Jyothy Sreedhar

വിളറിയ രാത്രിയിൽ...

ചുറ്റും കടലാണ്.
കരയില്ലെന്ന് തോന്നിപ്പിച്ച്
പരന്ന്, ചുരുളഴിയുന്ന ഒന്ന്.
ശാന്തമാകാൻ ശ്രമിക്കുമ്പോഴും
ശമനമില്ലാത്ത ഇരമ്പൽ ഉണ്ട്.
എന്തും അതിൽ ഒന്ന് മാത്രമായി
പരിണമിക്കുന്ന കടൽ-
നീയില്ലായ്‌മ.

വിളറിയ രാത്രിയാണ് കൂട്ട്.
പകൽ, മേഘങ്ങൾ അടിഞ്ഞുകൂടി
വൃത്തിഹീനമാകുന്ന ആകാശവും.
ചുവന്ന ചക്രവാളങ്ങൾ
ഞാൻ നോക്കിയിരിക്കാറുണ്ട്.
അതിലൊന്നിൽ നിന്റെ വരവിനെ
ദൂരെ നിന്ന് ഞാൻ കനവു കാണാറുണ്ട്.
അത്രമേൽ ഉഴലുന്നുണ്ട് ഞാൻ
നിന്നിൽ, നീയില്ലായ്‌മയിൽ.

പോകാൻ അനുവദിക്കുമ്പോൾ,
പിടിച്ചു നിർത്താൻ നീളുന്ന കയ്യിനെ
ഒരു നോട്ടത്തിന്റെ അരിവാൾ കൊണ്ട്
ഒറ്റ വെട്ടിന് കൊന്നൊടുക്കുന്ന വേദന
നിനക്ക് അറിയാൻ കഴിയുമോ?
എന്നോട് ചോദിക്കുക!

കാവൽക്കണ്ണുകൾ വെട്ടിച്ച്,
ഇരുണ്ട ഉള്ളറകളിൽ നിന്ന്
ഹൃദയത്തിന്റെ ചാലിലൂടെ
രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ
സ്വന്തം ഉഗ്രതാപത്തെ താങ്ങാനാവാതെ
നിലവിളിച്ച്, ദഹിച്ച്, ചത്തൊടുങ്ങുന്ന
കണ്ണീർത്തുള്ളികളെ നിനക്കറിയുമോ?
എന്നോട് ചോദിക്കുക!

ഓടിവന്ന്, കാതിൽ നിറഞ്ഞ്,
വാക്കുകൾ, ചിരികൾ വിതറി,
മറുപടികൾ കേൾക്കാനാകാതെ,
ഒന്ന് പിന്തിരിഞ്ഞു നോക്കാതെ,
തിടുക്കത്തിൽ പായുമ്പോൾ,
എണ്ണയിൽ കുതിർന്ന് കത്തുന്ന,
ചപ്പുചവറു പോലെ ഉള്ളിലുള്ള
ഒരു കടലാസു കൂട്ടത്തിന്റെ
തോറ്റം പറച്ചിലിനെ നിനക്കറിയുമോ?
എന്നോട് ചോദിക്കുക!

കണ്ണുകളടച്ച്,
ഒരു നെഞ്ചിനെ സ്വപ്നം കണ്ട്,
അതിൽ ചായാൻ ശ്രമിക്കുമ്പോൾ,
ഇത്ര നാളുമുണ്ടായ അകൽച്ചയുടെ
പൂർവ്വപ്രതികാരദാഹത്തോടെ
നെഞ്ചിനെ മായ്ച്ച്
സ്വപ്നങ്ങൾ അലറിച്ചിരിക്കുമ്പോൾ,
അവസാന അഭയവും നഷ്ടപ്പെട്ടവളുടെ
നിശബ്ദമായ തേങ്ങലിനെ നിനക്കറിയുമോ?
എന്നോട് ചോദിക്കുക!

കാത്തിരിക്കാൻ പറയുമ്പോൾ,
കാത്തിരിക്കുമെന്ന് പറയുമ്പോൾ,
ഇടയിൽ തുടിക്കുന്ന മൗനം
കീറി, തെളിച്ച്, നോവിക്കുന്ന
ചില ഓർമ്മപ്പാതകളുണ്ട്.
സഞ്ചരിച്ചാൽ സുഖവും അസുഖവും,
പുഞ്ചിരിയും നീറലും തരുന്നവ.
ഒടുക്കം നീയില്ലായ്‌മയിൽ മാത്രമായി
നിമജ്ജനം ചെയ്യപ്പെടുന്നവ.
വിളിച്ചുണർത്തുമ്പോഴൊക്കെ
സ്വന്തം മൂർച്ചകൂട്ടുന്ന കഠാരയായി
ഓർമ്മകൾ പരിണമിക്കുന്നത് നിനക്കറിയുമോ?
എന്നോട് ചോദിക്കുക!

രാത്രിയില്ലെന്ന് ചോരക്കണ്ണുമായി
വിളംബരം ചെയ്യുന്ന സന്ധ്യകൾ
അപൂർണ്ണതയെ ഉദ്ഘോഷിക്കുമ്പോൾ
സ്വന്തം നിറം തേടുന്ന
ഒരു പെൺമനസ്സിന്റെ വിഷാദത്തെ
നിനക്കറിയുമോ?
എന്നോട് ചോദിക്കുക!

ചുറ്റും നീ മാത്രമാകുമ്പോൾ,
എന്നിട്ടും നീയില്ലെന്നോർമ്മിക്കപ്പെടുമ്പോൾ,
കണ്ണുകൾ തുറക്കാനും അടയ്ക്കാനും ഭയന്ന്,
ഉണർവ്വിനും നിദ്രയ്ക്കും മദ്ധ്യേ
നേർത്ത വരമ്പിലൂടെ,
ഒറ്റയ്ക്ക്,
തെല്ലും തനിച്ചായി,
ഒരു ഞാനുണ്ട്.

തളർന്നു പോകുന്നുണ്ട്,
സ്വയം ഒരു ചീട്ടുകൊട്ടാരം പോലെ
മുകളിൽ നിന്ന് വീണ് വീണ്
നിലം പതിക്കുന്നുണ്ട്.

ഞൊറിയിട്ട്,
കട്ടിയിൽ‌ വിരിക്കാൻ ശ്രമിച്ച
കരുത്തിന്റെ തിരശ്ശീലകൾ
ഒരു ചെറുകാറ്റിൽ പോലും പറക്കുമ്പോൾ
ബാക്കി നിൽക്കുന്നത് എന്താണ്?

ആത്മാവില്ലാത്ത ദേഹം
ശവം എന്നല്ലേ!

ചക്രവാളത്തിന്റെ ഒരു ബിന്ദുവിൽ
മൃതസഞ്ജീവനി തെളിയുവാൻ
ഇനി കാത്തിരിപ്പ്.