്റെ സാഹിത്യപരമായ വാക്കുകളില് ഒളിഞ്ഞിരിക്കുന്ന ഫിലോസോഫീസ് എന്റെ കളിയാക്കലിനു പാത്രങ്ങള് ആയിട്ടുണ്ട്. പക്ഷെ, ആ കളിയാക്കളുകള്ക്ക് ഞാന് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. ജീവിതത്തോട് ഒത്തിരി അടുത്ത് ബന്ധമുള്ള വാക്കുകള് ആയിരുന്നു അവന് പറഞ്ഞതൊക്കെ. അവന്റെ പേര് ഞാന് അവസാനമായി എന്റെ ജിടോകില് കണ്ടിട്ട് അധികം ആയിട്ടില്ല. "മരിച്ചാല് പിന്നെ താന് എന്നെ ഉപേക്ഷിക്കില്ലല്ലോ" എന്ന് അവന് പണ്ട് പറഞ്ഞത് ഇന്നും ഞാന് അവന്റെ ശബ്ദത്തില് കേള്ക്കുന്നു. അവന്റെ സുഹൃത്തായതില് എന്റെ ഒരുപാട് സുഹൃത്തുക്കള് എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്.  ഞങ്ങളുടെ സൌഹൃദത്തെ പറ്റി അവന് പറയുമ്പോഴൊക്കെ ഞാന് അത്ഭുതപ്പെടും- ഈ ബന്ധത്തെയും സൗഹൃദം എന്ന് വിളിക്കാന് കഴിയുമോ എന്ന് ആലോചിച്ച്.... ഒരു പരിചയമായി പോലും ഞാന് കണക്കാക്കിയിട്ടില്ല അവനുമായുള്ള ബന്ധം. ഇടക്കെപ്പോഴോ അവന്റെ ഒരു ബ്ലോഗിന്റെ കാര്യം എനിക്ക് മെയില് ചെയ്തിരുന്നു. അവനോടുള്ള ദേഷ്യത്തില് ഞാന് അത് അപ്പോള് തന്നെ ഡിലീറ്റ് ചെയ്തു. അവന് നന്നായി എഴുതുമായിരുന്നു... അതിനേക്കാള് നന്നായി അവനു സംസാരിക്കുമായിരുന്നു. പാടുമായിരുന്നു...ഹിന്ദുസ്ഥാനി സംഗീതത്തെയും ഗസലുകളെയും കുറിച്ച് നല്ല ധാരണ അവനു ഉണ്ടായിരുന്നു. ഖുദ സെ മന്നത് എന്ന ഗാനം എനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞു എത്രയോ വട്ടം അവന് എനിക്കായി പാടിയിട്ടുണ്ട്... ഞാന് 'സന്തോഷ്' എന്ന് പറയുന്നത് സ്ഥിരം അനുകരിക്കുമായിരുന്നു അവന്... എന്റെ വീടിന്റെ മുന്നിലൂടെ കടന്നു പോകുന്ന ട്രെയിനില് വന്നു എന്നെ കാണുമ്പോള് രണ്ടു വട്ടം അവന് കൂവിയിട്ടുണ്ട്... മകള്ക്ക് വേണ്ടി എന്തെങ്കിലും സ്വരുക്കൂട്ടി വക്കാന് ഒരു സിനിമ നടന് ആകുമ്പോഴും, ഒരു സംവിധായകന് ആവുക എന്ന വലിയ ലക്ഷ്യം ഉണ്ടായിരുന്നു അവന്. ഇടയ്ക്കു ആരോടൊക്കെയോ കഥ ചര്ച്ച ചെയ്തതിനെ പറ്റി അവന് പറയുമ്പോഴൊക്കെ ഒരു ആവര്ത്തന വിരസത എനിക്ക് അനുഭവപ്പെടുമായിരുന്നു. ഈ അടുത്ത് ഫയിസ്ബൂകില് അവന്റെ പേര് ഒരു ഞെട്ടലോടെയാണ് ഞാന് കണ്ടത്. ആദ്യം തോന്നിയത് 'ദൈവമേ ഇവന് ഇവിടെയും വന്നോ' എന്നാണു. എന്നെ വിളിച്ചു കൊണ്ടേ ഇരുന്ന് അവസാനം 'ജോ പ്ലീസ് ടേക്ക് ദി ഫോണ്' എന്ന് അവന് എനിക്ക് sms അയച്ചിട്ട് അധികകാലം ആയിട്ടില്ല. ഞാനുമായുള്ള ഒരു casual talkil ഒരു പ്രശസ്ത നടന് അവനെ പറ്റി പാരടി ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ഒത്തിരി ചിരിച്ചു, ഇന്ന് അത്രയും ദുഃഖം. ഇന്ന് അവന് മരിക്കുമ്പോള് ആദ്യം എന്റെ മനസ്സില് വന്നതും ആ ഗാനം ആണ്. ഇങ്ങനെ എത്രയോ എത്രയോ അനുഭവങ്ങള് എനിക്ക് സമ്മാനിച്ച ഒരു 'സുഹൃത്ത്' ആണ് എനിക്കവന്. ഇന്ന്... അവന് മരിക്കുമ്പോള് എനിക്ക് ഇത്രയേറെ ദുഃഖം  അനുഭവപ്പെടുമെന്നോ ഞാന് കരയുമെന്നോ സ്വപ്നത്തില് പോലും ഞാന് കരുതിയിരുന്നില്ല. മരിച്ചു കഴിഞ്ഞാല് എങ്ങനെയാണ് എന്നറിയാന് ഒന്ന് മരിച്ചു നോക്കിയാലോ എന്ന് പല വട്ടം അവന് പറഞ്ഞിട്ടുണ്ട്. ചിത്രയെ ഈ ലോകത്തില് തനിച്ചാക്കി അവന് ആത്മഹത്യ ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന് കഴിഞ്ഞിട്ടില്ല. മദ്യത്തിന്റെയും മയക്കുമാരുന്നുകളുടെയും ലോകത്തില് നിന്ന് മരണത്തിലേക്ക് ഒരാള് കൂടി. പശ്ചാതാപങ്ങള് ഇല്ല എനിക്ക്. എന്നെ എന്നും ശല്യപ്പെടുത്തിയ ഒരാള് ഈ ലോകം വിട്ടു പോകുമ്പോള് ഒരുപാട് സങ്കടം ഉണ്ടെനിക്ക്. അത് ശരിക്കും എന്ത് കൊണ്ടാണെന്ന് ചോദിച്ചാല് എനിക്കറിയില്ല. അവന്റെ കുറവ് ഈ ലോകത്തിനു അനുഭവപ്പെട്ടെക്കില്ല, ഒരു പക്ഷെ എനിക്കും... എങ്കിലും വേദനിക്കുന്നു... ഇന്നലെ ഞാന് ഒഴുക്കിയ കണ്ണുനീര് നിനക്കായ് മാത്രം ആയിരുന്നു സന്തോഷ്...

This smile makes me sad, dear Santosh...